പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സംസാരം
text_fieldsസുദീർഘമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രഭാഷണം. രാജ്യത്തിെൻറ ഭാവിയെക്കുറിച്ച് ബി.ജെ.പി സർക്കാറിെൻറ വിഭാവനകളെ അരക്കി ട്ടുറപ്പിക്കുന്നു ഒന്നര മണിക്കൂറോളം നീണ്ട വാഗ്വിലാസം. പുകഴ്ത്തലുകളും പ്രഖ്യാപനങ് ങളും സ്വപ്നങ്ങളും ഒഴുകിപ്പരന്ന പ്രഭാഷണത്തിെൻറ ഊന്നലുകൾ രാജ്യത്തിെൻറ സവിശേഷ ശ് രദ്ധ ആവശ്യപ്പെടുന്നുണ്ട്. സമ്പദ് വ്യവസ്ഥയിൽ ഒരു രാജ്യം, ഒരു നികുതി, ഊർജമേഖലയിൽ ഒരു രാജ്യം, ഒരു ഗ്രിഡ് എന്നിവ സാക്ഷാത്കരിച്ചതുപോലെ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്, ഒരു രാഷ് ട്രം, ഒരു മൊബിലിറ്റി കാർഡ് തുടങ്ങിയവയാണ് സർക്കാറിെൻറ പുതിയ രാഷ്ട്രീയ അജണ്ടകൾ.
ഏകാത്മക ഇന്ത്യയിലേക്കുള്ള കരുത്താർന്ന ചുവടുവെപ്പായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിശ്ചയിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. അത് സൈന്യത്തിെൻറ ഏകോപനത്തിനും ശാക്തീകരണത്തിനും അവശ്യഘട്ടത്തിൽ ആഭ്യന്തര സുരക്ഷക്കും പ്രയോജനപ്പെടുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു അദ്ദേഹം. കർഷകന് ഇരട്ടി വരുമാനമുണ്ടാകുന്ന, ദരിദ്രരിൽ ഏറ്റവും ദരിദ്രരായവർക്കുപോലും വീടുണ്ടാകുന്ന, എല്ലാ വീടുകളിലും ശുദ്ധജലവും വൈദ്യുതിയും ലഭ്യമാകുന്ന, ഓരോ ഗ്രാമത്തിലും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുമുള്ള നവഭാരതത്തിെൻറ 75ാം ആഘോഷമായിരിക്കും 2022ൽ രാജ്യം ആഘോഷിക്കുകയെന്ന മധുരമനോജ്ഞ സ്വപ്നം പങ്കുവെച്ചാണ് പ്രഭാഷണത്തിലെ വികസനഭാഗം അവസാനിക്കുന്നത്.
സാധാരണക്കാരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിലായിരുന്നു കഴിഞ്ഞ സർക്കാർ മുൻഗണന. അത് ഏറക്കുറെ സാധ്യമായതിനാൽ ഇനി ഊന്നുക ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിലായിരിക്കും. ഇതിനായി നൂറു ലക്ഷം കോടിയുടെ അടിസ്ഥാന വികസന നിധിയും പ്രഖ്യാപിച്ചു. വികസനത്തിൽ ജനപങ്കാളിത്തം അധികമാക്കുമെന്നും സർക്കാറിെൻറ പങ്ക് പരമാവധി കുറക്കുമെന്നും പരോക്ഷ സൂചനയും അദ്ദേഹം നൽകുന്നുണ്ട്. സമ്പദ് സ്രഷ്ടാക്കളെ ആദരിക്കാൻ രാജ്യത്തോട് ആഹ്വാനവുമുണ്ട്. മുഴുവൻ പൗരന്മാർക്കും പ്രയോജനപ്പെടുന്ന ജലജീവൻ പദ്ധതിയും പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് വർജനവും തുടങ്ങി പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ, പറയുന്ന കാലയളവുകളിൽ സംഭവിച്ചാൽ സംശയമേതുമില്ല; അതൊരു പുതിയ ഇന്ത്യതന്നെയായിരിക്കും.
ദൗർഭാഗ്യവശാൽ, രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അവക്കുള്ള പരിഹാരങ്ങളും ഇൗ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും മറച്ചുവെക്കപ്പെട്ടിരിക്കുന്നു. ഗ്രാമ, നഗര ഭേദമില്ലാതെ രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം അഭിമുഖീകരിക്കുന്നതിനെ കുറിച്ചോ അതിെൻറ കാരണങ്ങളെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയില്ല. കാരണം, മോദി സർക്കാർ നടപ്പാക്കിയ സാമ്പത്തിക, നികുതിപരിഷ്കരണങ്ങളാണ് ഈ മാന്ദ്യത്തിലെ പ്രധാന വില്ലൻ. ജി.എസ്.ടി ഏകാത്മക ഇന്ത്യയുടെ നികുതി അടയാളമായി സൂചിപ്പിച്ചപ്പോൾ നിലവിെല നികുതി പരിഷ്കരണങ്ങൾ സൃഷ്ടിച്ച ആഘാതങ്ങളെ കുറിച്ച് ഒന്നും സംസാരിക്കാൻ തയാറായില്ല. രാജ്യം നടപ്പാക്കിയ ചരക്കുസേവന നികുതി ഘടന ഏകാത്മകമല്ലെന്ന സത്യവും അദ്ദേഹം മറച്ചുവെച്ചു. പ്രവൃത്തിപഥത്തിൽ സാക്ഷാത്കരിക്കാൻ സാധിക്കാത്ത സ്വപ്നങ്ങൾ വൃഥാവിലാെണന്ന വ്യവസായ മേഖലയിലെ പ്രമുഖരുടെ വിയോജനത്തിെൻറ അടിസ്ഥാനം വാക്കുകൾക്ക് ഭിന്നമായ തീരുമാനങ്ങളാണ് സംഭവിക്കുകയെന്ന മുൻകാല അനുഭവത്തിൽനിന്നാണ്.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന ഏകാത്മക ഇന്ത്യ എന്ന ആശയം പതിറ്റാണ്ടുകളായി സംഘ് പരിവാർ സംഘടനകളുടെ രേഖപ്പെടുത്തപ്പെട്ട സ്വപ്നമാണ്. സാംസ്കാരിക ആദർശവാക്യമായി നാളിതുവരെ സ്വീകരിച്ച നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിെൻറ വിരുദ്ധപക്ഷത്താണ് സംഘ്പരിവാർ വിഭാവനം ചെയ്യുന്ന ഏകാത്മക ഇന്ത്യ. വൈവിധ്യത്തിലാണ് ഇന്ത്യയുടെ ആത്മാവ് എന്നാണ് ഗാന്ധിജിയും ടാഗോറും പറഞ്ഞുവെച്ചത്. ഭൗമികമായും ഭാഷപരമായും മത, ജാതി സ്വത്വപരമായുമെല്ലാം സാംസ്കാരിക ബഹുത്വത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഇന്ത്യയെ ‘ഒറ്റ ഇന്ത്യ’ എന്നതിലേക്ക് മാറ്റിയെടുക്കുമ്പോൾ ആരൊക്കെയാണ് അപരന്മാരും ദേശവിരുദ്ധരുമാകുകയെന്ന് വർത്തമാന ഇന്ത്യ പറഞ്ഞുതരുന്നുണ്ട്.
വികസിത ഇന്ത്യയിലെ ദേശസ്നേഹത്തിെൻറ അടയാളങ്ങളിലൊന്ന് ചെറിയ കുടുംബങ്ങളായിരിക്കുമെന്നും ജനസംഖ്യ നിയന്ത്രണം രാജ്യസ്നേഹ പ്രകടനമാണെന്നും പ്രധാനമന്ത്രി പറഞ്ഞുവെക്കുമ്പോൾ ഉന്നം വെക്കുന്നത് ആരെയെന്ന് അദ്ദേഹത്തിെൻറ കക്ഷി നടത്തിവരുന്ന പ്രചാരണമറിയുന്നവർക്ക് അറിയാം. ജനസംഖ്യ നിയന്ത്രണവും ദേശസ്നേഹവും കൂട്ടിക്കുഴയുന്നതോടെ സംജാതമാകുന്ന സാമൂഹിക കാലുഷ്യം അത്ര ചെറുതായിരിക്കുകയില്ല. സൈന്യത്തിന് ഏക ഛത്രാധിപതിയുണ്ടാകുന്നതും ആഭ്യന്തര സുരക്ഷയിൽ സൈന്യത്തിെൻറ ഇടപെടലിന് കൂടുതൽ അധികാരമുണ്ടാകുന്നതും സുരക്ഷാ കാര്യങ്ങളെ മുൻനിർത്തിയുള്ള ലഘുപരിഷ്കരണങ്ങളല്ലെന്ന് മനസ്സിലാക്കാൻ പട്ടാള മേധാവിത്വമുള്ള ‘ജനാധിപത്യ’രാജ്യങ്ങളുടെ ചരിത്രം മതിയാകും. പ്രധാനമന്ത്രി ആഗ്രഹിക്കുന്ന നവഭാരത സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ഊർജം നൽകുന്ന സാമൂഹിക അടിപ്പടവുകൾ വ്യത്യസ്തതകളുടെ അംഗീകാരവും പരിപാലനവുമാണ്. സാമ്പത്തിക വികസനവും സാമൂഹിക കെട്ടുറപ്പും ഇരട്ടപെറ്റ സഹോദരങ്ങളാണ്. സാമൂഹിക കാലുഷ്യത്തെ സൃഷ്ടിക്കുന്ന സ്വപ്നങ്ങൾ വികസനവും സുരക്ഷിതത്വവും ഒരുപോലെ തകർക്കുന്നതിലേക്കായിരിക്കും നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.