റോഹിങ്ക്യകളെ കുറിച്ച് മിണ്ടരുത്
text_fieldsലോകത്ത് ഏറ്റവുമധികം പീഡനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന് ന വംശീയ വിഭാഗം എന്ന് ആംനസ്റ്റി ഇൻറർനാഷനൽ അടയാളപ്പെടുത്തിയ ജനവിഭാഗമാണ് മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽ താമസിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകൾ. മ്യാന്മറിലെ പട്ടാള ഭരണകൂടവും ബുദ്ധവർഗീയവാദികളും ചേർന്ന് ആ ജനവിഭാഗത്തിനു നേരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സാർവദേശീയ സമൂഹത്തിെൻറ മൗനസമ്മതത്തോടെയാണ് ഈ കൊടുംക്രൂരതകളെല്ലാം അരങ്ങേറിക്കൊണ്ടിരുന്നത്.
റോഹിങ്ക്യൻ മുസ്ലിംകൾ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞത് കഴിഞ്ഞ വർഷം ആഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ സൈന്യം അവിടെ നടത്തിയ കൂട്ടക്കൊലകളെ തുടർന്നാണ്. ദരിദ്രരും ദുർബലരുമായ ആ ജനതക്കുമേൽ മ്യാന്മർ സൈന്യം നടത്തിയ കണ്ണിൽചോരയില്ലാത്ത ക്രൂരതകൾ അക്ഷരാർഥത്തിൽ ഹൃദയഭേദകമായിരുന്നു. ആ കൂട്ടക്കൊലകളെ തുടർന്നാണ് പത്തു ലക്ഷത്തോളം റോഹിങ്ക്യക്കാർ മ്യാന്മർ വിട്ട് കാടും മലയും പുഴയും താണ്ടി ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ആ യാത്രക്കിടയിൽ നൂറു കണക്കിന് പേർ വിശന്നും പനിച്ചും മരിച്ചു വീണു എന്നറിയുമ്പോൾ അവർ നേരിടുന്ന ക്രൂരതകളുടെ ആഴം മനസ്സിലാവും.
റോഹിങ്ക്യൻ മുസ്ലിംകളെ മ്യാന്മർ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. എവിടെയും പൗരത്വമില്ലാത്ത അനാഥ ജന്മങ്ങളായി ജീവിക്കുകയാണ് ആ ജനസമൂഹം. തികഞ്ഞ വംശീയ മുൻവിധികളോടെയാണ് മ്യാന്മറിലെ ഭൂരിപക്ഷ സമൂഹം ഈ ജനതയെ കാണുന്നത്. രാജ്യത്തിെൻറ പൊതുമനസ്സിൽ റോഹിങ്ക്യക്കാരോടുള്ള വെറുപ്പ് കുത്തിനിറക്കുന്നതിൽ അവിടത്തെ ഭരണകൂടം വിജയിച്ചിട്ടുണ്ട്. മാധ്യമങ്ങളും കോടതികളും ഇതിൽനിന്ന് മുക്തമല്ല. മ്യാന്മറിനെ ചൂഴ്ന്നുനിൽക്കുന്ന ഈ മുൻവിധികൾക്കെല്ലാമിടയിൽ രാഖൈനിൽ നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായി ലോകത്തെ അറിയിച്ചവരായിരുന്നു റോയിട്ടേഴ്സിനു വേണ്ടി പ്രവർത്തിക്കുന്ന മ്യാന്മർ പൗരന്മാരായ വാ ലോൺ (32), ക്യാവ് സോ ഈ (28) എന്നീ ചെറുപ്പക്കാരായ മാധ്യമ പ്രവർത്തകർ. സൈന്യത്തിെൻറ ക്രൂരതകൾ ലോകത്തെ അറിയിച്ചതിെൻറ പേരിൽ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ഡിസംബറിൽ ഇവരെ മ്യാന്മർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ശരിവെച്ച മ്യാന്മർ കോടതി, സെപ്റ്റംബർ മൂന്നിന് ഇരുവർക്കും ഏഴു വർഷം തടവ് ശിക്ഷ നൽകിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചിരിക്കുകയാണ്.
