കാവിവത്കരണത്തിെൻറ പുതുച്ചേരി വഴി
text_fieldsദക്ഷിണേന്ത്യയുടെ കാവിവത്കരണം ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായി പുതുച്ചേരിയിൽ കൂടി താമര വിരിയിക്കാനുള്ള ബി.ജെ.പിയുടെ നീക്കം വിജയത്തോടടുക്കുകയാണെന്ന് സൂചിപ്പിക്കുന്നു ഏറ്റവും പുതിയ സംഭവവികാസങ്ങൾ. 30 അംഗ നിയമസഭയുള്ള ഇൗ കൊച്ചു കേന്ദ്രഭരണപ്രദേശത്ത് മേൽവിലാസം മാത്രമല്ല, മേൽക്കൈ തന്നെ നേടിയെടുക്കാനുള്ള ഉപായങ്ങൾ സ്വീകരിച്ചുവരുകയാണ് ബി.ജെ.പിയുടെ ദേശീയനേതൃത്വം. ഏപ്രിൽ, മേയ് മാസങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലും തമിഴ്നാട്ടിലും ഭരണസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവില്ലെന്ന യാഥാർഥ്യബോധം ബി.ജെ.പിക്കുണ്ട്. അതിനാൽ, കൊച്ചുപ്രദേശമായ പുതുച്ചേരിയിൽ കോൺഗ്രസിനെ തളർത്തി ഏതുവിധേനയും അധികാരത്തിലേറാനുള്ള ശ്രമത്തിലാണ് പാർട്ടി. തെരഞ്ഞെടുപ്പിൽ ആകെയുള്ള മുപ്പതിൽ ഇരുപത്തിമൂന്നോ അധികമോ സീറ്റുകൾ നേടും എന്ന അധ്യക്ഷൻ ജെ.പി. നഡ്ഡ പറയുന്ന കണക്കിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള തിടുക്കത്തിലുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ആദർശപ്രതിബദ്ധതയോ കൃത്യമായ നിലപാടുകളോ ഇല്ലാത്ത രാഷ്ട്രീയപാർട്ടികളിൽനിന്ന് ഭിക്ഷാംദേഹികളായ നേതാക്കളെയും സാമാജികരെയും ചാക്കിട്ടുപിടിക്കുകയാണല്ലോ ബി.െജ.പി രാജ്യവ്യാപകമായി പയറ്റിവരുന്ന ഒാപറേഷൻ കമലയിലൂടെ. ദീർഘകാലമായി അധികാരത്തിൽ തുടരുന്ന നേതൃത്വത്തോട് പാർട്ടിക്ക് അകത്തുവളരുന്ന അസംതൃപ്തി മുതെലടുക്കുകയും വമ്പിച്ച വാഗ്ദാനങ്ങൾ നൽകി അവരെ തനിക്കാക്കുകയും ചെയ്യുന്ന ഏർപ്പാടാണ് പാർട്ടി പയറ്റിവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടിയിലും നിയമസഭകക്ഷിയിലുമൊക്കെ പരീക്ഷിച്ചു വിജയിച്ച ഇൗ ഒാപറേഷനു പറ്റിയ നിലമാണ് പുതുച്ചേരിയിലെന്നു കണ്ട് രാഷ്ട്രീയവിളവ് ഇറക്കിയ ബി.ജെ.പിക്ക് നിരാശപ്പെടേണ്ടിവന്നില്ലെന്നു തെളിയിക്കുന്നു വി. നാരായണസ്വാമിയുടെ ഗവൺമെൻറിനെ ന്യൂനപക്ഷമാക്കി മാറ്റുന്നതിലേക്കു എത്തിച്ച നീക്കങ്ങൾ.
30 അംഗ നിയമസഭയിൽ തെരഞ്ഞെടുപ്പിലൂടെ സാന്നിധ്യമറിയിക്കാനാവാത്ത പാർട്ടിയാണ് ബി.ജെ.പി. 30 അംഗ നിയമസഭയിൽ 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സീറ്റുകൾ നേടി. ഡി.എം.കെയുടെ മൂന്നും ഒരു സ്വതന്ത്രനും ചേർന്ന് 19 പേരാണ് ഭരണമുന്നണിയിലുണ്ടായിരുന്നത്. പ്രതിപക്ഷത്ത് ഒാൾ ഇന്ത്യ എൻ.രംഗസ്വാമി കോൺഗ്രസിെൻറ ഏഴും എ.െഎ.എ.ഡി.എം.കെയുടെ നാലുമായി 11 അംഗങ്ങളാണുള്ളത്. 1963ലെ കേന്ദ്ര ഭരണപ്രദേശ നിയമമനുസരിച്ച് മൂന്നു പേരെ കേന്ദ്ര ഭരണകൂടത്തിനു നാമനിർദേശം ചെയ്യാം. അത് കേന്ദ്രത്തിെൻറ വിവേചനാധികാരമാണെങ്കിലും രാജ്യം സ്വീകരിച്ചുപോന്ന ഫെഡറൽ ഘടനയുടെ ഭാഗമായി സംസ്ഥാന മന്ത്രിസഭയുടെ അഭിപ്രായം കൂടി ഇക്കാര്യത്തിൽ ആരായുന്ന പതിവുണ്ട്. എന്നാൽ, അത്തരം നാട്ടുനടപ്പും മര്യാദയുമൊന്നും ദീക്ഷിക്കണമെന്ന നിർബന്ധമില്ലാത്തതിനാൽ ബി.ജെ.പി സ്വന്തം നേതാക്കളിൽനിന്നുതന്നെ മൂന്നുപേരെ തെരഞ്ഞെടുത്തു. ഇൗ മൂന്ന് അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിൽ ബി.ജെ.പിയുടെ ആകെ മൂലധനം. അതുവെച്ചുള്ള കളികളാണ് പുതുച്ചേരിയിൽ നടക്കുന്നതെന്നറിയുേമ്പാൾ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയബോധവും സംസ്കാരവും തിരിച്ചറിയാനാകും. കഴിഞ്ഞ വർഷം ജൂലൈയിൽ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് എൻ. ധനവേലു എം.