വിൽക്കാനുണ്ട് വിഷം പുരട്ടിയ വാർത്തകൾ
text_fieldsവിവരവിപ്ലവത്തിെൻറയും നിർമിത ബുദ്ധിയുടെയും (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) പുതിയ കാലത്ത്, നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ എങ്ങനെയെല്ലാം സമീപിക്കുമെന്ന് കേംബ്രിജ് അനലിറ്റിക വിവാദം വ്യക്തമാക്കുന്നുണ്ട്. പ്രത്യേക സൈബർ ആപ്ലിക്കേഷനുകൾ ഉപേയാഗിച്ച് വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് വ്യാജവാർത്തകളും മറ്റും തുടർച്ചയായി അയാളുടെ ഫേസ്ബുക്ക് വാളിൽ നൽകി തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തന രീതി. അത്യധികം അപകടകരമായ ഇൗ തെരഞ്ഞെടുപ്പ് പരീക്ഷണം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയെന്നും ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ അതിെൻറ ആനുകൂല്യത്തിൽ അധികാരത്തിലെത്തിയെന്നും ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. ജനാധിപത്യ സംവിധാനത്തെത്തന്നെ തകർക്കാൻ പര്യാപ്തമായ ഇൗ ‘ആപ്’ നമ്മുടെ രാജ്യത്ത് പ്രയോഗിക്കാൻ ബി.ജെ.പിയും കോൺഗ്രസുമെല്ലാം ഒരുങ്ങിയെന്ന കേംബ്രിജ് അനലിറ്റികയുടെ മുൻ ജീവനക്കാരെൻറ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനിടയിൽ, ഇൗ സംഭവത്തോട് ചേർത്തുവെക്കാവുന്ന മറ്റൊരു വാർത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. കോബ്രേപാസ്റ്റ് എന്ന േപാർട്ടൽ നടത്തിയ ഒളികാമറ അന്വേഷണമായിരുന്നു അത്. രാജ്യത്തെ ഏതാനും മുഖ്യധാര മാധ്യമങ്ങൾ പണം വാങ്ങി ഹിന്ദുത്വയുടെയും അതുവഴി സംഘ്പരിവാർ ഭരണത്തിെൻറയും പ്രചാരകരാകുന്നുവെന്നാണ് പുഷ്പ് ശർമ എന്ന പത്രപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫാഷിസ്റ്റ് പ്രവണതകൾ പലരീതിയിൽ പ്രകടമായ ഒരു രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ, ഏറെ ആശങ്കക്ക് വകനൽകുന്നതാണ് കോബ്രപോസ്റ്റിെൻറ ‘ഒാപറേഷൻ 136’.
ഉത്തരേന്ത്യയിലെ പത്ര, ടെലിവിഷൻ ചാനലുകളെയാണ് പുഷ്പ് ശർമ പെയ്ഡ് ന്യൂസ് വാഗ്ദാനവുമായി സമീപിച്ചത്. ഹിന്ദുത്വ സംഘടനയായ ‘ശ്രീമത് ഭഗവത് ഗീത പ്രചാരക് സമിതി’യുടെ വക്താവ് ‘ആചാര്യ അടൽ’ എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിെൻറ ന്യൂസ്റൂം സന്ദർശനങ്ങൾ. 2019ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുന്നതിന് ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചാൽ കോടികൾ പ്രതിഫലമായി നൽകാെമന്നായിരുന്നു വാഗ്ദാനം. ‘ദൈനിക് ജാഗരൺ, അമർ ഉജാല, ഇന്ത്യ ടി.വി തുടങ്ങി നാൽപതോളം മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ ഇൗ കെണിയിൽ വീണുവെന്ന് പുറത്തുവന്ന വിഡിയോ ശകലങ്ങളും ശബ്ദരേഖകളും വ്യക്തമാക്കുന്നു. മൂന്നു ഘട്ടങ്ങളിൽ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കണമെന്നാണ് ‘ആചാര്യ’യുടെ ആവശ്യം. ആദ്യഘട്ടത്തിൽ അൽപം മതവിദ്വേഷമൊക്കെ കലർത്തി ‘മൃദുഹിന്ദുത്വം’ പ്രചരിപ്പിക്കണം. രണ്ടാം ഘട്ടത്തിൽ കാര്യമായും പ്രതിപക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുകയാണ് വേണ്ടത്; ഒപ്പംസ്വന്തക്കാരെ വാഴ്ത്തുകയും വേണം. രാഹുൽ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെയൊക്കെ കാര്യമായി കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. അവസാനഘട്ടത്തിൽ മറയില്ലാത്ത പ്രചാരണം തന്നെയാണ് നടത്തേണ്ടത്. പലരും ഇതിന് സമ്മതം മൂളുക മാത്രമല്ല, തങ്ങളുടെ വാർത്തകൾ സോഷ്യൽമീഡിയയിൽ കൂടി പ്രചരിപ്പിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ രജത് ശർമയടക്കമുള്ളവർ ‘ഒാപറേഷൻ 136’ൽ കുടുങ്ങിയിട്ടുണ്ട്. താൻ സംസാരിച്ച മാധ്യമപ്രവർത്തകരെല്ലാം ഇൗ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് പുഷ്പ് ശർമ പറയുന്നുണ്ട്. കള്ളപ്പണമായി പ്രതിഫലം സ്വീകരിക്കാൻപോലും പലരും തയാറായത്രെ. കോബ്രപോസ്റ്റിെൻറ വെളിപ്പെടുത്തൽ കെണിയിൽപെട്ട മാധ്യമങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും, പുറത്തുവന്ന തെളിവുകളുടെ വെളിച്ചത്തിൽ ആ നിഷേധത്തെ തള്ളിക്കളയാതെ വയ്യ. ഇവിടെ പെയ്ഡ് ന്യൂസ് മാത്രമല്ല ഇൗ മാധ്യമസ്ഥാപനങ്ങൾ ചെയ്തിരിക്കുന്ന കുറ്റം. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന വാർത്തകൾ ബോധപൂർവം നൽകുന്നുവെന്നതുകൂടിയാണ്.
ജനാധിപത്യത്തിെൻറ നാലാംതൂണെന്ന് നാം വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ എവിടെ എത്തിനിൽക്കുന്നുവെന്നതിെൻറ നിദർശകങ്ങളാണ് കേംബ്രിജ് അനലിറ്റികയും ‘ഒാപറേഷൻ 136’ഉം. അല്ലെങ്കിൽതന്നെ, മോദിയുടെ ഇന്ത്യയിൽ മറ്റേതൊരു മേഖലയിലുമെന്നപോലെ മാധ്യമ രംഗത്തും വലിയ അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ട്. രാജ്യം അതിനിർണായക സന്ധിയിലൂടെ കടന്നുപോകുേമ്പാൾ ക്രിയാത്മക ഇടപെടൽ നടത്തേണ്ട മാധ്യമങ്ങൾ അത് ചെയ്യുന്നില്ലെന്നുമാത്രമല്ല, പലപ്പോഴും ഭരണകൂടത്തിെൻറ പി.ആർ ഏജൻസികളായി വർത്തിക്കുന്നതായിട്ടാണ് കാണുന്നത്. സർക്കാറിനെതിരെ പ്രതികരിക്കാനും വിമർശിക്കാനും അപൂർവമായി മാത്രമേ നമ്മുടെ മാധ്യമങ്ങൾ മുതിരാറുള്ളൂ. ഇനി ആരെങ്കിലും ഒഴുക്കിനെതിരെ സഞ്ചരിക്കുന്നുവെങ്കിൽ അവരുടെ വായ് മൂടിക്കെട്ടാൻ പത്രമാരണ നിയമംവരെ കൊണ്ടുവരുമെന്ന നിലപാടാണ് കേന്ദ്രത്തിന്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ കൊണ്ടുവന്ന മാധ്യമനിയന്ത്രണ ബിൽ അത്തരത്തിലൊന്നായിരുന്നു. പത്രപ്രവർത്തനത്തിൽ ആക്ടിവിസത്തിെൻറ പാത സ്വീകരിച്ചവർക്കുള്ള ശിക്ഷ മരണമാണെന്നത് രാജ്യത്തെ മറ്റൊരു അപ്രഖ്യാപിത നിയമമായിരിക്കുന്നു. ഗൗരി ലേങ്കഷിൽ അവസാനിക്കുന്നില്ല നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങൾ. കഴിഞ്ഞദിവസം കൊല്ലപ്പെട്ട സന്ദീപ് ശർമയും വിജയ് സിങ്ങുമെല്ലാം ഭരണകൂടത്തിനെതിരെ പേനയെടുത്തവരായിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇത്തരത്തിൽ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ്, പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്ന പുതിയ സമസ്യകൾ കടന്നുവരുന്നത്. കേവലമായ വ്യാജവാർത്തകളാണ് മുസഫർ നഗറിലും കാസ്ഗഞ്ചിലുെമല്ലാം കലാപത്തിന് തിരികൊളുത്തിയതെന്ന് നമുക്കറിയാം. വിഷം പുരട്ടിയ പെയ്ഡ് ന്യൂസുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഇതിലും വലുതായിരിക്കുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.