ഫാൻബാളല്ല, ഫുട്ബാൾ
text_fieldsലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളുടെ ഉറക്കമില്ലാത്ത ആഘോഷരാവുകൾക്ക് അറുതിയായിട്ടില്ല. ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയമായ ഇഞ്ചോടിഞ്ച് തകർപ്പൻ പോരാട്ടത്തിൽ വിജയശ്രീലാളിതരായി കപ്പിൽ മുത്തമിട്ട ലയണൽ മെസ്സിയുടെ അർജന്‍റീനയുടെ അർമാദങ്ങൾ അങ്ങകലെ റൊസാരിയോ നഗരപ്രാന്തം മുതൽ ഇങ്ങിവിടെ കൊച്ചു കേരളംവരെ അലയടിക്കുകയാണ്.
കളി നടക്കുന്ന ഖത്തറിലെ സ്റ്റേഡിയങ്ങളോളം ആവേശം പതഞ്ഞുപൊങ്ങിയ കേരളത്തിന്‍റെയും ഇന്ത്യയുടെയും അതിശയകരമായ കളിപ്രേമവും ഫാൻഭ്രമവും അർജൈന്‍റൻ ഫുട്ബാൾ ടീമിന്‍റെതന്നെ അഭിനന്ദനം ഏറ്റുവാങ്ങി. ദശലക്ഷക്കണക്കിന് മെസ്സി-അർജന്‍റീന പ്രേമികളുടെ വിജയാഘോഷപ്രകടനങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്‍റീനയുടെ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസിന് ട്വീറ്റ് ചെയ്തു.
അന്യനാട്ടിലേക്ക് ടിക്കറ്റെടുത്ത് പറന്നുചെന്ന് ഇഷ്ടടീമിനുവേണ്ടി ഗാലറികളിൽ ആർത്തുവിളിക്കാനും അതിനു കഴിയില്ലെങ്കിൽ നാട്ടിൽ ആളും അരങ്ങുമൊരുക്കി ആഘോഷം വെച്ചുവിളമ്പാനും ഇന്ത്യയോളം, അതിൽതന്നെ കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളോളം ഫുട്ബാൾജ്വരം കത്തിപ്പടരുന്ന മറ്റൊരു ദേശവും ദേശക്കാരുമുണ്ടോ എന്നു സംശയമാണ്. എന്നാൽ ഈ ഉന്മാദലഹരിയിൽ നിന്നിറങ്ങി വരുമ്പോഴെങ്കിലും ഇന്ത്യയിലുയരേണ്ട ചോദ്യമുണ്ട്; അന്യദേശക്കാരുടെ കളിപ്പുറത്തു കയറിയുള്ള ആഹ്ലാദപ്പുളകങ്ങളുടെ ഈ സെൽഫി ആഘോഷത്തിനു മാത്രമേ നമ്മുടെ നാട്ടുകാർക്കു വകയുള്ളോ?
കാൽപന്തിന്‍റെ ഖത്തറാവേശം ഖൽബിൽ പൂത്തിരി കത്തിച്ചപ്പോൾ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ആവേശകരമായ ഒരു പ്രഖ്യാപനം നടത്തി; ലോകകപ്പ് ഫുട്ബാളിൽ ഇന്ത്യക്കാർക്ക് സ്വന്തം ടീമിനുവേണ്ടി ആരവം മുഴക്കുന്ന ഒരു നാൾ വരുമെന്ന്. 'ഇന്ന് രണ്ടു വിദേശരാജ്യങ്ങൾ തമ്മിലാണ് ഖത്തറിൽ മത്സരം. എന്നാൽ ഞാനിതാ ഉറപ്പുതരുന്നു. ഫിഫ ലോകകപ്പ് പോലൊരു സംഭവം നമ്മൾ ഇന്ത്യയിൽ സംഘടിപ്പിക്കും. അന്ന് ത്രിവർണപതാകക്കുവേണ്ടി നാം വിജയാരവം മുഴക്കും' എന്ന് ഞായറാഴ്ച മേഘാലയയിലെ ഷില്ലോങ്ങിൽ അദ്ദേഹം കിനാവ് പങ്കുവെച്ചു.
ഇന്ത്യക്കാർ വളരെ ആവേശപൂർവമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ തെളിയിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ ആവേശം പ്രയോഗത്തിൽ തിരഞ്ഞാൽ കാര്യം കഷ്ടം. ലോകകപ്പ് പോലൊരു സംരംഭം കൊണ്ടുനടത്താനുള്ള അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയുടെ മാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ, ഇന്ത്യ താണ്ടേണ്ടി വരുന്ന വർഷങ്ങളുടെ നീളം ഖത്തറിന്‍റെ അനുഭവത്തിൽനിന്ന് മനസ്സിലാക്കാം. വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര സൂചികകളിൽ രാജ്യത്തിന്‍റെ നില പരിശോധിച്ചാൽ ലോകകപ്പ് പോലൊരു മഹാമേളക്ക് ആഗ്രഹം പ്രകടിപ്പിക്കുംമുമ്പ് അന്തർദേശീയതലത്തിലുള്ള രാജ്യത്തിന്‍റെ പ്രതിച്ഛായമിനുക്കൽ തന്നെ ശ്രമകരമായ അഭ്യാസമായിരിക്കുമെന്നുറപ്പ്.
