പുൽവാമ മാത്രമല്ല അന്വേഷിക്കേണ്ടത്
text_fieldsമഹാരാഷ്ട്ര പൊലീസിൽ ഇൻസ്പെക്ടർ ജനറൽ റാങ്കിലുണ്ടായിരുന്ന പൊ ലീസ് ഉദ്യോഗസ്ഥനായിരുന്നു എസ്.എം മുശ്രിഫ്. അദ്ദേഹം എഴുതിയ ‘കർ ക്കരെയെ കൊന്നതാര്’ എന്ന പുസ്തകം പല ഭാഷകളിലായി പതിനായിരക്കണ ക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുഖ്യധാരാ ആഖ്യാനത്തിന് പുറത്തുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നുവെന്നതാണ് ആ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഹേമന്ത് കർക്കരെ, വിജയ് സലസ്കർ തുടങ്ങിയ പ്രഗല്ഭരായ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആ സ്ഫോടനവുമായി ബന്ധപ്പെട്ട് ദുരൂഹമായ പല വശങ്ങളും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഭോപാൽ എം.പിയും ബി.ജെ.പി നേതാവുമായ പ്രജ്ഞ സിങ് ഠാകുർ അടക്കമുള്ള ഹിന്ദുത്വ ഭീകരശൃംഖലയെ കൈയോടെ പിടികൂടുകയും മാലേഗാവ് അടക്കമുള്ള സ്ഫോടന പരമ്പരകളുടെ സൂത്രധാരകരെ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്ത് ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കരെ. ഹിന്ദുത്വ ഭീകര ശൃംഖലയെ കുറിച്ചുള്ള തെൻറ അന്വേഷണങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു പോകവെയാണ് പൊടുന്നനെയുണ്ടായ ഭീകരാക്രമണത്തിൽ കർക്കരെ കൊല്ലപ്പെടുന്നത്. അതിനാൽതന്നെ കർക്കരെയെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള നാടകമായിരുന്നോ മുംബൈ ആക്രമണം എന്ന ചോദ്യമാണ് മുശ്രിഫ് ഉന്നയിക്കുന്നത്. അദ്ദേഹത്തിെൻറ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ ഭരണകൂടം ഗൗരവത്തിലെടുത്തില്ല. അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഇത്രയും അപകടകരമായ രീതിയിൽ പുസ്തകമെഴുതിയതിെൻറ പേരിൽ അദ്ദേഹത്തിനെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാനും ഭരണകൂടം ധൈര്യം കാണിച്ചില്ല. മുംബൈ ഭീകരാക്രമണത്തിെൻറ ഏറ്റവും വലിയ ഗുണഭോക്താവ് ശ്രീകാന്ത് പുരോഹിതിെൻറയും പ്രജ്ഞ സിങ്ങിെൻറയും നേതൃത്വത്തിലുള്ള കാവി ഭീകരസംഘമായിരുന്നു എന്നത് മാത്രം മിച്ചം.
മുംബൈ ആക്രമണത്തെക്കുറിച്ച് മാത്രമല്ല, ഇന്ത്യയിൽ നടന്ന ഡസൻ കണക്കിന് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഗൗരവപ്പെട്ട സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇത്തരം ഭീകരാക്രമണങ്ങളുടെയെല്ലാം പൊതുസ്വഭാവം ഒന്നാണ്. സംഘ്പരിവാർ എന്തെങ്കിലും പ്രതിസന്ധികളിൽ പെടുമ്പോഴും അവർക്ക് എന്തെങ്കിലും രാഷ്ട്രീയ ആവശ്യങ്ങൾ നിവർത്തിക്കാനുള്ളപ്പോഴുമാണ് ഈ ആക്രമണങ്ങൾ മിക്കതും നടന്നിട്ടുള്ളത് എന്നതാണത്. 2001 ഡിസംബർ 13നുണ്ടായ പാർലമെൻറ് ആക്രമണം എടുക്കുക. കാർഗിൽ ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വാജ്പേയി സർക്കാർ വൻ പ്രതിസന്ധി അഭിമുഖീകരിക്കവെയാണ് പാർലമെൻറ് ആക്രമണം സംഭവിക്കുന്നത്. പാർലമെൻറ് ആക്രമണ കേസിൽ ‘പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ’ വേണ്ടി തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു ജയിലിൽനിന്നെഴുതിയ കത്തിൽ, പാർലമെൻറ് ആക്രമണ കേസിലെ പ്രതികളിലൊരാളെ ഡൽഹിയിൽ എത്തിക്കാൻ തന്നോട് നിർദേശിച്ചത് കശ്മീരിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ് ആണെന്നു പറഞ്ഞിട്ടുണ്ട്. ദൂരൂഹമായ കാരണത്താൽ ഈ കത്തും അഫ്സൽ ഗുരുവിെൻറ മറ്റു മൊഴികളും കോടതി പരിഗണിച്ചതേയില്ല. 