ഭൗതിക നൊബേലും കേരളവും
text_fieldsഇൗ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപനം ശാസ്ത്രലോകം വളരെ വിസ്മയത്തോടെയാണ് കേട്ടത്. ചരിത്രത്തിലാദ്യമായി ഭൗതികശാസ്ത്ര പുരസ്കാരം കാലാവസ്ഥ പഠനശാഖയിലെ നിർണായകമായൊരു അന്വേഷണത്തിനാണ് ലഭിച്ചിരിക്കുന്നത്. 1967ൽ, കാർബൺ ഡൈഓക്സൈഡും ജലബാഷ്പവും ആഗോളതാപനത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആദ്യമായി ലോകത്തോട് വിശദീകരിച്ച സ്യുക്കിറോ മനാബെയാണ് ഒരു പുരസ്കാര ജേതാവ്. കാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യകരങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സമുദ്രശാസ്ത്ര ഗവേഷണങ്ങളിലൂടെ തെളിയിച്ച ക്ലൗസ് ഹസൽമാനാണ് ഭൗതിക നൊബേൽ പങ്കിട്ട രണ്ടാമൻ. ലോഹ സങ്കരങ്ങളിലെ കണികാ പഠനങ്ങളും ഗണിതരൂപ മാതൃകകളുമെല്ലാം സ്ഥൂലമായ പ്രകൃതി പ്രതിഭാസങ്ങളെയും വ്യാഖ്യാനിക്കാൻ സഹായിക്കുമെന്ന് നിരീക്ഷിച്ച ജോർജിയോ പരീസിയാണ് പുരസ്കാരത്തിനർഹനായ മറ്റൊരാൾ.
കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യത പ്രാപിക്കുവാനും കാലാവസ്ഥ വ്യതിയാനത്തിെൻറ കാരണങ്ങൾ ഭൗതികശാസ്ത്രപരമായി വിശദീകരിക്കാനും നൊബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണങ്ങൾ ഏറെ സഹായകരമാകും. കാലാവസ്ഥാ പഠനത്തിൽ വലിയ വളർച്ചയും പ്രചോദനവും സൃഷ്ടിക്കാൻ ഈ പുരസ്കാരലബ്ധി ഉതകും. എന്നാൽ, ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാെണന്ന് ഭൗതികശാസ്ത്രവും ഈ പുരസ്കാര പ്രഖ്യാപനത്തിലൂടെ സമ്മതിക്കുകയാണ്. ആഗോളതാപനം മനുഷ്യകരങ്ങളാൽ നയിക്കപ്പെടുന്നതാണോ അതോ പ്രകൃതിദത്ത പ്രക്രിയകളുടെ സ്വാഭാവികമായ ആവർത്തനം മാത്രമാണോ? ശാസ്ത്ര, ശാസ്ത്രേതര മേഖലകളിൽ നിലനിൽക്കുന്ന സംവാദത്തിൽ ഭൗതികശാസ്ത്രവും പരിസ്ഥിതി, കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പക്ഷത്തേക്ക് മാറുകയാണ്.
സങ്കീർണമായ പ്രകൃതിസംവിധാനങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വിസ്ഫോടനാത്മകമായ സംഭാവനകൾ സമർപ്പിച്ചതിനാണ് ഇത്തവണത്തെ ഊർജതന്ത്ര നൊബേലെന്നാണ് അവാർഡ് കമ്മിറ്റി പുരസ്കാരനിർണയത്തെ വിശദീകരിച്ചത്. ഈ പുരസ്കാരജേതാക്കൾ നമ്മുടെ ബോധ്യങ്ങളിൽ സൃഷ്ടിച്ച വിസ്ഫോടനങ്ങളിൽ പ്രധാനം നമ്മുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ മനുഷ്യെൻറ ഇടപെടലുകൾക്ക് നിർണായ പങ്കുണ്ടെന്നാണ്. തൊണ്ണൂറു പിന്നിട്ട മനാബേ അഞ്ചു പതിറ്റാണ്ടിലേറെയും ക്ലൗസ് ഹാസൽമാൻ രണ്ടു പതിറ്റാണ്ടിലേറെയും ലോകത്തെ പഠിപ്പിച്ചുകൊണ്ടിരുന്നത്, ഋതുവിശേഷങ്ങളെ സ്വാധീനിക്കുന്നതിലും അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിലും ഹരിതഗൃഹ പ്രഭാവം (ഗ്രീൻ ഹൗസ് ഇഫക്ട്) സുപ്രധാന പങ്കുവഹിക്കുന്നുവെന്നായിരുന്നു.
