പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വം
text_fieldsവിഭജനത്തിലൂടെ രൂപംകൊണ്ടശേഷം ഇന്നോളം ഒരു ഭരണാധികാരിക്കും ഇരിക്കപ്പൊറുതി കൊടുക്കാത്ത രാജ്യമാണ് പാകിസ്താൻ. പാർട്ടിയും മുന്നണിയും ഏതു മാറിയാലും പ്രധാനമന്ത്രിപദത്തിൽ ഒരാൾക്ക് പരമാവധി മൂന്നുവർഷമാണ് സ്വസ്തി എന്നാണ് അവിടെ നാട്ടുനടപ്പ്. പാർലമെന്‍റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി പട്ടാളം അട്ടിമറിക്കു ശ്രമിക്കുന്നതാണ് പാകിസ്താൻ പരിചയിച്ച ഭരണമാറ്റ രീതികളിലൊന്ന്. രണ്ടുപേർ കേസിൽ കുടുങ്ങി സ്ഥാനത്യാഗം ചെയ്തു. ഇപ്പോൾ പ്രധാനമന്ത്രി ഇംറാൻ ഖാന് പുറത്തേക്കു വഴി ചൂണ്ടുന്നത് അവിശ്വാസപ്രമേയമാണ്. മാർച്ച് എട്ടിന് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷത്തിനു ചട്ടമനുസരിച്ച് വെള്ളിയാഴ്ചക്കകം അവതരണത്തിന് അവസരം ലഭിക്കേണ്ടതാണ്. ദേശീയ അസംബ്ലിയുടെ സെഷൻ വെള്ളിയാഴ്ച സ്പീക്കർ വിളിച്ചുചേർത്തിട്ടുണ്ടെങ്കിലും അവിശ്വാസപ്രമേയം എപ്പോൾ പരിഗണിക്കും എന്നു തീർപ്പായിട്ടില്ല. പ്രമേയത്തെ എന്തു വില കൊടുത്തും പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ഇംറാൻ അതിനുള്ള ചതുരുപായങ്ങൾ തേടുകയാണ്.
ഭരണകക്ഷിയായ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിക്കുള്ളിലെ വിള്ളലിൽനിന്നു മുതൽക്കൂട്ടാൻ ശ്രമിച്ച പ്രതിപക്ഷത്തെ നിയമനടപടികളിലൂടെ നേരിടുന്നതിനു തയാറെടുക്കുകയാണ് അദ്ദേഹം. അവിശ്വാസപ്രമേയത്തെ പിന്താങ്ങുമെന്നു പ്രഖ്യാപിച്ച് പി.ടി.ഐ വിട്ട രണ്ടു ഡസനോളം എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഖാൻ. വിധി എന്തായാലും തനിക്കെതിരായ നീക്കങ്ങൾ വെച്ചുതാമസിപ്പിക്കാനും രാഷ്ട്രീയമായി പ്രതിയോഗികളെ ഒതുക്കാനുമാണ് ഇംറാന്‍റെ പരിപാടി. അതേസമയം, കോടതിയുടെ ഇടപെടൽ കാത്തിരിക്കുന്നതിനിടെ സൈന്യം ഇടപെടുമോ എന്ന ആശങ്കയുമുണ്ട്. അവിശ്വാസപ്രമേയത്തിന്‍റെ പശ്ചാത്തലത്തിൽ ഇംറാനോട് പദവിയൊഴിയാൻ സൈനികമേധാവി ആവശ്യപ്പെട്ടിരുന്നു. പാക് രാഷ്ട്രീയത്തിന്‍റെ തലവിധി നിശ്ചയിക്കുക സൈന്യമാണ്. എന്നാൽ, ഇത്തവണ അവിടെയും കാര്യങ്ങൾ ഭദ്രമല്ല. തന്‍റെ സ്ഥാനത്യാഗത്തിനു സമ്മർദമൊരുക്കുന്ന സൈനികമേധാവിയെ മാറ്റി മുൻ ഐ.എസ്.ഐ തലവനും ഇപ്പോൾ പെഷാവർ കോർപ്സ് കമാൻഡറുമായ ലഫ്. ജനറൽ ഫൈസ് ഹമീദിനെ വാഴിക്കാൻ ഇംറാൻ നോക്കുന്നുണ്ട്. അതുകൊണ്ട് സൈനിക അട്ടിമറിക്കുമുമ്പ് സൈന്യത്തിൽ അട്ടിമറി നടക്കുമോ, അതിനു ശ്രമിച്ചാൽ 1999ൽ മുശർറഫിനെ ചാക്കിടാൻ ശ്രമിച്ച നവാസിനു സംഭവിച്ച ദുര്യോഗം ഇംറാനും നേരിടേണ്ടിവരുമോ എന്ന ശങ്കയും ഉയരുന്നുണ്ട്.
