രാജ്യസഭ തെരഞ്ഞെടുപ്പിലെ വഷളൻ രാഷ്ട്രീയ നാടകങ്ങൾ
text_fieldsഗുജറാത്തിൽനിന്നുള്ള മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം നാടകീയമായ സംഭവവികാസങ്ങൾ രാജ്യത്തെ ജനാധിപത്യ സംസ്കാരത്തിനുമേൽ ഏൽപിച്ച കളങ്കം എളുപ്പം മായ്ച്ചുകളയാവുന്നതല്ല. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും പവിത്രമാക്കപ്പെട്ട സ്ഥാപനങ്ങളാണ് നിയമനിർമാണ സഭകൾ. ലോക്സഭയെക്കാളും സംസ്ഥാന നിയമസഭകളെക്കാളും മഹത്ത്വം രാജ്യസഭക്ക് കൽപിക്കപ്പെട്ടുപോരുന്നുണ്ട്. സംസ്ഥാന നിയമസഭയിലെ അംഗങ്ങളാണ് രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വിജ്ഞാനം, സാഹിത്യം, നിയമം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പതിവുമുണ്ട്. ഉപരാഷ്ട്രപതിയാണ് ആ സഭയുടെ അധ്യക്ഷൻ. അങ്ങനെയൊരു സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഗുജറാത്തിൽ അത്യന്തം വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്. രാഷ്ട്രീയലാഭത്തിനുവേണ്ടി പവിത്രമായ നമ്മുടെ ദേശീയ സ്ഥാപനങ്ങളെ അവഹേളിക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ച് മനഃപ്രയാസമൊന്നുമില്ല എന്നതിെൻറ തെളിവാണത്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ എന്നിവരായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രധാന മത്സരാർഥികൾ. ഇതിൽ, ഗുജറാത്ത് അസംബ്ലിയിലെ അംഗ ബലം മുന്നിൽ വെക്കുമ്പോൾ രണ്ട് സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ കോൺഗ്രസും ജയിക്കും എന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥിയായ അഹ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ അടുപ്പക്കാരനും ദേശീയതലത്തിൽ അറിയപ്പെട്ട നേതാവുമാണ്. അഹ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്താതിരിക്കാൻ, തങ്ങളുടെ സ്ഥാനാർഥി ബൽവന്ത് സിങ് രാജ്പുത്തിനെ എങ്ങനെയെങ്കിലും ജയിപ്പിക്കാൻ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയതാണ് തെരഞ്ഞെടുപ്പിെന വൃത്തിഹീനമായ രാഷ്ട്രീയ അന്തർനാടകങ്ങളിലേക്ക് നയിച്ചത്.
കോൺഗ്രസ് സ്ഥാനാർഥികളെ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി വിലക്കെടുക്കുമെന്ന് ഭയന്ന കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ മുഴുവൻ വിമാനമാർഗം ബംഗളൂരുവിലെ കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ആഴ്ചകളായി. തങ്ങളുടെ എം.എൽ.എമാരെ മറ്റൊരു പാർട്ടിക്കാർ പണംകൊടുത്ത് റാഞ്ചിയെടുക്കാതിരിക്കാൻ ഇതര സംസ്ഥാനത്തെ റിസോർട്ടിൽ ഒളിവിൽ പാർപ്പിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. ഇതാണ് നമ്മുടെ ജനാധിപത്യത്തിെൻറ മുഖമെങ്കിൽ ആ ജനാധിപത്യത്തിെൻറ അർഥമെന്താണ്? എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ പറ്റില്ലെന്നുകണ്ടപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഡി.കെ. ശിവകുമാറിനെതിരെ കേസും അന്വേഷണവും റെയ്ഡുമായി വിരട്ടാനാണ് ബി.ജെ.പി ശ്രമിച്ചത്.
