ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്
text_fieldsപെഗസസ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിന്യായത്തെ കൂരിരുളിലെ സൂര്യവെളിച്ചമെന്നാണ് നിയമവിദഗ്ധർ വിശേഷിപ്പിച്ചത്. സമീപകാലത്ത് വിവിധ കേസുകളിൽ നൽകിയ ഉത്തരവുകളിൽനിന്ന് തീർത്തും വിഭിന്നമായി കേന്ദ്ര സർക്കാറിെൻറ നിലപാടുകളെ പൂർണമായി തള്ളിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സ്വതന്ത്രസമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. നോട്ടുനിരോധനം, ബാബരി മസ്ജിദ് കേസ്, പി.എം കെയർ ഫണ്ട്, പൗരത്വ നിയമ ഭേദഗതി, അശാസ്ത്രീയ ലോക്ഡൗൺ തുടങ്ങി രാജ്യം ഉറ്റുനോക്കിയ നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാറിെൻറ താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്ന സമീപനമായിരുന്നു സുപ്രീംകോടതിയുടെത്. പരമോന്നത നീതിപീഠത്തിെൻറ ധർമബോധത്തിന് ഗ്ലാനി സംഭവിക്കുന്നുവെന്ന ധാരണ ശക്തമാകുന്നതിനിടെയാണ്, രാജ്യസുരക്ഷ എന്ന 'കവചകുണ്ഡല'മുപയോഗിച്ച് പൗരന്മാരുടെ സ്വകാര്യതകളിലേക്കും അവകാശങ്ങളിലേക്കും യഥേഷ്ടം കടന്നുകയറാനുള്ള ഭരണകൂടശ്രമങ്ങളെ ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി തീർത്തുപറഞ്ഞിരിക്കുന്നത്.
പെഗസസ് എന്ന ഇസ്രായേലി ചാര സംവിധാനം ഉപയോഗിച്ച് മോദി സർക്കാറിന് അഹിതകാരികളായ വ്യക്തികളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറുകയും അന്യായമായി നിയമക്കുരുക്കിൽപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത് ആഗോള അന്വേഷണാത്മക മാധ്യമക്കൂട്ടായ്മയായ 'ഫോർബിഡൻ സ്റ്റോറീസി'െൻറ റിപ്പോർട്ടുകളാണ്. അതിലേക്ക് നയിച്ചതാകട്ടെ, തങ്ങളുടെ പ്ലാറ്റ്ഫോമുകളുപയോഗിച്ച് ചാരപ്രവർത്തനം നടക്കുന്നുവെന്ന് മണത്ത വാട്സ്ആപ്, നിജഃസ്ഥിതി അറിയുന്നതിന് ചുമതലപ്പെടുത്തിയ ടൊറേൻാ സർവകലാശാലയിലെ മങ്ക് സ്കൂൾ ഒാഫ് ഗ്ലോബൽ അഫയേഴ്സിലെ സിറ്റിസൺ ലാബിെൻറ കണിശ പരിശോധനകളും. ഇസ്രായേലി കമ്പനി എൻ.എസ്.ഒക്കെതിരെ വാട്സ്ആപ് 2019ൽ പരാതിയുമായി പരസ്യമായി വന്നപ്പോഴും 2021 ജൂലൈയിൽ ചാര സോഫ്റ്റ് വേർ ഉപയോഗിച്ച് ഇന്ത്യയിലെ 300ലധികം ഫോണുകൾ നിരീക്ഷിച്ചുവെന്ന വാർത്ത പുറത്തുവന്നപ്പോഴും അവയെല്ലാം നിഷേധിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്യുക്തരായത്.
രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ ഒരു വിവരവും പുറത്തുപറയാനാകില്ലെന്നും ഇന്ത്യയെ കളങ്കപ്പെടുത്താനുള്ള അന്തർദേശീയ ഗൂഢാലോചനയാണിതെന്നും പ്രധാനമന്ത്രി മുതൽ ബി.ജെ.പി പ്രാദേശിക നേതാക്കൾ വരെ പ്രചരിപ്പിച്ചു. സംയുക്ത പാർലമെൻറ് സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിഷ്കരുണം തള്ളുകയും അധിക ചർച്ചയില്ലാതിരിക്കാൻ രണ്ടു ദിവസം നേരത്തെ ശീതകാല സഭ പിരിയുകയും ചെയ്തു. അധികാരത്തിെൻറ അഹന്തകൊണ്ട് പാർലമെൻറിൽ ചവിട്ടിയരക്കപ്പെട്ട സ്വതന്ത്ര അന്വേഷണമെന്ന ആവശ്യമാണ് സുപ്രീംകോടതിയുടെ വിധിന്യായത്തിലൂടെ ഇനി നടക്കാൻ പോകുന്നത്. രാജ്യസുരക്ഷയുടെ മറവിൽ റഫാൽ അഴിമതിയാരോപണത്തിൽനിന്ന് രക്ഷപ്പെട്ടതുപോലെ ഈ കേസും മറികടക്കാൻ കഴിയുമെന്ന കേന്ദ്ര സർക്കാറിെൻറ കീഴ്വഴക്ക ബോധ്യത്തെയാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് കീഴ്മേൽ മറിച്ചത്. അതുകൊണ്ടുകൂടിയാണ് നിയമവിദഗ്ധർ രജതരേഖയെന്ന് ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്.