342 അംഗ ദേശീയ അസംബ്ലിയിൽ ഇംറാന്‍റെ പി.ടി.ഐ നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ പാകിസ്താൻ മുസ്ലിംലീഗ്-ഖാഇദെ അഅ്സം (പി.എം.എൽ-ക്യു), മുത്തഹിദ ഖൗമി മൂവ്മെന്റ് (എം.ക്യു.എം), ബലൂചിസ്താൻ അവാമി പാർട്ടി (ബി.എ.പി), ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ് (ജി.ഡി.എ) എന്നീ കക്ഷികളാണ് പ്രധാനമായുള്ളത്. എല്ലാം ചേർന്ന് 179 അംഗങ്ങൾ. പാകിസ്താൻ മുസ്ലിംലീഗ്-നവാസ് ശരീഫ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി), ജംഇയ്യത്ത് ഉലമായെ ഇസ്ലാം നേതാവ് മൗലാന ഫസ്ലുറഹ്മാൻ നയിക്കുന്ന മുത്തഹിദ മജ്ലിസെ അമൽ (എം.എം.എ) എന്നീ കക്ഷികളടങ്ങുന്ന സംയുക്ത പ്രതിപക്ഷത്തിന് 162ഉം. ഇംറാന്‍റെ പാളയത്തിൽനിന്ന് രണ്ടു ഡസൻ ആളുകൾ പുറത്തുവരുന്നതോടെ ഭരണകക്ഷിയുടെ അംഗബലം 155ലേക്കു താഴും. പി.എം.എൽ.ക്യു, ബി.എ.പി കക്ഷികളുടെ അഞ്ചു വീതവും എം.ക്യു.എമ്മിന്‍റെ ഏഴും അംഗങ്ങൾ ചേർന്നാൽ വിശ്വാസവോട്ടിൽ പരാജയപ്പെടുമെന്നു ബോധ്യപ്പെട്ടതോടെ കൂറുമാറ്റ നിയമം ഉപയോഗിച്ച് പുറത്തുപോയ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോടതി കയറുകയായിരുന്നു ഇംറാൻ.
ഇതോടൊപ്പം പ്രതിപക്ഷനീക്കത്തെ രാഷ്ട്രീയമായി നേരിടാനും ഇംറാനു പരിപാടിയുണ്ട്. മാർച്ച് 27ന് മില്യൺ മാൻ റാലി നടത്തുമെന്നു ഭരണകക്ഷി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാൽ തൊട്ടടുത്ത ദിനങ്ങളിലാകും അവിശ്വാസം ചർച്ചക്കു വരുക എന്നാണ് പൊതുധാരണ. ദേശീയ അസംബ്ലി അംഗങ്ങൾ ജനസഞ്ചയത്തിനു നടുവിലൂടെ വേണം വോട്ടുചെയ്യാൻ പോകുന്നതും വോട്ടുചെയ്തു മടങ്ങുന്നതും എന്നു വിവരവിനിമയ മന്ത്രി വ്യക്തമാക്കിയത് കൂറുമാറുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ ആർക്കും നിസ്സംഗമായിരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഇംറാൻ പരസ്യപ്രസ്താവനയിറക്കിയത് സൈന്യത്തിന്‍റെ മിണ്ടാപ്പോക്കിലുള്ള അതൃപ്തിയായി വ്യാഖ്യാനിക്കപ്പെടുന്നു. പി.ടി.ഐ ദേശീയ അസംബ്ലി ഹൈജാക് ചെയ്യാതിരിക്കാൻ പ്രവർത്തകർ തലസ്ഥാനത്തെത്തണമെന്ന് എം.എം.എ നേതാവ് മൗലാന ഫസ്ലുറഹ്മാനും ആഹ്വാനംചെയ്തതോടെ അടുത്ത ദിനങ്ങളിൽ തലസ്ഥാനവും രാജ്യം മുഴുക്കെയും സംഘർഷത്തിലേക്കു നീങ്ങുമോ എന്ന ഉത്കണ്ഠയും പൊതുവായുണ്ട്.
തോറ്റാലും ജയിച്ചാലും ഇംറാനും പാകിസ്താനും വരുംദിനങ്ങൾ സ്വസ്ഥമാകില്ല. ജയിച്ച് അധികാരത്തിൽ തുടർന്നാൽ അടുത്തവർഷം ആഗസ്റ്റിൽ തെരഞ്ഞെടുപ്പിലേക്കു നീങ്ങാനിരിക്കെ വൈരനിര്യാതന രാഷ്ട്രീയമായിരിക്കും തുടർന്നു നടത്തുക. തോറ്റുകഴിഞ്ഞാൽ അഴിമതിരാഷ്ട്രീയത്തിനും അമേരിക്കൻ ഗൂഢാലോചനക്കും രാഷ്ട്രത്തിന്‍റെ ശത്രുപക്ഷം ചേർന്ന സൈന്യത്തിനുമെതിരെ കറകളഞ്ഞ മുസ്ലിം ദേശീയവാദിയായി ഇംറാൻ ഖാൻ അവതരിക്കും. അവിശ്വാസം വിജയിപ്പിച്ചാൽ പിന്നെയെന്ത് എന്ന ചോദ്യത്തിനു പ്രതിപക്ഷത്തിനും വ്യക്തമായ ഉത്തരമില്ല. റഷ്യയോടും ചൈനയോടും അടുപ്പം പുലർത്തി, ഐ.എം.എഫ്, അമേരിക്ക, യൂറോപ്യൻ യൂനിയൻ എന്നിവയെയെല്ലാം അപ്രസക്തമാക്കി ഇംറാൻ ആവിഷ്കരിച്ച പോപ്പുലിസ്റ്റ് ഭരണത്തിന്‍റെ 'പാപഭാരം' ഏറ്റെടുത്ത് അടുത്തവർഷം തെരഞ്ഞെടുപ്പിലേക്കു പോകാൻ അവർക്കു ധൈര്യമില്ല. ഇങ്ങനെ ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും ഒരുപോലെ ത്രിശങ്കുവിൽ നിർത്തുന്ന രാഷ്ട്രീയാനിശ്ചിതത്വമാണ് പാകിസ്താനിൽ. അനിശ്ചിതത്വങ്ങളിൽ പിറവിയെടുത്ത നാടിന് കാലമെത്ര വൈകിയിട്ടും ജന്മവൈകല്യത്തിൽനിന്നു മോചനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.