തെരഞ്ഞെടുപ്പിനാകുമോ പാകിസ്താനെ കരകയറ്റാൻ?
text_fieldsനാളെ -2024 ഫെബ്രുവരി എട്ടിന്- പതിനാറാമത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ പാകിസ്താനിൽ 12.8 കോടി സമ്മതിദായകരാണ് പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018 ജൂലൈ 25ൽ നടന്ന തെരഞ്ഞെടുപ്പിൽ 51.7 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ അന്തരീക്ഷം പൂർവാധികം കലുഷമായിരിക്കെ ഇക്കുറി എത്രയാകും പോളിങ് എന്ന് പ്രവചിക്കാനാവില്ല. പഞ്ചാബ്, സിന്ധ്, ഖൈബർ-പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾകൂടി നടക്കുന്നതുകൊണ്ട് പോളിങ് ശതമാനം വർധിക്കാനുമിടയുണ്ട്.
ചെറുതും വലുതുമായ 167 രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് നേതൃത്വം നൽകുന്ന മുസ്ലിംലീഗ്, മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭുട്ടോയും തുടർന്ന് അദ്ദേഹത്തിന്റെ പുത്രി ബേനസീർ ഭുട്ടോയും നേതൃത്വം നൽകിയ പാകിസ്താൻ പീപ്പ്ൾസ് പാർട്ടി, ഇപ്പോൾ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി എന്നിവയാണ് മാറ്റുരക്കുന്ന പ്രധാന കക്ഷികൾ. 2018ലെ തെരഞ്ഞെടുപ്പിൽ വൻ ജനപിന്തുണ തെളിയിച്ച് വിജയിച്ച മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇംറാൻ ഖാൻ മത്സരിക്കാൻ അയോഗ്യത കൽപിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗോദയിലില്ല. അദ്ദേഹത്തിന്റെ വലംകൈയായ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും തഥൈവ.
ചോർന്ന പാനമ ഫയലുകളിലെ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് ശരീഫ് നാലുവർഷക്കാലം ലണ്ടനിൽ പ്രവാസജീവിതം നയിച്ചശേഷം കോടതി തന്നെ പച്ചക്കൊടി കാട്ടിയതിനാൽ തിരിച്ചെത്തി ഇലക്ഷൻ പ്രചാരണത്തിൽ സജീവമാണ്. യുവാവായ ബിലാവൽ ഭുട്ടോ, മാതാമഹന്റെയോ മാതാവ് ബേനസീറിന്റെയോ സമശീർഷനായി ഉയർന്നിട്ടില്ലെങ്കിലും സിന്ധിൽ പരമ്പരാഗത കുടുംബസ്വാധീനത്തിന്റെ പിൻബലത്തിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നു. മൗലാന ഫസ്ലുർറഹ്മാന്റെ ജംഇയ്യത്തുൽ ഉലമായെ ഇസ്ലാം, സിറാജുൽ ഹഖ് നേതൃത്വംനൽകുന്ന ജമാഅത്തെ ഇസ്ലാമി, കറാച്ചിയിലെ പ്രബല കക്ഷിയായ എം.ക്യു.എം തുടങ്ങിയവയാണ് മറ്റു പാർട്ടികൾ. 266 നാഷനൽ അസംബ്ലി ജനറൽ സീറ്റുകളിലേക്ക് വലിയൊരു വിഭാഗം മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർഥികളുടെ വേഷമിട്ടാണ്. ഒരു പ്രധാന കാരണം ഇംറാൻ ഖാന്റെ ഇൻസാഫ് പാർട്ടിയുടെ ചിഹ്നമായ ക്രിക്കറ്റ് ബാറ്റിന് ഇലക്ഷൻ കമീഷൻ വിലക്കേർപ്പെടുത്തിയതാണ്. തന്മൂലം സ്വതന്ത്രരായേ അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് ജനവിധി തേടാനാകൂ.
സ്ഥാപിതമായി 75 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്ത്യയിൽനിന്ന് തികച്ചും വ്യത്യസ്തമായി തുടരുന്ന കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയുംകൊണ്ട് പൊറുതിമുട്ടുകയാണ് ജനസംഖ്യയിൽ ലോകത്ത് അഞ്ചാമത്തേതായ പാക് ജനത. ഒരു യു.എസ് ഡോളറിന്റെ വില 277 പാക് ഉറുപ്പികയാണെന്നോർക്കുക.
