വിലവർധനവിെൻറ പ്രായോജകർ സർക്കാർതന്നെയാണ്
text_fields
പെട്രോളിയം ഇന്ധനങ്ങളുടെ വില കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്നനിലയിൽ എത്തിയിരിക്കുന്നു. ഏതാനും ചെറു സംഘങ്ങളുടെ പ്രതിഷേധങ്ങൾ മാറ്റിനിർത്തിയാൽ തെരുവ് നിശ്ശബ്ദമാണ്. 2017 ജൂൺ 16 മുതൽ ആരംഭിച്ച പ്രതിദിന വിലനിർണയത്തിനു ശേഷം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു രൂപയിലധികമാണ് വില വർധിച്ചിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന ജനതകളിലൊന്നായി മാറിയിരിക്കുന്നു ഇന്ത്യക്കാർ. ഒരു ലിറ്റർ പെട്രോൾ മലേഷ്യയിൽ 36 രൂപക്കും പാകിസ്താനിൽ 45 രൂപക്കും ലഭിക്കുമ്പോൾ അസംസ്കൃത എണ്ണയുടെ വില ശരാശരി 50 ഡോളറിൽ താഴെ നിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യക്കാരൻ ചെലവഴിക്കേണ്ടിവരുന്നത് 73ലധികം രൂപയാണ്. സാധാരണക്കാരെൻറ കീശയിലെ നാണയത്തുട്ടുകൾ വൻകിട എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് നിർലോഭം കൊള്ളയടിക്കുമ്പോൾ പ്രതിഷേധങ്ങളില്ലാതെ വിധേയപ്പെടാനും പലപ്പോഴും വിവരംതന്നെ അറിയാതെ പോകുന്നതിനും ഇടവരുത്തിയത് 2017 ജൂൺ മുതൽ ദിനംപ്രതി എണ്ണവില നിർണയിക്കാൻ എണ്ണക്കമ്പനികൾക്ക് മോദി സർക്കാർ അധികാരം നൽകിയതുമൂലമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവുകളുടെ ഗുണം പെെട്ടന്നുതന്നെ ജനങ്ങൾക്ക് എത്തിക്കാനാെണന്ന പേരിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ എണ്ണക്കമ്പനികൾക്കും സർക്കാറിനും ജനങ്ങളുെട പണം പിടുങ്ങാനായിരുന്നുവെന്ന് സ്ഥിരീകരിക്കുകയാണ് പുതിയ സംഭവങ്ങൾ.
മോദി സർക്കാർ അധികാരമേറ്റ ശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉൽപന്നങ്ങളുെട എക്സൈസ് തീരുവ ഉയർത്തിയത്. യു.പി.എ ഭരണകാലത്ത് പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് നികുതി. എന്നാൽ, മൂന്നു വർഷത്തിനുള്ളിൽ യഥാക്രമം 21.48 രൂപയും (226 ശതമാനം) 17.33 രൂപയും (486 ശതമാനം) ആയി അവയെ മോദി സർക്കാർ മാറ്റിയിരിക്കുന്നു. അമിതമായ ഈ നികുതികളാണ് വില വർധനവിൽ പ്രധാന വില്ലൻ. ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 50 ഡോളറെന്ന നിലവിലെ നിരക്കിൽ സംസ്കരണ, ഗതാഗതച്ചെലവുകൾ കഴിച്ചാൽ പൊതുജനത്തിന് ലിറ്ററിന് 30 രൂപക്ക് നൽകാനാകുമെന്ന് ഓയിൽ കമ്പനികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 26.65 രൂപക്ക് റിഫൈനറികളിൽനിന്ന് വാങ്ങുന്ന ഇന്ധനം വിതരണക്കാർക്ക് വാറ്റടക്കമുള്ള നികുതി ഈടാക്കാതെ എണ്ണക്കമ്പനികൾ നൽകുന്നത് 29.96 രൂപക്കാണത്രെ. വിവിധ പേരുകളിൽ ചുമത്തിയിട്ടുള്ള അമിതമായ നികുതികളും കമ്പനികളുടെ കൊള്ളലാഭവുംതന്നെയാണ് വിലവർധനവിെൻറ നിദാനമെന്ന് വ്യക്തമായിട്ടും എണ്ണക്കമ്പനികൾക്ക് കൈമാറിയ അധികാരത്തിൽ ഇടപെടാനാവില്ലെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാെൻറ ഉറച്ച നിലപാട്. ഭരണകർത്താക്കളുടെ കൂറ് കോർപറേറ്റുകളോടാെണന്ന് ബോധ്യപ്പെടുത്തുന്നതാണ് സങ്കീർണമായ പശ്ചാത്തലത്തിലും മന്ത്രിയുടെ സമീപനം.
