പുതുച്ചേരിയിലെ കേന്ദ്ര ഹിംസ
text_fieldsകേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണ സാമി, െലഫ്. ഗവർണർ കിരൺ ബേദിയുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് നിയമസഭ മന്ദിരത്തിന് മുന്നിൽ ആറുദിവസമായി നടത്തിയ ധർണ കഴിഞ്ഞദിവസം അവസാനിച്ചുവെങ്കിലും ചില ആശങ്കകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വയോജന, വിധവ ക്ഷേമപെൻഷനുകളടക്കം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച 40ഒാളം പദ്ധതികൾ കിരൺബേദി തെൻറ അധികാരം ദുരുപയോഗപ്പെടുത്തി തടഞ്ഞുവെക്കുന്നുവെന്നും തീർത്തും ഏകാധിപത്യപരമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് നാരായണ സാമിയും സഹമന്ത്രിമാരും ‘രാജ് നിവാസി’ന് മുന്നിൽ ഫെബ്രുവരി 13 മുതൽ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി പുതുച്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിരന്തരമായി ഉന്നയിക്കുന്ന ആരോപണമാണിത്. രാഷ്ട്രപതിയുടെ നോമിനിയായ െലഫ്റ്റനൻറ് ഗവർണറുടെ അമിതാധികാര പ്രയോഗങ്ങൾ സംസ്ഥാനത്തിെൻറ വികസനത്തെ പിറേകാട്ടടിക്കുന്നുവെന്ന യാഥാർഥ്യം പുതുച്ചേരിയിലെ കോൺഗ്രസ്-ഡി.എം.കെ സർക്കാർ പലകുറി തെളിവ് സഹിതം പുറംലോകത്തെ അറിയിച്ചതാണ്. എന്നിട്ടും, കിരൺ ബേദി നിലപാട് മയപ്പെടുത്താൻ കൂട്ടാക്കാഞ്ഞതോടെയാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ പ്രത്യക്ഷ സമരത്തിന് നാരായണ സാമി നിർബന്ധിതനായത്. ആ സമരത്തിന് വലിയ പിന്തുണ ലഭിച്ചു. െലഫ്റ്റനൻറ് ഗവർണർ ഭരണത്തിെൻറ മറ്റൊരു ഇരയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിെട്ടത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട്, കിരൺ ബേദിയുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നാരായണ സാമി കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. ക്ഷേമ പെൻഷനുകൾ, അധ്യാപക നിയമനം, സൗജന്യ അരി തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായി നടപടി കൈക്കൊള്ളുെമന്ന് കിരൺ ബേദി അറിയിച്ചിട്ടുണ്ട്. എന്നിട്ടും തെൻറ സമരം ‘ഭാഗിക വിജയം’ എന്നവകാശപ്പെടാനേ നാരായണ സാമി മുതിർന്നിട്ടുള്ളൂ എന്നിടത്താണ് വിഷയത്തിെൻറ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്കുള്ള സൂചനകൾ ഒളിഞ്ഞുകിടക്കുന്നത്.
