ഇരുപത്തിയഞ്ച് കൂട്ടി രണ്ടര കുറക്കുേമ്പാൾ
text_fieldsസർവകാല റെക്കോഡിലെത്തിയ പെട്രോൾ, ഡീസൽ വിലയിൽ ഒന്നര രൂപയുടെ കേന്ദ്ര തീരുവ കുറക്കാനും ഒരു രൂപ കുറക്കാൻ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത് നേരിയ ആശ്വാസം തന്നെയാണ്. കുതിച്ചുയർന്ന വിലയിൽ രണ്ടര രൂപയുടെ കുറവ് വലിയ ആശ്വാസമാണെന്നല്ല. എന്നാൽ, ജനങ്ങൾ സഹിക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി ഉന്നതങ്ങളിൽ ചിന്ത തുടങ്ങി എന്നത് ശുഭസൂചനതന്നെയാണ്. നോട്ടുനിരോധനവും ചരക്കു സേവന നികുതിയും (ജി.എസ്.ടി) ഇതിനകം തന്നെ ചെറുകിട-ഇടത്തരം വ്യാപാരികളുടെ നടുവൊടിച്ചതാണ്; സാധാരണക്കാർക്ക് ജീവിതഭാരം ദുസ്സഹമായി. അതിനു പുറമെയാണ് നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുന്ന ഇന്ധനവിലയുടെ ഭാരം. പെട്രോൾ, ഡീസൽ വിലകളൊന്നും സാധാരണക്കാരെ ബാധിക്കില്ലെന്ന തിയറിയുമായി ചില കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങിയെങ്കിലും സർക്കാറിെൻറ സാമ്പത്തികഭരണത്തിെൻറ കെടുതികൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളിൽ അത് ഏശിയിട്ടില്ല.
ഇന്ധനവില കുറക്കുമെന്നും രൂപയുടെ മൂല്യം വർധിപ്പിക്കുമെന്നും വാക്കുപറഞ്ഞാണ് നരേന്ദ്ര മോദി വോട്ടുചോദിച്ചിരുന്നത്. അത് നടന്നില്ലെന്നു മാത്രമല്ല, എണ്ണവില എൺപതും രൂപ ഡോളറിന് എഴുപതും കടന്ന് കുതിക്കുന്നതാണ് രാജ്യം കണ്ടത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോഴും ഇവിടെ എണ്ണവില പൊങ്ങിക്കൊണ്ടിരുന്നു. എണ്ണവില നിയന്ത്രണം കേന്ദ്രം കൈയൊഴിഞ്ഞതോടെ വിലയുടെ കാര്യത്തിൽ നമുെക്കാന്നും ചെയ്യാനില്ലെന്ന മറുപടിയാണ് കേന്ദ്രം കുറച്ചുനാളായി നൽകിവന്നത്. അത് ശരിയല്ലെന്ന ഏറ്റുപറച്ചിൽ കൂടിയാണ് ഇപ്പോൾ വരുത്തിയ വിലക്കുറവ്.
എന്നാൽ, ഇതൊരു രാഷ്ട്രീയക്കസർത്ത് മാത്രമാണെന്ന് തോന്നിക്കുന്നതാണ് സർക്കാർ വിശദീകരണം. തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുന്നു. സമ്പദ്രംഗം സാധാരണക്കാരെ ഞെരുക്കുന്നു. അവശ്യസാധനങ്ങളുടെ വില കുറച്ചുമുമ്പുവരെ ഏറിക്കൊണ്ടിരുന്നു; അത് ഇപ്പോഴും വളരെയൊന്നും കുറഞ്ഞിട്ടില്ല. അതേസമയം, കർഷകരുടെ ദുരിതം വർധിച്ചിേട്ടയുള്ളൂ. ഇത്തരമൊരവസ്ഥയിൽ വോട്ടർമാരെ അഭിമുഖീകരിക്കാൻ ആവശ്യമായ ചൊട്ടുവിദ്യകളാണ്, ജനങ്ങളുടെ കഷ്ടപ്പാടകറ്റുന്ന വലിയ നടപടികളെക്കാൾ സർക്കാറിന് പ്രിയമെന്ന് തോന്നുന്നു. ഒന്നര രൂപ തീരുവയിൽ ഇളവുവരുത്തിയ കേന്ദ്രം സംസ്ഥാനങ്ങളോട് രണ്ടര രൂപ കുറക്കാൻ ആവശ്യപ്പെടുന്നു.
