ശ്രീലങ്കയിലും വംശീയതക്ക് മേൽക്കൈ
text_fields21 കോടി വരുന്ന ശ്രീലങ്കൻ ജനതയെ അടക്കിഭരിക്കാനുള്ള അധികാരവും അവകാശവും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ രാജപക്സ സഹോദരന്മാർ നയിക്കുന്ന ശ്രീലങ്കൻ പീപ്ൾസ് പാർട്ടി (എസ്.എൻ.പി.പി) നേടിയെടുത്തിരിക്കുകയാണ് ഒടുവിലത്തെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ.
225 അംഗ പാർലമെൻറിൽ പാർട്ടി ഒറ്റക്ക് 145 സീറ്റും സഖ്യകക്ഷികൾ അഞ്ച് സീറ്റും നേടിയിരിക്കെ ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം പീപ്ൾസ് പാർട്ടി കൈയടക്കിക്കഴിഞ്ഞു. പ്രസിഡൻറുപദവിയിൽ ഇരിക്കുന്ന ഗോതാബയ രാജപക്സ അനുജൻ മഹിന്ദ രാജപക്സയെത്തന്നെ പ്രധാനമന്ത്രിയായി നിയോഗിച്ചത് സ്വാഭാവികമായ നടപടിക്രമം മാത്രമാണ്.
രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കിയ മഹിന്ദ രണ്ടു തവണ പ്രസിഡൻറും മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്നിട്ടുണ്ട്. ഇളയ സഹോദരൻ ബേസിൽ രാജപക്സയാണ് ശ്രീലങ്കൻ പീപ്ൾസ് പാർട്ടിയുടെ സ്ഥാപകനും ദേശീയ സംഘാടകനുമെന്നത് സ്മരണീയമാണ്. ആ നിലക്ക് വ്യക്തമായും രാജപക്സ കുടുംബത്തിെൻറ സമ്പൂർണാധിപത്യത്തിലാണ് ഇപ്പോൾ നമ്മുടെ അയൽരാജ്യം അമർന്നിരിക്കുന്നത്.
നാലു തവണ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷൻ പാർട്ടി(യു.എൻ.പി)ക്ക് വെറും അഞ്ചു ശതമാനം വോട്ടും ഒരേയൊരു സീറ്റുമാണ് ലഭിച്ചതെന്നോർക്കുേമ്പാൾ മുെമ്പാരിക്കലും കാണാത്തവിധം ദുർബലമായൊരു പ്രതിപക്ഷമാണ് പാർലമെൻറിനകത്തും പുറത്തും ഉണ്ടാവുക എന്ന് വ്യക്തമാക്കിയിരിക്കുന്നു. യു.എൻ.പി പിളർത്തിയ സജിത് പ്രേമദാസയുടെ പാർട്ടിക്ക് 54 സീറ്റുകൾ ലഭിച്ചിട്ടുണ്ട് എന്നതുകൊണ്ട് ഒരു പ്രതിപക്ഷം പാർലമെൻറിൽ സാന്നിധ്യമറിയിക്കും എന്നുമാത്രം.
വടക്കു കിഴക്കൻ മേഖലയിലെ തമിഴ്വംശജരുടെ കൂട്ടായ്മയായ തമിഴ് നാഷനൽ അലയൻസിന് ആറ് സീറ്റുകളുണ്ടെങ്കിലും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ മൂന്ന് സീറ്റ് കുറവാണിത്. തമിഴ് സമ്മതിദായകരിൽ വലിയൊരു വിഭാഗം ശ്രീലങ്കൻ പീപ്ൾസ് പാർട്ടിയുമായി സഖ്യത്തിേലർപ്പെട്ട ന്യൂനപക്ഷ പാർട്ടികളെയാണ് പിന്തുണച്ചത്. മുസ്ലിം പാർട്ടികൾക്കും അവരുടെ ശക്തികേന്ദ്രങ്ങളിൽ രണ്ട് സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. ജനസംഖ്യയിൽ 10 ശതമാനത്തോളം മുസ്ലിംകളുള്ളപ്പോഴാണ് ഇൗ ദൈന്യാവസ്ഥ.
ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ ആദ്യ ദശകത്തിൽ പല രാജ്യങ്ങളിലും പ്രകടമായിത്തുടങ്ങിയതും രണ്ടാം ദശകത്തോടെ ശക്തിപ്രാപിച്ചതുമായ തീവ്രദേശീയതാ പ്രതിഭാസമാണ് ഇപ്പോൾ ശ്രീലങ്കയിലെ പൊതുതെരഞ്ഞെടുപ്പിലും നിർണായകമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സോവിയറ്റ് യൂനിയെൻറയും ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറയും തകർച്ച ഒരേയവസരത്തിൽ മുതലാളിത്ത സാമ്പത്തികശക്തികൾക്കും തീവ്രദേശീയ ധാരകൾക്കുമാണ് മേൽക്കൈ നേടിക്കൊടുത്തത്.
