ഏകീകരണ പരിഷ്കാരങ്ങൾ കേരളത്തിന് തിരിച്ചടി
text_fieldsകേന്ദ്രസർക്കാറിന്‍റെ അന്ത്യശാസനത്തിന് വഴങ്ങി സംസ്ഥാനത്തിന്‍റെ ഭക്ഷ്യ പൊതുവിതരണപദ്ധതി കേരള സർക്കാർ കേന്ദ്രത്തിനു അടിയറവ് വെച്ചിരിക്കുന്നു. സംസ്ഥാനം താരതമ്യേന മികച്ച രീതിയിൽതന്നെ കൊണ്ടുനടത്തിയിരുന്ന റേഷൻ പൊതുവിതരണമാണ് കേന്ദ്രത്തിന്‍റെ ഏകീകൃത സംവിധാനത്തിൻ കീഴിലേക്ക് മാറുന്നത്. എല്ലാ സാമൂഹികക്ഷേമ പദ്ധതികളും സർക്കാർ ആനുകൂല്യങ്ങളും ഏകീകൃതമാനദണ്ഡങ്ങൾക്ക് അനുസൃതമാക്കി മാറ്റിയെടുക്കുന്നതിലൂടെ സംസ്ഥാനത്തിന്‍റെ സവിശേഷമായ താൽപര്യങ്ങളും മുൻഗണനക്രമങ്ങളും അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നുകഴിഞ്ഞു. യഥാർഥത്തിൽ ഈയൊരു ശങ്കക്ക് അറുതിവരുത്താനാവാത്തതു കൊണ്ടുകൂടിയാണ് ഇത്രനാളും കേരളം കേന്ദ്രപദ്ധതിക്ക് തലവെച്ചുകൊടുക്കാതിരുന്നത്. എന്നാൽ, സഹകരണത്തിന് തയാറില്ലെങ്കിൽ കേരളത്തിലെ മുൻഗണനവിഭാഗത്തിൽപെടുന്ന ഒരു കോടി അമ്പതു ലക്ഷം ജനങ്ങളുടെ റേഷൻ ചെലവ് സംസ്ഥാനം നേരിട്ടു വഹിക്കേണ്ടിവരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഭീഷണിപ്പെടുത്തിയതോടെ വഴങ്ങുകയല്ലാതെ സർക്കാറിന് വേറെ വഴിയുണ്ടായിരുന്നില്ല.
ഭക്ഷ്യ പൊതുവിതരണ പദ്ധതിയെ സാങ്കേതികവിദ്യയിലൂടെ ആധുനീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള നടപടിക്രമമായ ‘സ്മാർട്ട് പി.ഡി.എസ് പദ്ധതി’യിൽ എല്ലാ സംസ്ഥാനങ്ങളും അണിനിരക്കണമെന്ന് കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ഇടപെടൽ കുറച്ചും ഓട്ടോമേഷൻ സംവിധാനം നടപ്പാക്കിയും സുതാര്യവും വിശ്വസനീയവുമായ സംവിധാനത്തിലേക്ക് രാജ്യത്തെ മുഴുവൻ റേഷൻ ഉപഭോക്താക്കളെയും കൊണ്ടുവരാനാണ് പരിപാടിയെന്നായിരുന്നു മന്ത്രി നൽകിയ വിശദീകരണം. ഭക്ഷ്യധാന്യങ്ങളുടെ ചോർച്ച തടയുക, വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നവർക്കുകൂടി സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിക്കു കീഴിൽ ലക്ഷ്യമിടുന്നതെന്നും അറിയിപ്പുണ്ടായി. ജനങ്ങളുടെ ഉപഭോഗരീതിയും മാറിമാറിയുള്ള ഇടംമാറ്റവും സംബന്ധിച്ച വിശ്വസനീയവും സജീവവുമായ ഡേറ്റയുടെ അഭാവം നിർണായകമായ കേന്ദ്ര ക്ഷേമപദ്ധതികളുടെ ഫലപ്രദമായ വിതരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ കണ്ടെത്തൽ. ഭക്ഷ്യ പൊതുവിതരണം സ്മാർട്ട് പദ്ധതിയുടെ കീഴിലാക്കുന്നതിലൂടെ മറ്റു കേന്ദ്ര, ക്ഷേമപദ്ധതികളുടെ നടത്തിപ്പിനും ഈ ഡേറ്റ ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. പൊതുവിതരണ സമ്പ്രദായം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകീകൃതമാനകത്തിലാക്കുകയും അതിനെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ, റെയിൽ-റോഡ് മാർഗേണയുള്ള വിതരണശൃംഖല, വിദ്യാഭ്യാസമന്ത്രാലയം, വനിത ശിശുവികസന മന്ത്രാലയം എന്നിവയുമായി കൂടി ബന്ധിപ്പിച്ചാൽ ഭക്ഷ്യവിതരണം ശാസ്ത്രീയമായി കാലവിളംബമോ ഭംഗമോ കൂടാതെ നടപ്പിൽ വരുത്താനാവുമെന്നുമുണ്ട് അവകാശവാദം.
‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ (വൺ നേഷൻ, വൺ റേഷൻ കാർഡ്-ഒ.എൻ.ഒ.ആർ.സി) നടപ്പിലാക്കിയത് ഇതിന്‍റെ ഭാഗമാണ്. റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിച്ച് ഇലക്ട്രോണിക് പോയന്‍റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനം വഴി റേഷൻ വിതരണം ക്രമപ്പെടുത്തുകയായിരുന്നു ഇതിലൂടെ. റേഷൻ കാർഡിന്‍റെ സമ്പൂർണ ഡിജിറ്റൽവത്കരണം, ഉപഭോക്തൃ ഡേറ്റകളുടെ ഓൺലൈൻ മാനേജ്മെന്റ്, ഭക്ഷ്യധാന്യ വകയിരുത്തലിന്‍റെ കമ്പ്യൂട്ടറൈസേഷൻ, എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന വിതരണശൃംഖല മാനേജ്മെന്റ് എന്നിവയെല്ലാം ഇതുവഴി ക്രമപ്പെടുത്തുകയുണ്ടായി. ഈ അവകാശവാദങ്ങളെല്ലാം പ്രയോഗതലത്തിലെത്തുമ്പോൾ പൂർണമായും ശരിയായിത്തീർന്നില്ല എന്നാണ് കേരളത്തിൽ ഇക്കഴിഞ്ഞ മാർച്ചിലും ഇ പോസ് പണിമുടക്കി റേഷൻ വിതരണം നിർത്തിവെക്കേണ്ടി വന്ന സാഹചര്യം തെളിയിച്ചത്.
ഇതു പുതിയ അനുഭവമല്ല. കോവിഡ് വ്യാപനകാലത്ത് ഒഡിഷ സർക്കാർ ഇ പോസ് സംവിധാനം നിർത്തിവെക്കുകയുണ്ടായി. തമിഴ്നാട്ടിൽ ഈ സംവിധാനം സൈബർ ആക്രമണത്തിന് വിധേയമാകുകയും 31 ദശലക്ഷം ആളുകളുടെ വിലാസമടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോരുകയും ചെയ്ത സംഭവമുണ്ടായി. മനുഷ്യരുടെ നേരിട്ടുള്ള കൈകടത്തലിന് ഇടംനൽകാതെ തയാറാക്കിയ സംവിധാനവും എല്ലാവിധ സാങ്കേതികതകരാറുകളും പ്രകടിപ്പിച്ചു എന്നു ചുരുക്കം. അതുപോലെ ആധാറിന്‍റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ലോകത്തേക്ക് ഇനിയും കടന്നുവന്നിട്ടില്ലാത്ത പതിനായിരക്കണക്കിന് ദരിദ്രവാസികൾ ഈ സംവിധാനത്തിൽനിന്ന് പുറന്തള്ളപ്പെടുമെന്നതും ഇതിന്‍റെ കോട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ എടുത്തുപറയുന്ന കാര്യമാണ്.
എന്നാൽ, കേരളം ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നതു മറ്റൊന്നാണ്. പൊതുവിതരണ സംവിധാനം ഏകീകരിക്കപ്പെടുകയും ഡിജിറ്റൽവത്കരിക്കുകയും ചെയ്യുന്നതോടെ, കേരളത്തിന് അർഹമായ വിഹിതം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റേഷൻ വിതരണത്തിലെ മുൻഗണനക്കുള്ള മാനദണ്ഡങ്ങൾ ഏകീകരിക്കപ്പെടുന്നതോടെ ജീവിതനിലവാരത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽനിന്ന് വലിയൊരു ഭാഗം പുറത്താകും. മറ്റു സർക്കാർ, ക്ഷേമപദ്ധതികൾ കൂടി ഇതേ ഡേറ്റ ഉപയോഗപ്പെടുത്തി പുനഃക്രമീകരിക്കപ്പെടുമ്പോൾ കേരളത്തിന്‍റെ നഷ്ടം കേവലം റേഷൻ ആനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങില്ല എന്നുറപ്പ്.
കേന്ദ്രസഹായത്തിനും സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാതെ ഏകീകൃതനിയമം നടപ്പാക്കിയാൽ അവിടെയും ‘വികസിത കേരള’ത്തിന്‍റെ വിഹിതം വെട്ടിച്ചുരുക്കും. അതോടെ കേന്ദ്രസഹായത്തിന്‍റെ പിൻബലത്തിലുള്ള സംസ്ഥാന സർക്കാറിന്‍റെ വിവിധ ക്ഷേമപദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാകും. അങ്ങനെ പദ്ധതിയുടെ ഗുണങ്ങളായി എണ്ണപ്പെടുന്നതെല്ലാം കേരളത്തിന് ദോഷമായി കലാശിക്കുകയാണ് ചെയ്യുക. അതിനാൽ സംസ്ഥാനങ്ങളിൽനിന്ന് ഡേറ്റ കൈക്കലാക്കി, സുതാര്യതയുടെയും കാര്യക്ഷമതയുടെയും പേരുപറഞ്ഞ് കൊണ്ടുവരുന്ന ഈ പരിഷ്കരണം ഒന്നിനുമേൽ ഒന്നായി കേരളത്തിന്‍റെ പ്രാരബ്ധം കൂട്ടുമെന്നുതന്നെ കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.