ധാന്യക്കശാപ്പും ബൈഡന്റെ പൊടിക്കൈയും
text_fieldsമനുഷ്യരെ നിർദാക്ഷിണ്യം കൂട്ടക്കൊല ചെയ്തും പട്ടിണിക്കിട്ടും അധികാരം ആസ്വദിച്ച ഭരണകർത്താക്കൾ പലരും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതിനൊക്കെ പുറമെ ഇരകളുടെ നിസ്സഹായതയെ പരിഹസിക്കാൻകൂടി ധാർഷ്ട്യം കാട്ടിയവർ ഏറെയുണ്ടാകില്ല. ആ അപൂർവ പട്ടികയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരുഭാഗത്ത് ഇസ്രായേലിലെ സയണിസ്റ്റ് സർക്കാറിന് പണവും ആയുധവും നൽകി ഫലസ്തീൻ കൂട്ടക്കൊലയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ആ കശാപ്പുമൂലം നിരാധാരരായിപ്പോയ ജനങ്ങൾക്ക് ഭക്ഷണപ്പൊതികൾ ആകാശത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നു.
ഇത് ചെയ്യുമ്പോഴും അമേരിക്ക ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ ഗസ്സയുടെ തെക്കുഭാഗത്തേക്ക് ഇസ്രായേൽ ആട്ടിപ്പായിച്ചത് അമേരിക്കയുടെ സാമ്പത്തിക, സൈനിക, നയതന്ത്ര പിന്തുണയോടെയാണ്. പതിനായിരങ്ങളെ കശാപ്പ് ചെയ്തത് അമേരിക്ക കൊടുത്ത ആയുധവും യു.എന്നിൽ പ്രയോഗിച്ച വീറ്റോയും ഉപയോഗിച്ചാണ്. ഇസ്രായേൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളുമടക്കം ബോംബിട്ട് തകർക്കുമ്പോഴും ഗസ്സയെ വരിഞ്ഞുമുറുക്കി പട്ടിണിക്കിട്ട് കൊല്ലുകയെന്ന യുദ്ധക്കുറ്റം ചെയ്യുമ്പോഴും പ്രോത്സാഹനവുമായി ബൈഡനും കൂട്ടരും ഒപ്പമുണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസും അസംഖ്യം സന്നദ്ധ സംഘടനകളും ഗസ്സയിലെ മാനുഷിക മഹാദുരന്തത്തെപ്പറ്റി പറഞ്ഞതിനുശേഷവും ആഴ്ചകളായി സിവിലിയൻ ജനതക്കുമേൽ ബോംബ് വർഷിക്കാൻ ഇസ്രായേലിന് എല്ലാ സഹായവും കൊടുത്തത് ബൈഡൻ ഭരണകൂടമാണ്. റഫ അതിർത്തിയിൽ കിലോമീറ്ററുകളോളം നീളത്തിൽ ഭക്ഷണവും മരുന്നുമായി ട്രക്കുകൾ കാത്തുകെട്ടിക്കിടക്കുമ്പോഴും എല്ലാം തടഞ്ഞ് മനുഷ്യത്വത്തെ വെല്ലുവിളിച്ച ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊണ്ടു. അമേരിക്ക യു.എന്നിൽ പ്രയോഗിച്ച വീറ്റോകളിൽ ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ പിഞ്ചുകുട്ടികൾ ഭക്ഷണം കിട്ടാതെ വിശന്ന് മരിക്കുന്ന സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നു.
‘ധാന്യപ്പൊടിക്കശാപ്പ്’ (Flour massacre) എന്നു വിളിക്കപ്പെട്ട ദാരുണ സംഭവത്തിന് ഇസ്രായേലിനൊപ്പം അമേരിക്കയും ഉത്തരവാദിയാണ്. പട്ടിണിമൂലം മരണത്തോടടുത്ത കുട്ടികളടക്കം കാത്തിരിക്കെ, മുന്നൊരുക്കമൊന്നുമില്ലാതെ ഇസ്രായേൽ ഏതാനും ധാന്യപ്പൊതി വണ്ടികൾ അങ്ങോട്ടു വിടുന്നു. മക്കളെ തീറ്റാൻ അൽപം പൊടിക്കുവേണ്ടി ഓടിയടുത്ത മനുഷ്യരെ, അവർ അപകടകാരികളായി തോന്നി എന്ന് സ്വയം പറഞ്ഞ് വെടിവെച്ച് കൊല്ലുന്നു. കൂട്ടക്കൊലക്കുവേണ്ടി രംഗമൊരുക്കുകയായിരുന്നു ഇസ്രായേൽ എന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നൂറ്റിപ്പത്തിലേറെ മനുഷ്യർ അങ്ങനെ കൊല്ലപ്പെട്ടു.
