Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാകിസ്താന്‍റെ ദുർവിധി

പാകിസ്താന്‍റെ ദുർവിധി

text_fields
bookmark_border
പാകിസ്താന്‍റെ ദുർവിധി
cancel

അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കോടതി മൂന്നുവർഷം ശിക്ഷ വിധിക്കുകയും അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിക്കുകയും ചെയ്തതോടെ പാക്രാഷ്ട്രീയം പിന്നെയും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഭരണത്തലവന്മാർക്കു ലഭിച്ച ഉപഹാരങ്ങൾ സൂക്ഷിക്കുന്ന തോഷാഖാനയിൽനിന്ന് 140 ദശലക്ഷം പാകിസ്താൻ രൂപ വിലയുള്ള സാധനങ്ങൾ തെറ്റായ വിവരങ്ങൾ നൽകി വാങ്ങി എന്നാണ് കേസ്. അവിശ്വാസപ്രമേയത്തിലൂടെ ഇംറാനെ താഴെയിറക്കി അധികാരമേറിയ പാകിസ്താൻ മുസ്ലിംലീഗ്-നവാസ് (പി.എം.എൽ-എൻ) ഗവൺമെന്‍റ് കഴിഞ്ഞ ആഗസ്റ്റിലാണ് കേസ് ഫയൽ ചെയ്തത്. രണ്ടു മാസം കഴിഞ്ഞ് ഒക്ടോബർ 22ന് പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് കമീഷൻ, ഉപഹാരങ്ങൾക്കു വില നൽകിയതിനാൽ വിൽപന നിയമവിരുദ്ധമെന്നു പറയാനാവില്ലെങ്കിലും വിഷയത്തിൽ അയഥാർഥമായ വിവരങ്ങളും പ്രസ്താവനകളുമാണ് നൽകിയതെന്നും അത് അധാർമികമായെന്നും കണ്ടെത്തി.തുടർന്ന് അദ്ദേഹത്തിന്‍റെ ദേശീയ അസംബ്ലി അംഗത്വം മരവിപ്പിച്ചു.

കമീഷൻ വിധി വന്നയുടനെ മുൻകാലത്തെന്നപോലെ ഇംറാന്‍റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. സർക്കാർ ട്രഷറിയിൽനിന്നു സമ്മാനങ്ങൾ വിലക്കെടുത്ത സംഭവത്തിൽ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻതന്നെ കോടതിയെ സമീപിച്ചു. കഴിഞ്ഞ മേയിൽ കോടതിയിൽ ഹാജരാകാനെത്തിയ ഇംറാനെ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യത്തിൽവിട്ടു. ജൂലൈ നാലിന് ഇസ്ലാമാബാദ് ഹൈകോടതി, ഇംറാനെതിരായ നടപടികൾ സ്റ്റേ ചെയ്യുകയും കേസ് നിലനിൽക്കുന്നതാണോ എന്നു പുനഃപരിശോധിക്കാൻ അഡീഷനൽ ജില്ല ജഡ്ജിയോട് ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ ഒമ്പതിന് കേസ് നിലനിൽക്കുമെന്നു നിരീക്ഷിച്ചതിനു പിറകെ നടപടിക്രമങ്ങൾ തുടരുകയും കഴിഞ്ഞ ദിവസം കോടതി കുറ്റവും ശിക്ഷയും വിധിക്കുകയും ചെയ്തു. പരമാവധി ശിക്ഷയായ മൂന്നുവർഷ തടവ് വിധിക്കപ്പെട്ടതോടെ അടുത്ത അഞ്ചുവർഷത്തേക്ക് രാഷ്ട്രീയമത്സരത്തിനുള്ള അർഹത ഇല്ലാതായി. കോടതിവിധി വന്നതിനു പിന്നാലെ ഇംറാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിചാരണകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇംറാന്‍റെ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചുവർഷത്തേക്ക് അയോഗ്യത പ്രഖ്യാപിക്കപ്പെടുന്നതോടെ ഇംറാൻ മൂന്നുവർഷം തടവ് കഴിഞ്ഞാലും രാഷ്ട്രീയത്തിൽനിന്നു പിന്നെയും ഏറെ നാൾ വിട്ടുനിൽക്കേണ്ടിവരും. നവംബറിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏതുവിധേനയും അദ്ദേഹത്തെ മാറ്റിനിർത്തുക എന്ന ലക്ഷ്യത്തിൽ ഭരണകൂടം ഏതാണ്ട് വിജയിച്ച മട്ടാണ്. പാകിസ്താനിലെ ഏറ്റവും ശക്തമായ പാർട്ടികളിലൊന്നായി മാറിയ പി.ടി.ഐയെ ദുർബലപ്പെടുത്താൻ അതിന്‍റെ വ്യക്തിപ്രഭാവമുള്ള നേതാവായ മുൻ ക്രിക്കറ്റർ ഇംറാനെ തളക്കാനും തകർക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു കഴിഞ്ഞ വർഷം ഏപ്രിൽ 10ന് അവിശ്വാസപ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കിയ ശേഷമുള്ള ശഹബാസ് ശരീഫ് സർക്കാറിന്‍റെ ഓരോ നീക്കവും. അഴിമതി, ഭീകരത, അക്രമം ഇളക്കിവിടൽ എന്നീ വിവിധ വകുപ്പുകളിലായി ഇതിനകം 140 കേസുകൾ അദ്ദേഹത്തിന് എതിരായുണ്ട്.

