പത്മനാഭസ്വാമി ക്ഷേത്രഭരണവും സുപ്രീംകോടതി വിധിയും
text_fieldsതിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏെറ്റടുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയുള്ള ഹൈകോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ അപ്പീലിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ക്ഷേത്രനടത്തിപ്പ്, നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തുടങ്ങി ഒേട്ടറെ സങ്കീർണമായ വശങ്ങളിൽ തീർപ്പുകൽപിക്കേണ്ടിയിരുന്ന ഇൗ വ്യവഹാരത്തെ സമഗ്രതയിൽ സമീപിക്കുന്നതിനു പകരം, ക്ഷേത്രഭരണത്തിന് പുതിയ സമിതിയെ നിയോഗിക്കാൻ നിർദേശിച്ച് ഇൗ അധ്യായം അവസാനിപ്പിക്കുകയായിരുന്നു പരമോന്നത നീതിപീഠം. രാജകുടുംബം അപ്പീലിൽ അവകാശപ്പെട്ടതുപോലെ, ക്ഷേത്രനടത്തിപ്പിൽ അവർക്കും അവകാശമുണ്ടെന്ന വാദവും കൂടി അംഗീകരിച്ചശേഷമാണ് ജസ്റ്റിസുമാരായ യു.യു. ലളിതും ഇന്ദു മൽഹോത്രയുമടങ്ങുന്ന ബെഞ്ചിെൻറ വിധി എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ല ജഡ്ജി ചെയർപേഴ്സനാകുന്ന പുതിയ സമിതി നിയോഗിക്കപ്പെടുന്നതുവരെ നിലവിലുള്ള താൽക്കാലിക സമിതിക്കുകീഴിൽതന്നെ ക്ഷേത്രഭരണം തുടരും. വിവാദമായ ‘ബി’ നിലവറ തുറക്കുന്നതടക്കം ക്ഷേത്രസ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ പുതിയ സമിതിയായിരിക്കും തീരുമാനമെടുക്കുക. ഇതോടെ, ഒരു വ്യാഴവട്ടക്കാലത്തിലധികമായി തുടർന്ന നിയമപോരാട്ടങ്ങൾക്ക് തൽക്കാലത്തേക്കെങ്കിലും അറുതിയായിരിക്കുകയാണ്. വ്യവഹാരങ്ങൾക്കൊടുവിൽ, ഇങ്ങനെയൊരു വിഷയം ഉയർത്തിക്കൊണ്ടുവന്ന ക്ഷേത്രജീവനക്കാർ ഉയർത്തിയ അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെേട്ടാ എന്നന്വേഷിക്കുേമ്പാൾ നിരാശയായിരിക്കും ഫലം. ഒമ്പതു വർഷം മുമ്പ് കേരള ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധിയിലെ നിർണായക ഭാഗങ്ങൾ സുപ്രീംകോടതി ഇടപെടലിലൂടെ അപ്രസക്തമാവുകയും ചെയ്തിരിക്കുന്നു.
2007 സെപ്റ്റംബർ മാസത്തിൽ, ക്ഷേത്രത്തിലെ സ്വത്തുവകകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന തരത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിെൻറ പത്രപ്രസ്താവന വന്നതോടെയാണ് ഇൗ വിഷയം കോടതി കയറുന്നത്. ക്ഷേത്ര കല്ലറകൾ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങളുടെ ഫോട്ടോ എടുക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന കേണൽ ശശിധരൻ ഇതിനിടെ സർക്കുലർകൂടി ഇറക്കിയതോടെ, ക്ഷേത്ര ഭരണത്തിലെ പല ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജീവനക്കാർതന്നെ രംഗത്തെത്തി. ക്ഷേത്രത്തിെൻറ ഉടമാവകാശം ആർക്ക് എന്നതായിരുന്നു ഇൗ വ്യവഹാരത്തിലെ മർമപ്രധാനമായ ചോദ്യം. രാജഭരണം പോയി രാജ്യം ജനാധിപത്യത്തിെൻറ പാതയിെലത്തിയെങ്കിലും ക്ഷേത്രത്തിെൻറയും അനുബന്ധ സ്വത്തുവകകളുടെയും ഉടമസ്ഥാവകാശം യഥാർഥ ‘പത്മനാഭ ദാസന്മാരാ’യ തങ്ങൾക്കുതന്നെയാണെന്നായിരുന്നു ‘രാജകുടുംബ’ത്തിെൻറ വാദം. വാസ്തവത്തിൽ അത് ചരിത്രപരമായി നിലനിൽക്കുന്നില്ല. 1949ൽ, തിരു-കൊച്ചി സംയോജനസമയത്ത്, തിരുവിതാംകൂറും ഇന്ത്യൻ സർക്കാറുമായുണ്ടാക്കിയ കവനൻറ് (ഉടമ്പടി) പ്രകാരം അന്നത്തെ ‘രാജാവായ’ ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമ വർമക്ക് ക്ഷേത്രഭരണത്തിനുള്ള അധികാരം നൽകിയിരുന്നുവെന്നത് നേരാണ്.
