ജമ്മു-കശ്മീർ വിധിയുടെ അനന്തര സാധ്യതകൾ
text_fieldsജമ്മു-കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ാം ഖണ്ഡിക റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചിന്റെ രാഷ്ട്രപതി ഉത്തരവും അനുബന്ധ നിയമഭേദഗതികളും ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ നൽകിയ ഹരജികളിൽ പരമോന്നത കോടതി തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. ഖണ്ഡിക 370 ഒരു സ്ഥിരം വകുപ്പല്ലെന്നും സ്വാതന്ത്ര്യാനന്തരം പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ ഉൾപ്പെടുത്തിയതാണെന്നും ഉചിതമായ അവസരം വന്നാൽ അത് എടുത്തുകളയാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നും കോടതി തീർപ്പുകൽപിച്ചിരിക്കുന്നു.
പരാമൃഷ്ട നിയമങ്ങൾ ചോദ്യംചെയ്ത് നിരവധി ഹരജികൾ നീണ്ട നാലു വർഷത്തിനടുത്ത കാത്തിരിപ്പിനുശേഷം കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് സുപ്രീംകോടതി വിചാരണക്കെടുത്തതും സെപ്റ്റംബർ അഞ്ചിന് വാദങ്ങൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചതും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് കേന്ദ്ര നടപടി ശരിവെച്ചതോടെ ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതായി. ഒപ്പം ജമ്മു-കശ്മീരിനെ താൽക്കാലികമായും അതിൽനിന്ന് വേർപെടുത്തി ലഡാക്കിനെയും കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനവും കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ജമ്മു-കശ്മീരിന് കേന്ദ്രം വാക്കുനൽകിയ സംസ്ഥാന പദവി ഉടൻ തിരിച്ചുനൽകണമെന്നും സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു.
പലനിലക്കും നിർണായകമായ വിധിയാണ് പരമോന്നത കോടതി ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്ന്, സ്വാതന്ത്ര്യലബ്ധി മുതലുള്ള ഒരു പ്രശ്നത്തിൽ അനിശ്ചിതത്വങ്ങൾക്ക് വിധി അറുതി വരുത്തുന്നു. ജമ്മു-കശ്മീരിൽ സ്വയംഭരണാവകാശം വേണമെന്നും മറ്റു സംസ്ഥാനങ്ങളോടൊപ്പം ഉദ്ഗ്രഥിതമാകാൻ തയാറല്ല എന്നും ജനങ്ങൾ വാദിച്ചുവന്നു.
തങ്ങളുടെ സ്വത്വവും സംസ്കാരവും അതിലൂടെ മാത്രമേ നിലനിർത്താനാകൂ എന്ന അവരുടെ വാദത്തിന് ഏറ്റക്കുറച്ചിലുകളോടെ അവിടത്തെ രാഷ്ട്രീയപാർട്ടികൾ പിന്തുണ നൽകി. രണ്ടാമതായി, ഇന്ത്യയിൽ ഇതുപോലെ പ്രത്യേകാവകാശങ്ങൾ വകവെച്ചുനൽകിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഗോവയുമടക്കമുള്ള ഇടങ്ങൾ വേറെയുമുണ്ടെങ്കിലും അവയുടെ പ്രത്യേകപദവി ഇല്ലാതാക്കാൻ ശ്രമമുണ്ടായിട്ടില്ല. എന്നാൽ അയൽരാജ്യമായ പാകിസ്താൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന സാഹചര്യം കൂടിയാണ് ജമ്മു-കശ്മീരിന്റെ വേറിട്ട പദവി പ്രത്യേക വൈകാരികത കൈവരിക്കാനുള്ള കാരണം.
