നവംബർ എട്ട്: ആ ദിനം ജനം ഒരിക്കലും മറക്കില്ല
text_fieldsസ്വതന്ത്ര ഇന്ത്യയുടെ എഴുപത് വർഷത്തെ ചരിത്രത്തിൽ ദുരന്തപൂർണമായ ഒട്ടനവധി സംഭവങ്ങൾ കടന്നുപോയിട്ടുണ്ടെങ്കിലും ഒരു ഭരണനടപടി ജനം ഇപ്പോഴും നടുക്കത്തോടെ ഓർക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞവർഷം നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് മൊത്തം കറൻസിയുടെ 86ശതമാനം വരുന്ന 500, 1000നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നടപടിയാണ്. ഒരു മുന്നൊരുക്കവുമില്ലാതെ, ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ പരിഷ്കാരം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ പൂർണമായും തകിടം മറിച്ചുവെന്ന് മാത്രമല്ല, ഒരുവർഷം പൂർത്തിയായിട്ടും അതിെൻറ ആഘാതത്തിൽനിന്ന് ഇതുവരെ കരകയറാൻ സാധിച്ചിട്ടുമില്ല.
കള്ളപ്പണത്തിെൻറ വേരറുക്കുക, ഭീകരവാദികൾക്കുള്ള സാമ്പത്തിക േസ്രാതസ്സ് അടക്കുക, നികുതിവെട്ടിപ്പുകാരെ കൈയോടെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിന് ജനം ചില ത്യാഗങ്ങൾക്ക് സന്നദ്ധമാവേണ്ടതുണ്ടെന്ന ആഹ്വാനത്തോടെ അതിവൈകാരിക വിഷയം അവതരിപ്പിച്ച നരേന്ദ്ര മോദി, സാമ്പത്തികവിദഗ്ധരോ രാഷ്ട്രനേതൃത്വമോ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ പങ്കുവെച്ച ആശങ്കകൾ ദൂരീകരിക്കുകയോ ചെയ്തില്ല. എന്നല്ല, ‘ഡിമോണിറ്റൈസേഷൻ’ നടപടിയെ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്തവരെ രാജ്യേദ്രാഹികളായി മുദ്രകുത്താൻ വരെ മുതിരുകയും ചെയ്തു. മൂന്നാലുമാസം നഗരങ്ങളിലും ഗ്രാമങ്ങളിലുമൊരു പോലെ, ബാങ്കുകൾക്കും എ.ടി.എം കൗണ്ടറുകൾക്കും മുന്നിൽ ക്യൂനിന്ന കാഴ്ച ഒരു പേക്കിനാവ് പോലെ ഇപ്പോഴും രാജ്യം മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്.
പൊരിവെയിലത്ത് ക്യൂ നിന്ന് തളർന്നുവീണ് മരിച്ചവരുടെ എണ്ണം നൂറിലേറെയാണ്. അസാധുനോട്ട് മാറ്റിക്കിട്ടാത്ത മനോവിഷമത്തിെൻറ ആഘാതത്തിൽ മാത്രം ഒരു ഡസനിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജീവിതപ്പെരുവഴിയിൽ കൈകാലിട്ടടിച്ച സാമാന്യജനത്തെ സമാശ്വസിപ്പിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ല എന്ന് മാത്രമല്ല, ബാങ്കിൽനിന്നും എ.ടി.എമ്മിൽനിന്നും പിൻവലിക്കാവുന്ന തുക ഓരോ ദിവസവും മാറ്റിപ്പറഞ്ഞിട്ടും കൈയിൽ വന്നുചേർന്നതാവട്ടെ തുലോം തുച്ഛവും. അസാധുവാക്കിയ നോട്ടിന് പകരമായി നടപ്പാക്കിയ 2000ത്തിെൻറ കറൻസിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്തല്ലെന്ന് താമസംവിനാ പുറത്തിറങ്ങിയ കള്ളനോട്ടുകളിൽനിന്ന് തെളിയുകയും ചെയ്തു.
രാജ്യത്ത് ഇതിനുമുമ്പും കറൻസിനോട്ട് അസാധുവാക്കിയിട്ടുണ്ട്. അങ്ങനെ ഒരു നീക്കമേ പാടില്ല എന്ന് ആരെങ്കിലും വാദിക്കുമെന്നും തോന്നുന്നില്ല. 1978ൽ മൊറാർജിദേശായി സർക്കാർ 1,000, 5,000 , 10,000 രൂപ നോട്ടുകൾ പിൻവലിച്ചത് കള്ളപ്പണം ദേശീയരാഷ്ട്രീയത്തിൽ ചെലുത്തുന്ന ദുഃസ്വാധീനത്തിന് അറുതിവരുത്താനാണ്. വ്യക്തമായ ലക്ഷ്യം മുന്നിൽവെച്ച് പ്രയോഗവത്കരിച്ച ആ പരിഷ്കാരം വലിയൊരളവുവരെ ഫലപ്രാപ്തിയിലെത്തുന്നതായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. എന്നാൽ, പ്രധാനമന്ത്രി മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും റിസർവ് ബാങ്ക് ഗവർണറെ പോലും വിശ്വാസത്തിലെടുക്കാതെ കൊണ്ടുവന്ന ഭ്രാന്തൻ ചുവടുവെപ്പ് തുടക്കത്തിൽതന്നെ പാളിയതോടെ ‘ഗോൾപോസ്റ്റ്’ ഓരോ തവണയും മാറ്റിവെക്കേണ്ടിവന്നു.