സങ്കീർണവും പ്രവചനാതീതവുമായ കാലാവസ്ഥപ്രതിഭാസങ്ങളെ ശരിയായി മനസ്സിലാക്കാനും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളെ നിർധരിച്ചെടുക്കൽ എളുപ്പവുമാക്കുന്ന കമ്പ്യൂട്ടർ മോഡലുകളെ ആവിഷ്കരിക്കാൻ അവരുടെ ഗവേഷണങ്ങൾ വഴിതുറന്നു. എന്നാൽ, മനാബെയുടെയും ഹാസൽമാെൻറയും ജീവിതായുസ്സ് സമർപ്പിച്ച ഗവേഷണങ്ങൾ കാലാവസ്ഥപ്രവചനം സൂക്ഷ്മവും കൃത്യവുമാക്കാൻ മാത്രമല്ല, നമ്മുടെ അന്തരീക്ഷഘടനയുടെ ഭൗതിക മാറ്റങ്ങളിൽ മനുഷ്യരുടെ വിരലടയാളങ്ങൾ തിരിച്ചറിയുന്നതിനൂ കൂടി പ്രയോജനപ്പെട്ടു. അതുകൊണ്ടാണ്, ശാസ്ത്രജ്ഞരേക്കാൾ ആഗോളതാപനം ഉയർത്തുന്ന ആകുലതകളുടെ കൊടുംചൂടിൽ വെന്തുരുകുന്ന മുഴുവൻ മനുഷ്യരേയും ഭൗതികശാസ്ത്രത്തിലെ നൊബേൽ ആഹ്ലാദിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ അംഗീകാരമായി 2007ൽ െഎക്യരാഷ്ട്ര സഭക്കു കീഴിലുള്ള ഐ.പി.സി.സി (ഇൻറർഗവൺമെൻറൽ പാനൽ ഒാൺ ക്ലൈമറ്റ് ചേഞ്ച്)ക്ക് നൽകിയ സമാധാന നൊബേലിനേക്കാൾ പ്രോജ്ജ്വലമാണ് ഭൗതികശാസ്ത്രത്തിലൂടെ ലഭിച്ച ഈ സമ്മാനലബ്ധിയെന്ന് അവർ വിലയിരുത്തുന്നതും ഇക്കാരണത്താലാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മനുഷ്യരുടെ അത്യാർത്തിയുടെ പരിണതിയാെണന്ന പതിറ്റാണ്ടുകാലത്തിലേെറയായ മുന്നറിയിപ്പുകൾ ദൗർഭാഗ്യവശാൽ പല സർക്കാറുകളും കുത്തകകമ്പനികളും അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. ഭരണകൂടങ്ങൾക്കും വികസന ആസൂത്രകർക്കും അത് പലപ്പോഴും പരിസ്ഥിതി മൗലികവാദികളുടെ ഗൂഢാലോചനകളാണ്; അതുമല്ലെങ്കിൽ, പ്രകൃതിയിൽ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസങ്ങൾ മാത്രമാണ്. നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ പ്രളയങ്ങളും വരൾച്ചകളും ഹരിതഗൃഹ വാതകങ്ങളുടെ സ്വാധീനം കൊണ്ടാണോ എന്നു തുടങ്ങിയ ലളിതയുക്തിയുടെ അടിസ്ഥാനവും ഇൗ ഗൂഢാലോചനാസിദ്ധാന്തത്തിെൻറ ചുവടുപിടിച്ചാണ്. പടിവാതിൽക്കലെത്തിയിരിക്കുന്ന ഭീഷണമായ ദുരന്ത മുന്നറിയിപ്പുകളെ അപഹസിക്കാനും കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് വിധേയമായി അനിയന്ത്രിതമായ ഉൽപാദനത്തിെൻറ സമ്പദ്ശാസ്ത്ര കണക്കുകളിൽ അടയിരിക്കാനുമായിരുന്നു അമേരിക്കയുടെ പ്രസിഡൻറുമാർ മുതൽ നമ്മുടെ സംസ്ഥാനത്തെ 'വികസനപ്രേമികൾ' വരെ എക്കാലവും ശ്രമിച്ചിട്ടുള്ളത്. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നൽകുന്ന പാഠം കാലാവസ്ഥ വ്യതിയാനം കാൽപനികമല്ലെന്നും വസ്തുനിഷ്ഠ യാഥാർഥ്യമാെണന്നും അവയുടെ പിന്നിൽ മനുഷ്യെൻറ സ്വാർഥത നിലനിൽക്കുന്നുവെന്നും ഐ.പി.സി.സിയുടെ പുതിയ പഠന റിപ്പോർട്ടും അടിവരയിടുന്നുണ്ട്.
ആഗോള താപനത്തിെൻറ തീക്ഷ്ണത അനുഭവിക്കുന്ന പ്രധാന ദേശങ്ങളിലൊന്നാണ് കടലിലേക്ക് ചേർന്നുകിടക്കുന്ന കേരളവും. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകുന്ന താപനിലയിലെ വ്യതിയാനങ്ങൾ അതിവർഷമായും അതിവരൾച്ചയായും നമ്മുടെ ഋതുഭേദങ്ങളെ താളം തെറ്റിച്ചുകഴിഞ്ഞിരിക്കുന്നു. കടലോര മേഖലയിലെ മൂന്നിൽ രണ്ടു ഭാഗവും ഗുരുതരമായ തീരശോഷണത്തിന് വിധേയമാണ്. അസമയത്തെ കൊടും മഴയും കടുത്ത വേനലും നമ്മുടെ കാർഷിക കലണ്ടറുകളെ അപ്രസക്തമാക്കിയിരിക്കുകയാണ്. കുരുമുളക് കൊടി മാത്രമല്ല, ഞാറ്റുവേലയും കൈമോശം സംഭവിച്ച ജനതയാകുകയാണ് നാം. അതുകൊണ്ടുതന്നെ ഭൗതികശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം പരിസ്ഥിതി രാഷ്ട്രീയത്തിൽ ഇനിയും ഉണരാൻ മടിക്കുന്ന കേരളത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.