പ്രവാസികളോടുള്ള അലസ സമീപനം
text_fieldsആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 വിദേശരാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലിചെയ്യുന്ന ഇന്ത് യക്കാർ ഡിസംബർ 31നുമുമ്പ് ഇ-മൈേഗ്രറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നവംബർ 14ലെ ഉത്തരവ് നവംബർ 28ന് കേന്ദ്ര സർക്കാർ പിൻവലിച്ചിരിക്കുകയാണ്. പ്രവാസി സംഘടനകളിൽനിന്നും മറ്റുമുണ്ടായ വിമർശനങ്ങളുടെയും വിയോജിപ്പുകളുടെയും പശ്ചാത്തലത്തിലാണ് പിൻവലിക്കൽ തീരുമാനം എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പ്രവാസികളുടെ കാര്യം എത്ര അലസമായും നിരുത്തരവാദപരമായുമാണ് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിെൻറ ഏറ്റവും മികച്ച, ഒടുവിലത്തെ ഉദാഹരണമാണ് ഇ-മൈേഗ്രറ്റ് രജിസ്േട്രഷനുമായി ബന്ധപ്പെട്ടുണ്ടായ പുകിലുകൾ. ഡിസംബർ 31നുമുമ്പ് രജിസ്റ്റർ ചെയ്യണമെന്നു മാത്രമല്ല നവംബർ 14ലെ കേന്ദ്ര സർക്കാറിെൻറ ഉത്തരവ്. അങ്ങനെ രജിസ്റ്റർ ചെയ്യാതെ നാട്ടിലേക്ക് മടങ്ങുന്നവരെ വിമാനത്താവളങ്ങളിൽ വെച്ച് തിരിച്ചയക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു.
നടന്ന കാര്യങ്ങൾ ഇങ്ങനെയാണ്: ഒരു സുപ്രഭാതത്തിൽ വിദേശകാര്യ വകുപ്പിലിരിക്കുന്നവരുടെ തലയിൽ ഒരു ആശയം ഉദിക്കുന്നു. ആ ആശയം പ്രാവർത്തികമാക്കാൻ വെറും ഒന്നര മാസത്തെ സമയം അനുവദിക്കുന്നു. അതായത്, 18 രാജ്യങ്ങളിലായി പലതരം പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ വെറും ഒന്നര മാസത്തെ സമയംകൊണ്ട് തങ്ങളുടെ രജിസ്േട്രഷൻ പൂർത്തിയാക്കണം. അങ്ങനെ ചെയ്യാത്തവരെ നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന്. സ്വന്തം നാടിന് വിദേശ മൂലധനം ഏറ്റവുമധികം നേടിക്കൊടുക്കുന്ന ഒരു വിഭാഗത്തോടാണ് നിങ്ങളെ നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് സർക്കാർ പറയുന്നത്. ഇതിന് എന്തെങ്കിലും നിയമപ്രാബല്യമുണ്ടോ എന്ന് ഇനിയും തീരുമാനമായിട്ടു വേണം. ഉത്തരവ് പുറത്തുവന്ന മുറക്ക് വിദേശങ്ങളിൽ പണിയെടുക്കുന്നവർക്കിടയിൽ അസ്വസ്ഥത പടർന്നുവെന്നത് സ്വാഭാവികം. അറിഞ്ഞവർ അറിഞ്ഞവർ കേന്ദ്ര സർക്കാർ 2015ൽ തയാറാക്കിയ ഇ-മൈേഗ്രറ്റ് പോർട്ടലിൽ കയറി രജിസ്േട്രഷൻ നടപടികൾ ആരംഭിച്ചു. ഇത്രയും കുറഞ്ഞ സമയം ഇത്രയുമധികം ആളുകൾ ലോഗിൻ ചെയ്തതോടെ പലപ്പോഴും പോർട്ടൽ പണിമുടക്കുന്ന അവസ്ഥയുണ്ടായി. ആളുകളിൽ പരിഭ്രാന്തി പരത്തി ഇ-രജിസ്േട്രഷൻ പുരോഗമിക്കവെ പൊടുന്നനെ അത് പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പും വന്നു. നിർബന്ധമില്ല, ആരെങ്കിലും സ്വമേധയാ രജിസ്റ്റർ ചെയ്യുന്നുവെങ്കിൽ ചെയ്തോളൂ എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.