കള്ളപ്പണ നിർമാർജനമാണ് മുഖ്യ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അതേ പ്രധാനമന്ത്രി ‘കാഷ്ലെസ് ഇക്കോണമി’ യെക്കുറിച്ചാണ് പിന്നീട് വാചാലമായത്. ഭീകരവാദികളുടെ സാമ്പത്തിക ഉറവിടം അടച്ചതോടെ അതിർത്തി ശാന്തമായിക്കഴിഞ്ഞുവെന്ന് അവകാശപ്പെട്ട അതേ മാസമാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകളും മരണങ്ങളും അരങ്ങേറിയത്. ഒട്ടും സുതാര്യതയോടെയായിരുന്നില്ല നോട്ട് അസാധുവാക്കൽ പ്രക്രിയയും തുടർനടപടികളും. പണം കൈയിലുള്ളവരെ മുഴുവൻ കള്ളന്മാരായോ അവിഹിതസമ്പാദ്യക്കാരായോ സർക്കാർ കാണാൻ തുടങ്ങിയത് പൗരന്മാരിൽ സൃഷ്ടിച്ച ആശങ്കയും വെപ്രാളവും സമ്പദ്മേഖലയെ പിടികൂടിയ മരവിപ്പിന് ആക്കം കൂട്ടി. അടിത്തറ തകർന്ന വ്യാപാര, വാണിജ്യമേഖല ആദ്യത്തെ ആറ് മാസം നേരിടേണ്ടിവന്ന പണഞെരുക്കം എല്ലാ മേഖലയെയും പിടിച്ചുലച്ചതോടെ വളർച്ചനിരക്കിൽ സമീപകാലത്തെ ഏറ്റവും വലിയ ഇടിവിന് രാജ്യം നിന്നുകൊടുക്കേണ്ടിവന്നു.
നോട്ട് അസാധുവാക്കിയ നടപടി ഒരു വർഷം പൂർത്തിയാകുമ്പോൾ തയാറാക്കുന്ന ഏത് ബാലൻസ് ഷീറ്റും രാജ്യസമക്ഷം സമർപ്പിക്കുന്ന ചില അനിഷേധ്യയാഥാർഥ്യങ്ങളുണ്ട്. എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന സാമ്പത്തികമേഖലയിലെ രണ്ടുപരിഷ്കാരങ്ങൾ -ഡിമോണിറ്റൈസേഷനും ജി.എസ്.ടിയും (ചരക്കുസേവനനികുതി)- ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പതിറ്റാണ്ട് പിറകോട്ട് വലിച്ചിഴച്ചിരിക്കയാണ്. ഉദ്ദിഷ്ട ലക്ഷ്യം കരഗതമാക്കാനായില്ല എന്നതിെൻറ വ്യക്തമായ സാക്ഷ്യമാണ് 99ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി എന്ന ഔദ്യോഗിക ഭാഷ്യം. അപ്പോൾ ഇവിടെ കള്ളപ്പണം ഉണ്ടായിരുന്നില്ലേ? ഉള്ളത് മുഴുവൻ വിദേശബാങ്കുകളിലും നിക്ഷേപങ്ങളിലുമാണെന്ന് വിവരമുള്ളവർ അന്ന് ഓർമിപ്പിച്ചതാണ്. അപ്പോൾ മോദി കഥയറിയാതെയാണ് ആടിയതെന്ന്് ചുരുക്കം. ഏത് സ്വേച്ഛാധിപതിയെയും പോലെ, തെൻറ അപ്രമാദിത്വം സമർഥിക്കുകയായിരുന്നു മോദിയുടെ ഏക ലക്ഷ്യം. അതിന് രാജ്യം ഒടുക്കേണ്ടിവന്ന വില കനത്തതാണ്. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറഞ്ഞതാണ് ശരി; ചരിത്രമണ്ടത്തമായിരുന്നു നോട്ട് അസാധുവാക്കൽ നടപടി. നവംബർ എട്ട് അത്ര പെട്ടെന്നൊന്നും ഇന്ത്യൻജനത മറക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.