ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോൾ
text_fieldsനാം പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ഡൗൺ പൂർണമായി പിൻവലിക്കപ്പെട്ടിട്ടില്ല. കോവിഡ് കേസുകളുടെ കാര്യത്തിൽ നാട് പുതിയ ഘട്ടത്തിലൂടെ കടന്നുപോവുമ്പോൾ അടുത്ത ഭാവിയിൽ ലോക്ഡൗൺ സമ്പൂർണമായി പിൻവലിക്കപ്പെടും എന്ന് പ്രതീക്ഷിക്കാനും വയ്യ. വൈറസിനോടൊപ്പം ജീവിക്കുക എന്ന പ്രായോഗികതയിലേക്ക് നാം കടക്കേണ്ടിവരുമെന്ന ചിന്ത ചിലർ പങ്കുവെക്കുന്നുണ്ട്. ലോക്ഡൗൺ പൂർണാർഥത്തിൽ നടപ്പാക്കി അധികകാലം പിടിച്ചുനിൽക്കാൻ സമൂഹത്തിനോ സമ്പദ്ഘടനക്കോ സാധിക്കില്ല എന്ന ചിന്തയിൽനിന്നാണ് ആ ആലോചന വരുന്നത്. ലോക്ഡൗണിൽ ഇളവുകൾ വരുത്തി, അതേസമയം, വൈറസ് വ്യാപനത്തെ തടയാനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രായോഗികം എന്നതാണ് ആ ചിന്ത. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാഭ്യാസരംഗത്ത് എങ്ങനെ മുന്നോട്ടുപോവും എന്ന ആലോചനയും ശക്തമാവുകയാണ്. അത്തരം ആലോചനകളിൽ മുന്നിൽവരുന്ന ആശയമാണ് ഓൺലൈൻ വിദ്യാഭ്യാസം.
കോവിഡിനും ലോക്ഡൗണിനും മുേമ്പതന്നെ ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് നിലനിൽക്കുന്നുണ്ട്. സ്മാർട്ഫോണുകൾ വ്യാപകമായതോടെ അതിെൻറ സാധ്യതകൾ വിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളും ഏജൻസികളും മുന്നോട്ടുവന്നു. മൊബൈൽ ലേണിങ് (എം-ലേണിങ്) എന്ന ആശയം അതിനെയാണ് കുറിക്കുന്നത്. കുട്ടികൾ എന്തിനാണ് കിലോക്കണക്കിന് ഭാരമുള്ള പുസ്തകങ്ങളും ബാഗുമൊക്കെയായി ദിവസവും ക്ലാസിൽ പോവുന്നത്; അവർക്കുള്ള പാഠഭാഗങ്ങളും നോട്ടുകളും അവരുടെ ടാബുകളിലോ സ്മാർട്ഫോണുകളിലോ ഷെയർ ചെയ്താൽ പോരേ എന്നത് തള്ളിക്കളയേണ്ട ആലോചനയല്ല. ജ്ഞാനത്തിെൻറ വൈവിധ്യമാർന്ന മേഖലകളിലേക്ക് കുട്ടികളെ നയിക്കാൻ, പ്രാപ്തനായ അധ്യാപകെൻറ മേൽനോട്ടത്തിൽ സാധിക്കുന്നതേയുള്ളൂ. പക്ഷേ, ലോകത്ത് പല രാജ്യങ്ങളിലും എം-ലേണിങ് പദ്ധതികൾ മുന്നോട്ടുപോവുന്ന കാലത്ത്, കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ എന്നതിനെക്കുറിച്ച ചർച്ചയായിരുന്നു നമ്മുടെ സമൂഹത്തിൽ. പുതിയ സാങ്കേതികവിദ്യകളെ സംശയത്തോടെ മാത്രം നോക്കുന്ന പരമ്പരാഗത മനോഘടനയിൽനിന്നാണ് അത്തരം ഉത്കണ്ഠകൾ വരുന്നത്.
