മഹാമാരി എന്ന വലിയ മറ
text_fields''ലോകം ഇന്ത്യയെ ജനാധിപത്യത്തിെൻറ മാതാവെന്ന് വിളിക്കും'' -പുതിയ പാർലമെൻറ് കെട്ടിടത്തിന് തറക്കല്ലിട്ടു പ്രധാനമന്ത്രി പറഞ്ഞതാണിത്. ഇതേ ആഴ്ച രാജ്യം കേട്ട മറ്റൊരു വാർത്ത, പാർലമെൻറിെൻറ ശീതകാല സമ്മേളനം വേണ്ടെന്നുവെച്ചതാണ്. ജനാധിപത്യമെന്നാൽ കെട്ടിടം പണിയലോ അതോ, ജനപ്രതിനിധികൾ കൂടിയിരുന്ന് പ്രശ്നങ്ങൾ ചർച്ചചെയ്യലോ എന്ന ചോദ്യത്തിന് ഇതിനെക്കാൾ മൂർച്ച കിട്ടുന്ന മറ്റൊരു സന്ദർഭമുണ്ടാകില്ല.
കെട്ടിടത്തെച്ചൊല്ലി പ്രധാനമന്ത്രി ഊറ്റത്തോടെ പ്രസംഗിക്കുകയായിരുന്നെങ്കിൽ സഭകൾ ചേരില്ലെന്ന വിവരം പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കോൺഗ്രസിെൻറ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരിയെ കത്തുവഴി അറിയിക്കുകയായിരുന്നു. കർഷകപ്രക്ഷോഭം ചർച്ചചെയ്യാൻ പ്രത്യേക ശീതകാല സമ്മേളനം ചേരണമെന്നാവശ്യപ്പെട്ട് ചൗധരി അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. ശീതകാല സമ്മേളനം ഉപേക്ഷിക്കുമെന്നും ജനുവരിയിൽ ബജറ്റ്സമ്മേളനമാണ് ഇനി നടക്കുകയെന്നും പറഞ്ഞ് മന്ത്രി ചൂണ്ടിക്കാട്ടിയ കാരണം കോവിഡ്-19 മഹാമാരിയാണ്.
രാഷ്ട്രീയകക്ഷി നേതാക്കളുമായി ആലോചിച്ചെന്നും മിക്ക നേതാക്കളും കോവിഡ് ഭീഷണിയുള്ളതിനാൽ സമ്മേളനം വേണ്ടെന്ന് അഭിപ്രായപ്പെട്ടെന്നും കൂടി മന്ത്രി അവകാശപ്പെട്ടു. ഇത് ശരിയല്ലെന്നാണ് ഭൂരിപക്ഷം കക്ഷി നേതാക്കളും പ്രതികരിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ചീഫ് വിപ് ജയറാം രമേശ്, എൻ.സി.പിയുടെയും ശിവസേനയുടെയും വക്താക്കൾ തുടങ്ങി ഒട്ടനേകം നേതാക്കൾ പറയുന്നത് തങ്ങളോട് ആലോചിച്ചിട്ടേയില്ലെന്നാണ്.
അപ്പോൾ തീരുമാനം ഏറക്കുറെ ഏകപക്ഷീയമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പാർലമെൻറിൽ ചർച്ച ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്ന ഒട്ടനേകം പ്രശ്നങ്ങൾ കോവിഡിനെക്കാൾ രൂക്ഷമായിക്കൊണ്ടിരിക്കെ മഹാമാരി ഒരു സൗകര്യപ്രദമായ മറയാക്കുകയാണ് ചെയ്തിരിക്കുന്നത്.
മറ്റു പലതിനും കേന്ദ്ര സർക്കാറോ ഭരണപക്ഷ നേതാക്കളോ കോവിഡിനെ തടസ്സമായി കാണുന്നില്ലെന്നതിൽനിന്നുതന്നെ ഈ അവസരവാദം തെളിഞ്ഞുകാണാം. മഹാരാഷ്ട്ര സർക്കാർ അസംബ്ലിയുടെ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചിച്ചപ്പോഴേക്കും ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ശക്തമായി എതിർക്കുകയായിരുന്നല്ലോ. കോവിഡിെൻറ തുടക്കത്തിലാണ് പാർലമെൻറിെൻറ ബജറ്റ് സമ്മേളനം നടന്നത്. മഹാമാരിയുെട മൂർധന്യത്തിലാണ് മൺസൂൺ സമ്മേളനം നടന്നത്.
രണ്ടും എട്ടു ദിവസം വീതം വെട്ടിച്ചുരുക്കിയെന്നു മാത്രം. അന്നേ സർക്കാറിന് അതിലെ സൗകര്യം ബോധ്യപ്പെട്ടുകാണണം. മൺസൂൺ സമ്മേളനത്തിൽ 25 ബില്ലാണ് പാസാക്കിയെടുത്തത്; അതിൽ 15 എണ്ണം രാജ്യസഭയിലായിരുന്നു; അതിൽതന്നെ ഏഴെണ്ണം നാലു മണിക്കൂറുകൊണ്ട് ചുട്ടെടുക്കുകയായിരുന്നു. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിെൻറ ന്യായമായ ആവശ്യം ചട്ടവിരുദ്ധമായി തള്ളി കാർഷിക ബില്ലുകൾ 'പാസാക്കി'യത് കോവിഡ് നൽകിയ മഹാസൗകര്യം കൂടി ഉപയോഗിച്ചാണ്. തലസ്ഥാനത്ത് കോവിഡ്ബാധ നവംബർ 16നുശേഷം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ പറയുേമ്പാൾ മന്ത്രിയുടെ മറുവാദം, തണുപ്പുകാലത്ത് അത് വർധിക്കാനുള്ള സാധ്യത ഉണ്ടെന്നത്രെ.