ആഗോളതലത്തിൽ എണ്ണ വിലയിടിവ് അഭ്യന്തര വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ഊർജിതപ്പെടുത്തുകയും ചെയ്യും; വിശേഷിച്ച്, 70 ശതമാനത്തിലധികം പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോെലയുള്ള രാജ്യങ്ങളിൽ. പെെട്ടന്നുണ്ടാകുന്ന വിലവർധനവ് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സമ്പദ്വ്യവസ്ഥയിൽ അപ്രതീക്ഷിതമായ ആഘാത പ്രത്യാഘാതങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഓയിൽ പൂൾ അക്കൗണ്ട് സിസ്റ്റം. വില വർധിച്ചാൽ അക്കൗണ്ടിൽനിന്ന് നൽകിയും കുറഞ്ഞാൽ ലഭിക്കുന്ന അധിക വരുമാനം ഫണ്ടിൽ നിക്ഷേപിച്ചും ഇന്ധന വില സ്ഥായിയായി നിലനിർത്തിയിരുന്ന സമ്പ്രദായത്തെ എടുത്തുകളഞ്ഞത് ആഗോളീകരണത്തിെൻറ മലവെള്ളപ്പാച്ചിലിലായിരുന്നു. ഘട്ടംഘട്ടമായി വില നിയന്ത്രണം എടുത്തുമാറ്റി വിപണിക്ക് പൂർണമായി വിട്ടുകൊടുക്കുകയെന്ന കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന സമീപനം 2002ൽ വാജ്പേയി സർക്കാറാണ് നടപ്പാക്കിയത്. അതിെൻറ പൂർത്തീകരണമായിരുന്നു 2017 ജൂണിൽ ദിനംപ്രതി വില നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്ത മോദി സർക്കാർ എടുത്ത തീരുമാനം.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നിർദാക്ഷിണ്യം അടിച്ചേൽപിച്ച നികുതികൾ പിൻവലിച്ചാൽതന്നെ വിലക്കുറവിെൻറ ഗുണവശങ്ങൾ ജനങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. സ്വാഭാവികമായും ആഭ്യന്തര വിപണിയെ ചടുലമാക്കാനും അതിലൂടെ കഴിയും. പക്ഷേ, അത്തരമൊരു തീരുമാനമെടുക്കാൻ നിലവിൽ സർക്കാറിനാകില്ല. കാരണം, നോട്ട് റദ്ദാക്കലിെൻറ പ്രത്യാഘാതമായി ആഭ്യന്തര ഉൽപാദന വളർച്ച രണ്ടു ശതമാനത്തോളമാണ് കുറഞ്ഞത്. തൊഴിലില്ലായ്മ പെരുകുകയും വിവിധ മേഖലക്ക് സാമ്പത്തിക മാന്ദ്യം പിടികൂടുകയും ചെയ്യുന്ന അവസരത്തിൽ സർക്കാറിന് ചുളുവിൽ വരുമാനം നിലനിർത്താനുള്ള ഏക മാർഗം ഇന്ധന വിലയിലെ അമിത നികുതികൾതന്നെയാണ്. ഇന്ധന വില നിയന്ത്രണാതീതമായി കുതിച്ചുയരുന്നതിെൻറ ഗുണഭോക്താവ് സർക്കാറും അവരുടെ ഇഷ്ടക്കാരായ കോർപറേറ്റുകളുമായിരിക്കെ വിലനിർണയത്തിൽ സർക്കാർ ഇടപെടുമെന്നും ഭരണകർത്താക്കൾ ജനങ്ങളുടെ രക്ഷകരായിത്തീരുമെന്നും കരുതുന്നത് എത്രമാത്രം മൗഢ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.