'ശ്രദ്ധ'യിലൊതുങ്ങരുത് മനഃസാക്ഷിയുടെ ശ്രദ്ധ
text_fieldsഅതീവ ഹീനമായിരുന്നു ആ കൃത്യം. 27 വയസ്സുകാരിയായ ശ്രദ്ധ വാക്കർ എന്ന പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ തുണ്ടംതുണ്ടമാക്കി പലയിടങ്ങളിൽ തള്ളി തെളിവു നശിപ്പിക്കാൻ ശ്രമിച്ച കേസിൽ അഫ്താബ് പൂനവാല എന്നയാൾ ഇപ്പോൾ പൊലീസിെൻറ പിടിയിൽ അന്വേഷണം നേരിട്ടുവരുകയാണ്. അന്വേഷണ സംഘങ്ങളേക്കാളേറെ ജാഗ്രതയും ശ്രദ്ധയും പുലർത്തുന്നുണ്ട് മാധ്യമങ്ങൾ. സമൂഹമാധ്യമങ്ങളിലാകട്ടെ കുറ്റാരോപിതെൻറ മതസ്വത്വം ചൂണ്ടിക്കാട്ടിയാണ് കൊലപാതകത്തിനെതിരെ സമൂഹമനഃസാക്ഷി ഉണരണമെന്ന ആഹ്വാനം മുഴങ്ങുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും ഇത്രയേറെ ജാഗ്രതയോടെ നിലകൊള്ളവെത്തന്നെ രാജ്യത്തിെൻറ പല ഭാഗങ്ങളിലായി സമാനമായ നിരവധി ഹത്യകൾ നടമാടിക്കൊണ്ടിരിക്കുന്നു. കൊല്ലപ്പെടുന്നത് യുവതികളും കുറ്റാരോപിതർ ഉറ്റ ബന്ധുക്കളും ആണ്. എന്നാൽ ആ സംഭവങ്ങളൊന്നും കാര്യമായ മാധ്യമശ്രദ്ധ നേടുന്നില്ല, പൊതുമനഃസാക്ഷി ഉയരണമെന്ന ആഹ്വാനവും കേൾക്കുന്നില്ല.
ഈ മാസം തുടക്കത്തിൽ ചെന്നൈയിലെ ചെങ്കൽപേട്ടിൽ സുധാമതി എന്ന യുവതി സുഹൃത്തുമായി കൂടുതൽ നേരം ഫോണിൽ സംസാരിച്ചതിൽ രോഷംപൂണ്ട് ഭർത്താവ് രഞ്ജിത് കുമാർ കൊലപ്പെടുത്തി എന്നൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉടനടി മൃതദേഹ സംസ്കാരം നടത്തി തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കേസിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒരേ ജാതിയിലും മതത്തിലും പെടുന്ന ഭാര്യയെ (പങ്കാളിയെ) കൊലപ്പെടുത്തുന്നത് അസാധാരണത്വമുള്ള കാര്യമായി തോന്നാത്തതുകൊണ്ടാണോ എന്നറിയില്ല, മാധ്യമങ്ങൾക്ക് കാര്യമായ ആവലാതിയില്ല. കൊലക്ക് തക്കം പാർത്തിരിക്കുന്ന പങ്കാളികളിൽനിന്ന് പെൺമക്കളെ സംരക്ഷിക്കണമെന്ന് 'സംസ്കാരി'സംഘങ്ങൾ ഉദ്ബോധനം നടത്തുന്നില്ല.
ഈ മാസം 21ന് യു.പിയിലെ അഅ്സംഗഢിൽ മുൻ പ്രണയിനിയെ കൊലപ്പെടുത്തിയ കേസിൽ ഒരു യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൊലക്കുശേഷം ശരീരഭാഗങ്ങൾ അറുത്തെടുത്ത് കുളത്തിലും തല ഒരു കിണറ്റിലും തള്ളി ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ആരാധന പ്രജാപതി മറ്റൊരു യുവാവിന് വരണമാല്യം ചാർത്തിയതാണ് പ്രിൻസ് യാദവ് എന്ന യുവാവിനെ കുപിതനാക്കിയതെന്നും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ആയുഷി ചൗധരി എന്ന വിദ്യാർഥിനിയുടെ മൃതദേഹം ഉത്തർപ്രദേശിലെ മഥുരയിൽ അതിവേഗപാതക്കു സമീപം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇതരജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്ത് കുടുംബത്തിന് മാനഹാനി വരുത്തിയതിന് പിതാവ് നിതേഷ് യാദവ് നടത്തിയ ദുരഭിമാനക്കൊലയാണിത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യു.പിയിലെ മെയിൻപുരിയിൽ ഒരു യുവതി വെടിയേറ്റു മരിച്ചു, കുൽദീപ് സിങ് യാദവ് എന്നയാളാണ് കുറ്റാരോപിതൻ. താൻ മുമ്പ് പ്രണയിച്ച യുവതി മറ്റൊരാളെ വിവാഹം ചെയ്തതാണ് കൊലക്കു കാരണം. കേരളത്തിൽ ഈയിടെയായി നടന്ന പ്രണയനൈരാശ്യക്കൊലകളും വൈവാഹിക നരഹത്യകളും എണ്ണിത്തീർക്കാൻ കൈവിരലുകൾ തികയില്ല.
2021ൽ രാജ്യത്ത് നടന്ന കൊലപാതകങ്ങളിൽ 1566 എണ്ണത്തിന് കാരണമായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത് 'പ്രണയബന്ധ'ങ്ങളാണ്. കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളാണ്. അറിഞ്ഞോ അറിയാതെയോ നമുക്കിടയിൽ വിഷമയമായ മനഃസ്ഥിതി വർധിച്ചുവരുന്നു എന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം വിഷം കലർത്തുന്നതും കഴിഞ്ഞ നിമിഷംവരെ ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഹൃദയത്തിലേക്ക് കത്തിയാഴ്ത്താനും വെടിയുണ്ട പായിക്കാനും പ്രേരിപ്പിക്കുന്നതും ഈ ചിന്താഗതിയാണ്. മുൻകാലങ്ങളിൽ നടന്നിരുന്ന ഒറ്റപ്പെട്ട കൊലപാതകങ്ങൾ രോഗലക്ഷണമായിരുന്നുവെങ്കിൽ അടിക്കടി ആവർത്തിക്കപ്പെടുന്നതോടെ രോഗം സമൂഹത്തിൽ, പ്രത്യേകിച്ച് പുരുഷ സമൂഹത്തിനിടയിൽ അതിഭയാനകമാം വിധത്തിൽ വ്യാപിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. പെൺമക്കളെ ഗുണദോഷിക്കുന്നതിനും ഉപദേശിക്കുന്നതിനും പുലർത്തുന്ന ഔത്സുക്യവും ശുഷ്കാന്തിയും ആൺകുട്ടികളെ നല്ല മനുഷ്യരായി വളർത്തുന്നതിലും മാതാപിതാക്കളും രക്ഷിതാക്കളും വല്യേട്ടന്മാരും പുലർത്തുകയും വേണം. കുറ്റാരോപിതരുടെ മതസ്വത്വം നോക്കി പൊതുമനഃസാക്ഷി ഉണർത്തലും ഉദ്ബോ ധനവും നടത്തുന്ന രീതി നാട്ടിൽ ബീഭത്സ രൂപം പ്രാപിച്ച് വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തിനെ കണ്ടില്ലെന്ന് നടിക്കലാണ് എന്ന് പറയാതിരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.