പക്ഷേ, ഈ തണുപ്പു കാലത്താണ് പ്രധാനമന്ത്രി അടക്കമുള്ളവർ പങ്കെടുത്ത മഹാറാലികൾ ബിഹാറിൽ നടന്നത്. വാരാണസിയിൽ മോദിയുടെ ദീപാവലി പരിപാടിയുണ്ടായി; ബംഗളൂരുവിലും ഹൈദരാബാദിലുമെല്ലാം ബി.ജെ.പിയുടെ പ്രകടനങ്ങൾക്ക് കോവിഡ് തടസ്സമായില്ല. ഇങ്ങ് കേരളത്തിൽ ത്രിതല തദ്ദേശ തെരഞ്ഞെടുപ്പുപോലും നടന്നു. ബിഹാറിൽ അസംബ്ലി തെരഞ്ഞെടുപ്പും വിവിധ സ്ഥലങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളും. പശ്ചിമ ബംഗാളിൽ മാസങ്ങൾ കഴിഞ്ഞ് നടക്കേണ്ട തെരഞ്ഞെടുപ്പിെൻറ തീവ്രപ്രചാരണവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ചാക്കിട്ടുപിടിത്തവും നടക്കുന്നതും ഈ ശൈത്യകാലത്തുതന്നെ.
സർക്കാർ ഓഫിസുകൾ, വ്യാപാരസമുച്ചയങ്ങൾ, പൊതുപരിപാടികൾ എല്ലാം കോവിഡ് ചിട്ടകളോടെ പ്രവർത്തനസജ്ജമാണ്. അമേരിക്കയിൽ പൊതു തെരഞ്ഞെടുപ്പും കോൺഗ്രസ് സമ്മേളനങ്ങളും പൂർണതോതിൽ നടന്നു. മറ്റു പല രാജ്യങ്ങളിലും അങ്ങനെത്തന്നെ. അേപ്പാൾ ഇന്ത്യയിൽ മാത്രം, പാർലമെൻറിനു മാത്രം, കോവിഡ് വിലക്ക് വരുന്നത് 'ജനാധിപത്യത്തിെൻറ മാതാവാ'യതുകൊണ്ടാണോ?
എല്ലാവർക്കും അവരവരുടെ ചുമതല നിർവഹിക്കാൻ കോവിഡ് തടസ്സമല്ല ഇപ്പോൾ; പാർലമെൻറിനു മാത്രം ചുമതല ഒഴിയാമെന്നത് യുക്തിസഹമല്ല. രാജ്യമെങ്ങും സഭാസമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും നടക്കുന്നതിനർഥം, ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നീട്ടിവെക്കാൻ പറ്റില്ല എന്നാണ്. അതേപോലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തവും ഉപേക്ഷിക്കാവുന്നതല്ല. ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ താൽപര്യമല്ല പാർലമെൻറിെൻറ ശീതകാല സമ്മേളനം മാറ്റിവെച്ചതിനു പിന്നിൽ.
കേന്ദ്ര സർക്കാറിെൻറ മാത്രം താൽപര്യമാണത്. പാർലമെൻറിെൻറ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന നയമാണ് മോദി സർക്കാർ പിന്തുടരുന്നത്. രൂക്ഷമായ ഒരുപാട് പ്രശ്നങ്ങൾ സർക്കാർ സൃഷ്ടിച്ചുകഴിഞ്ഞിട്ടുമുണ്ട്. കർഷകരുടെ പ്രശ്നം ചർച്ചചെയ്യാനുള്ള വേദിയാണ് പാർലമെൻറ്. അതിനു മാത്രമായി ശീതകാല സമ്മേളനം വേണമെന്ന നിർദേശം ന്യായമായിരുന്നു. അതിനു പുറമെ, തകരുന്ന സമ്പദ് വ്യവസ്ഥയും പെരുകുന്ന തൊഴിലില്ലായ്മയും പൗരത്വനിഷേധവും തകർക്കപ്പെടുന്ന ഫെഡറലിസവുമെല്ലാം ജനകീയസഭകളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
സമ്മേളനം മാറ്റിവെക്കാൻ കാരണമായി സർക്കാർ പറയുന്ന കോവിഡ് തന്നെയും പാർലമെൻറ് ചർച്ചക്കെടുക്കേണ്ട ഗൗരവമുള്ള വിഷയമാണ്. പകരം കർഷക വിരുദ്ധ നിയമങ്ങളും പാർലമെൻറ് കെട്ടിടനിർമാണ കരാറുമായി കോർപറേറ്റ് താൽപര്യങ്ങൾ മാത്രം നോക്കാൻ നിന്നാൽ 'ജനാധിപത്യത്തിെൻറ മാതാവ്' വന്ധ്യയാണെന്ന് ലോകം വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.