മാത്രമല്ല, ഇത്തരത്തിലൊരു ആഗോള ഉത്സവത്തിനുള്ള മോഹം ഉള്ളിലുദിക്കുന്നതു കൊള്ളാം. എന്നാൽ അതിന് രാജ്യത്തിന് എന്തു വക എന്ന് അന്വേഷിക്കേണ്ടതല്ലേ? കാൽപന്തു കളിയിൽ രാജ്യമെവിടെ? സ്വാതന്ത്ര്യാനന്തരം ഈ രംഗത്ത് തെക്കുകിഴക്കേഷ്യയിലെങ്കിലും പലപ്പോഴും ഉയർന്ന ഫോമിലേക്കുയർന്ന ഇന്ത്യൻ ഫുട്ബാൾ ടീം പയ്യെപ്പയ്യെ ദയനീയനിലയിൽ എത്തിയതെങ്ങനെ? പ്രശസ്തമായ നമ്മുടെ കളിപ്പൂരങ്ങൾക്കും ടൂർണമെന്‍റുകൾക്കും എന്തു സംഭവിച്ചു? എണ്ണംപറഞ്ഞ ക്ലബ് ഫുട്ബാളുകൾക്ക് എന്തുപറ്റി? രാജ്യത്തിന്‍റെ മേലധികാരം കൈവശംവെച്ചുപോരുന്നു എന്നുകരുതുന്ന ഹിന്ദി ഭൂമിയിൽ ക്രിക്കറ്റ് അല്ലാതെ ഫുട്ബാൾ ഒരു കാലവും തളിർക്കാതിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഭരണകൂടം ബാധ്യസ്ഥമാണ്.
കാൽപന്തിന്‍റെ ആഗോള റാങ്കിങ്ങിൽ ഇന്ത്യ 106 ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതമത്സരത്തിൽ ഏഷ്യയിൽനിന്നുള്ള പട്ടികയിലേക്ക് ജയിച്ചുകയറാൻ പോലും ഇന്ത്യക്കായിട്ടില്ല. 1950 ഏഷ്യൻ പ്രാതിനിധ്യത്തിന്‍റെ പേരിൽ വെറുതെ കിട്ടിയ പ്രവേശനമാണ് ലോകകപ്പ് യോഗ്യതയുടെ ഇന്ത്യാചരിത്രം. അന്നു ഗ്രൂപ്പിലുണ്ടായിരുന്ന ഫിലിപ്പീൻസ്, മ്യാന്മർ പോലുള്ള രാജ്യങ്ങൾ സാമ്പത്തിക പരാധീനത നിമിത്തം ബ്രസീലിലെത്താനാകാതെ പിന്മാറിയപ്പോൾ ഇന്ത്യ കയറിക്കൂടിയതാണത്രേ. എന്നിട്ടോ, കളിച്ചതുമില്ല. പിന്നീടൊരു യോഗ്യത മത്സരത്തിന് ശ്രമിച്ചുതുടങ്ങുന്നത് 1986 മുതലാണ്. ഹെൽസിങ്കി ഒളിമ്പിക്സിലെ ഒരു നാലാംസ്ഥാനമാണ് ആകെ ആഗോളനേട്ടം. ഏഷ്യൻ ഗെയിംസ് മത്സരത്തിൽ രണ്ടു വട്ടം സ്വർണവും ഒരിക്കൽ വെങ്കലവും നേടിയിട്ടുണ്ട്.
ഈ ദുഃസ്ഥിതിയിൽനിന്ന് കരകയറാനുള്ള മുറവിളി കായികപ്രേമികൾ കാലങ്ങളായി ഉയർത്തുന്നതാണ്. അതിനു ചെവികൊടുക്കാതെ, കായികവേദികൾ കൈയടക്കി രാഷ്ട്രീയപ്രകടനം നടത്താനായിരുന്നു എന്നും ഭരണകൂടങ്ങൾക്കു താൽപര്യം. ഏറ്റവുമൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പ് നല്ല ഉദാഹരണമാണ്. ബി.ജെ.പി നേതാവായ മുൻ ഇന്ത്യൻ ഗോൾകീപ്പർ കല്യാൺ ചൗബെയെ ഒരു കേന്ദ്രമന്ത്രി വോട്ടിനു തലേന്നാൾ സ്ഥലത്ത് ക്യാമ്പുചെയ്ത് ജയിപ്പിച്ച കഥ അന്നു തോറ്റ മുൻ ഇന്ത്യൻ നായകൻ ബൈചൂങ് ബൂട്ടിയ വെളിപ്പെടുത്തിയിരുന്നു.
ഇത്തരം ശോച്യാവസ്ഥകളിൽനിന്ന് ഇന്ത്യൻ ഫുട്ബാളിനെ ശുദ്ധീകരിക്കാനും പന്തുതട്ടുന്ന പിഞ്ചുരാജ്യങ്ങളെയെങ്കിലും മാതൃകയാക്കി അടിത്തട്ടിൽനിന്ന് ഫുട്ബാളിനെ വളർത്തിക്കൊണ്ടുവരാനുമുള്ള ശ്രമം ഉണ്ടായേ തീരൂ. ഭരണകൂടം മനസ്സുവെക്കുകയേ വേണ്ടൂ, ഇന്ത്യൻ ഫുട്ബാളിന്‍റെ യശസ്സുകാലം പുലരുമെന്നുറപ്പ്. അതിനാലോചിക്കാതെ ഭരണാധികാരികൾ വെറും കിനാവുകളിൽ അഭിരമിക്കുമ്പോൾ ഫുട്ബാളിലല്ല, ഫാൻബാളിൽ മത്സരം തുടരാനായിരിക്കും ഇന്ത്യക്കാരുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.