ക്രിക്കറ്റിൽ ലോകോത്തര ഫാസ്റ്റ് ബൗളർമാരിലൊരാളായിരുന്ന ഇംറാൻ രാഷ്ട്രീയത്തിന്‍റെ ക്രീസിലും ശക്തരായ എതിരാളികളുടെ ഉറച്ച വിക്കറ്റുകൾ തെറിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിപദത്തിലേക്ക് ഓടിയെത്തിയത്. നിലവിലെ ഭരണത്തിന്‍റെ അഴിമതികൾക്കെതിരായ പോരാട്ടം അദ്ദേഹത്തെ ജനകീയതയുടെ പിൻബലത്തിൽ അധികാരത്തിലെത്തിച്ചു. സൈന്യത്തിന്‍റെ ശക്തമായ പിന്തുണയും കൂട്ടിനുണ്ടായിരുന്നു. ഭരണകാല പരിഷ്കാരങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.

കോവിഡ് ബാധയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും അപായം കുറഞ്ഞ ദേശമാക്കി പാകിസ്താനെ കാത്തുസൂക്ഷിച്ചതും ഖജനാവ് പണയംവെച്ചും സാധാരണക്കാരെ പട്ടിണിയിൽനിന്നു രക്ഷിക്കാൻ ശ്രമിച്ചതും ജനപ്രീതി വർധിപ്പിച്ച ഘടകങ്ങളായിരുന്നു. എന്നാൽ, മതസംഘടനകളുമായി പുലർത്തിയ ആഭിമുഖ്യവും അമേരിക്കൻ വിരുദ്ധ നിലപാടുകളും അകത്തും പുറത്തും ശത്രുക്കളെ സൃഷ്ടിച്ചു. പിന്തുണച്ചിരുന്ന സൈന്യം എതിരായി. പാർട്ടിക്കകത്തുതന്നെ പടലപ്പിണക്കങ്ങൾ വളർത്തുന്നതിൽ പ്രതിയോഗികൾ വിജയിച്ചു. അങ്ങനെയാണ് കഴിഞ്ഞ ഏപ്രിലിൽ 11 അംഗ പ്രതിപക്ഷമുന്നണി സൈന്യത്തിന്‍റെ പരോക്ഷപിന്തുണയോടെ അവിശ്വാസത്തിൽ പരാജയപ്പെടുത്തി അദ്ദേഹത്തെ പുറത്താക്കുന്നത്. എന്നാൽ, അതിനുശേഷം തെരുവിലിറങ്ങിയ അദ്ദേഹം ഒരർഥത്തിൽ പാർലമെന്‍റിനെ നിസ്സഹായമാക്കുകയായിരുന്നു എന്നു പറയാം.

തന്നെ പുറത്താക്കിയ രാഷ്ട്രീയക്കാരെയും സൈന്യത്തെയും ആക്രമിച്ചുകൊണ്ട് തെരുവുകളെ പ്രക്ഷുബ്ധമാക്കി രാജ്യത്തെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് ഇറക്കിക്കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതു മുൻകൂട്ടി കണ്ടുതന്നെ അദ്ദേഹത്തെ തളക്കാനുള്ള നീക്കമാണ് അധികാരത്തിന്‍റെ ബലത്തിൽ ശഹബാസ് ശരീഫ് ഭരണകൂടം നടത്തുന്നത്. നേരത്തേ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെയും ശഹബാസിനെയും മറ്റും കോടതിയും ജയിലും കയറ്റിയ അതേ ‘ചെറുന്യായങ്ങൾ’ തന്നെ ഇംറാനെതിരെയും പ്രയോഗിക്കപ്പെട്ടു.

നിയമവിരുദ്ധമായി ശമ്പളം കൈപ്പറ്റിയതായിരുന്നു നവാസിനെതിരായ കുറ്റം. നവാസിന്‍റെ മകളെയും ശഹബാസിനെയും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) എന്ന അവരുടെ ഇ.ഡിയെവെച്ചാണ് പൂട്ടിയത്. ജുഡീഷ്യറിയും എൻ.എ.ബിയും പ്രതിയോഗികളെ പൂട്ടാനുള്ള അധികാരികളുടെ ആയുധങ്ങളാണ്. അതു പരസ്പരം പ്രയോഗിച്ച് അവർ വൈരനിര്യാതനസുഖം കണ്ടെത്തുമ്പോഴും അനുഭവിക്കേണ്ടത് ജനങ്ങളാണ്. രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കിയവർക്കെതിരെ നിയമയുദ്ധത്തിനിറങ്ങുന്ന ഇംറാൻ ജയിക്കുമോ തോൽക്കുമോ എന്നത് അദ്ദേഹത്തിന്‍റെയും പാർട്ടിയുടെയും ഭാവിയുടെ കാര്യം. എന്നാൽ, അതിലും ദയനീയമാണ് ഇത്തരം രാഷ്ട്രീയശീതയുദ്ധങ്ങൾ അനിശ്ചിതത്വത്തിലാക്കുന്ന പാകിസ്താൻ എന്ന രാജ്യത്തിന്‍റെയും ജനതയുടെയും ദുർവിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan
Next Story