പ്ലസ് വൺ പ്രവേശനം: സർക്കാർ നയം തിരുത്തിയേ തീരൂ
text_fieldsപ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷ നൽകിയ വിദ്യാർഥികളിൽ (4,65,219) പകുതിയിലേറെ പേരും (2,46,801) ആദ്യ അലോട്ട്മെൻറിൽ പുറത്തായിരിക്കുന്നു. ഇനി അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ടകളിലെ 60,258 സീറ്റുകളിലും ഫീസ് കൊടുത്ത് പഠിക്കേണ്ട 55,157 അൺ എയ്ഡഡ് സീറ്റുകളിലും പൂർണമായ പ്രവേശനം നടന്നാലും 78,668 കുട്ടികൾ ക്ലാസ് റൂമുകൾക്കു പുറത്താകും. അങ്ങനെ പുറത്താകുന്നവരിൽ മഹാഭൂരിഭാഗവും മലബാർ മേഖലയിലെ വിദ്യാർഥികളാണ്. ഒട്ടും അത്ഭുതപ്പെടുത്തുന്നതോ അപ്രതീക്ഷിതമോ അല്ല ഇവയൊന്നും. ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ എ പ്ലസുകാർ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വർധിച്ച സാഹചര്യത്തിൽ മികച്ച ഗ്രേഡോടെ പാസായാലും ഹയർ സെക്കൻഡറി പഠനത്തിന് ആഗ്രഹിച്ച സ്കൂളോ ഇഷ്ടപ്പെട്ട കോമ്പിനേഷനോ ലഭിക്കാത്ത മലബാറിലെ മുൻകാല അവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിവേകമതികളും ഒച്ചയിട്ട് സർക്കാറിനെ ഉണർത്തിയതാണ്. അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നതുമാണ്. ഹയർ സെക്കൻഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കാൻ നിശ്ചയിച്ച റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായ ജില്ലതല കമ്മിറ്റികളിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയിലും ഇത് ശക്തമായി ഉന്നയിക്കുകയും ചെയ്തതാണ്. എന്നിട്ടും അധിക സാമ്പത്തികബാധ്യത വരുമെന്ന കാരണം പറഞ്ഞ് സർക്കാർ അവ നിഷ്കരുണം തള്ളിക്കളഞ്ഞു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ ഇൗ അധ്യയനവർഷം പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിെൻറ ബാക്കിപത്രമാണ് സമാന്തര പഠനമാർഗം അവലംബിക്കേണ്ടിവരുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾ. മലബാർ മേഖലയിലെ കുട്ടികൾക്ക് സീറ്റുകൾ ലഭിക്കാതെ പഠനം ദുസ്സഹമാകുമ്പോഴും കഴിഞ്ഞ വർഷങ്ങളിൽ അഞ്ചു ജില്ലകളിൽ കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ അനീതിയും പ്രാദേശിക അസന്തുലിതാവസ്ഥയും പരിഹരിക്കേണ്ടതിനു പകരം പുതിയ ഉത്തരവിലൂടെ കഴിഞ്ഞ വർഷത്തെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ഇത് പ്രാദേശിക അസന്തുലിതത്വത്തെ ശക്തിപ്പെടുത്തുന്നതും പഠനമാഗ്രഹിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധവുമാണ്. കൗതുകകരമായ കാര്യം, ലക്ഷക്കണക്കിന് വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ വ്യസനിച്ച് നിൽക്കുമ്പോഴും മുന്നാക്ക സംവരണത്തിനായി നീക്കിവെച്ച സീറ്റുകളിൽ മൂന്നിലൊന്ന് ഭാഗവും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നുവെന്നതാണ്. സാമ്പത്തിക സംവരണത്തിലൂടെ എത്ര ഭീകരമായാണ് സാമൂഹികനീതി റദ്ദാക്കപ്പെടുന്നതെന്നതിന് ഇത്രയും മികച്ച ഉദാഹരണം കാണുകയില്ല. സാമൂഹികനീതിയുടെ അട്ടിമറിയും പ്രാദേശിക അസന്തുലിതാവസ്ഥയും സർക്കാർ മേൽനോട്ടത്തിൽ ആസൂത്രിതമായി അരങ്ങേറുന്നുവെന്നതിെൻറ കൃത്യമായ പാഠ്യോദാഹരണമാണ് പ്ലസ് ടു പ്രവേശന മാമാങ്കം.