സമകാലിക ഇന്ത്യയിൽ ഉജ്ജ്വലം എന്നു പറയേണ്ട ധാരാളം പ്രസ്താവനകളടങ്ങിയതാണ് പരമോന്നത കോടതിയുടെ വിധിന്യായം. ഭരണകൂടത്തിെൻറ ചാരപ്പണി വ്യക്തികളുടെയും മാധ്യമങ്ങളുടെയും വായടപ്പിക്കുന്നു, വാർത്താ ഉറവിടങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കപ്പെടണം, ദേശസുരക്ഷ പറഞ്ഞ് കോടതികളെ വെറും കാഴ്ചക്കാരായി നിർത്താനുള്ള സർക്കാർ ശ്രമങ്ങൾ അംഗീകരിക്കാനാവില്ല, വ്യക്തികളുടെ സ്വകാര്യത സർക്കാർ നീരിക്ഷിക്കുന്നുവെങ്കിൽ അത് ഭരണഘടനാനുസൃതവും നിയമവിധേയവുമാകണം എന്നുതുടങ്ങിയവ അതിൽ എടുത്തുപറയേണ്ടവയാണ്.
കൃത്യമായ ഇത്തരം നിരീക്ഷണങ്ങൾക്കൊടുവിലാണ് കോടതി അന്വേഷണ സമിതിക്ക് വിപുലമായ അധികാരം നൽകിയിരിക്കുന്നത്. പെഗസസ് വഴി നടത്തിയ ഡേറ്റ ചോരണം മുതൽ നിലവിലെ സൈബർ നിയമങ്ങളുടെ പരിശോധനയും സർക്കാറോ സർക്കാറിതര സ്ഥാപനങ്ങളോ ചാരപ്രവർത്തനങ്ങൾ നടത്തിയാൽ പൗരന്മാർക്ക് പരാതി പറയാനുള്ള സംവിധാനങ്ങളുടെ നിർദേശമടക്കമുള്ളവ അവയിൽ ഉൾപ്പെടുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം ആത്യന്തികമായി കേന്ദ്ര സർക്കാറുമായുള്ള വലിയ സംഘർഷത്തിലേക്കാണ് പര്യവസാനിക്കുക. വിവരങ്ങൾ കൈമാറുന്നതടക്കം അന്വേഷണ സമിതിയോട് കേന്ദ്രം പുലർത്താൻപോകുന്ന സമീപനം എന്തായിരിക്കുമെന്ന മുൻവിധി ഇപ്പോൾ കരണീയമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇസ്രായേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിനു പിന്നാലെയാണ് പെഗസസ് ചാരപ്പണി രാജ്യത്ത് ആരംഭിച്ചതെന്ന വാദത്തിെൻറ യാഥാർഥ്യം മുതൽ ഭീമാ കൊറേഗാവ് കേസിൽ ഇന്ത്യയിലെ പ്രഗല്ഭ മനുഷ്യാവകാശ പ്രവർത്തകരെയും അക്കാദമിക് പണ്ഡിതരെയും കുരുക്കാൻ തെളിവായി കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ ചാര മാൽവെയറുകളുപയോഗിച്ച് കൃത്രിമമായി നിർമിച്ചവയാെണന്ന വെളിപ്പെടുത്തൽ വരെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. പെഗസസ് സ്വകാര്യതാ ചോരണ വിഷയത്തിൽ സ്വതന്ത്രവും നിർഭയവുമായ ഒരന്വേഷണാനന്തരം ഒരു റിപ്പോർട്ട് പുറത്തുവരുകയാെണങ്കിൽ കോടതിയുടെ ഈ വിധിന്യായത്തേക്കാൾ പതിന്മടങ്ങ് തേജസ്സുള്ളതായിരിക്കും അതെന്ന് ഇപ്പോഴേ പ്രവചിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.