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ദേശീയ ഉന്മാദമാണ് പിന്നീടുണ്ടായ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം നേടിക്കൊടുത്തത്. ഇതേ പുൽവാമയിൽ 2018 ആഗസ്റ്റ്വരെ ദേവീന്ദർ സിങ് പൊലീസ് തലപ്പത്തുണ്ടായിരുന്നു. ഇതേ ദേവീന്ദർ സിങ്ങിനെയാണ് കഴിഞ്ഞ ശനിയാഴ്ച രണ്ട് ഹിസ്ബുൽ മുജാഹിദീൻ വിഘടനവാദികൾക്കൊപ്പം യാത്രചെയ്യവെ കശ്മീർ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഇദ്ദേഹത്തിെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ ആയുധ ശേഖരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യത്ത് അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങൾ സംഘ്പരിവാറിനെയും കേന്ദ്ര ഭരണകൂടത്തെയും വൻ പ്രതിസന്ധിയിൽപെടുത്തിയിട്ടുണ്ട്. അതിനിടയിൽ തന്നെയാണ് റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണമുണ്ടാകുമെന്ന തരത്തിൽ ഇൻറലിജൻസ് േസ്രാതസ്സുകളെ ഉദ്ധരിച്ചുകൊണ്ടുള്ള വാർത്തകളും ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയത്. ഹിസ്ബ് പോരാളികൾക്കൊപ്പം ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ദേവീന്ദർ സിങ് പിടിക്കപ്പെടുന്നത്. ഇതെല്ലാം ചേർത്തുവെക്കുമ്പോൾ അത്യന്തം അപകടകരമായ എന്തെല്ലാമോ മണക്കുന്നുണ്ട്. നമ്മുടെ ഭരണകൂട സംവിധാനത്തിനകത്ത് സജീവമായി പ്രവർത്തിക്കുന്ന അധോരാജ്യത്തെ (ഡീപ് സ്റ്റേറ്റ്) കുറിച്ച ചിന്തകളാണ് അത് ഉയർത്തുന്നത്.
രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഗൗരവപ്പെട്ട സംശയങ്ങൾ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ കാലങ്ങളായി ഉയർത്തുന്നുണ്ട്. എന്നാൽ, അവരുടെ വിമർശനങ്ങളെ വേണ്ടവിധം പരിഗണിക്കാൻ പ്രതിപക്ഷ പാർട്ടികൾപോലും സന്നദ്ധമാവാറില്ല. എന്നാൽ, ദേവീന്ദർ സിങ് കൈയോടെ പിടിക്കപ്പെട്ട സംഭവം അൽപമെങ്കിലും സംസാരിക്കാൻ കോൺഗ്രസ് അടക്കമുള്ള സംഘടനകളെ പ്രാപ്തമാക്കിയിട്ടുണ്ട്. പുൽവാമ ആക്രമണത്തിലും പാർലമെൻറ് ആക്രമണത്തിലും ദേവീന്ദർ സിങ്ങിെൻറ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, അടുത്ത കാലത്ത് കോൺഗ്രസ് നടത്തിയ ഏറ്റവും രാഷ്ട്രീയ പ്രഹര ശേഷിയുള്ള ഒരു ആവശ്യമായിരിക്കും ഇത്. ഈ ആവശ്യത്തെ കൂടുതൽ വിപുലമായ തലത്തിലേക്ക് ഉയർത്താൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സന്നദ്ധമാവണം. അത് വെറും ദേവീന്ദർ സിങ്ങിൽ കേന്ദ്രീകരിക്കുകയുമരുത്. ഡീപ് സ്റ്റേറ്റിെൻറ പ്രവർത്തനം നമ്മുടെ രാജ്യത്തെ എങ്ങനെയെല്ലാമാണ് തകർക്കുന്നത് എന്നറിയുകയാണ് പ്രധാനം. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് മുഴുവൻ പുനരന്വേഷണം നടത്തുകയാണ് വേണ്ടത്. അതിന് കേന്ദ്ര ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തമാണ്. അതേസമയം, അത് ഒരു ഗൗരവപ്പെട്ട രാഷ്ട്രീയ ആവശ്യമായി ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം ഇനിയെങ്കിലും സന്നദ്ധമാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.