കാമ്പസുകൾ തുറക്കാൻ ഒരുക്കം തുടങ്ങാം
text_fieldsസംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ ദിവസം തുറക്കാമെന്നതാണ് ഒരു പ്രധാന മാറ്റം. ഇതും ആവശ്യത്തിലേറെ കർക്കശമാണെന്ന അഭിപ്രായം ഇരിക്കെതന്നെ, രോഗവ്യാപനത്തിലെ കുറവല്ല അടച്ചുപൂട്ടലിെൻറ ഇളവിന് അടിസ്ഥാനമെന്നത് കാണാതിരുന്നു കൂടാ. ജീവൻ മാത്രമല്ല, ജീവിതവും പ്രധാനമാണ് എന്ന തിരിച്ചറിവിൽനിന്നാണ് വ്യാപാരമടക്കമുള്ള നിത്യവ്യവഹാരങ്ങൾക്ക് കുറെക്കൂടി അയവുവേണമെന്ന് എല്ലാവർക്കും ബോധ്യമുണ്ടായത്. ഇതേ മാനദണ്ഡം വെച്ച് മുൻഗണനയോടെ തുറക്കേണ്ട മറ്റൊരു രംഗമാണ് വിദ്യാഭ്യാസം. ആരോഗ്യ വ്യാപാര മേഖലകൾ വർത്തമാനകാലത്തെ അതിജീവനത്തിന് അവശ്യമാണെന്നതുപോലെ, ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമെന്ന നിലക്ക് വിദ്യാഭ്യാസവും ഇന്നിെൻറ മുൻഗണനയിലുണ്ടാകേണ്ടതുതന്നെയാണ്.
കേരളത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് നമ്മുടെ മാനവശേഷി. ആ രംഗത്തെ മുന്നേറ്റമാണ് നമ്മെ മറ്റു പല രംഗങ്ങളിലും മുന്നിലെത്താൻ സഹായിച്ചത്. കോവിഡ് കാലത്തും ഓൺലൈനായി വിദ്യാഭ്യാസം നടക്കുന്നില്ലേ എന്ന് ചോദിക്കാം. ഇത് പക്ഷേ, അനുഭവത്തിൽ ഫലപ്രദമായ വിദ്യാഭ്യാസമല്ല എന്നാണുത്തരം. മുടങ്ങിയില്ല എന്നു വരുത്താനുള്ള ഒരു പൊയ്ക്കാൽ വിദ്യാഭ്യാസമാണ് ഇന്ന് നടക്കുന്നത്. യുനെസ്കോ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ അത് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂളുകൾ തരിശിട്ട നിലം പോലെ നാളെ നമുക്ക് വലിയ നഷ്ടമുണ്ടാക്കാൻ പോകുന്നു. ഇന്ത്യയിൽ 32 കോടി പഠിതാക്കളെ അടച്ചുപൂട്ടൽ കാര്യമായി ബാധിച്ചിട്ടുണ്ട്. പഠന മുരടിപ്പ് വ്യാപകമാണ്. അധ്യയനമോ പരീക്ഷകളോ ശരിയായ രീതിയിൽ നടത്താൻ ഓൺലൈൻ സംവിധാനം പര്യാപ്തമല്ല. അത്തരം കാര്യങ്ങൾ ശരിയായാൽപോലും സ്കൂളും കോളജുമൊക്കെ തുറക്കാൻ മറ്റൊരു അതിപ്രധാനമായ കാരണമുണ്ട്. അവിടങ്ങളിൽനിന്നാണ് പാഠപുസ്തകത്തിനപ്പുറത്തുള്ള ജീവിതപാഠങ്ങൾ പരിശീലിക്കുന്നത് എന്നതാണത്. സാമൂഹിക ജീവിതത്തിെൻറ കളരി കൂടിയാണ് വിദ്യാലയങ്ങൾ. ആ അവസരം എത്രകാലം കുട്ടികൾക്ക് നിഷേധിക്കാൻ കഴിയും?
നെതർലൻഡ്സിലെ അനുഭവം പഠനവിധേയമാക്കിയവർ കണ്ടത്, ഏതാനും ആഴ്ചക്കാലത്തെ സ്കൂൾമുടക്കം പോലും വിദ്യാർഥികളുടെ മൊത്തം പഠനനേട്ടത്തിൽ അഞ്ചിലൊന്ന് കുറവു വരുത്തി എന്നാണ്. വെറും എട്ടാഴ്ച മാത്രമാണ് അവിടെ അടച്ചുപൂട്ടലുണ്ടായത്. ബ്രോഡ്ബാൻഡ് സൗകര്യത്തിൽ ഏറെ മുന്നിലാണവർ. എന്നിട്ടും ഓൺലൈൻ വിദ്യാഭ്യാസം ഇത്രയേറെ അധ്യയന ശോഷണം വരുത്തിയെങ്കിൽ നമ്മുടെ കുട്ടികൾക്ക് ഇതിനകംതന്നെ വന്നുകഴിഞ്ഞ നഷ്ടം ഊഹിക്കാനേ പറ്റൂ. പാവപ്പെട്ട, വിദ്യാഭ്യാസം കുറഞ്ഞ രക്ഷാകർത്താക്കളുടെ കുട്ടികളെ ഓൺലൈൻ വിദ്യാഭ്യാസം ഏറക്കുറെ പുറത്തുനിർത്തിയിരിക്കുന്നു. ഈ നിർബന്ധിത കൊഴിഞ്ഞുപോക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിെൻറ നിഷേധം കൂടിയാണ്. 188 രാജ്യങ്ങളിൽ വിദ്യാലയ അടച്ചുപൂട്ടൽ കാരണം 150 കോടി പഠിതാക്കൾക്ക് ഏറിയോ കുറഞ്ഞോ നഷ്ടം സംഭവിച്ചുവെന്ന് യു.എൻ പറയുന്നു.
