എന്തുകൊണ്ട് അവയവദാന മാഫിയ വീണ്ടും?
text_fieldsഒരു ഇടവേളക്കുശേഷം കേരളത്തിൽ അവയവ കച്ചവടം സജീവമാകുന്നു എന്ന ആശങ്ക ജനിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഡി.ജി.പിക്കു നൽകിയ റിപ്പോർട്ട്. സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമാണെന്നും സര്‍ക്കാറിെൻറ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായി വ്യക്തമാക്കുന്ന റിപ്പോർട്ട്, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇൗ കണ്ടെത്തലിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് തൃശൂർ ജില്ല എസ്.പി സുദര്‍ശനനെ അന്വേഷണച്ചുമതല ഏൽപിച്ചിരിക്കുകയാണ് സർക്കാർ. തൃശൂരിൽ കൊടുങ്ങല്ലൂരിലെ ഒരു കോളനിയിൽ കുറച്ചധികം ആളുകൾ ഏജൻറുമാരുടെ ചതിയിൽപെട്ട് വൃക്ക ദാനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ മൂന്നു കോളനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് അടുത്തകാലത്തായി അനധികൃതമായി മുപ്പത്തഞ്ചിലധികം അവയവ കൈമാറ്റം നടന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ദാനം ചെയ്ത് ലഭിക്കുന്ന അവയവങ്ങളും ആവശ്യക്കാരായ രോഗികളുടെ എണ്ണവും തമ്മിലുള്ള വലിയ വിടവാണ് സംസ്ഥാനത്തും പുറത്തും അവയവ കച്ചവടക്കാരുടെ തുറുപ്പുശീട്ട്. മരണാനന്തര അവയവ കൈമാറ്റത്തിനായി സർക്കാർ രൂപവത്കരിച്ച 'മൃതസഞ്ജീവനി'യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2329 പേരാണ്. എന്നാൽ, വിവിധ രോഗങ്ങൾ നിമിത്തം തകർന്നുപോയ അവയവങ്ങൾ മാറ്റിവെക്കേണ്ട കാൽലക്ഷം പേരെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മസ്തിഷ്ക മരണാനന്തരം ദാനം നൽകാൻ തയാറായവരുടെ അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത 35 ആശുപത്രികൾക്കാണ് സർക്കാർ അനുമതി. എന്നാൽ, 2012 മുതൽ ഇതുവരെ മസ്തിഷ്ക മരണം സംഭവിച്ച 314 പേരിൽനിന്ന് 888 അവയവങ്ങളാണ് ഇതുവഴി ലഭ്യമായത്. 'മൃതസഞ്ജീവനി' വഴി അവയവം ലഭിക്കാനുള്ള കാലതാമസവും നിയമപരമായ കണിശതയും ആവശ്യക്കാരുടെ ആധിക്യവും ലൈവ് ഡൊണേഷൻ അനിവാര്യമാക്കുന്നു. കർശന നിയമങ്ങളും ചട്ടങ്ങളുമുണ്ടെങ്കിലും അനിവാര്യമാെണങ്കിൽ ജീവകാരുണ്യ താൽപര്യംകൊണ്ട് ബന്ധുക്കളല്ലാത്തവർക്കും അവയവം ദാനം ചെയ്യാം എന്ന വകുപ്പാണ് മാഫിയക്കാർ സമർഥമായി ചൂഷണംചെയ്യുന്നത്.
