സി.പി.എമ്മിലെ ആശയക്കുഴപ്പം
text_fields
ഇന്ത്യയുടെ അധികാരം ഹിന്ദുത്വശക്തികൾ കൈയടക്കിയതിൽ പിന്നെ പ്രതിപക്ഷത്തിരിക്കുന്ന മതേതര പാർട്ടികൾ ഗുരുതരമായ ആശയക്കുഴപ്പത്തിലാണാപതിച്ചിരിക്കുന്നതെന്ന സത്യം സമ്മതിക്കാതിരുന്നിേട്ടാ മറച്ചുവെച്ചിേട്ടാ കാര്യമില്ല. ഇൗ സർക്കാർ പൂർണാർഥത്തിൽ ഫാഷിസ്റ്റാണോ അതല്ല ഫാഷിസത്തിെൻറ ലക്ഷണങ്ങൾ കാണിക്കുന്ന തീവ്രവലതുപക്ഷമാണോ എന്നതാണ് ആശയക്കുഴപ്പത്തിെൻറ ഒരു തലമെങ്കിൽ മറ്റേതലം ഭരണകൂടത്തെ നേരിടാനും അധികാരഭ്രഷ്ടമാക്കാനും ആരെല്ലാമായി കൂട്ടുകൂടാം എന്നുള്ളതാണ്. പ്രത്യയശാസ്ത്രപരമായി സംഭവഗതികളെയും മാറ്റങ്ങളെയും വിലയിരുത്തി നിലപാടുകൾ സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളെയാണ് സ്വാഭാവികമായും അനിശ്ചിതത്വം ആഴത്തിൽ പിടികൂടിയിരിക്കുന്നത്.
ഇടതുപക്ഷത്തെ താരതമ്യേന ശക്തമായ സി.പി.എമ്മിൽ ഇതേസംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടു വർഷങ്ങളായി. ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ നിലപാടിൽ കൃത്യത വരുത്താൻ ചൂടേറിയ സംവാദങ്ങൾ നടക്കുകയാണ് സി.പി.എം നേതൃത്വത്തിൽ. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരുപക്ഷത്തും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപക്ഷത്തുമായി നടക്കുന്ന ചർച്ചകൾ ഒടുവിലത്തെ പോളിറ്റ് ബ്യൂറോ യോഗത്തോടെ നിർണായക ഘട്ടത്തിലെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ യഥാർഥ ഫാഷിസ്റ്റ് ഭരണകൂടമാണെന്ന് സമ്മതിക്കാൻ തയാറില്ലാത്ത കാരാട്ട് പക്ഷം അധികാര ഭ്രഷ്ടമായ കോൺഗ്രസുമായി ചേർന്ന് എൻ.ഡി.എ സർക്കാറിനെതിരെ പൊരുതാനാവില്ല എന്ന തീരുമാനത്തിലാണെത്തിയിരിക്കുന്നത്. പി.ബിയിൽ ഭൂരിപക്ഷത്തിെൻറ പിന്തുണ ഇൗ അഭിപ്രായത്തിനാണെന്ന് വ്യക്തമായിരിക്കെ, ഖണ്ഡിതമായ തീരുമാനം പാർട്ടി േകാൺഗ്രസിൽ അവതരിപ്പിക്കാൻ പോവുന്ന രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ ചുമതലപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രതീക്ഷിക്കാനാവുക. കോൺഗ്രസിെൻറ നവഉദാരീകരണ നയങ്ങൾതന്നെയാണ് എൻ.ഡി.എ സർക്കാറും പിന്തുടരുന്നത് എന്നതിനാൽ ഒന്നിനെ എതിർക്കാൻ മറ്റേതിനെ കൂട്ടുപിടിക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ലെന്നതാണ് പാർട്ടി ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പി.ബി അംഗങ്ങളിൽ ഭൂരിഭാഗത്തിെൻറയും അഭിപ്രായം.
