Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലി​െൻറ മറുചേരി...

ഇസ്രായേലി​െൻറ മറുചേരി ഫലസ്​തീനല്ല, ലോകസമൂഹമാണ്​

text_fields
bookmark_border
editorial
cancel

ഇസ്രായേലി പാർലമ​െൻറ്​ പാസാക്കിയ ‘ദേശരാഷ്​ട്ര നിയമം’ വഴി പുതുതായി ഒരു വിവേചനവും കൊണ്ടുവരാൻ ബാക്കിയില്ലെങ്കിലും സകല വംശീയവിവേചനങ്ങൾക്കും നിയമപരവും ഭരണഘടനാപരവുമായ സാധുത നൽകുന്നതാണത്​. ആ നിലക്ക്​ സ്വയം വംശവിവേചന, അപ്പാർത്തൈറ്റ്​ രാജ്യമെന്ന്​ സയണിസ്​റ്റ്​ രാഷ്​ട്രം സമ്മതിക്കുകകൂടി ചെയ്​തിരിക്കുന്നു. സമ്പൂർണ വംശീയഭരണം നിയമതടസ്സങ്ങളൊന്നുമില്ലാതെ നടത്താൻ ഇസ്രായേലി സർക്കാറിന്​ ഇനി കഴിയും. ഹിറ്റ്​ലറുടെയും മുസോളിനിയുടെയും ദക്ഷിണാഫ്രിക്കൻ വർണവിവേചന വ്യവസ്​ഥിതിയുടെയും ഭരണകൂടങ്ങൾക്കുശേഷം സ്​ഥാപനവത്​കൃത വിവേചനം ‘‘അടിസ്​ഥാന നിയമ’’മാക്കിയതി​​െൻറ ബഹുമതി ഇനി ‘‘മധ്യപൗരസ്​ത്യ ദേശത്തെ ഏക ജനാധിപത്യ രാജ്യ’’ത്തിന്​ സ്വന്തമാകും.

ജൂതമത രാഷ്​ട്രമെന്ന പദവിയും ജാതിവിവേചനമെന്ന നയവും ഇസ്രായേലി ഭരണഘടനയുടെ ഭാഗമാവുകയാണ്​- അങ്ങനെ അവർ വ്യക്​തമായി പറഞ്ഞാലുമില്ലെങ്കിലും ഇസ്രായേലി ജനതയുടെ അഞ്ചിലൊന്നു വരുന്ന അറബ്​ വംശജർക്ക്​ സ്വന്തമായി അവകാശാധികാരങ്ങളില്ലെന്ന പ്രഖ്യാപനമാണ്​ പുതിയ നിയമത്തി​​െൻറ അന്തസ്സത്ത. ആ 18 ലക്ഷം പൗരന്മാരുടെ മാതൃഭാഷയായ അറബിക്ക്​ ഒൗദ്യോഗിക പദവി ഇല്ലാതാകുന്നു. കിഴക്കൻ ജറൂസലം ആസ്​ഥാനമായി ഫലസ്​തീൻ രാഷ്​ട്രമെന്ന സാധ്യതപോലും അവഗണിച്ച്​ മുഴുവൻ ജറൂസലമിനെയും ഇസ്രായേലി​​െൻറ തലസ്​ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു. വിവേചനം ഇസ്രായേലി​​െൻറ ജനിതക സ്വഭാവമാണെന്നതിനാൽ ഇതിലൊന്നും അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ച്​, കുറെ കാലമായി അവിടത്തെ ഭരണം തീവ്ര വലതുപക്ഷ സഖ്യങ്ങളുടെ കൈയിലായിരിക്കെ. പുതിയ ‘‘ദേശരാഷ്​ട്ര നിയമം’’ വരുന്നതിന്​ മുമ്പുതന്നെ ഫലസ്​തീനി പൗരന്മാരെ അരികുവത്​കരിക്കുന്ന 65 വ്യത്യസ്​ത വിവേചന നിയമങ്ങൾ ഇസ്രായേലിൽ നിലവിലുണ്ട്​.

ജൂതന്മാരെ ഒന്നാംതരം പൗരന്മാരായും മറ്റുള്ളവരെ രണ്ടും മൂന്നും കിടക്കാരായും -ചില കാര്യങ്ങളിൽ പൗരത്വാവകാ​ശമേ ഇല്ലാത്തവരായും -സ്​ഥിരപ്പെടുത്തുന്ന പുതിയ നിയമം സംശയരഹിതമായി ഇസ്രായേലി​​െൻറ അപ്പാർത്തൈറ്റ്​ സ്വഭാവം വെളിപ്പെടുത്തുന്നുവെന്നു​ മാത്രം. ഭൂസ്വത്തവകാശം, സ്വദേശത്തേക്ക്​ മടങ്ങാനുള്ള അവകാശം, താമസത്തിനുള്ള അവകാശം, കുടുംബജീവിതത്തിനുള്ള അവകാശം, പ്രതിഷേധിക്കാനും ആശയപ്രകാശനത്തിനുമുള്ള അവകാശം,  കോടതിയെ സമീപിക്കാനുള്ള അവകാശം -ഇവയൊന്നും ഇല്ലാത്തവരെന്ന ഫലസ്​തീനികളുടെ അവസ്​ഥ സ്​ഥിരപ്പെടുകയാണ്​.

