ആബി: സമാധാനത്തിെൻറ ചങ്കൂറ്റം
text_fieldsനൊബേൽ സമ്മാനങ്ങൾ വിവാദമുയർത്തുന്നത് അപൂർവമല്ല-പ്രത്യേകിച്ച് സാഹിത്യ, സമാധാന പുരസ്കാരങ്ങൾ. എങ്കിലും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന പുരസ്കാരങ്ങൾ തന്നെയാണ് നൊബേൽ. ഇക്കൊല്ലത്തെ പ്രഖ്യാപനം താരതമ്യേന കുറഞ്ഞ വിവാദമേ ഉയർത്തിയിട്ടുള്ളൂ. ഏറ്റവും കൂടുതൽ എതിർപ്പ് ഉയർന്നിട്ടുള്ളത് സാഹിത്യ നൊബേലിനെച്ചൊല്ലിയാണ്. സമ്മാന നിർണയം നടത്തുന്ന സ്വീഡിഷ് അക്കാദമിതന്നെ അപവാദച്ചുഴിയിലകപ്പെട്ടതുമൂലം പ്രഖ്യാപിക്കാതെപോയ 2018ലെ സാഹിത്യ നൊബേൽകൂടി ഇക്കൊല്ലത്തെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. പോളിഷ് എഴുത്തുകാരി ഒാൾഗ ടൊഗാർചുകിനാണ് 2018ലെ സമ്മാനം. ആക്ടിവിസ്റ്റ് കൂടിയായ ഒാൾഗ പോളണ്ടിലെ വലതുപക്ഷ സർക്കാറിെൻറ വിമർശകയാണ്. അതിെൻറ പേരിൽ വധഭീഷണിവരെ നേരിട്ടിട്ടുണ്ട്. കവിതയിൽ തുടങ്ങി നോവലിലേക്ക് തിരിഞ്ഞ അവർ മനുഷ്യാവസ്ഥകളെ ആർദ്രതയോടെ നോക്കിക്കാണുന്നു. അർഹിച്ച ബഹുമതി എന്ന് ഒാൾഗക്ക് നൽകിയ നൊബേലിനെ വിലയിരുത്തുന്ന പലരും 2019ലെ സാഹിത്യ പുരസ്കാരത്തോട് വിമർശന രൂപത്തിലാണ് പ്രതികരിച്ചിട്ടുള്ളത്. അതിന് കാരണവുമുണ്ട്. ഒാസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റർ ഹാൻഡ്കെക്ക് അത് നൽകിയ സ്വീഡിഷ് അക്കാദമി അദ്ദേഹത്തിെൻറ ഭാഷാപരമായ മിടുക്കാണ് എടുത്തുപറഞ്ഞത്. എന്നാൽ, ആ ഭാഷ വഴി അദ്ദേഹം അനാവരണം ചെയ്യുന്ന ‘മനുഷ്യാനുഭവ’ങ്ങൾ ലോകത്തിന് സമ്മാനിക്കുന്ന ഭാവുകത്വം എന്തെന്ന ചോദ്യം പ്രസക്തമാണ്. ഭാഷാമായികതക്കപ്പുറം അദ്ദേഹത്തിെൻറ രചനകൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയും നിലപാടിെൻറയും നേർക്ക് വിമർശകർ ആക്ഷേപത്തിെൻറ ചൂണ്ടുവിരലുയർത്തുന്നു. അദ്ദേഹത്തിെൻറ ആശയലോകം പ്രതിലോമപരവും വിഭാഗീയവുമാണ്. വംശഹത്യയെ ന്യായീകരിക്കുകമാത്രമല്ല, വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട മുൻ സെർബ് പ്രസിഡൻറ് സ്ലൊബോദാൻ മിലോസെവിച്ചിനെ പുകഴ്ത്തുകയും മിലോസെവിച്ചിെൻറ മരണാനന്തര ചടങ്ങുകളിൽ ആദരപൂർവം പെങ്കടുക്കുകയും ചെയ്തയാളാണ് ഹാൻഡ്കെ. സ്രെബ്രനീസയിൽ 1995ൽ നടന്ന കൂട്ടക്കൊല ഉണ്ടായിേട്ട ഇല്ലെന്ന സെർബ് പ്രചാരണം ഏറ്റുപാടുന്ന എഴുത്തുകാരൻ. യൂറോപ്പിൽ സമീപകാലത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ന്യായം ചമക്കുന്നയാൾ. ഇദ്ദേഹത്തിെൻറ സാഹിത്യരചനക്ക് എത്രയേറെ മികവുണ്ടായിരുന്നാലും ആ മനോഭാവത്തിെല ധാർമികജീർണത സമ്മാനം കൊടുക്കാതിരിക്കാൻ തക്ക കാരണമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവർ കുറച്ചൊന്നുമല്ല.