എൽ.എയെ അയോഗ്യനാക്കിയതോടെ കോൺഗ്രസ് പുകഞ്ഞുതുടങ്ങിയതാണ്. മുഖ്യമന്ത്രിയായ വി. നാരായണസ്വാമിയോടുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നു ഇത്. ഇൗ വിള്ളലിന് വ്യാപ്തി കൂട്ടി കോൺഗ്രസിൽ നിന്നു പരമാവധി പേരെ ചാക്കിട്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഒാപറേഷൻ കമലയുമായി ബി.ജെ.പി ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ ജനുവരി 25ന് മുൻമന്ത്രി കൂടിയായ എ. നമശ്ശിവായാമി, ഇ. തീപൈഞ്ചിയൻ എന്നിവർ ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തെത്തി കൂടുമാറ്റം പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മല്ലാഡി കൃഷ്ണറാവു നിയമസഭാംഗത്വം രാജിവെച്ചതോടെ ആടിത്തുടങ്ങിയ മന്ത്രിസഭ കഴിഞ്ഞ ദിവസം ജോൺകുമാർ എം.എൽ.എയുടെ രാജിയോടെ കക്ഷിനിലയിൽ പ്രതിപക്ഷവുമായി 14 അംഗങ്ങളുടെ ബലത്തിൽ മുഖാമുഖം നിൽക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ പുതുച്ചേരിയിലും മറുകണ്ടം ചാടാൻ കോൺഗ്രസ് അംഗങ്ങൾ നിരത്തിയ ന്യായം നേതൃത്വത്തിെൻറ പിടിപ്പുകേടാണ്. കേന്ദ്രഭരണപ്രദേശത്തിന് സമ്പൂർണ സംസ്ഥാനപദവി നേടിയെടുക്കുന്നതിൽ നേരിട്ട പരാജയമടക്കം എടുത്തുകാട്ടുന്ന അവർക്കു പക്ഷേ, കേന്ദ്രത്തിെൻറ വരുതിയിലുള്ള കാര്യങ്ങൾക്ക് ബി.ജെ.പിയുടെ രണ്ടാമൂഴത്തിെലത്തിയ ഭരണം എന്തു നിവൃത്തിയുണ്ടാക്കി എന്ന ചോദ്യമൊന്നും പ്രസക്തമല്ല.
ഭരണകക്ഷിയെ അപ്രസക്തമാക്കി സ്വന്തം അജണ്ട നടപ്പാക്കാൻ ശട്ടം കെട്ടിയ ലഫ്.ഗവർണർ കിരൺബേദിയെ ഒടുവിൽ കേന്ദ്രം പിൻവലിച്ച് തെലങ്കാന ഗവർണർക്ക് ചുമതല നൽകിയിരിക്കുന്നു. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതു കൂടി സ്പീക്കർക്കു വിട്ടുകൊടുക്കാതെ നിയമത്തിെൻറ നൂൽബലത്തിൽ കേന്ദ്രത്തിനുവേണ്ടി സ്വയം കൈയേറ്റുകൊണ്ടായിരുന്നു പുതുച്ചേരിയിലെ കിരൺബേദിയുടെ അരങ്ങേറ്റം. അതിനുശേഷം ഗവർണർ നേരിട്ടു ജനസമ്പർക്കപരിപാടിയുമായി ഇറങ്ങിത്തിരിച്ചതോടെ ഭരണം അപ്രസക്തമാക്കാനുള്ള പരിപാടിയാണെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ് അന്നു കൊമ്പുകോർത്തു തുടങ്ങിയതാണ്. ഒടുവിൽ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായതോടെ, ഗവർണർ കിരൺബേദിയെ പിൻവലിച്ച് തെലങ്കാന ഗവർണറായ തമിഴ്നാട് മുൻ ബി.ജെ.പി അധ്യക്ഷ തമിഴിസൈ സൗന്ദര രാജനെ ചുമതലയേൽപിച്ചത് പാർട്ടിയിൽ പുതുതായി ചേക്കേറിയവരുടെ താൽപര്യപ്രകാരമാണെന്നു പറയുന്നുണ്ട്. അതല്ല, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാം ഭദ്രമാക്കിയ ധൈര്യത്തിലാണ് ബേദിയെ തിരിച്ചുവിളിക്കുന്നത് എന്നും നിരീക്ഷണമുണ്ട്. ഏതായാലും കേന്ദ്രത്തിെൻറ ഒത്താശക്കാരെ രാജ്ഭവനുകളിൽ നിയമിച്ച് സംസ്ഥാനഭരണത്തിൽ നേരിട്ട് കൈകടത്തിയും രാഷ്ട്രീയ ഭിക്ഷാംദേഹികളെ മഷിയിട്ടു തിരഞ്ഞ് കണ്ടെത്തി പാട്ടിലാക്കിയും ഏതു വിധേനയും സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണം പിടിച്ചെടുത്ത് ഹിന്ദുത്വദേശസാത്കരണത്തിന് ഏതറ്റം വരെയും പോകാൻ സംഘ്പരിവാർ തയാറാകും. അതിെൻറ ഏറ്റവും മോശം ഉദാഹരണമായി മാറിയിരിക്കുന്നു പുതുച്ചേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.