കൃഷിയെ പ്രോത്സാഹിപ്പിച്ചാൽ പോരാ; സംരക്ഷിക്കുകയും വേണം
text_fieldsസംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബഹുജന കൂട്ടായ്മകളും മാധ്യമങ്ങളും സമീപകാലത്തായി കൃഷിയെ പ്രോത്സാഹിപ്പിക്കാനും കാർഷികരംഗത്ത് പുത്തനുണർവ് സൃഷ്ടിക്കാനും നടത്തുന്ന തീവ്രശ്രമങ്ങൾ നിശ്ചയമായും ആശ്വാസകരവും പ്രത്യാശജനകവുമാണ്. ഉപ്പുതൊട്ട് കർപ്പൂരംവരെ സകലതും ഇതര സംസ്ഥാനങ്ങളിൽനിന്നോ ഇതര രാജ്യങ്ങളിൽനിന്നോ ഇറക്കുമതി ചെയ്യുന്ന നമ്പർ വൺ കൺസ്യൂമർ സ്റ്റേറ്റായി കേരളം മാറിയതിെൻറ കെടുതികൾ ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും ഒരുപോലെ മലയാളി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കെയാണ് സംസ്ഥാനം കാർഷിക വൃത്തിയിലേക്ക് ഭാഗികമായെങ്കിലും തിരിച്ചുപോവണമെന്ന ബോധോദയമുണ്ടാവുന്നത്.
നിത്യോപയോഗ ഭക്ഷ്യവസ്തുക്കളെല്ലാം വിഷമയവും അതിനാൽതന്നെ അനാരോഗ്യകരവുമാണെന്ന തിരിച്ചറിവാണ് തരിശായി കിടക്കുന്ന അനേകായിരം ഏക്കർ ഭൂമിയിൽ പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്യാനും, വയൽനികത്തുന്നത് കർശനമായി വിലക്കിയ സാഹചര്യത്തിൽ അനാഥമായി കിടക്കുന്ന പാടങ്ങളിൽ നെൽകൃഷി നടത്താനുമുള്ള പദ്ധതികൾ പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്. കാർഷികരംഗത്തെ പുത്തനുണർവിെൻറ സദ്ഫലങ്ങൾ കേരളമിപ്പോൾ അനുഭവിച്ചുകൊണ്ടുമിരിക്കുന്നു.
അതേസമയം, നമ്മുടെ കാർഷിക മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയും വെല്ലുവിളിയുമാണ് കാട്ടുമൃഗങ്ങളുടെ വിശിഷ്യ, കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള കടന്നുകയറ്റം. കടുവകളുടെയും കാട്ടാനക്കൂട്ടങ്ങളുടെയും ശല്യം വനമേഖലയിൽ പരിമിതമാണെന്ന് സമാധാനിക്കാമെങ്കിലും നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ വിളയാട്ടം കൂടുതൽ വിനാശകരമായി നാട്ടിൻപുറങ്ങളെ പിടിയിലൊതുക്കിക്കഴിഞ്ഞിരിക്കുന്നു. പകൽ കുറ്റിക്കാടുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന പന്നിക്കൂട്ടങ്ങൾ നേരമിരുട്ടിയാൽ സംഘംചേർന്ന് പറമ്പുകളിലും പുരയിടങ്ങളിലും വയലുകളിലും അതിക്രമിച്ച് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്.
ഏറ്റവുമൊടുവിൽ രണ്ടുമൂന്ന് നാൾ മുമ്പ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നേരം പുലർന്ന് വെളിച്ചമാകെ പടർന്ന നേരത്ത് രണ്ടു കാട്ടുപന്നികൾ, ഒരു ഗ്രാമീണെൻറ വീട്ടിൽ കയറി താണ്ഡവം നടത്തുന്ന കാഴ്ച മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഭാഗ്യത്തിന് വീട്ടുകാർ മുറിക്ക് പുറത്തായിരുന്നതിനാൽ മുറിയടച്ചിടാനും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കാനും അവർ സ്ഥലത്തെത്തി രണ്ടിെൻറയും കഥകഴിക്കാനും പറ്റി. മനുഷ്യരെ ആക്രമിച്ച് ഭീകരമായി പരിക്കേൽപ്പിക്കാൻ കഴിയുന്ന ഈ ജന്തുക്കളെ പേടിച്ചുകഴിയുകയാണ് മലയോര വാസികൾ മാത്രമല്ല, കാടും കുന്നുമില്ലാത്ത ഗ്രാമങ്ങളിലെ ജനങ്ങൾപോലും. പന്നികൾ നശിപ്പിച്ച വാഴ, കപ്പ, മറ്റു കിഴങ്ങ് വർഗങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ദിനേന മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു.
