Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകന്യാസ്ത്രീകളുടെ സമരം...

കന്യാസ്ത്രീകളുടെ സമരം നീതിയുടെ ഉയിർപ്പിനായി

text_fields
bookmark_border
editorial
cancel

പുരോഹിതന്മാരെക്കുറിച്ച ലൈംഗികാരോപണം ആഗോളതലത്തിൽ കത്തോലിക്കാ സഭ ആഭ്യന്തരമായി അഭിമുഖീകരിക്കുന്ന ആഴമേറിയ ധാർമിക പ്രതിസന്ധിയാണ്. ജർമനിയിൽ 1946നും 2014നും ഇടയിൽ 1670 കത്തോലിക്കാ പുരോഹിതർ പ്രായപൂർത്തിയാകാത്ത 3677 കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന ആഭ്യന്തര റിപ്പോർട്ട് അന്തർദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. വത്തിക്കാൻ നയതന്ത്ര പ്രതിനിധിയും യു.എസിലെ കർദിനാളുമായ തിയോഡർ മക്കാർത്തിക്​ ജൂലൈ അവസാനത്തിൽ സ്ഥാനത്യാഗം ചെയ്തതും ലൈംഗികാരോപണത്തെ മുൻനിർത്തിതന്നെ. 300 പുരോഹിതന്മാർ ആയിരത്തിലധികം കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കി എന്ന അന്വേഷണ റിപ്പോർട്ട് അമേരിക്കയിൽനിന്ന് പുറത്തുവന്നതും ഒരു മാസത്തിനുള്ളിൽ. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഗസ്​റ്റ്​ അവസാനത്തിൽ 120 കോടി വരുന്ന കത്തോലിക്കാ വിശ്വാസികൾക്ക് ‘‘അഭിഷേകം നടത്തുന്നവർ, അധികാരമുള്ള മഹാപുരോഹിതർ എന്നിവരിലെ ചിലരാൽ ലൈംഗികചൂഷണത്തിന് ഇരകളായ കുട്ടികളുടെ വേദന തിരിച്ചറിയുമ്പോൾ വീണ്ടും വിശുദ്ധ പോളി​െൻറ ‘ഒരവയവത്തിന് പീഡയേറ്റാൽ ശരീരത്തിനു മുഴുവനുമാണ് വേദനയനുഭവിക്കുന്നത്’ (1. കോറി 12:26) എന്ന വചനങ്ങൾ എ​െൻറ ഹൃദയത്തിൽ പ്രകമ്പനംകൊള്ളിക്കുകയാണ്. നിസ്സഹായാവസ്ഥയും വേദനയും ആഴത്തിൽ മുറിവേൽപിക്കപ്പെടുന്ന ഇത്തരം കുറ്റകൃത്യങ്ങൾ പ്രാഥമികമായി ഇരകളോടു മാത്രമല്ല, അവരുടെ കുടുംബത്തിനും വിശ്വാസികളും അവിശ്വാസികളുമെല്ലാമുള്ള വിശാല സമൂഹത്തിനുമെല്ലാം എതിരാണ്’’ എന്ന ആമുഖത്തോടെ തുടങ്ങുന്ന പോപ് ഫ്രാൻസിസി​െൻറ സന്ദേശവും മുന്നറിയിപ്പും ഇന്ത്യയിലെ കത്തോലിക്കാ സഭക്കും ഏറെ പ്രസക്തമാണ്. കാരണം ചരിത്രത്തിലെ ഏറ്റവും കടുത്ത ധാർമിക പ്രതിസന്ധിയെയാണ് സഭ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു സന്യാസിനി ബിഷപ്പിനെതിരെ കടുത്ത ൈലംഗികചൂഷണത്തിന് കേസ് നൽകുകയും നീതിക്കുവേണ്ടി കന്യാസ്ത്രീകൾ തെരുവിലിറങ്ങുകയും ചെയ്ത സംഭവം ഇന്ത്യയിൽ സഭയുടെ ആദ്യാനുഭവമാണ്.

