പ്രതിപക്ഷത്തിന്‍റെ പ്രതിരോധനീക്കങ്ങൾ
text_fieldsതെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും മന്ത്രിസഭ അംഗങ്ങളെയും എൻ.സി.പി സാരഥി ശരദ് പവാറിനെയും കണ്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ പടയൊരുക്കം വീണ്ടും സജീവമാകുകയാണ്. ബി.ജെ.പിയെ കേന്ദ്രത്തിൽനിന്നു പുറന്തള്ളിയില്ലെങ്കിൽ നാടു നശിക്കും എന്ന പ്രഖ്യാപനവുമായാണ്, മുമ്പ് എൻ.ഡി.എ സർക്കാറിനെ പിന്താങ്ങിയിരുന്ന തെലങ്കാന രാഷ്ട്രീയസമിതി നേതാവ് ബി.ജെ.പി വിരുദ്ധസഖ്യത്തിനു ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യഥാക്രമം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അതിനു മുന്നോടിയായി പ്രതിപക്ഷത്തെ ഏകോപിപ്പിക്കുകയാണ് റാവുവിന്‍റെ ലക്ഷ്യമെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങൾ മാർച്ച് 10നു വരുമ്പോൾ പ്രധാനസംസ്ഥാനങ്ങളായ യു.പിയും പഞ്ചാബും ബി.ജെ.പിക്കു വൻ നഷ്ടമുണ്ടാക്കുമെന്നാണ് റാവുവിന്‍റെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ ഈ സംസ്ഥാനങ്ങളിൽ മൊത്തമായുള്ള 690 നിയമസഭ സീറ്റുകളുടെയും 19 രാജ്യസഭ സീറ്റുകളുടെയും ഗണ്യമായൊരു ഭാഗം ബി.ജെ.പിക്കു നഷ്ടമാകും എന്നും ആ അവസരം പ്രസിഡൻറ്-വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടങ്ങി 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കുവരെ അനുകൂലമാക്കിയെടുക്കാം എന്നും റാവു കാണുന്നു.
കേന്ദ്രസർക്കാറിനെതിരായ പ്രതിപക്ഷമുന്നണിക്കായുള്ള ആദ്യനീക്കമല്ല റാവുവിന്‍റേത്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും പ്രതിപക്ഷ ഏകീകരണനീക്കവുമായി രംഗത്തുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിലനിന്നുപോന്ന ആരോഗ്യകരമായ ബന്ധത്തിന്‍റെ ഫെഡറൽ ഘടനയെ വെല്ലുവിളിച്ച് എല്ലാ അധികാരവും കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ചെറുത്തുനിൽപാണ് മമതയുടെ ഏകോപനനീക്കത്തിനു പിന്നിൽ.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നീ ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവൺമെന്‍റും ഗവർണറും തമ്മിൽ നിരന്തരം ഉടക്കിലാണ്. സംസ്ഥാനഭരണത്തിൽ അനാവശ്യമായി ഗവർണർമാർ ഇടപെടുന്നുവെന്നാണ് ഇവിടങ്ങളിലെല്ലാമുള്ള പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥരെ യഥേഷ്ടം കേന്ദ്രത്തിനു തിരിച്ചുവിളിക്കാനുള്ള അധികാരം നൽകുന്ന തരത്തിൽ അഖിലേന്ത്യ സർവിസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കം, സാമൂഹികനീതിക്കെതിരാണ് എന്നുപറഞ്ഞ് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയെ തിരസ്കരിക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിനു ഗവർണറിട്ട ഉടക്ക്, ലഫ്റ്റനന്റ് ഗവർണർക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലും കവിഞ്ഞ അധികാരം നൽകുന്ന ഡൽഹി മോഡൽ പരിഷ്കാരം, കർഷകനിയമമടക്കമുള്ള വിവിധ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ ഹിതം നോക്കാതെയുള്ള ഏകപക്ഷീയ തീരുമാനങ്ങൾ, അതിർത്തി രക്ഷാസേനയുടെ അധികാര പരിധി അതിർത്തിയോടടുത്ത 15 കിലോമീറ്ററിൽനിന്നു 50 കിലോമീറ്ററിലേക്കു വിപുലപ്പെടുത്താനുള്ള നീക്കം...
