പറുദീസ രേഖകളിലെ കരിമ്പണക്കാർ
text_fields714 ഇന്ത്യക്കാരുൾപ്പെടെ ലോകത്തെ 180 രാജ്യങ്ങളിലെ മഹാ കോടീശ്വരന്മാരും സ്വാധീനശക്തിയുള്ളവരും നികുതി തീരെ ഇല്ലാത്തതോ കുറച്ചുമാത്രം ഉള്ളേതാ ആയ രാജ്യങ്ങളിൽ നിക്ഷേപങ്ങൾ നടത്തിയതിെൻറ വിവരങ്ങൾ ഇൻറർ നാഷനൽ കൺസോർട്യം ഒാഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് (െഎ.സി.െഎ.ജെ) പുറത്തുവിട്ടതോടെ രാജ്യത്തെ ആദായനികുതി വ്യവസ്ഥയെ ഭയന്ന് പുറംരാജ്യങ്ങളിൽ ശതകോടികൾ നിക്ഷേപിക്കുന്ന രാഷ്ട്രീയക്കാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും കള്ളക്കളികൾ ഒരിക്കൽക്കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തേ പാനമ രേഖകൾ ചോർത്തിയവർതന്നെയാണ് പുതുതായി പറുദീസ രേഖകളും ചോർത്തി പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നത്. ഒരുവർഷം മുമ്പ് പുറത്തുവന്ന പാനമ രേഖകൾ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പദവി തെറിപ്പിച്ചതിനു പുറമെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കിനും വഴിവെച്ചു. പാക് സുപ്രീംകോടതിയുടെ വിധിയാണ് നവാസ് ശരീഫിന് വിനയായത്. അമിതാഭ് ബച്ചൻ, െഎശ്വര്യറായ്, വിനോദ് അദാനി എന്നിവരടക്കം ഒേട്ടറെ ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവന്ന രേഖകളിലുണ്ടായിരുന്നെങ്കിലും ആരുടെ പേരിലും നടപടി സ്വീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇപ്പോൾ പുറത്തുവന്ന പറുദീസ രേഖകളിൽ സ്ഥലംപിടിച്ച 714 ഇന്ത്യക്കാരിൽ സഹസ്രകോടികൾ ബാങ്കുകളിൽനിന്ന് കടമെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ മദ്യമുതലാളി വിജയ് മല്യ മുതൽ നിലവിലെ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹവരെയുണ്ട്. അമിതാഭ് ബച്ചൻ, നീര റാഡിയ, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ പുത്രൻ രവികൃഷ്ണ, സചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രി ചിദംബരത്തിെൻറ പുത്രൻ കാർത്തി, വീരപ്പ മൊയ്ലിയുടെ പുത്രൻ ഹർഷ, ബി.ജെ.പി എം.പി ആർ.കെ. സിൻഹ തുടങ്ങിയവരും പട്ടികയിലുണ്ട്. പറുദീസ രേഖകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് അധ്യക്ഷെൻറ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അന്വേഷണം എത്രത്തോളം സമഗ്രവും ഫലപ്രദവുമാവും എന്നും എപ്പോഴാണതിെൻറ റിപ്പോർട്ട് സമർപ്പിക്കപ്പെടുകയെന്നും പൂർണവും സൂക്ഷ്മവുമായ വിവരങ്ങൾ ലഭിച്ചാൽതന്നെ എന്ത് തുടർ നടപടികളാണുണ്ടാവുകയെന്നും കാത്തിരുന്ന് കാണേണ്ടതാണ്.