ഏതെങ്കിലും ദേവസ്വത്തിെൻറ കീഴിൽ ഇൗ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിരുന്നുമില്ല. എന്നാൽ, അധികാരം അവസാന രാജാവിെൻറ മരണത്തോടെ ഇല്ലാതാകേണ്ടതായിരുന്നു. എന്നാൽ, ശ്രീചിത്തിര തിരുനാൾ 1991ൽ മരണപ്പെട്ട ശേഷം അദ്ദേഹത്തിെൻറ സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ‘ഭരണം’ ഏറ്റെടുക്കുകയായിരുന്നു. അതോടെ, ക്ഷേത്രവും അതിലെ അമൂല്യസമ്പത്തും അദ്ദേഹത്തിെൻറ സ്വന്തമായി. ഇൗ ‘ഭരണമാറ്റ’ത്തെ ജനാധിപത്യസമൂഹം ചോദ്യം ചെയ്തതുമില്ല. എന്നല്ല, ഒരു ജനപ്രതിനിധിയേക്കാൾ പ്രാമാണികതയും പ്രോേട്ടാകോൾ പരിഗണനകളും പലപ്പോഴും ‘രാജകുടുംബ’ത്തിന് ലഭിക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീട്, ക്ഷേത്രസ്വത്തുക്കൾ അവിഹിതമായി ഇവർ കൈകാര്യം ചെയ്യുന്നുവെന്ന് ഭക്തജനങ്ങൾതന്നെ ആക്ഷേപമുന്നയിച്ചപ്പോൾ മാത്രമാണ് കാര്യങ്ങൾ കോടതിയിെലത്തിയത്.
മാർത്താണ്ഡ വർമക്ക് ക്ഷേത്രത്തിലോ സ്വത്തുക്കളിലോ അവകാശമില്ലെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജി എസ്.എസ്. വാസൻ വിധിച്ചത് 2007 ഡിസംബറിലാണ്. ഇതിനെതിരെ ‘രാജകുടുംബം’ നൽകിയ അപ്പീൽ തള്ളിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് 2011ൽ, ക്ഷേത്രസ്വത്ത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിനോട് ഉത്തരവിട്ടത്. തുടർന്ന് ‘രാജകുടുംബ’ത്തിെൻറ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. ഇതിനിടെ അമിക്കസ് ക്യൂറിയായി ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി നിയമിച്ചിരുന്നു. ക്ഷേത്രം പൊതുസ്വത്താണെന്ന ഹൈകോടതി വിധി ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും ലൈംഗിക പീഡനങ്ങളെയും കുറിച്ച സൂചനകളുമടങ്ങുന്ന റിേപ്പാർട്ടാണ് അദ്ദേഹം കോടതിയിൽ സമർപ്പിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ക്ഷേത്രഭരണത്തിനായി താൽക്കാലിക സമിതിയെ നിയോഗിച്ചത്.
ക്ഷേത്ര ശാന്തി, ക്ഷേത്രത്തിലെ നമ്പി, ഒരു സർക്കാർ പ്രതിനിധി, ജില്ല ജഡ്ജി നിർദേശിക്കുന്ന ഒരാൾ എന്നിവരുൾപ്പെടുന്ന ഇൗ സമിതിയിൽ രാജകുടുംബത്തിെൻറ പ്രതിനിധി ഇല്ലായിരുന്നു. മറ്റൊരർഥത്തിൽ, ‘രാജപ്രതിനിധി’യില്ലാത്ത ആദ്യ ഭരണസമിതിയായിരുന്നു അത്. ഇൗ സമിതിക്കാണിപ്പോൾ ഭരണച്ചുമതല. ഹൈകോടതി വിധിയുടെ മെറിറ്റിനെ ഉയർത്തിപ്പിടിച്ച് ധീരമായ നിലപാട് കൈക്കൊണ്ട സുപ്രീംകോടതി അന്തിമവിധിയിലും അതാവർത്തിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇൗ വിധിയിലൂടെ, ‘രാജകുടുംബ’ത്തിെൻറ പ്രാതിനിധ്യം തിരിച്ചുകിട്ടി; അതുവഴി നഷ്ടപ്പെട്ട ‘അധികാര’വും അവർക്ക് കൈവന്നിരിക്കുന്നു. കൂടാതെ, ന്യായവും അന്യായവുമായ പല തരത്തിലുള്ള നികുതിപിരിവുകളിലൂടെയും മറ്റും രാജഭരണകൂടം സമാഹരിച്ച വലിയൊരു സ്വത്തിെൻറ കൈകാര്യകർതൃത്വത്തിനുള്ള ജനാധിപത്യ സർക്കാറിെൻറ അവകാശം ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. എന്നിട്ടും സുപ്രീംകോടതി വിധിയോട് പൊരുത്തപ്പെടാനാണ് സംസ്ഥാന സർക്കാറിെൻറ തീരുമാനം. ഇൗ വിധി തിരിച്ചായിരുന്നുവെങ്കിൽ, ശബരിമല കേസിലെന്നപോലെ വർഗീയ ശക്തികൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചാലുണ്ടാകുന്ന പുകിൽ ഒാർത്തായിരിക്കണം ഇങ്ങനെയൊരു സമീപനം സർക്കാർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.