ജനകീയ പ്രതികാരം
text_fields543 അംഗ പാർലമെന്റിൽ മിനിമം 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി 56 ഇഞ്ച് നെഞ്ചുവിരിച്ച് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിയെയും അദ്ദേഹത്തിനുവേണ്ടി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ട സമസ്ത ഏജൻസികളെയും ഞെട്ടിച്ചുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. രാമരാജ്യം സ്ഥാപിക്കാനുള്ള ഭരണഘടന ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലെന്നുറപ്പായതിനപ്പുറം ബി.ജെ.പിക്ക് എൻ.ഡി.എ ഘടകകക്ഷികളുടെ ദാക്ഷിണ്യത്തിലേ കേവല ഭൂരിപക്ഷമുറപ്പിക്കാനാവൂ എന്ന് തീർച്ചപ്പെട്ടിരിക്കുന്നു.
വൻ ഓഫറുകൾ നൽകി അവയിൽ ചിലതിനെ കൂടെക്കൂട്ടാൻ ഇൻഡ്യ സഖ്യം നീക്കങ്ങളാരംഭിച്ചിരിക്കെ ആന്ധ്രയിലെ ടി.ഡി.പിയെയും ബിഹാറിലെ നിതീഷ് കുമാറിനെയും പിടിച്ചുനിർത്താനുള്ള തീവ്രശ്രമത്തിലാണ് അമിത് ഷാ. ഇത്തരമൊരു പതനത്തിലേക്ക് ഹിന്ദുത്വ പാർട്ടിയെ വീഴ്ത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് രാഹുൽ-അഖിലേഷ് കൂട്ടുകെട്ട് യോഗി ആദിത്യനാഥിന്റെ പൊന്നാപുരം കോട്ടയായ യു.പിയിൽ നടത്തിയ തേരോട്ടമാണെന്ന് നിസ്സംശയം പറയാം. കഴിഞ്ഞകുറി യു.പിയിലെ എൺപതിൽ എഴുപത് സീറ്റുകൾ നേടി ഭരണം സ്വന്തമാക്കിയ ബി.ജെ.പി ഒരിക്കലും ഇവ്വിധമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ല. നേരത്തേ ലഭിച്ച സീറ്റുകളിൽ പകുതിയും നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണിപ്പോൾ കാവിപ്പട. മഹാരാഷ്ട്രയിൽ ഇ.ഡിയെയും ഐ.ടിയെയും ഉപയോഗിച്ച് നടത്തിയ വേട്ടയിലൂടെയും മറ്റ് അവിഹിതമാർഗങ്ങളിലൂടെയും ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരത് പവാറിന്റെ എൻ.സി.പിയെയും പിളർത്തി ഓരോ കഷണത്തെ വീതം എൻ.ഡി.എയിൽ ചേർത്ത് സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതിൽ വിജയിച്ച മോദി-അമിത്ഷാ ടീം അതേ ബലത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനെയും നേരിട്ടത്.
പക്ഷേ, ഫലങ്ങൾ പുറത്തുവന്നപ്പോൾ, തങ്ങൾ സ്ഥാപിച്ച പാർട്ടിയുടെ പേരും കൊടിയും അംഗീകാരവും നഷ്ടപ്പെട്ട ശരത് പവാറും ഉദ്ധവ് താക്കറെയും കോൺഗ്രസുമായി ചേർന്നുണ്ടാക്കിയ മഹാ വികാസ് അഗാഡി അപ്രതീക്ഷിത തിരിച്ചടിയാണ് ഹിന്ദുത്വ സഖ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. രാജസ്ഥാനിൽ മാസങ്ങൾക്കുമുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിൽ കോൺഗ്രസിനെ തറപറ്റിക്കാൻ കളത്തിലിറങ്ങിയതിന്റെ ഫലവും അത്യന്തം നിരാശജനകമായി. പശ്ചിമ ബംഗാളിലാകട്ടെ, മമത ബാനർജി ഒറ്റക്കുതന്നെ ബി.ജെ.പിയെ പിടിച്ചുകെട്ടിയിരിക്കുന്നു. അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി അവസാനിപ്പിക്കാവുന്ന വോട്ടെടുപ്പ് താരപ്രചാരകനായ നരേന്ദ്ര മോദിയുടെ സൗകര്യത്തിന് ഏഴ് ഘട്ടങ്ങളായി ഷെഡ്യൂൾ ചെയ്തു ഇലക്ഷൻ കമീഷൻ. കോടികൾ ചെലവിട്ട് പറന്നുനടന്ന് 155 പൊതുയോഗങ്ങളിൽ പ്രസംഗിച്ച മോദി 2942 തവണ മുഖ്യ രാഷ്ട്രീയ പ്രതിയോഗി കോൺഗ്രസിന്റെയും 288 തവണ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെയും നേരെ ശകാരവർഷം നടത്തി. പ്രതിപക്ഷ പാർട്ടികളിൽനിന്ന് കിട്ടാവുന്നവരെയെല്ലാം കാലുമാറ്റിയും ഭീഷണിപ്പെടുത്തിയും സ്ഥാനാർഥിത്വം സമ്മാനിച്ചും സ്വന്തം പാളയത്തിലേക്ക് കൊണ്ടുവന്നു. കോൺഗ്രസിന്റെ ഫണ്ടടക്കം മരവിപ്പിച്ചു. ഗോദി മീഡിയ ഇതിനൊക്കെയും ജയ് വിളിച്ചു. പോളിങ് ദിവസമാകട്ടെ, താമരയുടെ നേരെ ബട്ടനമർത്തുകയില്ലെന്ന് തോന്നിയവരെ ആർ.എസ്.എസ്-ബജ്റങ് ദൾ പ്രഭൃതികൾ ബൂത്തുകളിൽ കടക്കാൻ അനുവദിക്കാത്ത പരാതികളുമുണ്ടായി. പോളിങ് പൂർത്തിയായ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ മോദിക്കൂട്ടം അഭൂതപൂർവമായ ഭൂരിപക്ഷത്തോടെ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നിട്ടോ, ഒരു തട്ടിക്കൂട്ട് മന്ത്രിസഭക്കുവേണ്ടി പോലും അമിത്ഷാ പ്രഭൃതികൾ കൊടുംവെയിലിൽ പുറത്തിറങ്ങി വിയർക്കണമെന്ന സ്ഥിതിവന്നിരിക്കുന്നു!