2015 മാർച്ചിലാണ് വിദേശകാര്യ വകുപ്പ് ഇ-മൈേഗ്രറ്റ് പോർട്ടൽ ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ യഥാർഥ കണക്കും വിവരങ്ങളും േക്രാഡീകരിക്കുക, തൊഴിൽചൂഷണങ്ങളിൽനിന്നും തട്ടിപ്പുകളിൽനിന്നും പ്രവാസികളെ രക്ഷപ്പെടുത്തുക, റിക്രൂട്ടിങ് നടപടികൾ ശാസ്ത്രീയമാക്കുക തുടങ്ങിയ നല്ല ലക്ഷ്യങ്ങൾ മുന്നിൽവെച്ചാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്ന സ്വന്തം പൗരന്മാരെക്കുറിച്ച് ശരിയായ വിവരങ്ങൾപോലുമില്ലാത്ത ഒരു രാജ്യത്ത് ഇങ്ങനെയൊരു സംവിധാനം വരുന്നത് ആരും സ്വാഗതം ചെയ്യും. എന്നാൽ, പ്രസ്തുത കാര്യംപോലും ശരിയാംവിധം നടത്താൻ കഴിയില്ല എന്നാണ് പുതിയ ഇ-രജിസ്േട്രഷൻ ബഹളത്തിലൂടെ കേന്ദ്ര സർക്കാർ തെളിയിച്ചിരിക്കുന്നത്. നല്ല ലക്ഷ്യംവെച്ച് തുടങ്ങിയ ഒരു പരിപാടി നിർത്തുകയല്ലല്ലോ, അതിെൻറ സമയപരിധി നീട്ടുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയുമല്ലേ വേണ്ടിയിരുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കിയുണ്ട്.
പ്രവാസികളുമായി ബന്ധപ്പെട്ട ഒരു പദ്ധതി ഇതാദ്യമായല്ല കേന്ദ്ര സർക്കാർ പിൻവലിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തത് ഈ വർഷം ജനുവരിയിലാണ്. ജനങ്ങളെ രണ്ടു തട്ടിലാക്കി ചാപ്പകുത്തുന്ന ഈ ഏർപ്പാടിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നുവന്നപ്പോൾ അത് പിൻവലിക്കുകയും ചെയ്തു. അതായത്, പ്രത്യേകിച്ച് ഗൃഹപാഠമൊന്നും ചെയ്യാതെ ഉദ്യോഗസ്ഥരുടെ ഉച്ചക്കിറുക്കുകൾ തീരുമാനമായി വരുന്ന ഒരു സംവിധാനമായി വിദേശകാര്യ വകുപ്പ് മാറിയോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ്. സ്വന്തം വീടും നാടും വിട്ട് അതിവിദൂരങ്ങളിൽ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിതം മുന്നോട്ടുനീക്കാൻ പാടുപെടുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതംവെച്ചാണ് മന്ത്രാലയം ഈ കളികൾ കളിക്കുന്നത്. എത്ര അലസമായും ആലോചനയില്ലാതെയുമാണ് കേന്ദ്ര സർക്കാർ പ്രവാസികളുടെ കാര്യങ്ങൾ പരിഗണിക്കുന്നത് എന്നതിെൻറ തെളിവാണ് ഇത്തരം തീരുമാനങ്ങളും പിൻവലിക്കലുകളും. പ്രവാസി വോട്ട് എന്ന ആശയം അംഗീകരിക്കപ്പെടാൻ ഇത്രയും കാലമെടുത്തതും ഈ സമീപനത്തിെൻറ ഉദാഹരണമാണ്. ഇപ്പോൾ തത്ത്വത്തിൽ അത് അംഗീകരിക്കപ്പെട്ടുവെങ്കിലും അതിെൻറ നടപടിക്രമങ്ങൾക്ക് ഇനിയും ഗതിവേഗം വന്നിട്ടില്ല.
വിദേശങ്ങളിൽ തൊഴിൽചെയ്യുന്ന തങ്ങളുടെ പൗരന്മാരുടെ കാര്യത്തിൽ അങ്ങേയറ്റം ശാസ്ത്രീയമായ സമീപനങ്ങൾ സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. ഫിലിപ്പീൻസ് സർക്കാർ ആ നിലയിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രവാസികൾ പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ, ഇന്ത്യ ഉൾപ്പെെട ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ വൻ പരാജയമാണെന്നാണ് അനുഭവം. പ്രവാസികളുടെ കാര്യത്തിൽ അൽപമെങ്കിലും ആത്മാർഥതയോടെയും ഗൗരവത്തോടെയും നടപടികൾ സ്വീകരിക്കാൻ സർക്കാറിന് ഇനിയെങ്കിലും മനസ്സുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.