ജുഡീഷ്യറിയും ഫെഡറലിസവും: സന്തുലനം തകർക്കരുത്
text_fieldsനമ്മുടെ നീതിന്യായവ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന മുറവിളി കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും രോഗം മനസ്സിലാക്കി ചികിത്സിക്കാനുള്ള ഇച്ഛാശക്തി ഉത്തരവാദപ്പെട്ടവരിൽനിന്ന് യഥാവിധി ഉണ്ടാവുന്നില്ല എന്ന പരാതിക്കിടയിൽ കൂടുതൽ തർക്കങ്ങൾ പൊങ്ങിവരുന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. കീഴ്ക്കോടതികൾ തൊട്ട് സുപ്രീംകോടതി വരെ ന്യായാധിപന്മാരുടെ ഒഴിവുകൾ നികത്തപ്പെടാത്തത് ജഡ്ജിമാരുടെ ജോലി ഭാരം വർധിപ്പിക്കുന്നുവെന്ന് മാത്രമല്ല, കോടിക്കണക്കിന് കേസുകൾ വിവിധ തലങ്ങളിൽ കെട്ടിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥ പൗരന്മാരുടെ നീതിക്കായുള്ള പോരാട്ടങ്ങളെ വൃഥാവിലാക്കുകയാണ്. വിവിധ കോടതികളിലായി 3.5കോടി കേസുകളാണെത്ര കെട്ടിക്കിടക്കുന്നത്. വൈകി എത്തുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന് നീതിപീഠങ്ങൾതന്നെ പലപ്പോഴായി കുറ്റസമ്മതം നടത്താറുണ്ടെങ്കിലും കോടതികളെ സക്രിയമായി ചലിപ്പിക്കുന്നതിനുള്ള ഉപാധികൾ കണ്ടെത്തുന്നതിൽ സുപ്രീംകോടതി അടക്കം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
ജഡ്ജിമാരുടെ നിയമനവിഷയത്തിലും ഉദ്യോഗക്കയറ്റത്തിലും പരമോന്നത നീതിപീഠങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറയൊക്കെ കാര്യത്തിൽ ഭരണകൂടവും ന്യായാസനങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടുമില്ല. താഴേതട്ടിലുള്ള കോടതികളിലേക്കുള്ള (സബോഡിനേറ്റ് ജുഡീഷ്യറി) നിയമനങ്ങൾക്കായി അഖിലേന്ത്യ ജുഡീഷ്യൽ സർവിസ് രൂപവത്കരിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചയിൽ കടുത്ത വിയോജിപ്പിെൻറ ശബ്ദമാണ് ഉയർന്നുവന്നിരിക്കുന്നത്. ഒമ്പത് ഹൈകോടതികൾ ജുഡീഷ്യൽ സർവിസിനെതിരെ രംഗത്തുവന്നപ്പോൾ കേരളമടക്കമുള്ള എട്ട് ഹൈകോടതികൾ ഇതിനായി ആവിഷ്കരിച്ച വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെടുകയാണുണ്ടായത്. അഖിലേന്ത്യ ജുഡീഷ്യൽ സർവിസ് വരുന്നതോടെ കീഴ്ക്കോടതികളുടെമേലുള്ള തങ്ങളുടെ കടിഞ്ഞാൺ നഷ്ടപ്പെടുമെന്നും അത് നീതിന്യായരംഗത്ത് അരാജകത്വത്തിന് ഇടം നൽകുമെന്നുമാണ് ഹൈകോടതികൾ ചൂട്ടിക്കാട്ടുന്നത്. തന്നെയുമല്ല, ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറൽസമ്പ്രദായത്തിെൻറ കടയ്ക്കൽ കത്തിവെക്കുന്ന പ്രവണതകളിലേക്ക് അത് വഴുതിവീഴാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
താഴെത്തട്ടിലുള്ള കോടതികളിൽ 4800 ജഡ്ജിമാരുടെ പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പല സംസ്ഥാനങ്ങളിലും നിയമജ്ഞാനവും ഭരണപാടവവുമുള്ള ന്യായാധിപന്മാരെ കിട്ടാൻ സാധിക്കാത്തതാണെത്ര നിയമനങ്ങൾ വൈകാൻ കാരണം. ജുഡീഷ്യൽ നിയമനത്തിന് ദേശീയാടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങളും വ്യവസ്ഥാപിത മാർഗങ്ങളും വേണമെന്ന് ലോ കമീഷൻ 1969ൽ തന്നെ നിർദേശം മുന്നോട്ടുവെച്ചതാണ്. എന്നാൽ, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന വിഷയത്തിൽ പോലും കേന്ദ്രസർക്കാറിനും പരമോന്നത നീതിപീഠത്തിനും സമന്വയത്തിെൻറ തുരുത്തിലെത്താൻ സാധിക്കാതെ പോയപ്പോൾ, സബോഡിനേറ്റ് ജുഡീഷ്യറിയുടെ കാര്യം കോൾഡ് സ്റ്റോറേജിൽ തന്നെ കിടന്നു. 2014ൽ നരേന്ദ്ര േമാദി ഭരണത്തിലേറിയതോടെ വിഷയം വീണ്ടും സജീവമായത് അരവിന്ദ് ദത്താർ എന്ന സീനിയർ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യഹരജി ഹൈകോടതികൾക്കുള്ള കത്തായി മാറ്റിയെടുത്തതോടെയാണ്.