മാധ്യമ സ്വാതന്ത്ര്യത്തിെൻറ മൗലിക തത്വങ്ങളെപ്പോലും ലംഘിക്കുന്നതാണ് മ്യാന്മർ കോടതിയുടെ വിധി. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിെൻറ പേരിൽ രണ്ട് മാധ്യമപ്രവർത്തകർ കഴിഞ്ഞ ഡിസംബർ മുതൽ ജാമ്യം പോലും ലഭിക്കാതെ തടവറക്കകത്തായിരുന്നു. അവരെ ഏഴു കൊല്ലം കൂടി അകത്തിടാനാണ് കോടതി വിധിച്ചിരിക്കുന്നത്. അറസ്റ്റിലായതിന് ശേഷം പൊലീസിെൻറ പീഡനങ്ങൾക്ക് വിധേയമായ കാര്യം ഇവർ കോടതിയിൽ തുറന്നു പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. വാ ലോണിെൻറ ഭാര്യ കഴിഞ്ഞ ആഗസ്റ്റ് പത്തിന് അവരുടെ ആദ്യ കുഞ്ഞിനെ പ്രസവിച്ചപ്പോൾ കുഞ്ഞിനെ കാണാൻപോലും അധികാരികൾ അനുമതി നൽകിയില്ല. ആഗോളതലത്തിൽ അറിയപ്പെട്ട ഒരു മാധ്യമസ്ഥാപനത്തിെൻറ ലേഖകരുടെ അവസ്ഥ ഇതാണെങ്കിൽ നിസ്സഹായരായ റോഹിങ്ക്യക്കാരോട് ഭരണകൂടം എങ്ങനെയാണ് പെരുമാറുക എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
വംശീയ മുൻവിധികൾകൊണ്ട് നിറഞ്ഞ മ്യാന്മറിെൻറ സാമൂഹിക അന്തരീക്ഷത്തിൽ മാധ്യമപ്രവർത്തകരെ തടവിലിട്ട സംഭവം എന്തെങ്കിലും പ്രതികരണം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ കീർത്തി കാരണമാണ് അവരുടെ തടവ് വാർത്തയെങ്കിലുമായത്. മുഴുവൻ പരിഷ്കൃത മൂല്യങ്ങളെയും കാറ്റിൽപറത്തുന്ന ഒരു അറുപിന്തിരിപ്പൻ ഭരണകൂടമാണ് മ്യാന്മറിലേത്. ഓങ്സാൻ സൂചിയെപ്പോലൊരാൾ അവർക്ക് അലങ്കാരം മാത്രമാണ്. ജനാധിപത്യ സങ്കൽപങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ മ്യാന്മർ സർക്കാറിനുമേൽ സാർവദേശീയ സമൂഹത്തിെൻറ ശക്തമായ സമ്മർദം ഉണ്ടാവേണ്ടതുണ്ട്. സ്വന്തമായി ഒരു വിലപേശൽ ശേഷിയുമില്ലാത്ത നിസ്വരായ ജനതയെന്ന നിലക്ക് ആഗോള രാഷ്ട്രീയത്തിനുമേൽ എന്തെങ്കിലും സ്വാധീനം ചെലുത്താൻ റോഹിങ്ക്യകൾക്കാവില്ല. ബംഗ്ലാദേശിലെ വൃത്തിഹീനമായ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന പത്തു ലക്ഷത്തോളം റോഹിങ്ക്യകൾ ഇപ്പോഴും അന്നന്നത്തെ ജീവിതത്തിനുവേണ്ടി പടപൊരുതിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങൾമാത്രം മുൻനിർത്തിയാണ് ഏതാണ്ടെല്ലാ രാജ്യങ്ങളും അവരുടെ രാഷ്ട്രീയബന്ധങ്ങളും നയതന്ത്ര നീക്കങ്ങളും മുന്നോട്ടു കൊണ്ടുപോവുന്നത്.
അതിനിടക്ക് റോഹിങ്ക്യകളുടെ ജീവിതവും ജീവനും അവർക്ക് പരിഗണനാവിഷയം പോലുമല്ല. അതിനാൽ, ലോക രാജ്യങ്ങൾ ഈ വിഷയത്തിൽ എന്തെങ്കിലും മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. സാമൂഹിക പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും കൂടുതൽ ശക്തമായി മുന്നോട്ടുവന്ന് സാർവദേശീയ സമൂഹത്തിനുമേൽ വലിയ സമ്മർദം ചെലുത്തുക എന്നതാണ് ചെയ്യാനുള്ളത്. രാജ്യാതിർത്തികളെ ഭേദിക്കുന്ന അത്തരമൊരു മുന്നേറ്റം റോഹിങ്ക്യകളുടെ കാര്യത്തിൽ ഉയർന്നുവരേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.