ചോരയൊഴുക്കിന് ന്യായം ചമക്കാൻ മടിയില്ലാത്ത എഴുത്തുകാരന് നൊബേൽ കൊടുക്കുന്നത് അതിെൻറ മഹത്ത്വം ഇടിച്ചുതാഴ്ത്തുന്നു എന്ന അതേ യുക്തിയാണ് നേർവിരുദ്ധമായി ഇക്കൊല്ലത്തെ സമാധാന നൊബേലിനെ സ്വീകാര്യമാക്കുന്നതും. വിഭാഗീയതയുടെ താണ്ഡവങ്ങൾക്കെതിരെ െഎക്യത്തിെൻറ കൊടി ഉയർത്തിയ ഇത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദ് അലിക്കാണ് ചരിത്രത്തിലെ നൂറാമത് നൊബേൽ സമാധാന പുരസ്കാരം. സമ്മാനം പ്രഖ്യാപിക്കപ്പെടുന്നതുവരെ പ്രവചനങ്ങളിൽപ്പോലും ഇടം കിട്ടാതിരുന്ന ഒരാൾ. കാലാവസ്ഥാ പ്രതിസന്ധിയുടെ കാലത്ത് ലോക മനസ്സാക്ഷിയെ തട്ടിയുണർത്തിയ 16കാരി ഗ്രേറ്റ തുൻബെർഗ് അടക്കം പലരും ഉൗഹങ്ങളിൽവന്നു. തനിക്കാണ് കിേട്ടണ്ടതെന്ന് സൂചിപ്പിച്ച ഡോണൾഡ് ട്രംപിനെപ്പോലുള്ളവരും തയാറായി രംഗത്തുണ്ടായിരുന്നു. എന്നാൽ, പുരസ്കാര ജേതാവിെൻറ പേര് പുറത്തുവന്നപ്പോൾ അതിൽ ആശ്ചര്യം തോന്നിയവർ ഏറെയില്ല. അധികാരത്തിലെത്തി മാസങ്ങൾക്കകം പതിറ്റാണ്ടുകളുടെ അതിർത്തിത്തർക്കം തീർത്ത, രാഷ്ട്രീയ ഭിന്നതകൾക്കെല്ലാമപ്പുറം മാനവിക ഏകത്വമെന്ന ആശയം അൽപാൽപമായി പ്രചരിപ്പിച്ച ആബി മറ്റു പല മുൻ പുരസ്കാര ജേതാക്കളെക്കാളും അതർഹിക്കുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന പോരാട്ടം അവസാനിപ്പിച്ച് അയൽരാജ്യമായ എറിത്രീയയുമായി സമാധാനക്കരാറിൽ അദ്ദേഹം ഒപ്പുവെച്ചത് വിവിധ പ്രശ്നങ്ങളെയും എതിർപ്പുകളെയും മറികടന്നാണ്. ഇക്കാലത്ത് യുദ്ധം ചെയ്യാനല്ല, സമാധാനം സ്ഥാപിക്കാനാണ് ധൈര്യം വേണ്ടതെന്നത് അദ്ദേഹം ലോകത്തിന് നൽകുന്ന പാഠമാണ്.