മാനവികതയിലും വിശ്വസാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു ബദലിെൻറ അഭാവത്തിൽ തീർത്തും സങ്കുചിതവും സ്വാർഥജടിലവും അതിവൈകാരികവുമായ വംശീയത അഥവാ ദേശീയത ജനതതികളുടെ പിന്തുണ നേടിയെടുക്കുന്നതിൽ വലിയൊരളവോളം വിജയിച്ചു. ഡോണൾഡ് ട്രംപിനെ വൈറ്റ്ഹൗസിലെത്തിച്ച അമേരിക്കയിലും വലതുപക്ഷം അധികാരത്തിലേറുകയോ മുഖ്യപ്രതിപക്ഷമാവുകയോ ചെയ്ത യൂറോപ്യൻ രാജ്യങ്ങളിലും അത് പ്രകടമായി.
റഷ്യയിൽ വ്ലാദിമിർ പുട്ടിനും ഇസ്രായേലിൽ ബിന്യമിൻ നെതന്യാഹുവും നിലയുറപ്പിച്ച അതേ ഭൂമികയിലാണ് ഇന്ത്യയിൽ മോദി-അമിത് ഷാ ടീമും ചുവടുറപ്പിച്ചിരിക്കുന്നത്. യഥാർഥമോ സാങ്കൽപികമോ ആയ ഒരു ഭൂതകാലത്തെക്കുറിച്ച മിഥ്യാഭിമാനത്തിൽ ഭൂരിപക്ഷ ജനതയെ അഭിരമിപ്പിക്കുകയും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന സാംസ്കാരിക മാഹാത്മ്യത്തെ ഹിമാലയത്തോളം ഉയർത്തിക്കാട്ടുകയും ഇതിനോടൊന്നും ആഭിമുഖ്യം പുലർത്തുന്നില്ല എന്ന് സംശയിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ വിധേയരും ചകിതരുമാക്കി രണ്ടാംകിട പൗരന്മാരായി കഴിഞ്ഞുകൂടാൻ നിർബന്ധിക്കുകയും ചെയ്യുക എന്നതാണ് നവീന വലതുപക്ഷ രാഷ്ട്രീയത്തിെൻറ സാമാന്യസ്വഭാവം.
ഇപ്പോൾ രാജപക്സ കുടുംബം നയിക്കുന്ന ശ്രീലങ്കൻ പീപ്ൾസ് പാർട്ടിയും പ്രതിപക്ഷത്തിെൻറ ദൗർബല്യങ്ങളിൽനിന്നും ശൈഥില്യത്തിൽനിന്നും മുതലെടുത്തുകൊണ്ട് എഴുപതു ശതമാനം വരുന്ന ബുദ്ധമതസ്ഥരുടെ പിന്തുണയോടെ അധികാരമുറപ്പിച്ചിരിക്കുന്നതും സിംഹള ദേശീയതയുടെ പുറത്താണ്. വേലുപ്പിള്ളൈ പ്രഭാകരെൻറ തമിഴ് ഈഴം ടൈഗേഴ്സിെൻറ വിഘടനവാദവും തുടർന്ന് പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തരയുദ്ധവും സിംഹള വംശീയതയെ രൂക്ഷമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
ഗോതാബയ രാജപക്സ പ്രതിരോധ സെക്രട്ടറിയായി വന്നപ്പോഴാണ് തമിഴ്പുലികളെ നിർണായകമായി തകർക്കാൻ ശ്രീലങ്ക സർക്കാറിന് സാധിച്ചത് എന്നത് രാജപക്സ കുടുംബത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. 2019െല ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ ക്രിസ്ത്യൻ ചർച്ചിെൻറനേരെ നടന്ന ക്രൂരമായ ആക്രമണത്തിെൻറ പേരിൽ മുസ്ലിം ന്യൂനപക്ഷം മൊത്തം പ്രതിക്കൂട്ടിൽ കയറേണ്ട അവസ്ഥയുമുണ്ടായി. അതിൽപിന്നെ ബുദ്ധിസ്റ്റുകളുടെ ഭാഗത്തുനിന്ന് നിരന്തരമായ വംശീയാക്രമണങ്ങൾ നേരിടുകയായിരുന്നു അവർ.
ഈ ഘടകങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ ലഭിച്ച അഭൂതപൂർവമായ വിജയം സമാധാനത്തിലേക്കും വികസനത്തിലേക്കുമുള്ള പാതയല്ല പ്രസിഡൻറിനും പ്രധാനമന്ത്രിക്കും ഒരുക്കിക്കൊടുക്കുന്നതെങ്കിൽ ഒട്ടും ശുഭകരമായിരിക്കില്ല ശ്രീലങ്കയുടെ ഭാവി. ചൈനയെപ്പോലുള്ള വൻശക്തികൾ മുതലെടുപ്പിന് തക്കം പാത്തുകഴിയുേമ്പാൾ ആശങ്കജനകമായ ഉപജാപങ്ങൾക്കും രാജ്യം വേദിയാവാം. തൊട്ടടുത്ത അയൽരാജ്യത്തെ മാറ്റങ്ങൾ ഇന്ത്യയും സുസൂക്ഷ്മം നിരീക്ഷിച്ച് അവസരോചിതമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.