എണ്ണയിലിട്ട് പൊരിക്കുമ്പോൾ ജനം കേവലം കാഴ്ചക്കാരോ?
text_fieldsരാജ്യത്ത് പെേട്രാളിെൻറയും ഡീസലിെൻറയും വില സർവകാല റെക്കോഡിലേക്ക് കുതിക്കുമ്പോൾ തങ്ങളൊന്നുമറിയില്ല എന്ന മട്ടിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ദീക്ഷിക്കുന്ന മൗനം ജനവഞ്ചനയുടേതാണ്. ഡീസൽ വില കേരളത്തിൽ 70 രൂപയിലേക്ക് കഴിഞ്ഞദിവസം കടന്നത് ഉപഭോഗ സംസ്ഥാനമായ നമ്മുടെ നാട് അത്യപൂർവമായ വിലക്കയറ്റത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും വലിച്ചെറിയപ്പെടും എന്ന മുന്നറിയിപ്പോടെയാണ്. പെേട്രാൾ വില 77 രൂപ കടന്നിട്ടുണ്ട്. എണ്ണവില നിശ്ചയിക്കുന്നതിലെ സർക്കാർ നിയന്ത്രണം എടുത്തുകളഞ്ഞതോടെ കമ്പനികൾ കൊള്ളലാഭമെടുക്കുന്നതും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എക്സൈസ് തീരുവ വഴി ജനങ്ങളുടെമേൽ കനത്ത നികുതി ഭാരം അടിച്ചേൽപിക്കുന്നതുമാണ് ഇന്ധനവില ഇമ്മട്ടിൽ തിളച്ചുമറിയാൻ കാരണം. രാഷ്ട്രാന്തരീയ മാർക്കറ്റിൽ അസംസ്കൃത എണ്ണവിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് പെേട്രാളിെൻറയും ഡീസലിെൻറയും വില ഓരോ ദിവസവും നിശ്ചയിക്കാൻ 2017 ജൂണിൽ നരേന്ദ്രമോദി സർക്കാർ അനുമതി നൽകിയതോടെയാണ് ഇന്ധനവില ലക്കും ലഗാനുമില്ലാതെ ഉയരാൻ തുടങ്ങിയത്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവിെൻറ ആനുകൂല്യം ഒരിക്കലും ഉപഭോക്താക്കൾക്ക് ലഭിക്കാതിരിക്കുകയും വില കൂടുമ്പോൾ തീരുവ ആനുപാതികമായി കൂട്ടി ജനങ്ങളെ പിഴിയുന്ന സമീപനം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ അനുവർത്തിച്ചുപോരുന്നതുമാണ് ഇന്നത്തെ അവസ്ഥക്ക് നിദാനം. നാലുവർഷത്തിനിടെ 12തവണകളിലായി പെേട്രാളിെൻറ എക്സൈസ് തീരുവ 105 ശതമാനവും ഡീസലിേൻറത് 240 ശതമാനവും വർധിച്ചു എന്നതിൽനിന്നു തന്നെ ഭരണകൂടം നടത്തുന്ന കൊള്ളയുടെ വ്യാപ്തി ഉൗഹിക്കാവുന്നതേയുള്ളൂ. മാർച്ച് ഒന്നിന് 72രൂപയായിരുന്നു സംസ്ഥാനത്ത് പെേട്രാൾ വില. ഒരു മാസംകൊണ്ട് കൂടിയത് അഞ്ചുരൂപയാണ്. യു.പി.എ സർക്കാറിെൻറ കാലത്ത് ക്രൂഡ് ഒായിൽ വില 125ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെേട്രാൾ വില ശരാശരി 60രൂപയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്രവിപണിയിൽ ക്രൂഡിന് 72ഡോളറിൽ താഴെയുള്ളപ്പോഴാണ് 77 - 80രൂപ ഈടാക്കുന്നതെന്നോർക്കണം. എണ്ണക്കമ്പനികളും കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഒത്തൊരുമിച്ചുള്ള ഈ പകൽക്കൊള്ള ഇനിയും തുടരാൻ അനുവദിച്ചാൽ തിളച്ചുമറിയുന്ന എണ്ണയിൽ ജനത്തെ നിർത്തിപ്പൊരിക്കുന്ന കാഴ്ച കാണേണ്ടിവരും.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധന വില ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്രമാർക്കറ്റിലെ വിലക്കയറ്റം കണക്കിലെടുത്ത് എക്സൈസ് തീരുവ കുറക്കണമെന്ന് എണ്ണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ നിർദേശം ചെവിക്കൊണ്ടില്ല.. അതുകൊണ്ടുതന്നെ, നമ്മുടെ അയൽരാജ്യങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി മൊത്തം എണ്ണവിലയുടെ പകുതിയും തീരുവ ഇനത്തിൽപോകുന്ന അവസ്ഥാവിശേഷം ഇവിടെ സംജാതമായി. