പണിമുടക്കല്ല; വേണ്ടത് കുടിയിറക്ക്
text_fieldsദിേനന കുതിച്ചുയരുന്ന പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ രാജ്യത്തെ 21 പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായി തിങ്കളാഴ്ച നടത്തിയ ദേശീയ പണിമുടക്ക് രാജ്യവ്യാപകമായി ജനജീവിതം സ്തംഭിപ്പിച്ചു. കേരളത്തിൽ രാവിലെ മുതൽ വൈകീട്ടുവരെയുള്ള ഹർത്താലായിരുന്നുവെങ്കിൽ, പതിവിനു വിപരീതമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇൗ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു എന്നുപറയാം. കോൺഗ്രസിനെ മാനസികമായി തളർത്താനുള്ള ആക്രമണമഴിച്ചുവിട്ട് അവസാനിച്ച ബി.ജെ.പിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടിവിെൻറ തൊട്ടുപിറ്റേന്നാൾ നടന്ന പണിമുടക്ക് പ്രതിപക്ഷ െഎക്യവും കരുത്തും വിളിച്ചറിയിക്കുന്നതായി. എന്നാൽ, ഇൗ രാഷ്ട്രീയ ബലാബലത്തിനപ്പുറം ജനങ്ങളെ ഒരു ദിനംകൂടി വീടുകളിൽ ബന്ദികളാക്കി പിടിച്ചിട്ട ദേശീയ പണിമുടക്കും സമാന പ്രതിഷേധസമരങ്ങളും എന്തു നേടുന്നു എന്നു ചോദിച്ചാൽ ഫലം നാസ്തിയാണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല.
കഴിഞ്ഞ ദിവസത്തെ പണിമുടക്കിലേക്കു രാജ്യം പ്രവേശിക്കുേമ്പാഴാണ് ഇന്ധനവില അതിെൻറ ദൈനംദിന റെക്കോഡുകൾ തകർത്ത് ഇന്നത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80.73 രൂപയും ഡീസലിന് 72.83 രൂപയും മുംബൈയിൽ െപട്രോളിന് 88.12 രൂപയും ഡീസലിന് 77.32 രൂപയുമാണ് ഇതെഴുതുേമ്പാഴുള്ള വില. എണ്ണവില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് മുൻ ഗവൺമെൻറ് തന്നെ കൈമാറിക്കൊടുത്തതുകൊണ്ട് ഗവൺമെൻറിന് വിലക്കയറ്റത്തിെൻറ കാര്യത്തിൽ നിയന്ത്രണാധികാരമൊന്നുമില്ല. എന്നാൽ, കമ്പനികളുമായി ഒത്തുകളിച്ച് ജനങ്ങളുടെ പണം നേരിട്ടും നികുതിയായും ഇരുകൂട്ടരും പിഴിഞ്ഞൂറ്റുകയാണ് ഇതുവരെയും ചെയ്തുകൊണ്ടിരുന്നത്.
യു.പി.എ ഗവൺമെൻറിെൻറ കാലത്ത് ജനരോഷത്തെ ഭയന്നോ സർക്കാർ മര്യാദയെന്ന നിലയിൽ മാനിച്ചോ കഴുത്തറുപ്പിെൻറ കാര്യത്തിൽ അൽപം കരുതലുണ്ടായിരുന്നെങ്കിൽ എല്ലാം ഏകാധിപത്യകേന്ദ്രിതമായ സംഘ്പരിവാറിെൻറ ഫാഷിസ്റ്റു ഭരണകാലത്ത് മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇന്ധനവിലയുടെ കാര്യത്തിലും ദയാദാക്ഷിണ്യമൊന്നുമില്ല. ഗവൺമെൻറിന് അടിസ്ഥാനസൗകര്യ വികസനത്തിന് ഭീമമായ ഫണ്ട് ആവശ്യമുണ്ട്. അത് പിരിച്ചെടുക്കാനുള്ള ആദ്യവഴി എണ്ണവിൽപനയുടെ നികുതിയാണെന്നു നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചുറച്ചിരിക്കുന്നു. പിറകിൽ, സംസ്ഥാനങ്ങളാകെട്ട, കേന്ദ്രം വിട്ടുകൊടുക്കുന്നില്ലെങ്കിൽ പിന്നെ തങ്ങളെന്തിന് എന്ന മട്ടിൽ ഇളവിെൻറ കാര്യത്തിൽ കടുകിട മാറാൻ തയാറില്ലാതെ നിൽക്കുന്നു. രണ്ടിനുമിടയിൽ കുരുക്കു മുറുകുന്നത് ജനത്തിെൻറ കഴുത്തിനുതന്നെ. ഇതിനു പുറമെയാണ് പ്രശ്നത്തിനു പരിഹാരം കാണേണ്ട രാഷ്ട്രീയകക്ഷികൾ പണിമുടക്കും ഹർത്താലുമായി നൽകുന്ന ഇരുട്ടടികൾ.
