എണ്ണത്തീയിൽ എരിയുന്ന രാജ്യവും ജനങ്ങളും
text_fieldsകഴിഞ്ഞമാസം, ബി.ജെ.പിയുടെ 38ാം വാർഷിക ദിനത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ, പാർട്ടി അധ്യക്ഷൻ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനം വലിയ വാർത്തയായിരുന്നു. ഇന്ധനവില സമീപ ഭാവിയിൽതന്നെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുമെന്നും അതുവഴി പെട്രോളിെൻറയും ഡീസലിെൻറയും വില ഗണ്യമായി കുറക്കാനാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ടു ദിവസം മുമ്പ്, ഇൗ വാഗ്ദാനത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ ഒാർമിപ്പിച്ചപ്പോൾ അമിത് ഷാ വല്ലാതെ ക്ഷുഭിതനായി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇന്ധനവില മാറ്റമില്ലാതെ നിർത്തിയതിെൻറ രഹസ്യമാണ് ആ മാധ്യമപ്രവർത്തകൻ തമാശ രൂപേണ ചോദിച്ചത്. വിശ്വാസവോട്ടിന് നിമിഷങ്ങൾക്ക് മുമ്പ്, മറ്റുമാർഗമില്ലാതെ യെദിയൂരപ്പക്ക് രാജിവെക്കേണ്ട സാഹചര്യം വിശദീകരിച്ച ആ വാർത്തസമ്മേളനം നടക്കുേമ്പാൾ രാജ്യത്ത് എണ്ണവില സർവകാല റെക്കോഡിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത്, എണ്ണക്കമ്പനികളുടെ സഹായത്തോടെ മൂന്നാഴ്ചയോളം പിടിച്ചുനിർത്തിയ എണ്ണവില ഇപ്പോൾ റോക്കറ്റ് വേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി പത്താം ദിവസവും വില വർധിച്ച് കേരളത്തിൽ പെട്രോളിന് 81ഉം ഡീസലിന് 73ഉം കടന്നിരിക്കുകയാണ്. ആഗോള, ദേശീയ സാഹചര്യങ്ങൾ പരിഗണിക്കുേമ്പാൾ ഇനിയും വിലവർധനക്കുതന്നെയാണത്രെ സാധ്യത. ചില പ്രസ്താവനകൾക്കപ്പുറം, ഇൗ പ്രതിസന്ധിയെ നേരിടാനുള്ള ഒരു നടപടിയും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നത് നമ്മുടെ ഭരണകൂടം ആരുടെ പക്ഷത്ത് നിൽക്കുന്നുവെന്നതിെൻറ വ്യക്തമായ സൂചനയാണ്.
ദക്ഷിണേഷ്യയിൽ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില ഇൗടാക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതും വിവിധ രാജ്യങ്ങൾ ഉൽപാദനം കുറച്ചതും ഡോളറിെൻറ മൂല്യം കൂടിയതുെമാക്കെയാണ് വില വർധനവിന് കാരണമായി പതിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അധികാരികളുടെ ഇൗ വിശദീകരണത്തിൽ ഒേട്ടറെ വൈരുധ്യങ്ങളുണ്ട്. ഇപ്പോഴത്തേതിന് സമാനമായ അവസ്ഥ നിലനിന്നിരുന്ന 2013ലെ ഇന്ധനവിലയും ആഗോള വിപണിയിലെ വിലയും തമ്മിൽ താരതമ്യം ചെയ്താൽ ഇക്കാര്യം എളുപ്പത്തിൽ ബോധ്യമാകും. അന്ന് അസംസ്കൃത എണ്ണ ബാരലിന് 124 ഡോളർ ആയിരുന്നപ്പോഴാണ് പെട്രോൾ വില 75ന് മുകളിലെത്തിയത്. ഇപ്പോൾ ക്രൂഡോയിൽ വില കൂടിയെന്ന് പറയുേമ്പാഴും അത് 80 ഡോളർ മാത്രമാണ്. മാത്രമല്ല, ക്രൂഡോയിൽ വില 40 ഡോളറിലെത്തിയപ്പോൾ രാജ്യത്ത് ഇന്ധനവില കുറക്കാൻ സർക്കാർ തയാറായതുമില്ല. അഥവാ, ആഗോള വിപണിയിലെ എണ്ണ വിലക്കനുസരിച്ച് മാത്രമല്ല ഇവിടെ വിലനിർണയിക്കുന്നതെന്നർഥം. ഇവിടെയാണ് കോർപറേറ്റുകളായ എണ്ണക്കമ്പനികളും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിെൻറ കെട്ടകഥകൾ പുറത്തുവരുന്നത്. 