നിശ്ചയമായും ആശ്വാസകരവും പ്രതീക്ഷജനകവുമാണ് ഈ സംഭവവികാസം. 1977ൽ അടിയന്തരാവസ്ഥയുടെ അനുകൂല സാഹചര്യത്തിൽ ഇന്ദിര ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പിൽ ജനത കണക്കുതീർത്തതിനെ ഒരളവോളം അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഫലങ്ങൾ. കർഷകരുടെ നടുവൊടിച്ച വിളകളുടെ വിലത്തകർച്ച, സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലവീർപ്പ്, യുവതയെ വഴിയാധാരമാക്കുന്ന തൊഴിലില്ലായ്മ തുടങ്ങിയ യഥാർഥ ജനകീയ പ്രശ്നങ്ങൾക്കൊരു പരിഹാരം ഉറപ്പുനൽകുകപോലും ചെയ്യാതെ അയോധ്യയിൽ ശ്രീരാമക്ഷേത്രം പണിതാൽ രാജ്യം രക്ഷപ്പെടുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു പ്രധാനമന്ത്രി. സമാധാനപരമായ സഹവർത്തിത്വത്തിനും സൗഹൃദത്തിനും ഒരു പരിഗണനയും നൽകാതെ വെറുപ്പും വിദ്വേഷവും ആവോളം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരമുറപ്പിക്കാനുള്ള വഴിയെന്ന് വാഴുന്നവർ കരുതി. ഇതൊക്കെ വെറും മിഥ്യാധാരണകളാണെന്ന് പഠിപ്പിക്കാൻ പോന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് വിവേകശാലികൾ വിലയിരുത്താതിരിക്കില്ല.
കേരളത്തിലേക്ക് വരുമ്പോൾ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷത്തിന് വൻ തിരിച്ചടിയാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകിയിരിക്കുന്നതെന്ന് വ്യക്തം. സംസ്ഥാന ഭരണത്തിന്റെ രണ്ടാമൂഴം സമ്മതിദായകരെ തൃപ്തിപ്പെടുത്തുന്നില്ലെന്നു തന്നെയാണ് സീറ്റ് ഒന്നേ ഒന്നിൽ ഒതുങ്ങിയതിന്റെ അർഥം. കേന്ദ്രത്തിന്റെ അനുഭാവശൂന്യമായ സമീപനം മൂലം സർക്കാർ സാമ്പത്തിക പരാധീനതകൾ നേരിടുന്നുണ്ട് എന്നത് സത്യമാണ്. അക്കാര്യത്തിൽ ജനങ്ങൾക്ക് സഹതാപമുണ്ടാകാം. പക്ഷേ, സംസ്ഥാന സർക്കാറിന് സാധ്യമായതെല്ലാം ചെയ്തുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ജനകീയ പ്രതികരണം.
ഇൻഡ്യയുടെതന്നെ ഭാഗമായ യു.ഡി.എഫും എൽ.ഡി.എഫും ശത്രുക്കളെപ്പോലെ പെരുമാറിയപ്പോൾ മുതലെടുത്തത് ബി.ജെ.പിയാണെന്ന് നടാടെ നേടിയ സീറ്റ് തെളിയിക്കുന്നു. പ്രധാനമന്ത്രി മോദി ഒന്നിലധികം തവണ നടത്തിയ പ്രചാരണവും മതേതര പക്ഷത്തിൽനിന്നുള്ള ചോർച്ചയും ഒരു പ്രത്യേക മതന്യൂനപക്ഷത്തിൽനിന്ന് ഭാഗികമായെങ്കിലും നേടിയ പിന്തുണയുമൊക്കെ തൃശൂരിൽ താമര വിരിയാനും മൊത്തം വോട്ടുശതമാനം വർധിപ്പിക്കാനും സഹായകമായിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയഗതിയെ ഈ പ്രവണത എത്രത്തോളം സ്വാധീനിക്കുമെന്ന് സസൂക്ഷ്മം വിലയിരുത്തേണ്ടതാണ്. മതേതര പാർട്ടികളുടെ അലംഭാവവും ദൗർബല്യവുമാണ് രാജ്യത്താകെതന്നെ ഫാഷിസത്തിന് തേരോട്ടം തരപ്പെടുത്തിയതെന്ന സത്യം മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.