ജമ്മു-കശ്മീരിലെ രാഷ്ട്രീയ പകപോക്കൽ
text_fields'കശ്മീരിൽ പുതിയ കാറ്റ് വീശുകയാണ്. ഞങ്ങൾ എല്ലാവരുടേതുമായ പുതിയൊരു കശ്മീർ പണിയും' എന്നാണ് കഴിഞ്ഞ വർഷം ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടന വകുപ്പുകൾ റദ്ദാക്കി സംസ്ഥാനം വിഭജിക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ന്യായം. ശേഷം ഒരു വർഷത്തിലേറെയായി സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈരജീവിതം സൈനികബൂട്ടുകൾക്കടിയിൽ അമർത്തിപ്പിടിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇൻറർനെറ്റും ടെലിഫോൺ സൗകര്യവും പോലും വിഛേദിച്ച് ജനാധിപത്യ, സ്വാതന്ത്ര്യധ്വംസനത്തിെൻറ പുതിയ സംഘ്പരിവാർ പരീക്ഷണമാണ് അവിടെ നടക്കുന്നത്. നാളിതുവരെയായിട്ടും പൂർണ തോതിൽ ഇൻറർനെറ്റ് സൗകര്യമടക്കമുള്ള വിവരവിനിമയ സംവിധാനങ്ങൾ താഴ്വരയിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും പല കാരണങ്ങളുടെ പേരിൽ വേട്ടയാടുകയും മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്നു. 370 ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീർ വിഭജിക്കുന്നതിെൻറ മുന്നോടിയായി അറസ്റ്റു ചെയ്തു ജയിലിലടച്ച നേതാക്കളിൽ മൂന്നു മുൻമുഖ്യമന്ത്രിമാരടക്കം ഏതാനും പ്രമുഖരെ വിട്ടയച്ചതൊഴിച്ചാൽ മുച്ചൂടും നേതാക്കളും അഴികൾക്കുള്ളിൽ തുടരുന്നു.
'പുതിയ കശ്മീരി'ന് ഒരു വർഷം പിന്നിടുേമ്പാൾ ചില്ലറ ഇളവുകൾ അനുവദിച്ചെങ്കിലും അതെല്ലാം കേന്ദ്രത്തിെൻറ ഇംഗിതങ്ങൾക്കു വിധേയം എന്ന മട്ടിലാണ്. കേന്ദ്രത്തിനെതിരെ വിരലനക്കിയാൽ, രാഷ്ട്രീയകക്ഷികൾ സ്വതന്ത്രനീക്കം നടത്തിയാൽ അധികാരസംവിധാനങ്ങളുപയോഗിച്ച് വരുതിയിൽ നിർത്തുമെന്നാണ് ബി.ജെ.പി സർക്കാർ പ്രത്യക്ഷമായ വൈരനിര്യാതന നീക്കങ്ങളിലൂടെ തെളിയിക്കുന്നത്. സി.ബി.െഎ, എൻഫോഴ്സ്മെൻറ് തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയപകപോക്കലിനു അതതുകാലത്തെ ഭരണകൂടങ്ങൾ ദുരുപയോഗം ചെയ്യുന്ന പതിവുണ്ടെങ്കിലും അക്കാര്യത്തിൽ പൂർവകാല റെക്കോഡുകളെല്ലാം മോദി ഭരണകൂടം ഭേദിച്ചുകഴിഞ്ഞു.
കേന്ദ്രസർക്കാറിനെതിരെ, മന്ത്രിമാർക്കെതിരെ, ഭരണകൂടനയത്തിനെതിരെ വിമർശനമോ പരാതിയോ ഉന്നയിക്കുന്നവരൊക്കെയും ഇത്തരം നടപടികൾക്കു വിധേയമാകുന്നത് പുതുമയല്ലാതായിരിക്കുന്നു. പാർലമെൻറിലെ ഭൂരിപക്ഷത്തിെൻറ തിണ്ണബലത്തിൽ നടപ്പാക്കിയ ഹിന്ദുത്വഅജണ്ടയായ 370 ാം വകുപ്പ് റദ്ദാക്കലിനെ ഉൾക്കൊള്ളാൻ താഴ്വരയിലെ ജനങ്ങളോ രാഷ്ട്രീയപാർട്ടികളോ തയാറല്ലെന്നുവന്നതോടെ ഏതുവിധേനയും പ്രതിശബ്ദങ്ങളെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിെൻറ ഇരകളായാണ് മൂന്നു മുൻമുഖ്യമന്ത്രിമാർക്ക് പുതിയ കശ്മീരിൽ ജയിലിൽ പോകേണ്ടിവന്നത്. ഫാറൂഖ് അബ്ദുല്ലയെയും പുത്രൻ ഉമറിനെയും മോചിപ്പിച്ചിട്ടും ഭരണത്തിൽ സഖ്യകക്ഷിയായിരുന്ന മഹ്ബൂബ മുഫ്തിയെ പിന്നെയും പിടിച്ചുവെച്ചതും ചില കണക്കുകൾ തീർക്കാനായിരുന്നു. ഇപ്പോൾ മോചിതരായ മൂവരും 'നല്ല നടപ്പി'ന് തയാറല്ലെന്നു വ്യക്തമായതോടെ അവരെ വിടാതെ പിടികൂടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പഴയൊരു ക്രിക്കറ്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻേഫാഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറ് പിന്തുടരുന്നത് ഇതിെൻറ ഭാഗമാണ്.
