ചെങ്കോട്ടയിൽ ആവർത്തിക്കുന്ന കെട്ടുകാഴ്ച
text_fields78ാം സ്വാതന്ത്ര്യദിനത്തിൽ, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പതിവുപോലെ നിരർഥകമായ അവകാശവാദങ്ങളുടെ കെട്ടുകാഴ്ചയായിപ്പോയി. മോദിയുടെ തുടർച്ചയായ പതിനൊന്നാം സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസത്തേത്. 98 മിനിറ്റ് നീണ്ട പ്രസംഗം 78 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതുമാണ്. മോദിക്കുമുമ്പ് പ്രധാനമന്ത്രിമാർ ചെങ്കോട്ടക്കു മുകളിൽനിന്ന് നടത്തിയിരുന്ന കാര്യമാത്ര പ്രസക്തമായ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾക്ക് ഒരു മണിക്കൂറിൽ താഴെ മാത്രമായിരുന്നു ദൈർഘ്യം.
ഒരു ദശകമായി അവകാശവാദങ്ങളുടെയും പലപ്പോഴും വിദ്വേഷ പ്രചാരണത്തിന്റെയും വേദിയായി ചെങ്കോട്ടയിലെ പ്രസംഗപീഠം മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം മണിപ്പൂരിൽ സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെ ആക്രമികൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സ്വാത്തന്ത്ര്യദിന പ്രഭാഷണം. അതേകുറിച്ച്, ‘രാജ്യം മണിപ്പൂരിനൊപ്പം’ എന്ന ആലങ്കാരിക പ്രയോഗത്തിനപ്പുറം കാര്യമായ ഒരു പരാമർശവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നല്ല, വിഷയത്തിൽ സംസ്ഥാനസർക്കാറിന് ക്ലീൻ ചിറ്റ് നൽകാനും അദ്ദേഹം മുതിർന്നു. ആ വേദിയിലും തൊട്ടുതലേയാഴ്ച പാർലമെന്റിലും മോദി ആവർത്തിച്ചുപറഞ്ഞത് താൻ മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നായിരുന്നു. പ്രതിപക്ഷത്തെ കൂടുതൽ ദുർബലമാക്കി 400ലധികം സീറ്റ് നേടി അധികാരത്തിൽ തുടരുമെന്ന് തെരഞ്ഞെടുപ്പ് കാലത്തും ആവർത്തിച്ചു.
പക്ഷേ, ജനവിധി തിരിച്ചായിരുന്നു. ഭരണം തുടരണമെങ്കിൽ, സഖ്യകക്ഷികൾ കനിയണമെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് സഖ്യകക്ഷികൾക്ക് ബജറ്റിലും മറ്റും കുടുതൽ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയപോലെ, പ്രതിപക്ഷത്തെ ഇപ്പോൾ അവഗണിച്ചുമാറ്റിനിർത്താനാവില്ലെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനം തെളിയിച്ചു. ഇതിന്റെയെല്ലാം ചില മാറ്റങ്ങൾ പൊതുവിൽ കണ്ടുവരുന്നുമുണ്ട്. സ്വാഭാവികമായും സർക്കാറിന്റെ നയപ്രഖ്യാപന വേദികൂടിയായ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അതെല്ലാം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, തങ്ങളുടെ ഹിന്ദുത്വ അജണ്ടയുമായിത്തന്നെ മുന്നോട്ടുപോകുമെന്ന ഉറച്ച പ്രഖ്യാപനം നടത്താൻ കൂടി ആ വേദി പ്രധാനമന്ത്രി ഉപയോഗപ്പെടുത്തി.
2014ൽ മോദി സർക്കാർ അധികാരമേറ്റ കാലം തൊട്ടേ, രാജ്യത്ത് ഏത് നിമിഷവും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഭരണകൂടത്തിനും അവർക്കൊപ്പമുള്ള ഹിന്ദുത്വശക്തികൾക്കും കഴിഞ്ഞിട്ടുണ്ട്. രണ്ടാം മോദി സർക്കാറിന്റെ അവസാനകാലത്ത് ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച കരടുകൾ തയാറാക്കുകയും നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയിൽ മോദിക്ക് മൂന്നാമൂഴം ലഭിച്ചാൽ ആദ്യ അജണ്ടയായി ഏക സിവിൽകോഡ് വരുമെന്നുതന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, മുകളിൽ സൂചിപ്പിച്ചതുപോലെ തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് തിരിച്ചടിയുണ്ടായി. നിലവിലെ സാഹചര്യത്തിൽ സഖ്യകക്ഷികളെക്കൂടി മുഖവിലക്കെടുത്തും അവരുടെ ആവശ്യങ്ങളും അജണ്ടകളും പരിഗണിച്ചും മാത്രമേ മുന്നോട്ടുപോകാനാകൂ. അതുകൊണ്ടുതന്നെ, ഹിന്ദുത്വയുടെ പ്രത്യക്ഷ അജണ്ടകൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കപ്പെടുമെന്നായിരുന്നു തെരഞ്ഞെടുപ്പാനന്തര വിശകലനങ്ങളിൽ ഏറിയ പങ്കും. എന്നാൽ, ഇത്തരം അജണ്ടകളിൽനിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലൂടെ നൽകിയിരിക്കുന്നത്. നിലവിലെ വ്യക്തിനിയമങ്ങൾ ‘വർഗീയ’മാണെന്നും അതിനാൽ ‘മതേതര’മായ സിവിൽ നിയമങ്ങൾ ആവശ്യമുണ്ടെന്നുമാണ് മോദി പറഞ്ഞത്.
തങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് മതേതരമായ പൊതു സിവിൽ നിയമമാണെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധികാരം ഉറപ്പാക്കുന്ന ‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവും ആ പ്രസംഗത്തിലുണ്ടായി. കേവലമായ ഭരണകൂട അജണ്ട എന്നതിനപ്പുറം, രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകർക്കാൻകൂടി പര്യാപ്തമായ ആശയങ്ങളാണിതെന്ന് ഇതിനകം വ്യക്തമായതാണ്. ഇക്കാര്യത്തിൽ പാർലമെന്റിലെ മൃഗീയഭൂരിപക്ഷത്തിന്റെ ചുവടുപിടിച്ചുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ തടയിടാമെന്നാണ് പ്രതിപക്ഷം ധരിച്ചിരുന്നത്. എന്നാൽ, ഭൂരിപക്ഷം കുറഞ്ഞിട്ടും അജണ്ടയുമായി മുന്നോട്ടുതന്നെയെന്ന പരസ്യ പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ മുന്നിലുള്ള പുതിയ വെല്ലുവിളിയാണ്. പാർലമെന്റിൽ അൽപം ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നേയുള്ളൂ; വിദ്വേഷ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ പാർലമെന്റിനകത്തും പുറത്തും അരങ്ങുതകർക്കുക തന്നെയാണ്. ഈ തിരിച്ചറിവാകാം, ചെങ്കോട്ട പ്രസംഗത്തിന്റെ തൊട്ടടുത്ത നിമിഷം മുതൽ പ്രതിപക്ഷ പാർട്ടികൾ മോദിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നത്.
സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചും അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ചുമെല്ലാം മോദി നടത്തിയ അവകാശവാദങ്ങളിൽ വലിയ കാര്യമൊന്നും ആരും കാണുന്നില്ല. വർത്തമാന യാഥാർഥ്യങ്ങളിൽനിന്ന് ഏറെ അകന്നുമാറിയുള്ള ഈ വാചകക്കസർത്തുകൾ പൊളിച്ചടുക്കാൻ ഓരോ ഇന്ത്യക്കാരുടെയും അനുഭവങ്ങൾതന്നെ ധാരാളം. സാമ്പത്തിക പരിഷ്കരണങ്ങളെന്ന പേരിൽ മോദി നടപ്പാക്കിയ പദ്ധതികളുടെ പ്രത്യാഘാതങ്ങളിൽനിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സർക്കാർ മേഖലയിൽപോലും നിയമനങ്ങൾ നടക്കുന്നില്ല.
മോദി ഭരണത്തിന്റെ ആദ്യ എട്ടുവർഷങ്ങളിൽ, 22 കോടി സർക്കാർ ജോലി അപേക്ഷകളിൽ ഏഴര ലക്ഷം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് പാർലമെന്റ് രേഖകളിലുണ്ട്. പത്ത് വർഷത്തിനിടെ, മൂന്നു ലക്ഷം നിയമനങ്ങൾ കേന്ദ്ര പബ്ലിക് റിലേഷൻ മന്ത്രാലയത്തിൽ മാത്രം വെട്ടി. പൊതുമേഖലയിൽ, ആയിരം അപേക്ഷകളിൽ മൂന്നുപേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നതെന്നാണ് കണക്ക്.. യാഥാർഥ്യം ഇതായിരിക്കെ, വരും വർഷങ്ങളിൽ രാജ്യം വൻ സാമ്പത്തികപുരോഗതി കൈവരിക്കുമെന്നൊക്കെ പ്രധാനമന്ത്രി അവകാശപ്പെടുന്നത് വസ്തുതയായി കാണാനാവില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിൽ രാജ്യമൊട്ടാകെ കഴിയുമ്പോഴും അതെല്ലാം അവഗണിച്ച് വിഭജന അജണ്ടകളിൽ അഭിരമിക്കുകയാണ് ഭരണകൂടം. തെരഞ്ഞെടുപ്പാനന്തരവും വിദ്വേഷ അജണ്ടകൾ വെല്ലുവിളിയായി രാജ്യത്തിനു മുന്നിലുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.