അദ്ദേഹത്തിെൻറ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വ്യാപകമായ ആദായ നികുതി റെയ്ഡുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയി. ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ട് കോൺഗ്രസ് എം.എൽ.എയുടെ വോട്ട് മറിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഒരു ബി.ജെ.പി എം.എൽ.എയുടെ വോട്ട് കോൺഗ്രസിനും ലഭിച്ചു. കൂറുമാറി വോട്ട് ചെയ്തവരിൽ ബാലറ്റ് പേപ്പർ പരസ്യമായി പ്രദർശിപ്പിച്ച രണ്ടു പേരുടെ വോട്ടുകൾ ഇലക്ഷൻ കമീഷൻ റദ്ദാക്കിയതോടെ അഹ്മദ് പട്ടേലിെൻറ വഴി തെളിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി നാടകീയ സംഭവവികാസങ്ങൾക്കാണ് ഡൽഹിയിലെ ഇലക്ഷൻ കമീഷൻ ആസ്ഥാനം സാക്ഷ്യംവഹിച്ചത്.
പണംകൊടുത്ത് എം.എൽ.എമാരെ ചാക്കിടലും പിടിച്ചുവെക്കലും ഒളിപ്പിച്ചുകടത്തലുമെല്ലാം അവിശ്വാസ പ്രമേയത്തിെൻറ സന്ദർഭങ്ങളിലാണ് പല സംസ്ഥാനങ്ങളിലും സാധാരണ കണ്ടുവരാറുള്ളത്. രാജ്യസഭ തെരഞ്ഞെടുപ്പിലും ഈ കലാപരിപാടി അവതരിപ്പിച്ചതിെൻറ െക്രഡിറ്റ് ബി.ജെ.പിക്കും അമിത് ഷാക്കും മാത്രമായിരിക്കും. ത്രിപുരയിലെ തൃണമൂൽ എം.എൽ.എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൂറുമാറ്റി രണ്ടു ദിവസം മുമ്പാണ് ബി.ജെ.പി സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷകക്ഷിയായത്. നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെയും ജനാധിപത്യസംവിധാനത്തെയും അകമേ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ബി.ജെ.പി നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തോട് ആശയപരമായിതന്നെ ആദരവില്ലാത്തവരാണ് സംഘ്പരിവാർ. നമ്മുടെ രാഷ്ട്ര സംവിധാനത്തിെൻറ ഓരോ അവയവത്തെയും നശിപ്പിച്ചില്ലാതാക്കുകയാണ് അവർ. ജനാധിപത്യത്തെ ചീത്തയാക്കി നശിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമാണോ ഗുജറാത്തിൽ കണ്ടതുപോലെയുള്ള നാടകങ്ങൾ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റംപറയാൻ പറ്റില്ല.
രാഷ്ട്രീയ അന്തർനാടകങ്ങൾക്കൊടുവിലാണെങ്കിലും, ഗുജറാത്തിൽനിന്ന് അഹ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് അയക്കാൻ സാധിച്ചത് കോൺഗ്രസിെൻറ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഒടുവിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിടുന്നതിലും അവർക്ക് അത് ആവേശം നൽകുന്നുണ്ട്. പല കാര്യങ്ങളിലും വേണ്ടത്ര സൂക്ഷ്മത കാണിക്കാത്തതുകൊണ്ട് കാര്യങ്ങൾ കൈവിട്ടുപോയതിെൻറ അനുഭവങ്ങൾ കോൺഗ്രസിന് ധാരാളമുണ്ട്. ഗോവയിലെയും മണിപ്പൂരിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വേണ്ടത്ര ശ്രദ്ധയില്ലാത്തതുകൊണ്ടാണ് അവർക്ക് ഭരണം നഷ്ടപ്പെട്ടത്. ഇനിയെങ്കിലും സൂക്ഷ്മമായ രാഷ്ട്രീയതന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഗുജറാത്ത് അനുഭവം ആ പാർട്ടിയെ േപ്രരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.