മനുഷ്യത്വത്തിനെന്നല്ല, സാമാന്യ യുക്തിക്കുപോലും നിരക്കാത്ത ചട്ടങ്ങളാണ്​ ഇങ്ങനെ സാധൂകരിക്കപ്പെടുന്നത്​. ‘‘സ്​ഥലത്തില്ലാത്തവരുടെ സ്വത്ത്​’’ സംബന്ധിച്ച 1950ലെ നിയമമനുസരിച്ച്​, ഇസ്രായേലിൽനിന്ന്​ അഭയാർഥികളായിപ്പോയവർ ‘‘സ്​ഥലത്തില്ലാത്ത’’വരും അതുകൊണ്ട്​ അവകാശങ്ങൾ ഇല്ലാത്തവരുമത്രെ - അവരെ അഭയാർഥികളാക്കിയവരുടേതാണ്​ ഇൗ നിയമം! ‘‘മടങ്ങാനുള്ള അവകാശ’’മനുസരിച്ച്​ ലോകത്തി​​െൻറ ഏതു ഭാഗത്തുനിന്നും ജൂതന്മാർക്ക്​ ഇസ്രായേലി​ലേക്ക്​ ‘‘മടങ്ങി’’പ്പോകാൻ അവകാശമുണ്ട്​; അതേസമയം, അവിടെനിന്ന്​ ആട്ടിയോടിക്കപ്പെട്ട സ്വദേശി ഫലസ്​തീൻകാർക്ക്​ ആ അവകാശമില്ല.

2003ലെ ഒരു നിയമമനുസരിച്ച്​ ഇസ്രായേലിലെ ഫലസ്​തീൻകാർക്ക്​ അധിനിവിഷ്​ട പ്രദേശങ്ങളിലെ ഭാര്യയോടോ ഭർത്താവിനോടോ ഒപ്പം ജീവിക്കാൻ അവകാശമില്ല. ആയിരക്കണക്കിന്​ ഫലസ്​തീൻ കുടുംബങ്ങളെ വേർപെടുത്തിയ ഇൗ നിയമം ഇൗയിടെ പതിനഞ്ചാം തവണയും പുതുക്കി; ഇപ്പോൾ വിവേചനനിയമത്തിന്​ സാധുത കിട്ടിയിരിക്കെ അത്തരം ചട്ടങ്ങളൊക്കെ സ്​ഥിരപ്പെടാൻ പോകുന്നു.
വാസ്​തവത്തിൽ ഇൗ നിയമം ഫലസ്​തീനികൾക്കെതിരായ വിവേചനം മാത്രമല്ല, ലോകസമൂഹത്തി​​െൻറ മുഖമടച്ചുള്ള അടികൂടിയാണ്​. കാരണം, ആഗോള സമൂഹത്തെയാണ്​ അത്​ നേർക്കുനേരെ വെല്ലുവിളിക്കുന്നത്​. ഫലസ്​തീനിൽ സമാധാനത്തിനായുള്ള ശ്രമം വ്യർഥമായൊരു അജണ്ടയെങ്കിലുമാണ്​ യു.എന്നിനും മറ്റും. ഇപ്പോൾ ഇസ്രായേൽ പറയുന്നു, തങ്ങൾ തോന്നുന്ന​പോലെ ചെയ്യുമെന്ന്​.

ഇസ്രായേലിനെ ‘‘അപ്പാർത്തൈറ്റ്​ രാഷ്​ട്ര’’മായി പ്രഖ്യാപിക്കാൻ ശ്രമിച്ച്​ പരാജയപ്പെട്ട യു.എന്നി​​െൻറ മുഖത്തേക്കാണ്​ ഇസ്രായേൽ വംശവിവേചനം ബഹുമതിയായി കാണുന്ന നിയമം എറിയുന്നത്​. സയണിസ്​റ്റുകളല്ലാത്ത ജൂതന്മാർവരെ എതിർക്കുന്ന ഇൗ നീക്കത്തെ തള്ളാനും നീതി ഉറപ്പാക്കാനും ലോകസമൂഹത്തിന്​ കഴിയ​ുമോ എന്നതാണ്​ ചോദ്യം. അമേരിക്കക്കപ്പുറം, ചില അറബ്​ രാജ്യങ്ങളിൽവരെ വംശീയ ഇസ്രായേലിന്​ പിന്തുണ ഏറിയിരിക്കെ മറ്റു രാജ്യങ്ങൾക്ക്​ ഇതൊരു പരീക്ഷണമാണ്​. യൂറോപ്യൻ യൂനിയൻ ചെറിയ എതിർപ്പ്​ അറിയിച്ചപ്പോഴേക്കും ഇസ്രായേൽ പ്രധാനമന്ത്രി ആഭ്യന്തരകാര്യങ്ങളിൽ തലയിടരുതെന്ന്​ വിരട്ടിയതും നാം കണ്ടു.  സയണിസ്​റ്റ്​ രാഷ്​ട്രത്തിനെതിരെ 77 പ്രമേയങ്ങൾ പാസാക്കിയ യു.എന്നി​​െൻറയും  അംഗരാഷ്​ട്രങ്ങളുടെയും ആർജവമാണ്​ പരീക്ഷിക്കപ്പെടുന്നത്​. ഇസ്രായേൽ ഇപ്പോൾ എതിർചേരിയിൽ പ്രതിഷ്​ഠിച്ചിരിക്കുന്നത്​ ഫലസ്​തീനെയല്ല, ആഗോളസമൂഹത്തെയാണ്​ എന്നർഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraelmalayalam Editorial
News Summary - Palestine- Israel Issues -Malayalam Editorial
Next Story