2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധന വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിയതോടെയാണ് രാജ്യത്ത് പച്ചയായ എണ്ണക്കൊള്ളയുടെ ആരംഭമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇൗ എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന തരത്തിലാണ് പിന്നീട് വന്ന മോദി സർക്കാറും പ്രവർത്തിച്ചു തുടങ്ങിയത്. നേരത്തെ, രണ്ടാഴ്ച കൂടുേമ്പാഴായിരുന്നു എണ്ണവില പുതുക്കി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വർഷം മധ്യത്തോടെ അത് പ്രതിദിനമാക്കി മാറ്റി, കൊള്ള ശരവേഗത്തിലായി. ഇതിനുപുറമെയാണ് എക്സൈസ് ഡ്യൂട്ടി ക്രമാതീതമായി വർധിപ്പിച്ചത്. മോദി അധികാരത്തിലെത്തിയശേഷം, എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത് ഒമ്പതു തവണയാണ്. കഴിഞ്ഞ ഒക്ടോബറിൽ വലിയ സമ്മർദത്തെ തുടർന്ന് രണ്ട് രൂപ എക്സൈസ് ഡ്യൂട്ടി കുറച്ചു. കൃത്യമായ മാനദണ്ഡമില്ലാതെ തോന്നുംപടി എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. നോക്കൂ, 2013ൽ പെട്രോളിെൻറ കേന്ദ്ര നികുതി അടിസ്ഥാന വിലയുടെ ഒമ്പതര ശതമാനമായിരുന്നുവെങ്കിൽ ഇപ്പോഴത് 19.5 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. 105 ശതമാനമാണ് അഞ്ചു വർഷത്തിനുള്ളിൽ വർധിപ്പിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ സംസ്ഥാന നികുതിയിൽ 28 ശതമാനവും ഉയർത്തിയിട്ടുണ്ട്. ഇൗ നികുതി വർധനവിലൂടെ കഴിഞ്ഞ വർഷം മാത്രം കേന്ദ്രം അധികമായി സമ്പാദിച്ചത് 2.7 ലക്ഷം കോടി രൂപയാണ്. ഇപ്പോൾ ഇൗ എക്സൈസ് ഡ്യൂട്ടിയിൽ നേരിയ ഇളവ് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് കേന്ദ്ര സർക്കാറിെൻറ ശ്രമം.
ലോകത്തെ ആറാമത്തെ സമ്പന്ന രാഷ്ട്രമെന്ന് മോദിയും സംഘവും അഭിമാനം കൊള്ളുേമ്പാൾ തന്നെയാണ് ജനങ്ങൾ എണ്ണത്തീയിൽ ഇങ്ങനെ എരിഞ്ഞൊടുങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നത്. ഭരണകൂടം ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്ന് വ്യക്തം. മോദി സർക്കാർ അധികാരമേറ്റ ശേഷം കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണ നടപടികളെല്ലാം സാധാരണക്കാർക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചിട്ടുള്ളതെന്ന് ആർക്കാണ് അറിയാത്തത്. നോട്ടുനിരോധനം മുതൽ ജി.എസ്.ടി വരെയുള്ള ‘പരിഷ്കരണ’ങ്ങൾ ഏൽപിച്ച ആഘാതത്തിൽനിന്നും രാഷ്ട്രം ഇനിയും മുക്തമായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് ഇൗ രംഗത്തെ പ്രമുഖർ ഇതിനകം തന്നെ സൂചന നൽകിക്കഴിഞ്ഞു. ഡോളറിെനതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നത് ഇതിെൻറ പ്രത്യക്ഷമായ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇന്ധനവില വർധന സ്വാഭാവികമായും വിലക്കയറ്റത്തിലേക്കും നാണ്യപ്പെരുപ്പത്തിലേക്കും നയിക്കും. ഇത് അത്യന്തികമായി രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതയെ തന്നെയാണ് ബാധിക്കുക. ഇന്ധനവിലയിൽനിന്ന് പരമാവധി നികുതി പിരിക്കുകയെന്ന നയമാണ് ഇവിടെ ആദ്യം തിരുത്തപ്പെടേണ്ടത്. അത് സർക്കാറിന് വരുമാനമുണ്ടാക്കുമെങ്കിലും ജനങ്ങൾക്ക് ഭാരമാണ്. അമിത് ഷാ സൂചിപ്പിച്ചതുപോലെ, ഇന്ധനവിലയും ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവന്ന് നികുതി ഏകീകരിക്കുക എന്നതാണ് ഏറ്റവും ശാസ്ത്രീയമായ പരിഹാരമാർഗം. അതിനുള്ള ഇച്ഛാശക്തി ഇൗ ഭരണകൂടത്തിനുണ്ടോ എന്നതാണ് ചോദ്യം. എക്സൈസ് ഡ്യൂട്ടിയിൽ നേരിയ ഇളവ് പ്രഖ്യാപിക്കാനുള്ള പൊടിക്കൈ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.