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ അരുൺ െജയ്റ്റ്ലി ഒമ്പത് തവണയാണ് എണ്ണയുടെമേൽ എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. അതിനിടയിൽ ഒരു തവണ മാത്രം, കഴിഞ്ഞ ഒക്ടോബറിൽ, ലിറ്ററിന് രണ്ടുരൂപ തീരുവ കുറച്ചത് എങ്ങുമേശിയില്ല. കേരള ജനറൽ സെയിൽ ടാക്സ് എന്ന പേരിൽ സംസ്ഥാനം 32ശതമാനമാണ് നികുതി ഈടാക്കുന്നത്. വില വർധിക്കുമ്പോൾ അധിക നികുതി വേണ്ടെന്നുവെക്കാൻ അധ്വാനിക്കുന്ന വർഗത്തിെൻറ സർക്കാർ പോലും തയാറാവുന്നില്ല. മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഇതായിരുന്നില്ല അനുഭവം. ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണം എണ്ണവില വർധിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രൂഡ് ഓയിലിെൻറ 83ശതമാനവും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിനിമയ നിരക്കിലുള്ള ചെറിയ വ്യതിയാനം പോലും വിലയിൽ പ്രതിഫലിക്കാതിരിക്കില്ല. ബാരലിന് 28 ഡോളർ വരെ എണ്ണവില ഇടിഞ്ഞിട്ടും കാര്യമായ വിലക്കുറവൊന്നും നമ്മുടെ രാജ്യത്ത് ദൃശ്യമാവാതെ പോയത് എണ്ണക്കമ്പനികളെ കൊള്ളലാഭം കൊയ്യാൻ സർക്കാർ അനുവദിച്ചതുകൊണ്ടാണ്. എണ്ണക്കമ്പനികളുടെ പ്രതിദിന ലാഭം 200 കോടിയോളം വരുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. 2007-17 കാലയളവിൽ ഈ കമ്പനികൾ ഉണ്ടാക്കിയ ലാഭം 50,000കോടി രൂപയാണെന്ന് കംേട്രാളർ ആൻഡ് ഓഡിറ്റർ ജനറലിെൻറ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ ഡീസലിെൻറയും പെേട്രാളിെൻറയും വില യഥാക്രമം 12ഉം 10ഉം രൂപ കണ്ട് വർധിച്ച സാഹചര്യത്തിൽ ഇന്ധനവില നൂറുരൂപയോടടുക്കാൻ വലിയ കാലതാമസമൊന്നും വേണ്ടിവരില്ല എന്ന മുന്നറിയിപ്പാണ് കൈമാറപ്പെടുന്നത്. ചരക്കു സേവന നികുതി (ജി.എസ്.ടി ) എണ്ണമേഖലക്കു ബാധകമാക്കുന്നതോടെ ഗണ്യമായി വിലകുറയും എന്ന് ധനമന്ത്രി വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ആ വഴിക്കുള്ള ചർച്ചപോലും ഇപ്പോൾ നടക്കുന്നില്ല എന്നത് സർക്കാറിെൻറ കള്ളക്കളിയാണ് തുറന്നുകാട്ടുന്നത്. ഇന്ധനവില ഇതേതോതിൽ അനിയന്ത്രിതമായി തുടരുകയാണെങ്കിൽ കേരളത്തിെൻറ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഡീസൽ വില വർധനക്കനുസൃതമായി ലോറികൾ വാടക കൂട്ടുന്നതോടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുകയറാനാണ് സാധ്യത. സാമ്പത്തിക മാന്ദ്യത്തിൽ കഴിയുന്ന നിർമാണ മേഖലയെയായിരിക്കും അത് സാരമായി ബാധിക്കുക. പച്ചക്കറികളടക്കം ഭക്ഷ്യസാധനങ്ങളുടെ വിലയും പിടിച്ചുനിർത്താൻ പറ്റാതെവരും. ഇന്ധനങ്ങളെ ആശ്രയിക്കുന്ന വ്യവസായ മേഖലയും തളർച്ചയിലാണ്. നികുതിവരുമാന വർധനയിൽ മാത്രം കണ്ണുവെക്കുന്ന സർക്കാറിെൻറ നയത്തിൽ കാതലായ മാറ്റം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിെൻറ നടത്തം പിന്നോട്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കട്ടെ. ഭരണകർത്താക്കൾ നടപ്പാക്കുന്ന ജനേദ്രാഹ നടപടികളിൽ പ്രതിഷേധിക്കാനും തിരുത്തിക്കാനും പൗരസമൂഹത്തിന് അവകാശമുണ്ട്. ജനാധിപത്യമാർഗത്തിലൂടെ ആ അവകാശം വിനിയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.