കേരളത്തിലാകെട്ട ഇപ്പോഴും മുഖ്യപ്രതിയോഗി കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ആണെന്നതിനാൽ ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി േചർന്ന് മുന്നണിയുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നവർ ചൂണ്ടിക്കാട്ടുന്നു. ഇൗ വാദഗതിയെ എതിർക്കുന്ന യെച്ചൂരിയും ബംഗാൾഘടകവും േകാൺഗ്രസുമായി ചേർന്നുകൊണ്ടല്ലാതെ ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ലെന്ന പ്രായോഗിക യാഥാർഥ്യമാണ് എടുത്തുകാട്ടുന്നത്. ഇന്ത്യയിൽ സി.പി.എേമ്മാ അതുൾപ്പെടെയുള്ള ഇടതുപക്ഷമോ നിർണായക ശക്തിയല്ലെന്ന സത്യം അവഗണിച്ചുകൊണ്ട്, പൊതുഭീഷണിയായ ഫാഷിസത്തെ നേരിടാൻ കോൺഗ്രസടക്കമുള്ള മതേതര പാർട്ടികളുമായി കൈകോർക്കുന്നില്ലെങ്കിൽ വിനാശകരമായിരിക്കും ഫലം എന്നവർ വാദിക്കുന്നു.
വിവാദം കേവലം സി.പി.എമ്മിെൻറ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അവഗണിക്കാവുന്നതോ തള്ളിക്കളയാവുന്നതോ അല്ലെന്ന് തീർച്ച. അധികാരമേറ്റത് മുതൽ ഒാരോ ദിവസവും രാജ്യത്തെ വർഗീയവത്കരിക്കുന്നതിലും സ്വൈരജീവിതം ദുസ്സഹമാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന സംഘ്പരിവാറിൽനിന്ന് ഇന്ത്യയെ എത്രയുംവേഗം രക്ഷപ്പെടുത്തിയേ മതിയാവൂ എന്ന് മതനിരപേക്ഷ ജനാധിപത്യത്തിലും രാജ്യത്തിെൻറ ബഹുസ്വരതയിലും വിശ്വസിക്കുന്ന എല്ലാവരും മനസ്സിലാക്കുന്നു. കോൺഗ്രസ് ഉൾപ്പെടെ ഒരു കക്ഷിക്കും ഒറ്റക്ക് നിറവേറ്റാൻ കഴിയുന്നതല്ല ഇൗ ദൗത്യം. കാരണം, സാമ്പത്തികരംഗം അടക്കിവാഴുന്ന കോർപറേറ്റ് ഭീമന്മാരുടെയും ഭരണയന്ത്രം തിരിക്കുന്ന സവർണ ലോബിയുടെയും ജനാഭിപ്രായം തിരിച്ചുവിടുന്ന മാധ്യമങ്ങളുടെയുമെല്ലാം പൂർണ പിന്തുണ തീവ്രഹിന്ദുത്വ ശക്തികൾക്കുണ്ട്. ഇപ്പോഴത്തേതാണ് സ്വതന്ത്ര ഇന്ത്യ നേരിടുന്ന ചരിത്രപരമായ വെല്ലുവിളിയെങ്കിൽ അതിനെ ചെറുത്തുതോൽപിക്കാനുള്ള യത്നത്തിൽ മറ്റെല്ലാം മറന്ന് മുഴുവൻ ജനാധിപത്യ കക്ഷികളും വിഭാഗങ്ങളും ഒറ്റക്കെട്ടാേയ പറ്റൂ. ഇക്കാര്യത്തിലെ സന്ദിഗ്ധതയും അനിശ്ചിതത്വവും തുടർന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആഗ്രഹിക്കുന്നതെന്തോ അതാണ് സംഭവിക്കുക.