പെട്രോളും ഡീസലും ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവന്ന് രണ്ടിെൻറയും വില ലിറ്ററിന് യഥാക്രമം പതിനഞ്ചും പതിനെട്ടും രൂപ കുറക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. മോദി സർക്കാർ ഇതുവരെയായി 11 ലക്ഷം കോടി രൂപ എണ്ണ നികുതി വഴി സമ്പാദിച്ചെന്നും ഇത് സാധാരണക്കാരെൻറ ബജറ്റ് കൊള്ളയടിക്കുന്ന ഏർപ്പാടാണെന്നുമാണ് അവരുടെ ആരോപണം. എന്നാൽ, എണ്ണരാജ്യങ്ങൾ ഉൽപാദനം പരിമിതപ്പെടുത്തിയതാണ് വിലവർധനക്കു കാരണമെന്നും അത് തങ്ങളുടെ വരുതിയിലൊതുങ്ങുന്ന വിഷയമല്ലെന്നും കൈകഴുകുകയാണ് ബി.ജെ.പി സർക്കാർ. പണപ്പെരുപ്പം കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോദി ഗവൺമെൻറ് എന്നും അക്കാര്യത്തിൽ വിജയം നേടിയ തങ്ങൾ ഇന്ധനവില പിടിച്ചുനിർത്തുന്ന കാര്യത്തിൽ ജനത്തിനൊപ്പം നിൽക്കുമെന്നുമാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചത്.
എന്നാൽ, ഇൗ പ്രസ്താവന ആരും കാര്യഗൗരവത്തിലെടുക്കുന്നില്ല. കഴിഞ്ഞ മേയിൽ വില കുത്തനെ കയറിക്കൊണ്ടിരിക്കുേമ്പാൾ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരാഴ്ചക്കകം വിലക്കയറ്റത്തിനു പരിഹാരമുണ്ടാക്കുമെന്നു പറഞ്ഞതാണ്. എന്നാൽ, ഒന്നും നടന്നില്ല. ഒരു ഭാഗത്ത് എണ്ണക്കമ്പനികളെ വിലക്കയറ്റത്തിനു കയറൂരിവിടുകയും മറുഭാഗത്ത് ഇൗ വർധനയുടെ ആനുകൂല്യം ഒട്ടും ചോരാതിരിക്കാൻ ജനങ്ങൾക്കു നൽകാവുന്ന നികുതിയിളവിൽ തെല്ലും കുറവു വരുത്താതിരിക്കുകയും ചെയ്യുന്ന നിലയാണുള്ളത്. വിദേശത്ത് എണ്ണക്കും ക്രൂഡോയിലിനും വില വർധിക്കുന്നുവെന്ന ന്യായമാണ് ഇത്തവണ നിരത്തുന്നത്. എന്നാൽ, വില കുറഞ്ഞ സമയത്തും കേന്ദ്ര സർക്കാർ എണ്ണവില കൂട്ടിക്കൊണ്ടേയിരിക്കുകയായിരുന്നു. മുമ്പ് രണ്ടാം യു.പി.എയുടെ കാലത്ത് അന്താരാഷ്ട്ര മാർക്കറ്റിലെ വിലനിലവാരം കൂടിയപ്പോഴും ഇവിടെ വില വർധിപ്പിക്കാതിരുന്ന അനുഭവവുമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞ് ബാരലിന് 40 യു.എസ് ഡോളർ എന്ന നിലയിലെത്തിയപ്പോഴും മോദി ഗവൺമെൻറ് 2014നും 2016നുമിടയിൽ തുടർച്ചയായി ഒമ്പതു തവണയാണ് എക്സൈസ് നികുതി വർധിപ്പിച്ചത്. 2017 ഒക്ടോബറിൽ ഒറ്റത്തവണ ഇത് ലിറ്ററിന് രണ്ടു രൂപയായി കുറച്ചു.
എന്നാൽ, സർക്കാറിെൻറ സാമ്പത്തികച്ചെലവുകൾ വർധിക്കുന്നതിനാൽ എക്സൈസ് നികുതി വെട്ടിക്കുറക്കാനാവില്ലെന്നാണ് കേന്ദ്രത്തിെൻറ നിലപാട്. ഗവൺമെൻറിന് അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി ഭീമമായ തുക ചെലവിടേണ്ടിവരുന്നുണ്ടെന്നാണ് വിലവർധനക്കു ന്യായമായി പറയുന്നത്. എന്നാൽ, ഇൗ വികസനം അടിത്തട്ടിൽ എങ്ങുമെത്താതെ കിടക്കുകയാണെന്ന് വെളിപ്പെടുത്തുന്നുണ്ട് അതുസംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങൾക്കു മറുപടി പറയാനാകാതെ വിഷമിക്കുന്ന ബി.െജ.പിയുടെ ഗതികേട്. ഇങ്ങനെ വിലവർധന പിടിച്ചുനിർത്താൻ ഒന്നും ചെയ്യാനാവില്ലെന്നു ബോധ്യമില്ലാതിരിക്കുേമ്പാഴും പ്രശ്നപരിഹാരത്തിന് ആഴ്ചയുടെ അവധി പറയുകയാണ് കേന്ദ്ര സർക്കാർ.
പരിഹാരമില്ലാതെ കൈമലർത്തുന്ന കേന്ദ്രത്തെ തിരുത്തിക്കാൻ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്ന പണിമുടക്കുപോലുള്ള കാലപ്പഴക്കംചെന്ന രീതികൾ മതിയാവില്ല എന്ന് പ്രതിഷേധിക്കുന്ന പ്രതിപക്ഷവും നേതൃത്വം നൽകുന്ന കോൺഗ്രസും മനസ്സിലാക്കുന്നുണ്ടാകും. ജനരോഷം തണുപ്പിക്കാൻ അവരെ ബന്ദികളാക്കുകയല്ല, പൊറുതിമുട്ടിയ അവരുടെ വികാരം വോട്ടാക്കി മാറ്റി ആസന്നമായ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ ഭരണകൂടത്തെ താഴെയിറക്കാനുള്ള കാര്യപ്രാപ്തിയും കരുത്തും പ്രകടിപ്പിക്കുകയും പ്രയോഗവത്കരിക്കുകയുമാണ് പ്രതിപക്ഷത്തിെൻറ ബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.