ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഏൽക്കുന്ന പ്രഹരങ്ങൾ
text_fieldsസമഗ്രാധിപത്യത്തിെൻറ ഏറ്റവും വലിയ ലക്ഷണം വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ കഥകഴിച്ച് ദുർബലമായ ബദൽ സംവിധാനങ്ങളെ പ്രതിഷ്ഠിക്കാനുള്ള ത്വരയാണ്. ഇന്ദിര ഗാന്ധിയുടെ ഭരണംതൊട്ട് തുടക്കംകുറിച്ച ഈ പ്രവണത നരേന്ദ്ര മോദിയുടെ കഴിഞ്ഞ മൂന്നുവർഷത്തെ അധികാരവാഴ്ചക്കിടയിൽ എല്ലാ പരിധികളും ലംഘിച്ച്, അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഏറ്റവും കൂടുതൽ പ്രഹരങ്ങളേറ്റ പദവി ഗവർണറുടേതാണ്. രാജ്ഭവനുകളിൽ രാഷ്ട്രപതിയുടെ പ്രതിനിധിയായും ഭരണഘടനയുടെ കാവലാളായും ഉയർന്നൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഗവർണർമാർ ഡൽഹി സിംഹാസനത്തിലിരിക്കുന്നവരുടെ പാവകളായോ രാഷ്ട്രീയ ദല്ലാളുമാരായോ തരംതാഴുന്ന ദുര്യോഗം ഇന്ന് എല്ലാ പരിധികളും വിട്ട് ലജ്ജാവഹമായ അവസ്ഥയിലെത്തിയിട്ടുണ്ട്.
മൂന്നാംകിട രാഷ്ട്രീയക്കാരെയും കടുത്ത പക്ഷപാതികളായ ആർ.എസ്.എസുകാരെയും എൻ.ഡി.എ സർക്കാർ രാജ്ഭവനുകളിൽ നിറക്കുമ്പോൾ ജനം പങ്കുവെച്ച ആശങ്കകൾ നൂറുശതമാനവും പുലരുന്നതിെൻറ തെളിവാണ് പല സംസ്ഥാനങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന വർത്തമാനങ്ങൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സംസ്ഥാന ഗവർണർ കേസരി നാഥ് ത്രിപാഠിയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമർഹിക്കുന്നതാണ്. ബി.ജെ.പി ബ്ലോക്ക് പ്രസിഡൻറിനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്നാണ് മമതയുടെ പരാതി. നോർത്ത് 24 പർഗാന ജില്ലയിൽ പ്രവാചകനെ മ്ലേച്ഛമായി ചിത്രീകരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് പടർത്തിയ വർഗീയാസ്വാസ്ഥ്യം ശമിപ്പിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് സർക്കാർ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത ഗവർണർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17കാരനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണെത്ര മുഖ്യമന്ത്രിയുമായുള്ള ഉരസലിന് വഴിവെച്ചത്.
യജമാനന്മാരുടെ പ്രീതി നേടാൻ വെമ്പുന്ന ഗവർണർമാരാവട്ടെ, തങ്ങളിരിക്കുന്ന പദവിയുടെ അന്തസ്സ് മറന്നും രാജ്ഭവൻ ഇതുവരെ പിന്തുടർന്നുപോന്ന കീഴ്വഴക്കങ്ങൾ ലംഘിച്ചും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ മേൽ കുതിരകയറാൻ മെനക്കെടുകയാണ്. ഗവർണർ തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിക്കപ്പെട്ടുവെന്നുമാണ് മമത പരിഭവിക്കുന്നത്. പരിധിവിട്ട് പെരുമാറാൻ ആരാണ് ഗവർണർമാർക്ക് അധികാരം നൽകുന്നതെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. ഡൽഹി ഭരിക്കുന്നവർക്കായുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിനും ഗൂഢാലോചനക്കും പ്രീണനത്തിനുമുള്ള കേന്ദ്രമായി രാജ്ഭവനുകളെ തരംതാഴ്ത്തുന്ന അൽപന്മാർക്കെതിരെ ജനാധിപത്യശക്തികൾ കൊടിശ്ശീലകളുടെ നിറംനോക്കാതെ രംഗത്തിറങ്ങിയില്ലെങ്കിൽ നമ്മുടെ വ്യവസ്ഥിതിക്ക് അപരിമേയമായ അത്യാഹിതമായിരിക്കും ഇക്കൂട്ടർ വരുത്തിവെക്കുക.