മാനവശേഷി വികസനത്തിൽ വന്ന ഈ മഹാനഷ്ടം ഭാവിയെ സാരമായി ബാധിക്കുമെന്നു പറയേണ്ടതില്ല- കേരളത്തെപ്പോലുള്ള പ്രദേശങ്ങൾക്ക് പ്രത്യേകിച്ചും. ഡിജിറ്റൽ വിദ്യാഭ്യാസത്തിനാകട്ടെ അതിേൻറതായ സൗകര്യങ്ങൾ പോലെ അപകടങ്ങളുമുണ്ട്.പറഞ്ഞുവരുന്നത്, നമ്മുടെ വിദ്യാലയങ്ങൾ തുറക്കുന്നതിന് മഹാമാരി പാടേ അപ്രത്യക്ഷമാകുംവരെ കാത്തിരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക എന്നാണ്. കൂട്ടുകാരുമായി ഇടപഴകാതെ ഒരുവർഷത്തിലേറെയായി വീടുകളിൽ തളച്ചിടപ്പെട്ട കുട്ടികൾ നമ്മുടെ പരിഗണന അർഹിക്കുന്നുണ്ട്. വിദ്യാലയങ്ങൾ തുറക്കൽ മുൻഗണനയായി അംഗീകരിക്കുകയും അതിനായുള്ള ഒരുക്കങ്ങൾ സത്വരമായി തുടങ്ങുകയുമാണ് അധികൃതർ ചെയ്യേണ്ടത്. കുട്ടികളിൽ രോഗവ്യാപന സാധ്യത കുറവാണെന്ന കണ്ടെത്തലുമുണ്ട്.
മെഡിക്കൽ കൗൺസിൽ (ഐ.സി.എം.ആർ) നിർദേശിക്കുന്നത് പ്രൈമറി സ്കൂളുകൾ ആദ്യവും മറ്റുള്ളവ പിന്നെയും തുറക്കുക എന്നാണ്; ഇതിന്, ബന്ധപ്പെട്ട എല്ലാ ജീവനക്കാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണമെന്നും. സമയബന്ധിതമായ ഒരു കർമപരിപാടിക്ക് രൂപം നൽകുകയാണ് ആദ്യം വേണ്ടത്. മരുന്നുലഭ്യത ഉറപ്പാക്കലും ബോധവത്കരണവുമാണ് ഉടനെ നടക്കേണ്ട മറ്റു കാര്യങ്ങൾ. കുട്ടികളെ സ്കൂളിലയക്കാൻ േപടിക്കുന്ന രക്ഷിതാക്കളുണ്ടെങ്കിൽ ആ കുട്ടികൾക്കായി ഓൺലൈൻ രീതി കൂട്ടിച്ചേർത്തുള്ള സങ്കര സംവിധാനം (ഹൈബ്രിഡ് സിസ്റ്റം) ആണ് വിദഗ്ധർ നിർദേശിക്കുന്നത്. അതിനർഥം വിദ്യാലയങ്ങളിൽ അത്തരം സൗകര്യം വേണമെന്നും അധ്യാപകർക്ക് പ്രത്യേക പരിശീലനം വേണമെന്നുമാണ്. വിദ്യാലയങ്ങൾക്കു മാത്രമായി കോവിഡ് ചിട്ടകൾ രൂപപ്പെടുത്തേണ്ടിയും വരാം. എത്രവേഗത്തിൽ ഇത്തരം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നുവോ അത്രയും വേഗം കാമ്പസുകൾ വീണ്ടുമുണരും. അതുവരെ, പ്രത്യേക ദിവസങ്ങളിലെങ്കിലും മതിയായ മുൻകരുതലുകളോടെ വിദ്യാലയങ്ങൾ തുറക്കുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം കാണാനെങ്കിലും സൗകര്യമൊരുക്കുകയും ചെയ്യാനാകുമോ എന്നും ആലോചിക്കണം. കൂട്ടിലൊതുങ്ങിയ ചിറകുകൾ ഇനിയെങ്കിലും വിടരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.