വാക്സിൻ വിമുഖതക്ക് മറുമരുന്ന് ചികിത്സനിഷേധമോ?
text_fieldsകോവിഡ് വാക്സിനേഷനോട് മുഖംതിരിച്ചിരിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും. പലവിധ ബോധവത്കരണത്തിനും മുന്നറിയിപ്പുകൾക്കും ശേഷവും ഒരുവിഭാഗം ബോധപൂർവം വാക്സിനെടുക്കാതെ വിട്ടുനിൽക്കുന്നുവെന്ന് ചൊവ്വാഴ്ച കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രിതന്നെ പറയുകയുണ്ടായി. ഇത്തരത്തിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അഥവാ, വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റവ് ആകുന്നവരുടെ ചികിത്സാ െചലവ് ഇനിമുതൽ സർക്കാർ വഹിക്കില്ല. വാക്സിൻ വിരുദ്ധരെ സമൂഹത്തിനുമുന്നിൽ തുറന്നുകാണിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വാക്സിനെടുക്കാൻ തയാറാവാത്ത അധ്യാപകരടക്കമുള്ള അയ്യായിരത്തോളം സ്കൂൾ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടുെമന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞതും ഇതിെൻറ ഭാഗമായാണ്. ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ കോവിഡ് പ്രതിരോധ മാർഗം വാക്സിനുകൾ തന്നെയാണെന്നിരിക്കെ, കുത്തിവെപ്പുകളോട് ഇവ്വിധം നിഷേധാത്മക സമീപനം വെച്ചുപുലർത്തുന്നതിന് ഒരു ന്യായീകരണവുമില്ല. ആ അർഥത്തിൽ സർക്കാറിെൻറ നടപടിയെ സ്വാഗതം ചെയ്യേണ്ടതുതന്നെയാണ്. എന്നാൽ, കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുേമ്പാൾ ഇൗ നടപടികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്നും ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ബോധവത്കരണവും ഉപദേശവുംകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ്, കോവിഡ് അനുബന്ധ ചികിത്സ ഇനി സൗജന്യമായി ലഭിക്കണമെങ്കിൽ, ഒന്നുകിൽ അവർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം; അതല്ലെങ്കിൽ, ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവരെന്ന് ഏതെങ്കിലും സർക്കാർ ഡോക്ടർ സാക്ഷ്യപത്രം നൽകിയവരാവണം. ഇൗ ഗണത്തിനപ്പുറത്തുള്ള വാക്സിൻ സ്വീകരിക്കാത്ത മറ്റുള്ളവർക്കെല്ലാം ഇനിയങ്ങോട്ട് സൗജന്യ ചികിത്സ മുടങ്ങും. അഥവാ, ഇക്കൂട്ടരെ മുഴുവനായും വാക്സിൻ വിരുദ്ധരായാണ് സർക്കാർ കാണുന്നത്. ആ വിശകലനത്തിൽ ഗുരുതരമായ പിശകുകളുണ്ട്. ലോകത്ത് കുത്തിവെപ്പ് ആരംഭിച്ചനാൾ മുതൽ തന്നെ വാക്സിൻവിരുദ്ധ പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ടെന്നതാണ് ചരിത്രം.
കേരളത്തിലടക്കം അതിെൻറ അനുരണനങ്ങൾ പലകാലങ്ങളിൽ നാം കണ്ടതുമാണ്. കോവിഡിെൻറ സവിശേഷ സാഹചര്യത്തിൽ ആ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നു മാത്രം. ആധുനിക ൈവദ്യത്തിെൻറയും അതിെൻറ പ്രയോക്താക്കളായ 'മരുന്നു മാഫിയ'കളുടെയും ആഗോള ഗൂഢാലോചനയായി വാക്സിനെ അവതരിപ്പിക്കുന്നവരുണ്ട്. ഇവരുടെ 'ഗൂഢാലോചനാ സിദ്ധാന്ത'ങ്ങളെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും വാക്സിൻ വിരുദ്ധവാദങ്ങൾ ഉയർന്നുവരാറുള്ളത്. ഇത്തരം വാക്സിൻ വിരുദ്ധ പ്രചാരകർ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ, കുത്തിവെപ്പ് എടുക്കാത്തവർ മുഴുവനായും ഗൂഢാലോചനവാദികളാണെന്നു പറയുന്നതിൽ അർഥമില്ല.