ജലന്ധർ ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനുനേ​െര ഉയർന്നിട്ടുള്ള ലൈംഗികപീഡന കേസിനോട് സഭ പുലർത്തുന്ന സമീപനം ക്രിസ്തു പഠിപ്പിച്ച നീതിബോധത്തോട് ഒട്ടും ചേർന്നുനിൽക്കുന്നതല്ല. സഭ പുലർത്തിക്കൊണ്ടിരിക്കുന്ന അക്ഷന്തവ്യമായ നീതിരാഹിത്യത്തെ വിമർശിക്കുന്നതാണ്, നീതിക്കുവേണ്ടി കന്യാസ്ത്രീകൾ തെരുവിലിറങ്ങേണ്ടിവന്നത് ദുഃഖകരമാ​െണന്നും അവരുടെ വേദനകൾ പരിഹരിക്കാൻ സഭ ബാധ്യസ്ഥമാ​െണന്നുമുള്ള ഫാ. പോൾ തേലക്കാട്ട് സമരത്തിൽ അണിചേർന്നു നടത്തിയ പ്രസ്താവന. 2014 മേയ് അഞ്ചു മുതൽ രണ്ടുവർഷം 13 തവണ ലൈംഗികപീഡനത്തിന് ഇരയായ സന്യാസിനി രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതസ്ഥാനീയരായ പുരോഹിതർക്ക് പരാതി സമർപ്പിച്ചിട്ടും സഭ നടപടി സ്വീകരിക്കാനോ നീതിപൂർവകമായ അന്വേഷണം നടത്താനോ വിസമ്മതിക്കുകയായിരുന്നു. വിവിധ രൂപതകളിലെ ബിഷപ്പുമാരും മദർ സുപ്പീരിയർമാരും കത്തോലിക്കാ സഭയുടെ ധാർമികതയും നീതിബോധവും ഇരയുടെ കാര്യത്തിൽ സ്വീകരിക്കണമെന്ന് മേലധ്യക്ഷന്മാരോട് അഭ്യർഥിക്കുകയും പൊലീസ് ചോദ്യംചെയ്യലിൽ ബിഷപ്പിനെതിരെ മൊഴികളും തെളിവുകളും സമർപ്പിക്കുകയും ചെയ്തുവെങ്കിലും ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലി​െൻറ പക്ഷത്ത് ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയായിരുന്നു കെ.സി.ബി.സിയും കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും. അതിലുപരി പരാതിക്കാരിയായ സന്യാസിനിയെയും കുടുംബത്തെയും പൈശാചികവത്കരിക്കാനും സഭക്കകത്തുള്ള അധികാരത്തർക്കത്തി​െൻറ ഗൂഢാലോചനാഫലമാണ് കെട്ടിച്ചമക്കപ്പെട്ട കേസെന്ന് പ്രചരിപ്പിക്കാനുമാണ് അവർ ഉദ്യുക്തമായത്. കേസിനെ നിയമപരമായി അഭിമുഖീകരിക്കാനും സത്യസന്ധമായ രീതിയിൽ നീതി സ്ഥാപിക്കാനുമുള്ള ക്ഷമ കാണിക്കുന്നതിനുപകരം അധികാരമുപയോഗിച്ച് ധിറുതിയിൽ കേസ് അട്ടിമറിക്കാൻ അണിയറയിൽ ശ്രമിക്കുകയായിരുന്നു സഭ. കേസിൽനിന്ന് പിന്മാറാൻ ഇരയെയും കുടുംബ​െത്തയും പ്രലോഭിപ്പിച്ച സംഭവം സഭയുടെ വിശ്വാസ്യതയെക്കൂടിയാണ് തകർത്തിരിക്കുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് സഭയുടെ ധാർമികതയെ കളങ്കപ്പെടുത്തിയതുപോലെ കേരള പൊലീസി​െൻറയും സർക്കാറി​െൻറയും വിശ്വാസ്യതയും ചോദ്യംചെയ്യുന്നുണ്ട്. വമ്പിച്ച അധികാര സമ്മർദം നിമിത്തം ഇഴഞ്ഞുനീങ്ങിയ കേസിൽ അന്വേഷണ ഉ​േദ്യാഗസ്ഥർ പ്രതിക്ക് നോട്ടീസയച്ചത് ഹൈകോടതി ഇടപെടലിനെ തുടർന്നാണ്. കന്യാസ്ത്രീയുടെ പരാതിയിൽ പ്രാഥമിക തെളിവുകളും മൊഴികളും ബിഷപ്പിനെതിരായിട്ടുപോലും അദ്ദേഹത്തെ ശരിയാംവിധം ചോദ്യംചെയ്യാനോ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കാനോ ഭയപ്പെടുകയാണ് കേരള പൊലീസ്. സമരത്തിനിറങ്ങേണ്ടിവന്ന കന്യാസ്ത്രീകൾ, ഡി.ജി.പിയും ഐ.ജിയും ചേർന്ന് കേസ് അട്ടിമറിക്കുകയാ​െണന്ന്​ വിമർശിച്ചത്​ അത്ര ലഘുവല്ല. പൊലീസി​െൻറ ഇതഃപര്യന്തമുള്ള ചെയ്തികൾ അതിനെ സാധൂകരിക്കുന്നുമുണ്ട്. പ​േക്ഷ, അവയെ മുഖവിലക്കെടുക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രപിള്ള പത്രക്കാരോട് വിശദീകരിച്ചത്. കന്യാസ്ത്രീകളുടെ തെരുവുസമരവും സാംസ്കാരിക കേരളം അവക്ക് നൽകിയ പിന്തുണയും മാത്രമാണ് നീതിക്കുവേണ്ടിയുള്ള ഇരയുടെ പോരാട്ടത്തെ ഇപ്പോഴും സജീവമായി നിലനിർത്തുന്നത്. നീതിയുടെ ഉയിർപ്പിനായി ഇരയും അവരുടെ കുടുംബവും സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകളും ചുമലിലേറ്റടുത്ത മുൾക്കുരിശ് കത്തോലിക്കാ സഭയെ വിശുദ്ധമാക്കാനും കേരള പൊലീസിനെ ശുദ്ധീകരിക്കാനുമുള്ള പീഡയായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlenunmalayalam newsNun Strike
News Summary - Nun Strike - Article
Next Story