പട്ടിണിക്കിട്ടത് അമേരിക്ക പിന്തുണക്കുന്ന ഇസ്രായേൽ, ഭക്ഷണം തേടിച്ചെന്നവരെ കൊന്നത് അമേരിക്ക പിന്തുണക്കുന്ന ഇസ്രായേൽ. മുമ്പ് ഇസ്രായേൽതന്നെ ചെയ്തുകൂട്ടിയതിനെപ്പോലും വെല്ലുന്നതും ഹിറ്റ്ലറുടെ ജർമനിപോലും ചെയ്തിട്ടില്ലാത്തതുമായ ഈ പൈശാചികത ലോകത്തെ ഞെട്ടിച്ചു. ഇസ്രായേലിനെയും അമേരിക്കയെയും വിമർശിക്കാൻ മടിച്ചിരുന്നവർവരെ ഈ മഹാപാതകത്തെ തുറന്ന് അപലപിച്ചു. അമേരിക്ക യു.എന്നിലും പുറത്തും ഒറ്റപ്പെടുന്ന അവസ്ഥയെത്തി. അമേരിക്കയെ യു.എന്നിൽനിന്ന് പുറത്താക്കണമെന്ന അഭിപ്രായംവരെ ഉയർന്നു. ആഗോളതലത്തിൽ അമേരിക്കയുടെ പ്രതിച്ഛായ എക്കാലത്തെക്കാളും ഇടിഞ്ഞു.
ഈ സാഹചര്യത്തിലാവണം, ധാന്യപ്പൊടിക്കശാപ്പ് നടന്ന് രണ്ടാംദിവസം അമേരിക്ക ഗസ്സക്ക് അത്യാവശ്യ ധാന്യത്തിന്റെ 0.02 ശതമാനം വൻപരസ്യത്തിന്റെ അകമ്പടിയോടെ ഗസ്സയിലേക്ക് വിട്ടത്. റോഡുവഴി സൗകര്യപ്രദമായും സ്വസ്ഥമായും മതിയായ അളവിൽ വിതരണം ചെയ്യാൻ കഴിയാത്തതുകൊണ്ടല്ല വിമാനത്തിൽ അൽപം കൊണ്ടു തള്ളേണ്ടിവന്നത്. അമേരിക്കയുടെതന്നെ സഹായത്തോടെ ഇസ്രായേൽ ലോകസഹായം തടഞ്ഞതുകൊണ്ടാണ്. ബൈഡന് ഒരു ഫോൺവിളികൊണ്ട് നെതന്യാഹുവിനോട് ആവശ്യപ്പെടാവുന്നതായിരുന്നു സഹായവണ്ടികൾ അനുവദിക്കണമെന്ന്.
അത് ചെയ്തില്ലെന്ന് മാത്രമല്ല, കുഞ്ഞുങ്ങൾ പട്ടിണിമൂലം മരിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരുന്നപ്പോഴും ഇസ്രായേലിന്റെ ‘സ്വയം പ്രതിരോധാവകാശം’ ജൽപിച്ചുകൊണ്ടിരിക്കുകയായിരുന്നു അമേരിക്കയുടെ പ്രസിഡന്റ്. എന്നിട്ടിപ്പോൾ പെട്ടെന്നൊരുനാൾ കാരുണ്യം അഭിനയിച്ച് ഭക്ഷണപ്പൊതികൾ എറിഞ്ഞുകൊടുത്ത് പുണ്യവാളൻ ചമയുകയാണ്. ബൈഡന്റെ ഭരണകൂടത്തിന് നീതിബോധമില്ല എന്നത് പുതിയ വിശേഷമല്ല.
പക്ഷേ, ലോകത്തിന് മുമ്പിൽ നാടകം കളിച്ച് എല്ലാവരെയും വിഡ്ഢികളാക്കാമെന്ന് കരുതാനുള്ള മൗഢ്യം അതിനെ ബാധിച്ചു എന്നുകൂടി ഇപ്പോൾ മനസ്സിലാകുന്നു. ഒരു സമൂഹത്തെ മുഴുവൻ പിടിച്ചുകെട്ടി, ഭക്ഷണവും വെള്ളവും മരുന്നും കൊടുക്കാതെ നിരന്തരം കശാപ്പ് ചെയ്ത്, ഒടുവിൽ ഇത്തിരി പൊടി കണ്ണിലെറിഞ്ഞ് ആസ്വദിക്കുകയാണവർ. ഫലസ്തീനെയല്ല അവർ പരിഹസിക്കുന്നത്; മനുഷ്യത്വത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.