ഇന്ത്യയും പാകിസ്താനുമടക്കം പോർമുഖം രാഷ്ട്രീയ പ്രചാരണ വേദിയാക്കി നിലനിർത്തുന്ന അയൽരാഷ്ട്രങ്ങൾക്ക് അനുകരിക്കാവുന്ന പലതും ആബിയുടെ നയതന്ത്രത്തിലുണ്ട്. ഇത്യോപ്യ- എറിത്രീയ യുദ്ധങ്ങൾ ഒരുപാട് ജീവൻ കവർന്നിട്ടുണ്ട്. എന്നാലോ, ഒരേ തരം സംസ്കാരവും ഭാഷയും പങ്കുവെച്ച ചരിത്രമാണവരുടേത്. രാഷ്ട്രീയവും വിഭാഗീയചിന്തകളും കടന്നുവന്നതോടെ ശത്രുക്കളായി. ബന്ധുക്കൾ തമ്മിൽപോലും കൊല്ലേണ്ടിവന്ന യുദ്ധം രണ്ടു വർഷംകൊണ്ട് ഇല്ലാതാക്കിയത് 80,000 പേരെ. 20 വർഷമായി കൂടിയും കുറഞ്ഞും വൈരം തുടരുന്നു; ഗോത്രപ്പക ജനങ്ങൾക്ക് മടുത്താലും മുതലെടുപ്പ് രാഷ്ട്രീയം വീണ്ടും പോർക്കളം സജീവമാക്കുന്ന അവസ്ഥ. ഇതിനെയെല്ലാം അതിജയിച്ചാണ്, ജനവികാരം ഉൾക്കൊണ്ട് സ്വന്തം പാർട്ടിക്കാരെപ്പോലും തള്ളി ആബി ജനകീയ നേതാവാകുന്നതും നൂറുനാൾകൊണ്ട് എറിത്രീയയുമായി സൗഹൃദത്തിലെത്താൻ ചങ്കൂറ്റം കാട്ടുന്നതും. രണ്ടു രാജ്യങ്ങൾക്കുമിടയിൽ േഫാൺ ബന്ധം പുനഃസ്ഥാപിച്ച അന്ന് ഇരു ഭാഗത്തുനിന്നും ആളുകൾ ‘ഹലോ’ വിളിച്ച് ആഘോഷിക്കുകയായിരുന്നു. അതിർത്തികൾ കടന്ന് ബന്ധുക്കൾ പരസ്പരം അഭിവാദ്യങ്ങൾ അർപ്പിച്ചു. പ്രശ്നങ്ങളും സങ്കീർണതകളും ബാക്കിയാണെങ്കിലും ഇൗ നിലപാടു തന്നെ ഒരു മാതൃകയാണ്. അതിർത്തിയിലെ ഒരു തർക്ക സ്ഥലം എറിത്രീയക്ക് വിട്ടുകൊടുക്കുന്ന ധീരമായ തീരുമാനം ആബി എടുക്കുന്നത് പ്രധാനമന്ത്രിപദത്തിലെത്തി മൂന്നാം മാസത്തിലാണ്. സ്ഥലവും രാഷ്ട്രീയവും ജനതാൽപര്യത്തിന് വിധേയമാണെന്ന് അതിലൂടെ തെളിയിച്ച അദ്ദേഹം വർത്തമാന കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശാലമാനവികതയെ പ്രതീകവത്കരിക്കുന്നു. വിഭാഗീയതകൾക്കെതിരായ ലോക മനസ്സാക്ഷിയുടെ തേട്ടം തന്നെയാവാം ഇക്കൊല്ലത്തെ സമാധാന നൊബേലിൽ പ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.