കാട്ടുപന്നികളെ ആട്ടിപ്പായിക്കാൻ മുമ്പ് പ്രയോഗിക്കപ്പെട്ട വിദ്യകളൊന്നും ഇപ്പോൾ ഫലിക്കുന്നില്ല. അവയെ കൊല്ലുന്നതാകട്ടെ, വന്യജീവി സംരക്ഷണ നിയമപ്രകാരം കർക്കശമായി നിരോധിക്കപ്പെട്ടുമിരിക്കുന്നു. കർഷകരുടെ നിരന്തരമായ മുറവിളികളുടെ ഫലമായി ഇപ്പോൾ കർശന ഉപാധികൾക്ക് വിധേയമായി കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ, ലൈസൻസുള്ള തോക്ക് കൈവശമുള്ളവരിൽ വനംവകുപ്പ് അനുമതി നൽകിയവർക്ക്, അധികൃതരെ യഥാസമയം വിവരം അറിയിച്ച് നിശ്ചിത മേഖലകളിൽ മാത്രമേ പന്നികളെ വെടിെവച്ചു കൊല്ലാനാവൂ. തന്മൂലം ഇതുവരെ തോക്കിനിരയായ പന്നികളുടെ എണ്ണം വിരലിലെണ്ണാവുന്നതേയുള്ളൂ. പ്രശ്നത്തിെൻറ വക്കു തൊടാൻപോലും അത് പര്യാപ്തമല്ല.
വന്യജീവി സംരക്ഷണ നിയമങ്ങൾ തികച്ചും ജീവകാരുണ്യപരവും വംശനാശം തടയുന്നതിന് അനുപേക്ഷ്യവുമാണെന്നതിൽ സംശയമില്ല. അല്ലായിരുന്നെങ്കിൽ വംശനാശം സംഭവിച്ച ഒട്ടേറെ ജീവികളുടെ ഗണത്തിൽ അവശേഷിക്കുന്നവയും ദിനോസറുകളായിത്തീർന്നേനെ. അതേയവസരത്തിൽ പന്നിയെപ്പോലെ കണക്കറ്റ് പെരുകുന്ന മൃഗങ്ങൾ മനുഷ്യരുടെ ആവാസകേന്ദ്രങ്ങൾക്കും കൃഷിക്കും ഒരുപോലെ വൻ ഭീഷണി ഉയർത്തുേമ്പാൾ മൗലികവാദപരമായിത്തീരാൻ പാടില്ല വന്യജീവി സംരക്ഷണം നിയമം. സർക്കാറും പഞ്ചായത്ത്-നഗരസഭ സ്ഥാപനങ്ങളും മുൻകൈയെടുത്ത് കൃഷിക്കാരുടെ കൂട്ടായ്മകൾക്ക് രൂപംനൽകി ഭദ്രമായ മുൾവേലിയോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്തി കൃഷിയെ വന്യജീവികളിൽനിന്ന് രക്ഷിക്കണം.
അതോടൊപ്പം കാട്ടുപന്നികളുടെ എണ്ണം ഗണ്യമായി കുറക്കാനുതകുന്നവിധം നിയമങ്ങളിൽ അയവു വരുത്തുകയും വേണം. ഇത്തരം നിർദേശങ്ങൾ എങ്ങനെ സുതാര്യമായി നടപ്പാക്കാമെന്നതിനെക്കുറിച്ച് പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കേണ്ടത് അടിയന്തരാവശ്യമാണ്. തെരുവ് നായ്ക്കളുടെ എണ്ണം ഭീകരമായി വർധിച്ചപ്പോൾ വന്ധ്യംകരണം പ്രതിവിധിയായി നിർദേശിച്ച മേനക ഗാന്ധിയെ മാതൃകയാക്കിയാവരുത് പന്നിപ്പെരുപ്പ സമസ്യക്ക് പരിഹാരമായി കണ്ടെത്തുന്ന നടപടികൾ. രാത്രി മാത്രം കൂട്ടത്തോടെ പുറത്തിറങ്ങുന്ന പന്നികളെ പിടികൂടി വന്ധ്യംകരിക്കുക നടപ്പുള്ള കാര്യമല്ല. എപ്പോഴോ എവിടെയോ ഏതാനും പന്നികളെ പിടികൂടി വീണ്ടും കാട്ടിലേക്ക് വിട്ടയക്കുന്നതും മണ്ടത്തമാണ്. ഏതു പരിഹാര നിർദേശവും പ്രശ്നപരിഹാരത്തിനുതകണം, നിയമക്കുരുക്കിൽ പെടാതെ നടപ്പാക്കാനും കഴിയുന്നതാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.