കോവിഡും ലോക്ഡൗണും പരമ്പരാഗത രീതികളെ പലതിനെയും മാറ്റിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലും അതിെൻറ അനുരണനങ്ങളുണ്ടാവും. ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തിൽ ആലോചിക്കുകയും ആവശ്യമായ പദ്ധതികൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നത് അതിെൻറ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും തദ്സംബന്ധമായ നിരവധി ആശയങ്ങളും പദ്ധതികളും മുന്നോട്ടുവെച്ചിട്ടുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കാനും വിജയിപ്പിക്കാനും ഭരണാധികാരികളും അധ്യാപക സമൂഹവും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ, കോവിഡും ലോക്ഡൗണും അവസാനിച്ചാലും വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടാവുന്ന പല രീതികളും സ്വായത്തമാക്കാൻ നമുക്ക് സാധിക്കും.
പുതിയ അധ്യയന രീതികളിലേക്കു മാറുമ്പോൾ അതിനാവശ്യമായ ഏറ്റവും ശരിയായ പരിശീലനം അവർക്ക് നൽകാനും അവരുടെ ബോധമണ്ഡലത്തെ പരിവർത്തിപ്പിക്കാനും സാധിക്കണം. അല്ലാതെ വന്നാൽ, ഓൺലൈൻ വിദ്യാഭ്യാസം പ്രഹസനമായി മാറും. കഴിഞ്ഞ കുറെ വർഷങ്ങളായി ഐടി അറ്റ് സ്കൂൾ േപ്രാജക്ട്, കൈറ്റ് തുടങ്ങിയ ഏജൻസികൾ വഴി അധ്യാപകർക്ക് പരിശീലനവും കാഴ്ചപ്പാടും നൽകുന്ന പദ്ധതികളും കോഴ്സുകളും വ്യാപകമായി നടത്തിയിട്ടുണ്ട്. കരിക്കുലവും പാഠപുസ്തകങ്ങളും നിഷ്കർഷിക്കുന്ന ലക്ഷ്യങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കാൻ പര്യാപ്തമായ രീതിയിൽ ഡിജിറ്റൽ സങ്കേതങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. അക്കാര്യത്തിൽ അവർ ശരിയായ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് പറയാൻ പറ്റില്ലെങ്കിലും ഏറെ മുന്നേറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തും ഇത്തരം സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.
ഓൺലൈൻ വിദ്യാഭ്യാസം എല്ലാറ്റിനുമുള്ള ഉത്തമപരിഹാരമാണ് എന്നുപറയാൻ പറ്റില്ല. അതേസമയം, അത് വലിയ സാധ്യതയാണ്. ആ സാധ്യതയെ ശരിയാംവിധം പ്രയോജനപ്പെടുത്താനുള്ള സന്ദർഭമാണ് കോവിഡ് നൽകിയിരിക്കുന്നത്. അതോടൊപ്പം, ഗൗരവത്തിൽ കാണേണ്ട മറ്റൊരു വശവും ഇതോടൊപ്പമുണ്ട്. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോൾ സമൂഹത്തിലെ എത്ര ശതമാനം വിദ്യാർഥികൾക്ക് അത് പ്രാപ്യമാണ് എന്നതാണത്. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 30 ശതമാനം വിദ്യാർഥികൾക്കും ഇത്തരം സാങ്കേതിക സൗകര്യങ്ങൾ പ്രാപ്യമല്ല എന്ന സർവേ റിപ്പോർട്ട് കോളജ് വിദ്യാഭ്യാസവകുപ്പിേൻറതായിതന്നെ അടുത്ത ദിവസം പുറത്തുവന്നിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ബി.ആർ.സികൾ വഴി ആഴ്ചകൾക്കുമുമ്പ് എടുത്ത ഒരു കണക്ക് പ്രകാരം സംസ്ഥാനത്തെ 5.98 ശതമാനം കുട്ടികൾക്കും ഇത്തരം സങ്കേതങ്ങൾ പ്രാപ്യമല്ല. ശാസ്ത്രീയമായ കണക്കെടുപ്പല്ല അത് എന്നതിനാൽ ഈ ശതമാനം കൂടാനാണ് സാധ്യത. അതായത്, ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോൾ മുഴുവൻ വിദ്യാർഥികൾക്കും അതിെൻറ സൗകര്യങ്ങൾ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും സർക്കാറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.