ഒരുവശത്ത് ജീവനുവേണ്ടിയുള്ള അവസാനത്തെ പിടച്ചിൽ, മറുവശത്ത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവയവം അറുത്തുകൊടുക്കുകയല്ലാതെ മറ്റൊരുവഴിയും കാണാനാകാത്ത ദൈന്യത. കച്ചവടത്തിൽ മാത്രം കണ്ണുള്ള ഏജൻറുമാരും ആരോഗ്യമേഖലയെ മുഴുവൻ കരിവാരിത്തേക്കുന്ന ചില ആശുപത്രി അധികൃതരും മുതലാക്കുന്നത് ഈ നിസ്സഹായതയെയാണ്. അവയവദാനത്തിന് നിർബന്ധിതമാക്കിയത് കടുത്ത ദാരിദ്ര്യമാെണന്ന് ചിലർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ജീവിക്കാൻവേണ്ടി എറണാകുളം ജില്ലയിൽ മാത്രം ചുരുങ്ങിയത് ആറു സ്ത്രീകൾക്കെങ്കിലും വൃക്ക വിൽക്കേണ്ടിവന്നു എന്നത് കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. വൃക്ക വിൽക്കേണ്ടിവന്ന സ്ത്രീയെ പിന്നീട് ഏജൻറാക്കി പുതിയ ഇരകളെ സംഘടിപ്പിച്ച് കച്ചവടം കൊഴുപ്പിച്ചു എന്ന മൊഴി സംസ്ഥാനത്തെ കോളനികളിലെ ജീവിതാവസ്ഥകളിലേക്ക് അടിയന്തരശ്രദ്ധ തിരിക്കേണ്ട അനിവാര്യത ബോധ്യപ്പെടുത്തുന്നു. മുമ്പ് വൃക്കവാണിഭം ഏറ്റവും കൂടുതൽ നടന്നത് ആദിവാസി മേഖലയിലായിരുന്നുവെന്നത് ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെക്കുറിച്ച് ഗൗരവ സംവാദങ്ങൾ അരങ്ങുതകർക്കുന്ന ഇതേ സമയത്താണ് സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം അവയവങ്ങൾ വിൽക്കുന്ന കോളനികളെയും ചേരികളെയുംകുറിച്ചുള്ള വാർത്തകൾക്ക് മതിയായ പരിഗണനകൾ ലഭിക്കാതെപോകുന്നത്. ഭൂരഹിതരും ഭവനരഹിതരുമായി 26,000ത്തിലധികം കോളനികളിൽ ജീവിതം നരകിച്ചുതീർക്കുന്നവരുടെ അവസാനത്തെ പിടിവള്ളിയാകുകയാണ് അവയവ വിൽപന. അവയവം അറുത്തുമുറിച്ചശേഷം സർക്കാർ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും ഏജൻറുമാരും ചേർന്ന് പറഞ്ഞുറപ്പിച്ച പണം നൽകാതെ ആ പാവപ്പെട്ടവരെ പറ്റിച്ചുവെന്നും റിപ്പോർട്ടുണ്ട്. പരാതി പറഞ്ഞാൽ ദാതാവും സ്വീകർത്താവും ഒരുപോലെ നിയമപരമായി കുടുങ്ങുമെന്നതിനാൽ സാമൂഹികാധികാരമില്ലാത്ത ഇരകൾ കേസിനുപോകില്ല എന്ന വിശ്വാസമാണ് ഈ കൊടുംവഞ്ചനക്ക് പ്രേരകം.
രണ്ടു വർഷം മുമ്പ് സേലത്ത് പരിക്കേറ്റു ചികിത്സയിലിരിക്കെ നെല്ലിമേട് സ്വദേശി മണികണ്ഠന് മസ്തിഷ്കമരണം സംഭവിക്കുകയും ചികിത്സച്ചെലവ് പെരുപ്പിച്ചുകാട്ടി അവയവങ്ങൾ നീക്കംചെയ്യുകയും ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബിൽ അടക്കുകയോ അവയവങ്ങൾ നൽകുകയോ ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ആശുപത്രി അധികൃതരുടെ നിബന്ധനയെത്തുടർന്ന് അവയവദാന സമ്മതപത്രം ഒപ്പിട്ടുനൽകാൻ ബന്ധുക്കൾ നിർബന്ധിതരായി. ഇത്തരം 'നിർബന്ധിതാവസ്ഥകൾ' ഇല്ലാതാക്കുന്ന സാമൂഹിക പരിവർത്തനങ്ങളില്ലാത്ത നിയമനിർമാണങ്ങൾ ഇരകളായ ദാതാക്കളെ ശിക്ഷിക്കുകയും കുറ്റവാളികളെ രക്ഷപ്പെടുത്തുകയുമാണ് ചെയ്യുക. അവയവ കച്ചവടം നിർമാർജനം ചെയ്യാൻ കർക്കശമായ നിയമവും ചട്ടവും ഇപ്പോൾതന്നെ നിലവിലുണ്ട്. പക്ഷേ, അവ ചൂഷണത്തിെൻറ വലകളും പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴികളുമാകുന്നു എന്നതാണ് വർത്തമാനകാല യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.