ഭൂമിശാസ്ത്രപരവും ചരിത്രപരവും ഭരണപരവുമായ കാരണങ്ങളാൽ ഏതെങ്കിലും സംസ്ഥാനത്തിെൻറ ഭാഗമാകാതെ പ്രത്യേകപദവി നൽകപ്പെട്ട മേഖലകളാണ് സാമാന്യമായി കേന്ദ്ര ഭരണ പ്രദേശങ്ങൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ, കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവർ നേരിട്ട് ഭരണം കൈയാളുന്ന, ഫെഡറൽ ഘടനയിലെ തുരുത്തുകളാണ് ഇവ. രാജ്യത്തെ ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പക്ഷേ, ഡൽഹിയും പുതുച്ചേരിയും ഭരിക്കുന്നത് കേന്ദ്ര സർക്കാറല്ല. അവിടെ ‘അർധ സംസ്ഥാന’ സർക്കാറുകൾ നിലവിലുണ്ട്. അഥവാ, തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പരിമിതമായ അധികാരങ്ങളോടെ ഇൗ രണ്ടിടത്തും പ്രവർത്തിക്കുന്നുണ്ട്. ഇൗ സർക്കാറുകൾക്ക് മുകളിൽ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന (ഫലത്തിൽ കേന്ദ്രസർക്കാർ) ലെഫ്. ഗവർണർക്ക് നിർണിത അധികാരങ്ങൾ നൽകിയാണ് ഡൽഹിയിലും പുതുച്ചേരിയിലും കേന്ദ്രം ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രവും ‘സംസ്ഥാനവും’ തമ്മിൽ കാര്യമായ ഏറ്റുമുട്ടലുകളില്ലെങ്കിൽ ഏറെ സുഗമമായി മുന്നോട്ടുപോകുന്ന ഭരണസംവിധാനമാണിത്. എന്നാൽ, ഇപ്പോൾ ഡൽഹിയിലും പുതുച്ചേരിയിലും ഭരണത്തിലിരിക്കുന്നത് ബി.ജെ.പി ഇതര കക്ഷികളാണ്. പൊതുവിൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തുന്ന മോദി സർക്കാർ ഇൗ രണ്ട് ‘ശത്രു സംസ്ഥാന’ങ്ങളെയും പ്രത്യേകമായി കണ്ണുവെച്ചുവെന്നുവേണം കരുതാൻ. കെട്ടിയിറക്കിയ െലഫ്. ഗവർണർമാരെ ഉപയോഗിച്ച് ഡൽഹിയിലെയും പുതുച്ചേരിയിലെയും ഭരണകാര്യങ്ങളിൽ കൈകടത്തുകയാണ് മോദി സർക്കാർ.
ആറുമാസം മുമ്പ്, ഡൽഹി ഗവർണർ അനിൽ ബൈജാലിെൻറ ഒൗദ്യോഗിക വസതിയിൽ അരവിന്ദ് കെജ്രിവാൾ നടത്തിയ ‘കിടപ്പു സമര’ത്തിെൻറ തുടർച്ച പുതുച്ചേരിയിലും കാണാം. ഡൽഹിയിൽ ബൈജാലാണെങ്കിൽ പുതുച്ചേരിയിൽ കിരൺ ബേദിയാണെന്ന വ്യത്യാസം മാത്രം. രണ്ടുപേരും മോദിയുടെ വിശ്വസ്തർ. സർക്കാർ സംവിധാനത്തിെൻറ സകല മേഖലയിലും കൈകടത്തി ഒരു സംസ്ഥാനത്തെയാകെ ബൈജാൽ നിശ്ചലമാക്കിയപ്പോഴാണ് അന്ന് കെജ്രിവാൾ സമരകാഹളം മുഴക്കിയതും നിയമപോരാട്ടത്തിനൊരുങ്ങിയതും. ഡൽഹിക്കാരുടെ കുടിവെള്ളംവരെ മുട്ടിച്ചു. 1000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനവും റദ്ദാക്കി. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടിട്ടും ബൈജാൽ തെൻറ ‘ഇടപെടൽ’ തുടർന്നു. ഇതുതന്നെയാണ് കിരൺ ബേദിയും പുതുച്ചേരിയിൽ ആവർത്തിക്കുന്നത്. കേവലമായ അധികാരത്തർക്കമായി ഇതിനെ ചുരുക്കേണ്ടതില്ല. ഗവർണർമാരെ ഉപയോഗിച്ച് രാജ്യത്തിെൻറ ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഇത്തരം ‘ഇടപെടലുകളെ’ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്ന് കേന്ദ്രത്തിെൻറ സമഗ്രാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന പരാതി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ പലതവണ ഉയർത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ വികാരം ശക്തമാണ്. കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായുള്ള സന്ദർശനാനുമതി പോലും നിഷേധിക്കപ്പെട്ട സാഹചര്യങ്ങളുണ്ടായി. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾതന്നെയാണിവയെല്ലാം. അത്തരം രാഷ്്ട്രീയ അധിനിവേശങ്ങൾക്കെതിരായ പോരാട്ടമാണ് കെജ്രിവാളും നാരായണ സാമിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആ അർഥത്തിൽ അത് ഫാഷിസത്തിനെതിരായ സമരംതന്നെയാണ്. അതുകൊണ്ടായിരിക്കാം നാരായണ സാമിയുടെ സമരത്തെ കെജ്രിവാൾ ‘ഏകാധിപത്യത്തിനെതിരായ’ പോരാട്ടം എന്നു വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.