യുവജനങ്ങളോട് സർക്കാർ മുഖംതിരിക്കരുത്
text_fieldsകോവിഡ് കാലത്തിെൻറ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് ആഗസ്റ്റ് നാലുവരെ നീട്ടിയ 493 പി.എസ്.സി റാങ്ക് പട്ടിക വീണ്ടും നീട്ടണമെന്ന ഉദ്യോഗാർഥികളുടെയും പ്രതിപക്ഷത്തിെൻറയും ആവശ്യം മുഖ്യമന്ത്രി നിയമസഭയിൽ ഉറച്ച സ്വരത്തിൽ നിരാകരിച്ചതോടെ അവ കാലഹരണപ്പെട്ടിരിക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമന ശിപാർശകൾ നൽകുന്നതിലും ഒരു പ്രശ്നവും ഇപ്പോഴില്ലെന്ന പി.എസ്.സിയുടെ നിലപാട് ശക്തമായി ആവർത്തിക്കുന്നു മുഖ്യമന്ത്രി. പ്രളയത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ മുൻകാലത്തിനനുസൃതമായ നിയമനങ്ങൾ ഇപ്പോൾ നടന്നിട്ടില്ല എന്ന ഉദ്യോഗാർഥികളുടെ പരാതിയിലെ വസ്തുതകൾ സർക്കാർ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടായിരുന്നു. കൂടുതലായി നിയമന ഉത്തരവ് ലഭിക്കുന്ന പല പട്ടികകളിലും നിയമന ശിപാർശകൾ കഴിഞ്ഞ പട്ടികയേക്കാൾ കുറവാണ്. എൽ.ഡി.വി ഡ്രൈവര് പട്ടികയില് മുമ്പ് നടന്നതിെൻറ പകുതിപോലും നിയമനം ഇത്തവണ നടന്നിട്ടില്ല.
വിവിധ വകുപ്പുകളിലായി ഇരുപത്തിനാലായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടശേഷവും നിയമന ശിപാർശകളിൽ വന്ന ഇടിവ് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. കാലാവധി തീരാനിരിക്കെ കൂടുതൽ നിയമന ശിപാർശകൾ നടത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് 1401 എൽ.ഡി.സി ഒഴിവുകൾ കൂടി നികത്തുമെന്ന പി.എസ്.എസി ചെയർമാെൻറ പ്രഖ്യാപനം ആ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസകരം തന്നെ. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ഝടുതിയിലുള്ള ആ പ്രഖ്യാപനം വ്യക്തമാക്കുന്നത്, കോവിഡിെൻറ അസാധാരണ സാഹചര്യത്തിൽ പല വകുപ്പു മേധാവികളും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നില്ല എന്ന പരാതിയിൽ കഴമ്പുെണ്ടന്നല്ലേ. കോവിഡ് ചട്ടങ്ങൾ ലഘൂകരിച്ചതിനാൽ പി.എസ്.സി പരീക്ഷകൾ വേഗത്തിൽ പൂർത്തീകരിച്ച് പുതിയ പട്ടിക അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുകയും അതുവരെ നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുകയും ചെയ്യുന്ന അനുകമ്പാപൂർണമായ സമീപനമായിരുന്നു സർക്കാറിന് കരണീയം. സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചകൾ സംഭവിച്ചതിന് കുറ്റക്കാർ ഉദ്യോഗാർഥികൾ അല്ലെന്നിരിക്കെ, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാതിരിക്കുന്നത് തെരഞ്ഞെടുപ്പ് വേളയിൽ സമരം നടത്തിയതിനുള്ള പ്രതികാരമെന്ന ധാരണ സൃഷ്ടിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. അത്തരമൊരു ആശങ്കപോലും നിലനിർത്തുന്നത് സർക്കാറിനോ ഇടതുപക്ഷത്തിനോ ഒട്ടും ഭൂഷണമല്ല.