കേസിന്റെ തുടക്കംമുതലേ കോടതി ഏറെ സമയം ചെലവഴിച്ച പ്രധാന വിഷയം 370 ാം ഖണ്ഡിക താൽക്കാലികമോ സ്ഥിരംനിയമമോ എന്നതായിരുന്നു. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന ഉണ്ടായിരുന്നെങ്കിലും അത് അന്തിമമായി ഇന്ത്യൻ ഭരണഘടനക്ക് വിധേയമായിരുന്നു എന്നും ഖണ്ഡിക 370 ഒരു ഇടക്കാല പരിവർത്തന ഘട്ടം കൈകാര്യംചെയ്യാൻ മാത്രമുദ്ദേശിച്ചായിരുന്നു എന്നുമാണ് കോടതി എത്തിയ നിഗമനം. ജമ്മു-കശ്മീരിന് മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര സ്വയം ഭരണാവകാശം ഉണ്ടായിട്ടില്ലെന്നും ഇന്ത്യയോട് ലയിക്കാനുള്ള തീരുമാനത്തോടെ അതിനുള്ള അവസരം ഇല്ലാതായെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖണ്ഡിക 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന വിഷയമായിരുന്നു മറ്റൊന്ന്. ജമ്മു-കശ്മീർ ഭരണഘടന സഭക്ക് മാത്രമേ ഖണ്ഡിക 370 റദ്ദാക്കുന്നതിന് ശിപാർശ ചെയ്യാൻ അധികാരമുള്ളൂ എന്നത് ശരിയാണെങ്കിലും ആ ഭരണഘടന സഭ 1957ൽ ഇല്ലാതായതോടെ അതിന്റെ അധികാരം നിയമസഭക്ക് കൈവരുമെന്നും നിയമസഭയുടെ അധികാരങ്ങൾ കേന്ദ്രഭരണം കൈയാളുന്ന രാഷ്ട്രപതിക്ക് ലഭ്യമായപ്പോൾ ഖണ്ഡിക 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് സാധുവാണെന്നുമാണ് ഈ വിഷയത്തിൽ കോടതിയുടെ തീർപ്പ്. പരമോന്നത കോടതിക്ക് പ്രസിഡന്റിന്റെ ഭരണഘടനദത്തമായ നടപടികളുടെ സാധുത പരിശോധിക്കാമെങ്കിലും ദുരുദ്ദേശ്യമോ ബാഹ്യപ്രേരണകളോ ആരോപിക്കപ്പെടാത്ത സാഹചര്യങ്ങളിൽ അവയിൽ ഇടപെടാനാകില്ലെന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
കോടതിവിധിയെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയടക്കം ബി.ജെ.പി വൃത്തങ്ങൾ സ്വാഭാവികമായും ആഹ്ലാദത്തിലാണ്. ജമ്മു-കശ്മീരിന് പ്രത്യേക അവകാശം പാടില്ലെന്നത് പാർട്ടി വിശ്വാസപ്രമാണമാക്കിയതാണ്. മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല, പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പീപ്ൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ഗനി ലോൺ തുടങ്ങിയവർ വിധിയിൽ ദുഃഖവും നിരാശയും രേഖപ്പെടുത്തുകയും തങ്ങളുടെ മാർഗത്തിൽ പോരാട്ടം തുടരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. വിധിയിലൂടെ വഴിതുറക്കുന്ന മാറ്റം, ജമ്മു-കശ്മീരിൽ അവിടത്തുകാരല്ലാത്ത പൗരന്മാർക്ക് ഭൂമി വാങ്ങുന്നതിനും ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ ക്രമേണയായി ഇല്ലാതാകുമെന്നതാണ്. ഇതിനകംതന്നെ വരുത്തിയ ചട്ടഭേദഗതികളിലൂടെ അത്തരം നീക്കങ്ങൾക്ക് കേന്ദ്രം തുടക്കംകുറിച്ചിരിക്കുന്നു.
സംസ്ഥാനത്തെ ചില വിഭാഗങ്ങൾക്ക് പുതുതായി സംവരണം നൽകാനെടുത്ത തീരുമാനവും തദ്ദേശീയരുടെ മേൽക്കൈ നഷ്ടപ്പെടുത്തുന്ന രീതിയിലാണ്. ജമ്മു-കശ്മീരിന്റെ ജനസംഖ്യാപരമായ തനിമയും സംസ്കാരവും ഇല്ലായ്മചെയ്യുന്നതിനുള്ള ശ്രമമായാണ് താഴ്വരയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഈ നീക്കങ്ങളെ കാണുന്നത്. അതിനാൽ വിധിയിലൂടെ എളുപ്പമാകുന്ന പുതിയ സംവിധാനങ്ങൾ, പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും ഛിദ്രതക്കും ശൈഥില്യത്തിനും ഇടനൽകാത്ത വിധവും കൈകാര്യംചെയ്യാനുള്ള വിവേകപൂർണവും വിവേചനരഹിതവുമായ ശ്രമത്തിനാണ് കേന്ദ്രം മുതിരേണ്ടത്. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കി അവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ വാചാലമാകുന്നുണ്ട്. പ്രയോഗത്തിൽ അത് എത്രത്തോളം എന്നതിനെ ആസ്പദിച്ചിരിക്കുന്നു കേന്ദ്രതീരുമാനത്തിന്റെയും അതിനെ ശരിവെച്ച കോടതിവിധിയുടെയും വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.