അരവിന്ദ് ദത്താറിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയുമുണ്ടായി. സുപ്രീംകോടതിയിൽ അദ്ദേഹം സമർപ്പിച്ച സമീപനരേഖയിൽ ഒരുകാര്യം എടുത്തുപറയുന്നത്, താൻ മുന്നോട്ടുവെക്കുന്ന ഡിസ്ട്രിക്ട് ജഡ്ജസ് റിക്രൂട്ട്മെൻറ് പരീക്ഷയും അഖിലേന്ത്യ ജുഡീഷ്യൽ സർവിസും ഒന്നല്ല എന്നതാണ്. കേന്ദ്രസർക്കാർ രാജ്യത്തുടനീളമുള്ള കീഴ്ക്കോടതികളിലെ ന്യായാധിപന്മാരെ നിയമിക്കുന്നത് അഭികാമ്യമല്ലെന്നും മറിച്ച്, ദേശീയതലത്തിൽ നടത്തപ്പെടുന്ന പരീക്ഷയിലൂടെ പ്രാപ്തരും നിയമത്തിൽ പ്രാവീണ്യമുള്ളവരുമായ ജഡ്ജിമാരെ കണ്ടെത്തുകയാണ് മെച്ചപ്പെട്ട രീതിയെന്നുമാണ് ഈ രേഖയിൽ പറയുന്നത്. അർഹരായ ജഡ്ജിമാരുടെ കൂട്ടത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് അവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടത്താം. ഇത്തരമൊരുപരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമിക്കുന്ന അഞ്ചംഗ സെൻട്രൽ സെലക്ഷൻ കമ്മിറ്റി ആവശ്യമാണെന്ന നിർദേശവും മുന്നോട്ടുവെക്കുന്നു.
ജുഡീഷ്യറിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതേസമയം, ഏത് മാറ്റവും സുപ്രീംകോടതിയിൽ അല്ലെങ്കിൽ കേന്ദ്രസർക്കാറിൽ അധികാരം കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുമോ എന്ന ആശങ്ക വിട്ടുമാറുന്നില്ല. നിയമനത്തിനുള്ള പ്രായം, വിദ്യാഭ്യാസയോഗ്യത, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര നിയമമന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങളോടാണ് കേരളത്തിനടക്കം വിയോജിപ്പുള്ളത്. കൂടുതൽ കൂടിയാലോചനകളിലൂടെ പരിഹരിക്കപ്പെടാവുന്ന തർക്കമാണിത്. ജുഡീഷ്യൽ നിയമനങ്ങൾക്കുള്ള മുഴുവൻ അധികാരവും കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായിക്കൂടാ. ജി.എസ്.ടിയിലൂടെ നികുതിമേഖല പിടിച്ചടക്കിയ മോദിസർക്കാർ ജുഡീഷ്യറിയെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ കുറുക്കുവഴി അവലംബിക്കുകയാണോ എന്ന ഭയം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സുതാര്യതയും ഫെഡറൽഘടനയും ഉറപ്പുവരുത്തുന്ന നിയമനരീതിയെക്കുറിച്ചാണ് സംസ്ഥാനങ്ങൾ ആലോചിക്കേണ്ടത്. അതിനർഥം ഈ മേഖലയിൽ കാലോചിതമായ പരിഷ്കരണം വേണ്ട എന്നല്ല. ഭരണഘടനാ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന നിയമജ്ഞാനവും ഭരണനൈപുണിയും സ്വായത്തമാക്കിയ മികച്ച വ്യക്തികളെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കുന്നതിന് ഫലപ്രദമായ മാർഗമെന്ത് എന്നതിലായിരിക്കണം ഈ ദിശയിലെ ചർച്ചയിൽ ഉൗന്നൽ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.