ഇങ്ങനെ സംസ്ഥാനത്തിന്‍റെ അധികാരങ്ങൾ ഒന്നൊന്നായി കവരാനുള്ള മോദിസർക്കാറിന്‍റെ ശ്രമത്തിനെതിരായ പ്രതിരോധമെന്ന നിലക്കാണ് പുതിയ പ്രതിപക്ഷ ഐക്യനീക്കത്തിനു മമതയും സ്റ്റാലിനും മുൻകൈയെടുക്കുന്നത്. ഹിന്ദി അടിച്ചേൽപിക്കാനുള്ള ഗവർണർ രവിയുടെ നീക്കം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചൊടിപ്പിച്ചത്. നീറ്റ് പരീക്ഷക്കെതിരെ നിയമസഭ പാസാക്കിയ ബിൽ ഗവർണർ തിരിച്ചയച്ച ശേഷം വീണ്ടും സഭ അത് പാസാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ വൈസ് ചാൻസലർ നിയമനത്തിന് നിയമസഭ സാമാജികരുടെ 12 അംഗസമിതിയെ നിശ്ചയിക്കാൻ ശിപാർശ ചെയ്തെങ്കിലും ഗവർണർ അനുമതി നൽകിയില്ല.
ഐ.എ.എസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതിലും സഹകരണ, രജിസ്ട്രേഷൻ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അപഹരിക്കുന്നതിലും ഈ പ്രാദേശികകക്ഷികളുടെ അതേ വികാരമാണ് കോൺഗ്രസും പങ്കുവെക്കുന്നത്. അതേസമയം, പ്രസക്തമായ ന്യായങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഈ കേന്ദ്രവിരുദ്ധ നീക്കത്തെ നിക്ഷിപ്ത രാഷ്ട്രീയതാൽപര്യങ്ങളിൽനിന്നു പൂർണമായും മുക്തമാക്കാൻ കക്ഷികൾക്കായിട്ടില്ല. പ്രാദേശിക കക്ഷികളുടെ ഐക്യത്തിനു മമത മുന്നിട്ടിറങ്ങുമ്പോൾ കോൺഗ്രസിനെ കൂടെ കൂട്ടില്ല എന്നാണ് അവരുടെ നിലപാട്. എന്നാൽ, ഡി.എം.കെയും ശിവസേനയുമാകട്ടെ, നിലവിൽ കോൺഗ്രസുമായി ചേർന്നാണ് സംസ്ഥാന ഭരണത്തിലുള്ളത്.
ചന്ദ്രശേഖര റാവുവിന്‍റെ ഐക്യശ്രമത്തിനു കൈകൊടുക്കുമ്പോൾതന്നെ കോൺഗ്രസിനെ കൂട്ടാതെ കേന്ദ്രവിരുദ്ധ നീക്കത്തിൽ മുന്നോട്ടില്ല എന്നു ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്‍റ് സമ്മേളനത്തിനിടെ കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷപാർട്ടി എം.പിമാരുടെ യോഗത്തിൽ ടി.ആർ.എസ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ അകറ്റിനിർത്തിയുള്ള നീക്കത്തിനു മമത മാത്രമേ ഉള്ളൂ.
കേന്ദ്രത്തിൽനിന്നു തൊഴിയെല്ലാം ഏൽക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ സർക്കാറാകട്ടെ, ഈ പ്രത്യക്ഷനീക്കങ്ങളുടെയൊന്നും ഭാഗമായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കുന്നു ഇപ്പോഴത്തെ ഈ രാഷ്ട്രീയകരുനീക്കങ്ങളുടെ ഭാവി. ഇങ്ങനെയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ സ്വേച്ഛാഭരണത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ ജനവികാരമുയർത്താനും അതിനെ രാഷ്ട്രീയനീക്കമായി പരിവർത്തിപ്പിക്കാനുമുള്ള നീക്കം ഓരോന്നും ആശ്വാസവും പ്രതീക്ഷയും പകരുന്നതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.