2002-2011 കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷന് നൽകിയ 112 കോടി രൂപയിൽ നിന്നു 43.69 കോടി രൂപ നിയമവിരുദ്ധമായി വകമാറ്റിയെന്നാണ് ഫാറൂഖിനെതിരായ കേസ്. ഇൗ കേസിൽ 2015ൽ ജമ്മു-കശ്മീർ ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അസോസിയേഷെൻറ തലപ്പത്തുള്ള ഫാറൂഖ് അടക്കമുള്ള ആളുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. ഇൗ കേസ് പൊടി തട്ടിയെടുത്താണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രണ്ടു തവണയായി ഇ.ഡി ഫാറൂഖിനെ ചോദ്യം ചെയ്തിരിക്കുന്നത്.
അഴിമതിയിൽ ഫാറൂഖിെൻറയും അബ്ദുല്ല കുടുംബത്തിെൻറയും പങ്ക് സംസ്ഥാനത്തെ ജനങ്ങളാരും തള്ളിക്കളയില്ല. എന്നാൽ, ഇപ്പോൾ ഇൗ കേസുമായി ഇറങ്ങാനുള്ള പ്രകോപനം പഴയ കശ്മീരിനുവേണ്ടി കർമരംഗത്തിറങ്ങാനുള്ള വിവിധ പാർട്ടികളുടെ സംയുക്തതീരുമാനമാണ് എന്നു കാണാൻ പ്രയാസമില്ല. മൂന്നു മുഖ്യമന്ത്രിമാരും ജയിലിലടക്കപ്പെടുന്നതിനു മുമ്പ് ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ വെച്ച് കശ്മീരിെൻറ ഭരണഘടനാപദവി സംരക്ഷിക്കാൻ ഒന്നിച്ചുനീങ്ങാനായി 'ഗുപ്കർ പ്രഖ്യാപന'ത്തിൽ ഒപ്പുവെച്ചിരുന്നു.
ജയിൽമോചിതരായ നേതാക്കൾ വീണ്ടും സമ്മേളിച്ച് ഇൗ പ്രഖ്യാപനം പ്രയോഗത്തിലെത്തിക്കാനും 2019 ആഗസ്റ്റ് അഞ്ചിനു മുമ്പുള്ള ജമ്മു-കശ്മീരിനുവേണ്ടി ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമെടുത്തു. സി.പി.എം ഒഴികെ താഴ്വരയിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം മുന്നണിയിലുണ്ട്. മുന്നണി പ്രഖ്യാപനത്തിൽ ഇല്ലെങ്കിലും മുൻ പ്രഖ്യാപനത്തിൽ കോൺഗ്രസ് ഒപ്പുവെച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കശ്മീർ വിഭജനനീക്കത്തിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിനിറങ്ങാനാണ് മുന്നണിയുടെ തീരുമാനം.
ഇതിനു തൊട്ടുപിറകെയാണ് ഫാറൂഖ് അബ്ദുല്ലയെ നിശ്ശബ്ദമാക്കാനുള്ള ആയുധം കേന്ദ്രം ഇ.ഡി അന്വേഷണമായി പുറത്തെടുത്തിരിക്കുന്നത്. ഇത് രാഷ്ട്രീയപ്രതികാരമാണെന്ന കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പ്രതികരണം തന്നെയാണ് നേര്. രാഷ്ട്രീയ ബ്ലാക്മെയിലിങ്ങിലൂടെ എതിരാളികളെ വശപ്പെടുത്താനുള്ള ശ്രമം. ജമ്മു-കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം 'കശ്മീർ ടൈംസി'െൻറ ശ്രീനഗറിലെ ഒാഫിസ് പിടിച്ചെടുത്ത് അടച്ചുപൂട്ടിയതും ഇൗ നാളുകളിൽ തന്നെ.
'ടൈംസി'െൻറ പത്രാധിപ അനുരാധ ഭാസിൻ ഇൻറർനെറ്റ് സ്തംഭനമടക്കമുള്ള വാർത്താവിനിമയ നിരോധത്തിനെതിരെ കഴിഞ്ഞ വർഷം സുപ്രീംകോടതിയെ സമീപിച്ചതിനു കിട്ടിയ ശിക്ഷയാണിത്. ഇത്തരം നീക്കങ്ങളിലൂടെ തങ്ങളുടെ പരിഗണനയിലുള്ള പുതിയ കശ്മീർ എന്തെന്ന് കശ്മീരികളെ കൂടക്കൂടെ പഠിപ്പിക്കുകയാണ് കേന്ദ്രം. എന്നാൽ, ഇൗ ഒാരോ അഭ്യാസവും കശ്മീരിലെ പ്രശ്നപരിഹാരം എളുപ്പമാക്കുകയല്ല, കൂടുതൽ സങ്കീർണമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.