സാമ്പത്തികമാന്ദ്യം ഫാഷിസത്തിെൻറ കുതിച്ചോട്ടത്തിന് തൽക്കാലം തടയിട്ടിട്ടുണ്ടെങ്കിലും അതിൽനിന്ന് മുതലെടുക്കാൻ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്തിടത്തോളംകാലം വ്യാജ പ്രോപഗണ്ടയുടെയും നിറംപിടിപ്പിച്ച നുണകളുടെയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഉപായങ്ങളുടെയും ബലത്തിൽ അവർ വീണ്ടും രംഗം ൈകയടക്കും. ഇത് മനസ്സിലാക്കാത്തതോ വിപത്ത് തിരിച്ചറിയാത്തതോ അല്ല കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രശ്നം. ശക്തി മിക്കവാറും േചാർന്നുപോയെങ്കിലും ഇടതുപക്ഷത്തിന് ഇപ്പോഴും ഒരു കൈ നോക്കാവുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. അവിടെ ബി.ജെ.പി അല്ല തൃണമൂൽ കോൺഗ്രസാണ് മുഖ്യ ശത്രു. തൃണമൂലിനെതിരെ കോൺഗ്രസിനെ കൂട്ടുപിടിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേട്ടമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, കോൺഗ്രസിനാണ് നേരിയ നേട്ടമെങ്കിലും ലഭിച്ചതും. ഇൗ സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഖ്യം ചേരുന്നതിലെന്ത് പ്രസക്തി എന്നാണ് ഉയരുന്ന ചോദ്യം.
കേരളത്തിൽ നേട സൂചിപ്പിച്ച പോലെ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. അതും ബഹുകാതം പിറകെ. മുഖ്യ പ്രതിയോഗികൾ യു.ഡി.എഫാണെന്നിരിക്കെ കോൺഗ്രസുമായി കൂട്ടുചേരാൻ പോയാൽ യഥാർഥ പ്രതിപക്ഷം തങ്ങളാണെന്നവകാശപ്പെട്ട് ബി.ജെ.പി രംഗത്തുവരാനാണ് വഴിയൊരുങ്ങുക. അതാവെട്ട ഒരുവിഭാഗം സമ്മതിദായകരെ സ്വാധീനിക്കാതിരിക്കാനും വഴിയില്ല. അതിനാൽ സി.പി.എം പോളിറ്റ്ബ്യൂറോ കോൺഗ്രസ് സഖ്യസാധ്യത തള്ളിക്കളഞ്ഞതിൽ അസ്വാഭാവികത കാണാനാവില്ല. ഇനി കേന്ദ്ര കമ്മിറ്റി എന്തു തീരുമാനിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഒരുവേള ബി.ജെ.പിക്കെതിരെ കോൺഗ്രസുമായും പ്രാദേശിക കക്ഷികളുമായും ചേർന്ന് മുന്നണിയുണ്ടാക്കേണ്ടതില്ലെന്ന കഴിഞ്ഞ പാർട്ടി േകാൺഗ്രസിെൻറ നിലപാട് ആവർത്തിച്ചുറപ്പിച്ചെന്നു വരാം. അപ്പോഴും പ്രാദേശികമായ നീക്കുപോക്കുകൾക്കുള്ള സാധ്യത നിലനിൽക്കും. ബി.ജെ.പി ശക്തമായ മണ്ഡലങ്ങളിൽ മുഖ്യ പ്രതിയോഗി കോൺഗ്രസാണെങ്കിൽ അതിനെ പിന്തുണക്കുക എന്ന അടവുനയം തുടരേണ്ടതില്ലെന്ന് തീരുമാനിക്കാൻ സാധ്യത കുറവാണ്. അതേയവസരത്തിൽ, ഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറത്ത് സാമൂഹിക, സാംസ്കാരിക മേഖലകളിലെല്ലാം ഫാഷിസത്തിനെതിരായ സമഗ്രവും സർവരെയും ഉൾക്കൊള്ളുന്നതുമായ പോരാട്ടത്തിനുള്ള സാധ്യത സി.പി.എം നേതൃത്വം തിരിച്ചറിയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.