രാഷ്ട്രീയാനിശ്ചിതത്വത്തിന് പ്രധാന കാരണം രാജ്യായുസ്സിന്റെ പകുതി കാലമെങ്കിലും നേരിട്ട് ഭരിച്ച പട്ടാളത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടൽതന്നെ. ജനപിന്തുണ അസന്ദിഗ്ധമായി തെളിയിച്ച് 2018ൽ അധികാരത്തിൽവന്ന തന്നെ, നിഷ്കരുണം പുറത്താക്കിയത് പട്ടാളവും അമേരിക്കയും ചേർന്നാണെന്ന് ഇംറാൻ ഖാൻ നിരന്തരം ആരോപിക്കുന്നതിൽ വലിയൊരു ശരിയുണ്ട്. ആദ്യം അധികാരത്തിലേറിയപ്പോൾ സൈന്യമാണ് ഇംറാൻ ഖാന്റെ പിന്നിൽ എന്നാരോപിച്ചത് പി.പി.പിയും നവാസ് ശരീഫിന്റെ മുസ്ലിംലീഗുമായിരുന്നെങ്കിൽ, ഇത്തവണ അദ്ദേഹത്തിനെതിരെ പട്ടാളം പ്രത്യക്ഷത്തിൽതന്നെ കരുക്കൾ നീക്കുകയായിരുന്നു. 150ൽപരം കേസുകളിൽ കുരുക്കി ഖാനെ തടവറയിൽ പാർപ്പിച്ചത് കോടതിവിധികളാണെങ്കിലും സുപ്രീംകോടതി തന്നെ അദ്ദേഹത്തെ കുറ്റമുക്തനാക്കിയ സന്ദർഭങ്ങളുണ്ടായി. ഇംറാൻ ഖാൻ പട്ടാളത്തെ പരസ്യമായി കുറ്റപ്പെടുത്തിയതും അനുയായികൾ ഒരുഘട്ടത്തിൽ സൈനികബാരക്കുകൾ ആക്രമിച്ചതും ജനറൽമാർക്ക് പറഞ്ഞുനിൽക്കാൻ അവസരമൊരുക്കുകയും ചെയ്തു.
ചൈനയുമായുള്ള അടുത്ത ബന്ധവും അഫ്ഗാനിസ്താൻ-പാകിസ്താൻ വഴിയുള്ള കമ്യൂണിസ്റ്റ് രാജ്യത്തിന്റെ മഹാ ഇടവഴി പദ്ധതിയും ചൈനയെ മുഖ്യശത്രുവായി കാണുന്ന അമേരിക്കയെ പ്രകോപിപ്പിച്ചതിൽ അത്ഭുതമില്ല. മറുവശത്ത് പാകിസ്താന്റെ മുഖ്യശത്രുവായ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ദൃഢതരമാണുതാനും. അതിനിടെയാണ് പാകിസ്താനിൽ ഇടതടവില്ലാതെ തുടരുന്ന ഭീകരസംഘടനകളുടെ ബോംബ് സ്ഫോടനങ്ങൾ.
ഏറ്റവുമൊടുവിൽ ഇറാൻ-പാക് അതിർത്തിയിൽ ഇറാൻ ഭടന്മാരുടെ ജീവാപായത്തിൽ കലാശിച്ച സ്ഫോടനം സ്വതേ സാധാരണ നിലയിലായിരുന്ന ഇറാനുമായുള്ള ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണത്തിൽ പാക്ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്നേടത്തോളം മോശമായിത്തീർന്ന പരസ്പരബന്ധങ്ങൾ ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. അതെന്തായാലും ഒരിക്കലും ആരോഗ്യകരമായൊരു ജനാധിപത്യമോ മെച്ചപ്പെട്ട സാമ്പത്തിക സുസ്ഥിതിയോ ഇന്നുവരെ വിധിച്ചിട്ടില്ലാത്ത അയൽരാജ്യം, സമീപ ഭാവിയിലെങ്കിലും കരകയറുമെന്ന പ്രതീക്ഷക്ക് വകനൽകുന്നതല്ല നാളെ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് എന്ന് വിലയിരുത്താനേ സംഭവഗതികൾ സഹായിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.