പൊലീസ് മേധാവിയായിരിക്കെ ആർജവമുള്ള നടപടികളിലൂടെ രാജ്യത്തിെൻറ പ്രശംസ പിടിച്ചുപറ്റിയ കിരൺ ബേദി എന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുപോലും ഗവർണർ പദവിയിലെത്തിയപ്പോഴേക്കും കാണേണ്ടിവരുന്ന ധിക്കാരപരമായ സമീപനം രാഷ്ട്രീയത്തിൽ അൽപമെങ്കിലും നേരും നെറിയും പ്രതീക്ഷിക്കുന്നവരെ സ്തബ്ധരാക്കുന്നുണ്ട്. പുതുച്ചേരി െലഫ്. ഗവർണർ സ്ഥാനത്തിരിക്കുന്ന അവർ എല്ലാ കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് മൂന്ന് സംഘ്പരിവാർ നേതാക്കളെ രായ്ക്കുരാമാനം എം.എൽ.എമാരായി നോമിനേറ്റ് ചെയ്തത്. സംസ്ഥാന സർക്കാറിനോട് കൂടിയാലോചിക്കുകപോലും ചെയ്യാതെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. സ്വാമിനാഥൻ, ട്രഷറർ കെ.ജി. ശങ്കർ, ആർ.എസ്.എസ് ഭാരവാഹി ശെൽവഗണപതി എന്നിവരെയാണ് കിരൺ ബേദി എം.എൽ.എമാരായി നോമിനേറ്റ് ചെയ്തത്. ജനാധിപത്യത്തെ ഗളഹസ്തം ചെയ്യാൻ ഇതിലപ്പുറം എന്തു ക്രൂരതയാണ് ഈ ‘ധീര’വനിതയിൽനിന്ന് നാം പ്രതീക്ഷിക്കേണ്ടത്? അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ത്രിപുരയിലുമൊക്കെ മോദിസർക്കാർ അവരോധിച്ച ഗവർണർമാർ സമീപകാലത്ത് കാട്ടിക്കൂട്ടിയ രാഷ്ട്രീയ പേക്കൂത്തുകൾ മനസ്സിൽനിന്ന് മായുന്നതിനു മുമ്പാണ് കിരൺ ബേദിയുടെയും കേസരി നാഥിെൻറയുമൊക്കെ ലജ്ജാവഹമായ നീക്കങ്ങൾ.
ഗവർണർ പദവിയുടെ അന്തസ്സ് തകർക്കുന്ന നീക്കങ്ങൾ തുടരുന്ന എൻ.ഡി.എ സർക്കാർ, നിഷ്പക്ഷതയുടെയും കാര്യക്ഷമതയുടെയും വിഷയത്തിൽ ഒരൊത്തുതീർപ്പിനും വഴങ്ങാൻ പാടില്ലാത്ത തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്ന നീക്കങ്ങളിലേർപ്പെട്ടിരിക്കുന്നുവെന്നത് അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടെ ചീഫ് സെക്രട്ടറിയായിരുന്ന മുൻ ഐ.എ.എസ് ഓഫിസർ അചൽ കുമാർ ജ്യോതിയെയാണ് ഇപ്പോൾ ചീഫ് ഇലക്ഷൻ കമീഷണറായി നിയമിച്ചിരിക്കുന്നത്. നസീം സെയ്ദി വിരമിക്കുന്നതോടെ അവരോധിക്കപ്പെടാൻ പാകത്തിൽ തിരുകിക്കയറ്റിയ ഈ നിയമനത്തിെൻറ പിന്നിലെ ദുഷ്ടലാക്ക് ആർക്കാണ് വായിച്ചെടുക്കാൻ പ്രയാസം? ഇലക്േട്രാണിക് വോട്ടിങ് മെഷീെൻറയും മറ്റും വിഷയത്തിൽ ഇതിനകം തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷനിലപാട് ചോദ്യം ചെയ്യപ്പെട്ടിരിക്കെ, പ്രധാനമന്ത്രിയുടെ സ്വന്തം നോമിനി സുപ്രധാന ഭരണഘടനപദവിയിൽ ഇമ്മട്ടിൽ അവരോധിക്കപ്പെടുന്നതിലെ അസാംഗത്യം ഗൗരവപൂർവം ചർച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ഈ വിഷയം കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയുണ്ടായി. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കേണ്ടവർ നിയമിക്കപ്പെടുന്നതിന് എന്തു മാനദണ്ഡമാണ് പാലിക്കുന്നതെന്നും സുതാര്യമായ പ്രക്രിയക്കായി എന്തുകൊണ്ട് ആവശ്യമായ നിയമനിർമാണം നടത്തിയില്ല എന്നുമാണ് പരമോന്നത നീതിപീഠത്തിന് അറിയേണ്ടത്. സമഗ്രാധിപത്യത്തിലേക്ക് രാജ്യം അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ അത് തടയിടാനുള്ള ശ്രമങ്ങൾക്ക് മുൻകൈ എടുക്കേണ്ടത് പ്രതിപക്ഷപാർട്ടികളാണ്. പക്ഷേ, ആലസ്യത്തിലും നൈരാശ്യത്തിലും ആപതിച്ച പ്രതിപക്ഷത്തിൽനിന്ന് എന്തു പ്രതീക്ഷിക്കാൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.