കാരണം മറ്റൊന്നുമല്ല. ഇത്തരം വിഷയങ്ങൾ ഉയർന്നുവരുേമ്പാൾ പരസ്പരം ചളിവാരിയെറിയാനും കുറ്റപ്പെടുത്താനും കേന്ദ്രത്തിൽ അധികാരത്തിലിരുന്നവരും ഇരിക്കുന്നവരുമായ രാഷ്ട്രീയക്കാർ വ്യഗ്രത കാട്ടുന്നതല്ലാതെ യഥാർഥത്തിൽ ഇന്ത്യയുടെ വികസന മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമായത്ര ഭീമമായ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിൽ ആത്മാർഥമായ ഒരു നീക്കവും നടത്താനായിട്ടില്ല. അധികാരികളുടെ ബന്ധുക്കളും സ്വന്തക്കാരും പാർട്ടികൾക്ക് ഭീമമായ സംഭാവന നൽകുന്നവരും പങ്കാളികളായ കള്ളപ്പണ സാമ്രാജ്യത്തെ തൊട്ടുകളിക്കാൻ ആരും ധൈര്യപ്പെടാറില്ല. ഗാന്ധിയൻ അണ്ണാ ഹസാരെ 2011ൽ ഇന്ത്യയെ ആമൂലാഗ്രം ഗ്രസിച്ച അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നടത്തിയ വൻ ജനകീയ പ്രേക്ഷാഭത്തിെൻറ അലയൊലികളിൽനിന്ന് മുതലെടുത്താണ് എൻ.ഡി.എ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടതും ജയിച്ചതുമെന്ന സത്യം മറക്കരുത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അമിത്ഷാ^നരേന്ദ്ര മോദി കൂട്ടുകെട്ട് ആഞ്ഞടിച്ചത് വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിനെതിരെയായിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ അതിഭീമമായ കള്ളപ്പണം മുഴുവൻ തിരിച്ചുകൊണ്ടുവന്ന് പാവങ്ങളെ ഉടലോടെ സ്വർഗരാജ്യത്തിലെത്തിക്കും എന്നവർ വാഗ്ദാനവും ചെയ്തിരുന്നു. പിന്നീട് 500 ബില്യൻ ഡോളറിെൻറ കള്ളപ്പണക്കണക്കും അന്ന് അവതരിപ്പിക്കപ്പെട്ടു. പക്ഷേ, 2015 ജൂലൈയിൽ സർക്കാറിെൻറ ആഹ്വാനമനുസരിച്ച് വെളിപ്പെടുത്തപ്പെട്ടത് വെറും 2428 കോടിയാണ്. ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതിെൻറ ഫലമായിരുന്നല്ലോ ഒരു വർഷം മുമ്പ് 125 കോടി ഇന്ത്യക്കാരെ മുഴുവൻ വട്ടംകറക്കുന്ന കറൻസി റദ്ദാക്കൽ പരിപാടി നരേന്ദ്ര മോദി അടിച്ചേൽപിച്ചത്. അതിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് കള്ളപ്പണം അനാവരണം ചെയ്യലായിരുന്നു. ഒരു വർഷം പൂർത്തിയാവുേമ്പാൾ മല എലിയെ പ്രസവിച്ച പ്രതീതിയാണുണ്ടായിരിക്കുന്നത്.
വിദേശ കമ്പനികളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിെൻറ തികച്ചും ഭാഗികമായ കണക്കു മാത്രമാണിപ്പോൾ ബെർമുഡ ആസ്ഥാനമായുള്ള നിയമ സേവന സ്ഥാപനമായ ആപ്പിൾ ബിയിൽനിന്ന് ചോർന്നിരിക്കുന്നത്. അവശേഷിക്കുന്നത് അനേകമനേകം സഹസ്ര കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങളാണെന്നോർക്കണം. ഇരുട്ടിെൻറ ശക്തികളെ പേടിക്കാത്ത 26 മാധ്യമങ്ങളുടെ കൂട്ടായ്മയായ െഎ.സി.െഎ.ജെയുടെ അതിസാഹസിക യത്നം ഇല്ലായിരുെന്നങ്കിൽ ഇത്രപോലും ഇപ്പോൾ വെളിച്ചത്ത് വരുമായിരുന്നില്ല. ഇതൊക്കെ സംശയാതീതമായി വിളിച്ചോതുന്നത് എന്തെന്നുവെച്ചാൽ മനുഷ്യലോകമാകെ ഒരുപിടി കള്ളന്മാരുടെയും കള്ളപ്പണക്കാരുടെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങളുടെയും പിടിയിലാണ്.
സുരക്ഷക്കും ജനനന്മക്കും മാനവിക വികസനത്തിനും വേണ്ടി എന്ന പേരിൽ അവർ നിർമിക്കുന്ന നിയമങ്ങളും ഏർപ്പെടുത്തുന്ന സംവിധാനങ്ങളും സ്വന്തം താൽപര്യസംരക്ഷണത്തിനുവേണ്ടി മാത്രമാണ്. അതിെൻറ പിന്നിൽ നടക്കുന്ന കള്ളക്കളികളും നഗ്നമായ നിയമലംഘനങ്ങളും മനുഷ്യസ്നേഹികളായ വല്ല സാഹസികരും വല്ലപ്പോഴും പുറത്തുകൊണ്ടുവന്നാൽ തങ്ങളുടെ ജീവൻതന്നെയാണതിന് കൊടുക്കേണ്ടി വരുന്ന വില. എന്നാലും, അത്തരം ധീരാത്മാക്കളുടെ വംശം തീരെ കുറ്റിയറ്റുപോയിട്ടില്ലെന്ന് മനസ്സിലാക്കാൻ അവസരം ലഭിക്കുന്നതും ആശ്വാസംതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.