സവർണ വിദ്യാർഥികൾക്കായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാൾ ദലിത് പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രവിദ്യാർഥികൾ പാഠശാലകളുടെ പടിക്കു പുറത്ത് ഇടംകിട്ടാതെ നിൽക്കേണ്ടിവരുന്ന വർണാശ്രമക്കാഴ്ച നവോത്ഥാന കേരളത്തിലെ ഭരണകൂടം കാണാഞ്ഞിട്ടല്ല, കണ്ടില്ലെന്നു നടിക്കുകതന്നെയാണ്.യഥാർഥത്തിൽ ജനപക്ഷത്ത് നിലയുറപ്പിക്കുന്ന ഏതൊരു സർക്കാറിെൻറയും പ്രഥമ ബാധ്യതയാണ്, വിഭിന്ന സാമൂഹിക സാഹചര്യങ്ങളിൽ പിന്നാക്കംപോയ ദേശങ്ങളുടെയും സമൂഹങ്ങളുടെയും വൈജ്ഞാനിക പരിശ്രമങ്ങളെ സാക്ഷാത്കരിച്ചുനൽകുകയെന്നത്. പിന്നാക്കമായ പ്രദേശങ്ങളും ജനതകളും പുതിയ കാലത്ത് വർധിതവീര്യത്തോടെ ഉണർന്നെഴുന്നേൽക്കുമ്പോൾ അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ വൈമുഖ്യം കാണിക്കുകയും അവരുടെ വളർച്ചക്ക് തടസ്സമാകുന്ന ഭരണകൂട തീരുമാനമെടുക്കുകയും ചെയ്യുന്നത് ഇരട്ട അനീതിയാണ്. മലബാർ മേഖലയിലുള്ളവർ ഈ ഇരട്ട അനീതിക്കിരയാകുമ്പോൾതന്നെ അവരുടെ അടിസ്ഥാന ആവശ്യങ്ങളെ മുസ്ലിം പ്രീണനമായും വർഗീയവാദമായും സങ്കുചിത പ്രാദേശികവാദമായും ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. നീതി സാക്ഷാത്കരിക്കുന്നതിന് ഇവ ഒട്ടും സഹായിക്കുകയില്ലെന്നു മാത്രമല്ല, നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയും പരിഹാരം അസാധ്യമാക്കുകയും ചെയ്യുന്നു.
മലബാർ മേഖലയിലെ സ്കൂളുകളിലും കലാലയങ്ങളിലും അധിക ബാച്ചുകൾ ആരംഭിക്കുകയോ പുതിയ സ്ഥാപനങ്ങൾ തുടങ്ങുകയോ ചെയ്യാതെ അവിടത്തെ വിദ്യാഭ്യാസപ്രശ്നങ്ങൾ പരിഹരിക്കുക അസാധ്യമാണ്. അതാണ് നീതിയുടെ തേട്ടവും. പ്ലസ് ടുവിന് അധിക ബാച്ച് ആരംഭിക്കുകയില്ലെന്ന ഉത്തരവ് റദ്ദാക്കി വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്തുനിൽക്കുന്ന മേഖലകളിൽ അവ തുടങ്ങാൻ സർക്കാർ അടിയന്തരമായി ഉത്തരവിടണം. സാമ്പത്തിക സംവരണം ഒരു സാമൂഹിക ദുരന്തമായിരുന്നുവെന്ന് തെളിയിക്കുന്നു ഒഴിഞ്ഞ സീറ്റുകളുടെ എണ്ണം. അവ പുനരാലോചിക്കാനും സർക്കാർ തയാറാകണം. നീതിയാണ് സാമൂഹിക സ്വാസ്ഥ്യത്തിെൻറ അടിപ്പടവ്. അവ നിർമിക്കലാണ് സർക്കാറിെൻറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.