ആളുകളുടെ വാക്സിൻ വിമുഖതക്ക് കാരണങ്ങൾ പലതാകാം. സാമൂഹികവും വിശ്വാസപരവുമായ കാരണങ്ങൾകൊണ്ടും പലരും വാക്സിൻ എടുക്കാറിെല്ലന്നതും വസ്തുതയാണ്; ആധുനിക വൈദ്യത്തിെൻറ ഉൽപന്നം എന്ന നിലയിൽ, ബദൽ വൈദ്യങ്ങളെ ആശ്രയിക്കുന്നവരിൽ ചിലരെങ്കിലും കുത്തിവെപ്പ് എടുക്കാറില്ലെന്നതും നമ്മുടെ മുന്നിലെ യാഥാർഥ്യമാണ്. നിലവിൽ കേരളത്തിെൻറ സാഹചര്യത്തിൽ പ്രസക്തമല്ലെങ്കിലും, വാക്സിൻ ലഭ്യതയും ഇതുമായി ചേർത്തുവായിക്കേണ്ട മറ്റൊരു ഘടകമാണ്. മറ്റു വാക്സിനുകളിൽനിന്ന് വ്യത്യസ്തമായി, കോവിഡ് വാക്സിൻ സാധാരണക്കാരിൽ പലകാരണങ്ങളാൽ സൃഷ്ടിച്ച ആശയക്കുഴപ്പവും വിമുഖതക്ക് കാരണമായിട്ടുണ്ടാകാം.
ഇൗ വസ്തുതകളെല്ലാം പരിഗണിക്കുേമ്പാൾ ബോധവത്കരണം തുടരുക എന്നതുതന്നെയാണ് ഏറ്റവും ഉചിതമായ മാർഗം. നിലവിൽ, 18 കഴിഞ്ഞ 96 ശതമാനം പേരും കേരളത്തിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. സർക്കാർ ഇളവ് നൽകിയവരെയും മേൽസൂചിപ്പിച്ച കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാത്തവരെയും മാറ്റിനിർത്തിയാൽ ഗൂഢാലോചനവാദികളായ വാക്സിൻ വിരുദ്ധർ അര ശതമാനം പോലും കാണില്ല. ഇവരെസംബന്ധിച്ച്, കോവിഡ് രോഗം തന്നെയും ആധുനിക വൈദ്യത്തിെൻറ ഗൂഢാലോചനയാണ്. ഇക്കൂട്ടർ വാക്സിൻ സ്വീകരിക്കില്ലെന്നു മാത്രമല്ല; രോഗലക്ഷണമുണ്ടായാൽ ചികിത്സ തേടാൻപോലും തയാറാവില്ല. രോഗവാഹകരായി മാറാൻ സാധ്യതയുള്ള ഇൗ ആളുകളെ ഏതുവിധേനയും ആശുപത്രിയിലെത്തിക്കുന്നതിനു പകരം, ചികിത്സാനിഷേധത്തിെൻറ മാർഗങ്ങളാണ് സർക്കാർ ആരായുന്നത്.
ലോകത്തൊരിടത്തും വാക്സിൻ വിരുദ്ധരെ ഇത്തരത്തിൽ കൈകാര്യം ചെയ്തതായി കാണാനാവില്ല. വാക്സിൻ വിരുദ്ധ പ്രചാരണം നടത്തുന്നവർക്കെതിരെ പല രാജ്യങ്ങളിലും നിയമനടപടികൾ കൈക്കൊള്ളാറുണ്ട്. നമ്മുടെ രാജ്യത്തും അതിനുള്ള വകുപ്പുകളുണ്ട്. നിപ വൈറസ് കേരളത്തെ ആശങ്കയിലാഴ്ത്തിയ സമയത്ത് രംഗത്തുവന്ന 'ഗൂഢാലോചനവാദി'കളെ കേരളം നിയമപരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. നിയമത്തിെൻറ വഴികളിലൂടെ, വാക്സിൻ വിരുദ്ധരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിലും തെറ്റില്ല. അതേസമയം, അത്തരക്കാർക്ക് ചികിത്സ നിഷേധിക്കുേമ്പാൾ അത് ജനാധിപത്യവിരുദ്ധമാകുന്നു; മനുഷ്യാവകാശ പ്രശ്നമാകുന്നു. ആത്മഹത്യ കുറ്റകൃത്യമാണെന്നു കരുതി, അതിനു ശ്രമിച്ചയാൾക്ക് ചികിത്സ നിഷേധിക്കുന്നതിലെ സകല നൈതിക-നിയമ സങ്കീർണതകളും വാക്സിൻ വിരുദ്ധർക്ക് ചികിത്സ നിഷേധിക്കുന്നതിലുമുണ്ട്. അടിസ്ഥാനപരമായി, ആരോഗ്യത്തോടുകൂടി ജീവിക്കാനുള്ള മനുഷ്യെൻറ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം തന്നെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.