സുതാര്യമായി പ്രവർത്തിക്കുന്ന ഭരണഘടനസ്ഥാപനമാണ് പി.എസ്.സി എന്ന 'വിശുദ്ധ'സങ്കൽപത്തിന് ആഴമേറിയ മുറിവുകളാണ് കഴിഞ്ഞകാല സംഭവങ്ങൾ വരുത്തിയിരിക്കുന്നത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിെൻറയും ചീഞ്ഞുനാറിയ കഥകൾ തുടർച്ചയായി അവിടെനിന്ന് പുറത്തുവരുന്നു. സംവരണ, റാങ്ക് ലിസ്റ്റ് അട്ടിമറികളും ചോദ്യപേപ്പർ ചോർച്ചകളും പി.എസ്.എസിയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നവയാണ്. പി.എസ്.എസി അംഗത്തിെൻറ നിയമനത്തിൽ വൻ കോഴ നടന്നുവെന്ന ആരോപണം, എസ്.എഫ്.െഎ പ്രവർത്തകർ പിടിക്കപ്പെട്ട പ്രമാദമായ സിവിൽ െപാലീസ് ഓഫിസർ തസ്തികയിലേക്കുള്ള ക്രമക്കേട് അന്വേഷണം, കെ.എ.എസ് പരീക്ഷയിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട പരാതികളും കേസുകളും തുടങ്ങി കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ പി.എസ്.സിക്കുമേൽ വന്ന സംശയമുദ്രകൾ അനേകമാണ്. കൈമോശം സംഭവിച്ച പി.എസ്.സിയുടെ പവിത്രത തിരിച്ചുപിടിക്കാൻ ഗൗരവപൂർവമായ അന്വേഷണത്തിന് സർക്കാർ തയാറാകേണ്ടതാണ്.
യുവാക്കളുടെ ജീവിതത്തിെൻറ അവസാന ലക്ഷ്യം എങ്ങനെെയങ്കിലും സർക്കാർ ജോലി കരഗതമാക്കുക എന്നായിത്തീരുന്നത് നമ്മുടെ സാമൂഹിക, തൊഴിൽ മേഖലയിലെ ഗുരുതരമായ രോഗാവസ്ഥയെയാണ് പ്രകടമാക്കുന്നത്. പത്തുവർഷം മുമ്പ് വിവിധ പി.എസ്.എസി പരീക്ഷകൾക്ക് അപേക്ഷിച്ചവരേക്കാൾ പതിന്മടങ്ങ് അധികമാണ് ഇപ്പോഴത്തെ അപേക്ഷകർ. സർക്കാറിതര തൊഴിൽ രംഗത്ത് സംഭവിക്കുന്ന അനിശ്ചിതത്വങ്ങളും അധികാരികളുടെ നിഷേധാത്മക സമീപനങ്ങളുടെ കയ്പുകളുമാണ് സംരംഭക മോഹങ്ങളെയും വ്യക്തിഗത അഭിരുചികളെയും കൈയൊഴിഞ്ഞ് സർക്കാർ ഗുമസ്തരാകുക എന്ന ഏക അജണ്ടയിലേക്ക് യുവതലമുറയെ ചുരുക്കുന്നത്.
പുതിയ ലോകസാഹചര്യങ്ങൾ തുറന്നുവെച്ചിരിക്കുന്ന വിശാലമായ തൊഴിലവസരങ്ങളിലേക്ക് അവരെ ആനയിക്കുന്നതിലും അതിന് പ്രാപ്തരാക്കുന്നതിലും നമുക്ക് സംഭവിച്ച പിഴവുകളുടെ വിലയാണ് യഥാർഥത്തിൽ സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലുകളിൽനിന്ന് നിരാശയോടെ പടിയിറങ്ങി ജീവിതം നശിച്ചുവെന്ന് വിലപിക്കുന്ന യുവജനങ്ങൾ. മറുനാടുകളിലെ വലിയ തൊഴിലവസരങ്ങൾ കോവിഡ് പ്രതികൂലമായി ബാധിച്ച വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ ചെറുപ്പങ്ങളുടെ തൊഴിൽശേഷിയും ബൗദ്ധികതയും ശരിയാംവിധത്തിൽ പ്രയോഗിക്കുവാൻ ഉതകുന്ന അവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുക എന്ന ദൗത്യം അടിയന്തര പ്രാധാന്യത്തോടെ സർക്കാർ നിർവഹിക്കേണ്ടതുണ്ട്. യുവജനങ്ങളുടെ ആത്മവിശ്വാസത്തെ ഉദ്ദീപിപ്പിക്കുവാനും ക്രിയാത്മകതയിലേക്ക് വഴിനടത്തുവാനും ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ ആസന്നഭാവിയിൽ നമ്മെ കാത്തിരിക്കുന്നത് ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.