വിലക്കയറ്റത്തിൽ തങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞെന്നും ഇനി ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നും വാദിക്കാൻ ഇത് സൗകര്യമാകുമെങ്കിലും കേന്ദ്രത്തിനുതന്നെയാണ് ഇനിയും കൂടുതൽ ചെയ്യാനുള്ളത് എന്നതാണ് വസ്തുത. എണ്ണവില ജി.എസ്.ടിക്കു വിധേയമാക്കുകയും മറ്റു നികുതികളും തീരുവകളും ഒഴിവാക്കുകയുമാണ് ഒന്ന്. ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത് കേന്ദ്രംതന്നെയാണ്. രാജ്യം മുഴുവൻ ഒരൊറ്റ നികുതിസംവിധാനത്തിൽ എന്ന മുദ്രാവാക്യവുമായി തുടങ്ങിയ ജി.എസ്.ടി, ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന എണ്ണക്ക് ബാധകമല്ലെന്നത് അയുക്തികവും വഞ്ചനാപരവുമാണ്. ജി.എസ്.ടിയുടെ ദോഷങ്ങളും എണ്ണവിലയുടെ തന്നിഷ്ട നികുതി സംവിധാനവും ഒരേസമയം അനുഭവിക്കേണ്ടിവരുന്നുണ്ട് ജനങ്ങൾ. പിഴിയാവുന്നതിെൻറ പരമാവധി എന്നതുമാത്രമാണ് ഇതിലെ യുക്തി. കേന്ദ്രത്തിന് സ്വീകരിക്കാവുന്ന മറ്റൊരു നടപടി, എണ്ണയുടെ തീരുവ ഗണ്യമായി കുറക്കുകയാണ്. ഇതു ചെയ്തശേഷം സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി (വാറ്റ്) കുറക്കാൻ പറയുന്നതിൽ ന്യായമുണ്ട്. ഇന്ന്, അന്താരാഷ്ട്ര നിരക്കനുസരിച്ച് ഇൗടാക്കാവുന്നതിെൻറ ഇരട്ടി തുകയോളം എണ്ണക്ക് വില വരുന്നുണ്ട് -തീരുവയും നികുതിയും അത്രയേറെയാണ്. അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞപ്പോഴും കേന്ദ്രം തീരുവനിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യ എണ്ണ സംസ്കരിച്ച് പല രാജ്യങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്നതും നാട്ടിലെ എണ്ണവിലയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണല്ലോ.
നൂറു ശതമാനത്തിലേറെവരുന്ന കേന്ദ്ര, സംസ്ഥാന നികുതികളാണ് ജനങ്ങൾക്ക് ദുസ്സഹഭാരമാകുന്നത്. ഇപ്പോൾ കേന്ദ്രം വരുത്തിയ തീരുവക്കുറവ്, ഇപ്പോഴത്തെ സർക്കാർ വർധിപ്പിച്ചതിെൻറ പത്തിലൊന്നേ ആവുന്നുള്ളൂ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടിയ എണ്ണനികുതി നമ്മുടേതാണ്. കഴിഞ്ഞ ആഗസ്റ്റ് 15നുശേഷം മാത്രം മുപ്പതിലേറെ തവണയാണ് എണ്ണവില വർധിപ്പിച്ചത്. കേന്ദ്രം എണ്ണയിൽനിന്ന് ഇൗടാക്കുന്ന തുകയിൽ 130 ശതമാനം വർധനയുണ്ടായെങ്കിൽ (ഡീസലിന് 300 ശതമാനം) സംസ്ഥാനങ്ങളുടെ വരുമാനം 34 ശതമാനമാണ് വർധിച്ചത്. 2013ൽ അസംസ്കൃത എണ്ണക്ക് 109 ഡോളറായിരുന്നപ്പോൾ ഇവിടെ പെേട്രാൾവില ലിറ്ററിന് 74 രൂപയായിരുന്നു -അതുപോലും വളരെ കൂടുതലാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ മോദിഭരണത്തിൽ, ഇെക്കാല്ലം അസംസ്കൃത എണ്ണക്ക് 76 ഡോളറായപ്പോൾ നാട്ടിൽ എണ്ണവില ലിറ്ററിന് 80 രൂപയായതും കണ്ടു. അടുത്തകാലത്ത് 25 രൂപയുടെ വർധന വരുത്തിയിട്ട് അതിൽനിന്ന് രണ്ടര രൂപ കുറക്കുന്നത് ജനങ്ങളെ പരിഹസിക്കലാണ്.
എണ്ണവില ജി.എസ്.ടിക്കു കീഴിലാക്കുകയും അതിനു കഴിയില്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇൗടാക്കുന്ന നികുതിയിൽ ഗണ്യമായ കുറവുവരുത്തുകയുമാണ് വേണ്ടത്. വർധിച്ച എണ്ണവില ഇന്ധന ഉപയോഗം കുറക്കുമെന്നും പരിസ്ഥിതിക്ക് അത് ഗുണംചെയ്യുമെന്നും ചിലർ വാദിച്ചുനോക്കുന്നുണ്ട്. എണ്ണ ഉപഭോഗം കുറക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അത് ബദൽ ഉൗർജസ്രോതസ്സുകൾ വികസിപ്പിച്ചുകൊണ്ടേ കഴിയൂ. തെറ്റായ സാമ്പത്തികനയങ്ങളുടെ ഭാഗമായി എണ്ണവില അസഹനീയ തലത്തിലേക്ക് ഉയർത്തുകയും എന്നിട്ടതിനെ ‘ശുദ്ധഉൗർജ’ത്തിലേക്കുള്ള പ്രയാണമായി ന്യായീകരിക്കുകയും ചെയ്യുന്നത് പരിഹാസ്യമെന്നേ പറയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.