ജനവിധിയുടെ രാഷ്ട്രീയ മാനങ്ങൾ
text_fieldsമഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്; 13 സംസ്ഥാനങ്ങളിലെ 46 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകൾ; വയനാട്ടിലെയും മഹാരാഷ്ട്രയിലെ നാന്ദേഡിലെയും ലോക്സഭ ഉപതെരഞ്ഞെടുപ്പ്. ഇതിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി മുന്നേറ്റത്തിലൂടെ മഹായുതി സഖ്യത്തിനുണ്ടായ ഭരണത്തുടർച്ച ഒഴിച്ചുനിർത്തിയാൽ മറ്റു ഫലങ്ങളിൽ വലിയ അത്ഭുതങ്ങളില്ല. ഒരുപരിധിവരെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണവ; ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെതന്നെ തുടർച്ചയായി അവയെ വിലയിരുത്തിയാലും തെറ്റില്ല.
ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളെയും ശരിവെച്ചു മഹാരാഷ്ട്രയിൽ മഹായുതി വൻഭൂരിപക്ഷത്തിൽ ജയിച്ചുകയറിയപ്പോൾ ഝാർഖണ്ഡിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും സകല വിദ്വേഷ പ്രചാരണങ്ങളെയും മറികടന്ന് ‘ഇൻഡ്യ’ മുന്നണി അധികാരം നിലനിർത്തി. ഉപതെരഞ്ഞെടുപ്പുകളിലാകട്ടെ, ഭരണമാറ്റത്തിനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കോ വഴിതുറക്കാൻ സാധ്യതയില്ലാത്തവിധമുള്ള ജനവിധിയാണുണ്ടായിരിക്കുന്നത്. ആകക്കൂടി എടുത്തുപറയാവുന്നത് നാന്ദേഡിൽ കോൺഗ്രസിന് ലോക്സഭ സീറ്റ് നഷ്ടപ്പെട്ടതാണ്; നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ കർണാടകയിൽ കോൺഗ്രസും യു.പിയിൽ ബി.ജെ.പിയും നേട്ടംകൊയ്തു; പശ്ചിമ ബംഗാളിൽ അപ്രമാദിത്വം നിലനിർത്തുന്നതിൽ തൃണമൂലും വിജയിച്ചു. ഈ ജനവിധിയിൽ ഇരുപക്ഷത്തിനും ഒട്ടേറെ പാഠങ്ങളുണ്ട്; ആശങ്കകളുടെയും പ്രതീക്ഷകളുടെയും രാഷ്ട്രീയ മാനങ്ങളും ഫലങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. 48 സീറ്റിൽ 17ൽ മാത്രമായിരുന്നു മഹായുതി സഖ്യത്തിന്റെ വിജയം. കോൺഗ്രസും ശരദ് പവാർ വിഭാഗം എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും ഇടതുപാർട്ടികളുമെല്ലാം അടങ്ങുന്ന മഹാവികാസ് അഗാഡി (എം.വി.എ) ഏകദേശം 43 ശതമാനം വോട്ടുകളോടെ 30 സീറ്റിലാണ് വിജയിച്ചത്. ശിവസേനയുടെയും എൻ.സി.പിയുടെയും പിളർപ്പിന്റെയും കൂറുമാറ്റത്തിന്റെയുമെല്ലാം ഗുണഭോക്താക്കളായിരുന്ന ബി.ജെ.പിക്ക് പക്ഷേ, ലോക്സഭയിൽ അടിതെറ്റി. മത്സരിച്ച 28 സീറ്റിൽ 17ലും അവർ പരാജയപ്പെട്ടത് ഇൻഡ്യ മുന്നണിയുടെ ഏറ്റവും വലിയ നേട്ടമായും വിലയിരുത്തപ്പെട്ടു. സ്വാഭാവികമായും, നിയമസഭയിലും സമാനമായ പ്രകടനമാണ് ഇൻഡ്യ സഖ്യത്തിൽനിന്ന് പ്രതീക്ഷിച്ചത്; മഹായുതിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിന്ന സാഹചര്യത്തിൽ വിശേഷിച്ചും. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽപറത്തിയാണ് മഹായുതി ചരിത്ര വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കൗതുകകരമായ കാര്യം, ലോക്സഭ തെരഞ്ഞെടുപ്പിൽ മഹായുതിക്കും ബി.ജെ.പിക്കും ലഭിച്ച അതേ വോട്ടുവിഹിതം മാത്രമേ ഇപ്പോഴും അവർക്ക് ലഭിച്ചിട്ടുള്ളൂ. എന്നാൽ, സീറ്റെണ്ണം നോക്കുമ്പോൾ ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷത്തിനടുത്തെത്തിയിരിക്കുന്നു.
