ഓൺലൈൻ മാധ്യമങ്ങൾ സ്വതന്ത്രമായി തുടരട്ടെ
text_fieldsസമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാ പനം ചെയ്യാൻപോകുന്നു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയുള്ള പരാതിക ളും ആശങ്കകളും, ഇതിനെപ്പറ്റി വിവിധ ഹൈകോടതികളിൽ നടന്നുവരുന്ന കേസുകളും കണക്കിലെ ടുത്ത് സുപ്രീംകോടതി ഇടപെട്ടതിെൻറ തുടർച്ചയാണിത്. ഇൻറർനെറ്റ് വഴി പ്രസരിപ്പി ക്കപ്പെടുന്ന ഉള്ളടക്കങ്ങളുടെ നിയന്ത്രണം, അവ ലഭ്യമാക്കുന്ന വൻ കമ്പനികളെയും സേവനദാതാക്കളെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളെയും എങ്ങനെ, എത്രത്തോളം നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞതിന് നൽകിയ മറുപടിയിൽ അടുത്ത ജനുവരിയോടെ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ തയാറാകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നു. ഹൈകോടതികളിലെ കേസുകളെല്ലാം സുപ്രീംകോടതി ഏറ്റെടുത്തതോടെ ഇക്കാര്യത്തിൽ പുതിയ നിയമം നിർമിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാകാനാണ് സാധ്യത.
സമൂഹ മാധ്യമ ഉപയോക്താക്കളും സേവനദാതാക്കളും പ്ലാറ്റ്ഫോമുകളും അടക്കമുള്ള ‘മധ്യവർത്തികളും’ പുതിയ ചട്ടങ്ങളുടെ വരുതിയിൽ വരാനാണ് സാധ്യത. 2017ലെ കെ.എസ്. പുട്ടസ്വാമി കേസിൽ കോടതി നൽകിയ തീർപ്പിൽ വ്യക്തിസ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കുകയും ഏതു നിയന്ത്രണവും അത് കണക്കിലെടുത്ത് വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്തിരുന്നു. 2011ൽ കേന്ദ്രം തയാറാക്കിയിരുന്ന ഇൻറർനെറ്റ് മധ്യവർത്തികൾക്കായുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞവർഷം പരസ്യപ്പെടുത്തി; അതിന്മേൽ വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു; മന്ത്രാലയങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടന്നു. ഇതെല്ലാം ജനുവരിയിൽ ഇറക്കാൻ പോകുന്ന അന്തിമ വിജ്ഞാപനത്തിലെ നിർദേശങ്ങളിൽ പ്രതിഫലിക്കുമെന്ന് കരുതാം. ഇത്രയൊക്കെ ഘട്ടങ്ങൾ കഴിഞ്ഞിട്ടുെണ്ടങ്കിലും വരാൻപോകുന്ന മാർഗനിർദേശങ്ങളുടെ അന്യൂനതയെപ്പറ്റി ഇപ്പോഴും തീർച്ചയില്ല. സാമൂഹിക സാഹചര്യങ്ങളും കേന്ദ്രസർക്കാറിെൻറ നിലപാടുകളും ഇക്കാര്യത്തിൽ നല്ല ഫലത്തെപ്പറ്റി പ്രതീക്ഷ നൽകുന്നില്ല. വിഷയം ജനാധിപത്യത്തിെൻറയും അഭിപ്രായസ്വാതന്ത്ര്യത്തിെൻറയും മർമത്തെ സ്പർശിക്കുന്നതായതിനാൽ തിരക്കിട്ട നീക്കങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്്.
പാരമ്പര്യ മാധ്യമങ്ങളേക്കാൾ സാധാരണക്കാർക്ക് പ്രാപ്യമായ സമൂഹ മാധ്യമങ്ങൾ അക്കാരണത്താൽതന്നെ ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്നുണ്ട്. വാട്സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും ടിക്ടോക്കുമൊക്കെ മോശമല്ലാത്ത തോതിൽ അസ്വസ്ഥത പടർത്തുന്നുണ്ട്. വ്യാജവാർത്തകളുടെയും വിദ്വേഷ പോസ്റ്റുകളുടെയും ഇഷ്ടവാഹകരാണ് സോഷ്യൽ മീഡിയ. ജനാധിപത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സമൂഹ മാധ്യമ കമ്പനികൾ അന്യായമായി സ്വാധീനിച്ച സംഭവങ്ങൾ വിരളമല്ല. വർഗീയതക്കും വംശീയതക്കും ഭീകരതക്കും ആഗോള പ്രചാരം നൽകുന്നതിൽ ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് ചെറുതുമല്ല. കുട്ടികളെവരെ അശ്ലീല വാണിഭത്തിലെ ഇരകളാക്കാൻ മടിക്കാത്തവർ സമൂഹ മാധ്യമങ്ങളുടെ മുഖമില്ലാത്ത ഉപയോക്താക്കളുടെ കൂട്ടത്തിലുണ്ട്. എന്നാൽ, എല്ലാ ദോഷങ്ങളുമിരിക്കെത്തന്നെ സമൂഹമാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിെൻറയും ആത്മാവിഷ്കാരത്തിെൻറയും തുല്യതയില്ലാത്ത വേദികൂടിയാണ്. സെൻസർ ചെയ്യാൻ ആരുമില്ലാത്ത, നേർക്കുനേരെ സംവദിക്കാവുന്ന വേദി. ചില രാജ്യങ്ങളിൽ വിപ്ലവാത്മകമായ സാമൂഹികപരിവർത്തനത്തിനു വരെ ഈ നിയന്ത്രണമില്ലാത്ത അഭിപ്രായസ്വാതന്ത്ര്യം നിമിത്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം പല ഭരണകൂടങ്ങളും അതിനെ ഭയപ്പെടുന്നത്.
മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കുകയല്ല, ശരിയായി, ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പഠിക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾക്ക് വാഹകരാകുന്ന സാങ്കേതികവിദ്യകൾ- അച്ചടി മുതൽ ബ്ലോഗിങ് വരെ- സ്വന്തം നിലക്ക് നല്ലതോ ചീത്തയോ അല്ല. അവയെ ഉപയോഗപ്പെടുത്തുന്നവരാണ്, അതിെൻറ ലക്ഷ്യവും രീതിയുമാണ്, അതിനെ ചീത്തയാക്കുന്നത്. മാർഗദർശനം വേണ്ടത് സാേങ്കതിക വിദ്യകൾക്കോ മാധ്യമങ്ങൾക്കോ അല്ല, അവ ഉപയോഗിക്കുന്നവർക്കാണ്- അവരുടെ തലച്ചോറിനും മനസ്സിനും സമീപനങ്ങൾക്കുമാണ്. സമൂഹത്തിന് ദോഷംചെയ്യുന്ന അപഭ്രംശങ്ങൾ തടയാൻ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മതി. അവ പ്രയോഗിക്കുന്നിടത്താണ് അപാകതകളുള്ളത്. സർക്കാറിനെയും അതിെൻറ പശ്ചാത്തല ശക്തികളെയും വിമർശിക്കുന്ന മാധ്യമങ്ങളെ അടിച്ചൊതുക്കാൻ വേണ്ടി അപകീർത്തി നിയമവും മറ്റും പ്രയോഗിക്കുന്നത് ഉദാഹരണം. മാധ്യമങ്ങൾക്ക് സുരക്ഷാ കവചമാകേണ്ട നിയമങ്ങളാകട്ടെ പലപ്പോഴും ദുർബലവുമാണ്; അതിനുള്ള സ്ഥാപനങ്ങൾ താരതമ്യേന നിഷ്ക്രിയമാണ്. അതേസമയം, മറുവശത്ത് സമൂഹ മാധ്യമങ്ങളിൽ വിഷം പടർത്തുന്നവർക്ക് അതിന് ധൈര്യം നൽകുന്നവർ അധികാര സ്ഥാനീയരിൽപ്പോലുമുണ്ട്. വ്യാജ വാർത്തകളും വർഗീയ കമൻറുകളുമടങ്ങുന്ന ട്വിറ്റർ പോസ്റ്റുകളിടുന്ന അനേകം പേരെ ‘ഫോളോ’ ചെയ്യുന്നവരിൽ പ്രധാനമന്ത്രിയും മന്ത്രിമാരും ഉണ്ടെന്നത് സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്? സോഷ്യൽ മീഡിയ നൽകുന്ന സ്വാതന്ത്ര്യം എങ്ങളെ ഉപയോഗിക്കണമെന്ന് മാർഗനിർദേശം നൽകാവുന്ന ഒരു രീതി, ഉപയോക്താക്കളുടെ ചിന്തകളെ ശുദ്ധീകരിക്കുകയാണ്. പകരം അവയെ പ്രോത്സാഹിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നതിൽ സംശയവുമില്ല. കൂടുതൽ നിയമമുണ്ടാക്കൽ പ്രതിവിധിയല്ല. അത് മാധ്യമങ്ങളുടെ നല്ല വശത്തെ ക്ഷയിപ്പിക്കാനേ ഉതകൂ. മാധ്യമങ്ങൾ സ്വതന്ത്രമായി നിലനിൽക്കട്ടെ; അവയെ ഉപയോഗപ്പെടുത്തുന്ന മസ്തിഷ്കങ്ങൾ ശുദ്ധവുമായിരിക്കട്ടെ. ഏത് ദുരുപയോഗവും ഭരണകൂടത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ഒഴികഴിവായിത്തീരുകയേ ചെയ്യൂ. നിയന്ത്രണമാകട്ടെ, മാധ്യമ സ്വാതന്ത്ര്യത്തെ നിരർഥകമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.