ഒന്നര മാസം മുമ്പ് പുറത്തുവന്ന ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റെ തനിയാവർത്തനംതന്നെയാണിത്. അവിടെയും ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭയിലും ലഭിച്ചിട്ടും കോൺഗ്രസിന് സീറ്റ് കുറഞ്ഞു. മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം ഇതേ പ്രവണതയാണ് കണ്ടുവന്നത്. മഹാരാഷ്ട്രയിൽ അത് ആവർത്തിക്കില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, മഹാരാഷ്ട്രയിലും അത് സംഭവിച്ചു: ഒരിക്കൽകൂടി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പിലെ ‘മൈക്രോ പ്ലാനിങ്ങി’ന് മുന്നിൽ കോൺഗ്രസും ഇൻഡ്യ മുന്നണിയും നിഷ്പ്രഭമായി. ഝാർഖണ്ഡിൽ ഈ അബദ്ധം പിണഞ്ഞില്ല. അവിടെ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ ജെ.എം.എം അതിനെ കൃത്യമായി പ്രതിരോധിച്ചു. അതുവഴി, അവർക്ക് കൂടുതൽ സീറ്റും ലഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഏറ്റവും അധികം വിദ്വേഷപ്രചാരണങ്ങൾ അഴിച്ചുവിട്ടത് ഝാർഖണ്ഡിലായിരുന്നു. ഏക സിവിൽ കോഡ്, എൻ.ആർ.സി, നുഴഞ്ഞുകയറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹിന്ദുത്വയുടെ പ്രത്യക്ഷ മുദ്രാവാക്യങ്ങളായിരുന്നു അവിടെ ബി.ജെ.പി ഉയർത്തിയത്. എന്നാൽ, ആ ഉന്മാദ രാഷ്ട്രീയത്തെ ഝാർഖണ്ഡ് തള്ളി; പകരം മതേതരപക്ഷത്തെ കൂടുതൽ ശക്തമാക്കി നിലനിർത്തുകയും ചെയ്തു. ഐക്യത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും നിലയുറപ്പിച്ചാൽ കാവിരാഷ്ട്രീയത്തെ മതേതര ചേരിക്ക് മറിച്ചിടാവുന്നതേയുള്ളൂ എന്നാണ് ഝാർഖണ്ഡിന്റെ പാഠം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇൻഡ്യ സഖ്യത്തെ കൂടുതൽ പ്രസക്തമാക്കുന്നതും ഈ വസ്തുതയാണ്. എന്നാൽ, അത് വേണ്ടവിധം അതിന്റെ നേതാക്കൾതന്നെ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് മഹാരാഷ്ട്ര നൽകുന്ന സന്ദേശം.
മുൻകാലങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ഇക്കുറി കേരളം സാക്ഷിയായത്; വിശേഷിച്ചും പാലക്കാട്ട്. സിറ്റിങ് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾതന്നെ ഇടതുപക്ഷം ‘കോൺഗ്രസ് -ബി.ജെ.പി ഡീൽ’ ആരോപിച്ചിരുന്നു. വടകരയിൽ ബി.ജെ.പിയുടെ വോട്ട് വാങ്ങി ഷാഫി വിജയിക്കുമെന്നും പ്രത്യുപകാരമായി പാലക്കാട്ട് ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കുമെന്നുമായിരുന്നു ആരോപണത്തിന്റെ രത്നച്ചുരുക്കം. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഈ ആരോപണത്തിന് കനം വെച്ചു. മറുവശത്ത്, ‘ബി.ജെ.പി -സി.പി.എം ഡീൽ’ കോൺഗ്രസും ആരോപിച്ചു. ഇതിനിടയിൽ, തീർത്തും വർഗീയമായ പരാമർശങ്ങൾ ഉത്തരവാദപ്പെട്ട നേതാക്കളിൽനിന്നുവരെയുണ്ടായി.
ഒരൽപം കടന്ന പ്രയോഗങ്ങളാണ് ഇടതുപക്ഷത്തുനിന്നുണ്ടായത്. രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിവാദ പരസ്യം മുതൽ മതന്യൂനപക്ഷങ്ങളെ അപരവത്കരിക്കുംവിധമുള്ള കടുത്ത വർഗീയ പ്രസ്താവനകൾ വരെയുള്ള സംഭവങ്ങൾ മുമ്പൊരിക്കലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉണ്ടായിട്ടില്ലാത്തതാണ്. നാലുവോട്ടിനുവേണ്ടി ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇടതു നേതാക്കളിൽനിന്നുണ്ടായത്. അതിന്റെ ഗുണഭോക്താക്കൾ സ്വാഭാവികമായും ബി.ജെ.പിയാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ വോട്ടർമാർ പ്രതിലോമകരമായ വർഗീയ അജണ്ടയെ തിരിച്ചറിഞ്ഞ് മതേതര സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ജാഗരൂകരായി. വർഗീയ രാഷ്ട്രീയത്തെ ഒരിക്കൽക്കൂടി കേരളത്തിന്റെ മതേതരപക്ഷം തുരത്തിയെന്നും പറയാം.
ഇടതു കോട്ടയായ ചേലക്കര നിലനിർത്താനായതിൽ സി.പി.എമ്മിന് ആശ്വസിക്കാം. അപ്പോഴും, അവിടെ ബി.ജെ.പിക്ക് പതിനായിരത്തോളം വോട്ട് വർധിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഇടത്, ഐക്യ മുന്നണികൾ ഒരുപോലെ ബാധ്യസ്ഥരാണ്. വയനാട്ടിൽ, പോളിങ് വല്ലാതെ കുറഞ്ഞിട്ടും പ്രിയങ്ക ഗാന്ധി നേടിയത് ചരിത്ര വിജയമാണ്. നടക്കാനിരിക്കുന്ന ശീതകാല സമ്മേളനം മുതൽതന്നെ രാഹുൽ ഗാന്ധിക്കും ഇൻഡ്യ നേതാക്കൾക്കുമൊപ്പം പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ഉജ്വലശബ്ദമായി പ്രിയങ്ക മാറുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.