യു.പിയിൽ തീവ്രവർഗീയതയുടെ അഴിഞ്ഞാട്ടം
text_fieldsകാസ്ഗഞ്ചിലെ വർഗീയ സംഘർഷം ഉത്തർപ്രദേശ് സംസ്ഥാനത്തിന്മേലുള്ള കളങ്കവും ലജ്ജാകരവുമാണെന്ന് തുറന്നടിച്ചിരിക്കുന്നത് മറ്റാരുമല്ല, ഗവർണർ രാം നായിക്കാണ്. വാജ്പേയി മന്ത്രിസഭയിൽ അംഗവും സംഘ്പരിവാറിന് പ്രിയങ്കരനുമായ നമ്പർവൺ ആർ.എസ്.എസുകാരൻ. രാജ്ഭവനിലിരിക്കെ അയോധ്യയിൽ ഉടൻ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട വിവാദ പുരുഷൻ. അദ്ദേഹത്തെ പോലും നാണിപ്പിക്കുന്ന വിധം കലുഷമായിത്തീർന്നിരിക്കുന്നു യോഗി ആദിത്യനാഥിെൻറ തീവ്രഹിന്ദുത്വ ഭരണം. വെള്ളിയാഴ്ച കാസ്ഗഞ്ചിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റിപ്പബ്ലിക്ദിനാഘോഷത്തിെൻറ ഭാഗമായി വീർ അബ്ദുൽ ഹമീദ് ചൗക്കിൽ ദേശീയപതാക ഉയർത്താൻ പ്രദേശവാസികൾ സമ്മേളിച്ചിരിക്കെ നൂറോളം വി.എച്ച്.പി^ബജ്റംഗ്ദൾ പ്രവർത്തകർ ബൈക്കുകളിൽ കാവിക്കൊടിയും ത്രിവർണ പതാകയുമായി ചീറിപ്പാഞ്ഞുവന്നതാണ് കുഴപ്പത്തിെൻറ തുടക്കം. ഇത് മുഖ്യപാതയല്ലെന്ന് അവരോട് പറഞ്ഞുനോക്കിയെങ്കിലും ‘പാകിസ്താനിലേക്ക് പൊയ്ക്കോളൂ’ എന്ന ആക്രോശമാണ് ഹിന്ദുത്വരിൽനിന്നുയർന്നത്. തുടർന്ന് പതിവുതെറ്റാതെ വാഹനങ്ങളും കടകളും വ്യാപകമായി തകർക്കപ്പെട്ടു. അതിനിടെ ചന്ദൻ ഗുപ്ത എന്ന യുവാവ് വെടിയേറ്റുമരിച്ചതോടെ കലാപം മൂർധന്യത്തിലെത്തി. സോഷ്യൽ മീഡിയ രംഗമേറ്റെടുക്കാൻ പിന്നെ താമസമുണ്ടായില്ല. ഗുപ്ത ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ മുസ്ലിംകൾ പാകിസ്താൻ സിന്ദാബാദ് വിളിച്ചതാണ് പ്രകോപനകാരണമെന്ന് കൊണ്ടുപിടിച്ച പ്രചാരണം നടന്നു. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. മുസ്ലിംകളുടെ സ്വത്തുവഹകളാണ് മുച്ചൂടും നശിപ്പിക്കപ്പെട്ടതെങ്കിലും പൊലീസ് പിടികൂടിയ 49 പേരും മുസ്ലിംകളാണ്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ വേളയിലും ഇവ്വിധത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. അന്നും മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ ജനക്കൂട്ടത്തിനിടയിലൂടെ മോേട്ടാർസൈക്കിളുകൾ പായിച്ചവരാണ് കുഴപ്പത്തിന് വെടിമരുന്നിട്ടത്. അനുഭവത്തിെൻറ വെളിച്ചത്തിൽ ഇത്തവണ ജാഗ്രത പുലർത്താൻ പൊലീസ് തയാറായില്ലെന്നുമാത്രമല്ല, കലാപം പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞിട്ടും വെറും നൂറു മീറ്റർ അകലെ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽനിന്ന് ഒരാളും ഇറങ്ങിവന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ പൊലീസുദ്യോഗസ്ഥരെല്ലാം റിപ്പബ്ലിക് ദിനാചരണ പരിപാടിയിലായിരുന്നു എന്നാണ് ലഭിച്ച മറുപടി.
നിയമവാഴ്ചക്കു പകരം വനവാഴ്ചയാണ് യു.പിയിൽ പുലരുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തുേമ്പാൾ, ഭയം സൃഷ്ടിച്ച് ഫലം കൊയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിെൻറ പ്രതികരണം. ആരെങ്കിലും സംഭവത്തിനുത്തരവാദിയാണെങ്കിൽ അത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനൊക്കെയും ബി.ജെ.പിയുടെ മറുപടി സ്ഥിരം പല്ലവിതന്നെ^ ന്യൂനപക്ഷ പ്രീണനം! അഖിലേഷ് ഭരണത്തിലിരിക്കെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഒരു പ്രത്യേക സമുദായത്തിനെതിരെ ഒരു പ്രഥമവിവര റിപ്പോർട്ടും നൽകപ്പെടുകയുണ്ടായിട്ടില്ലെന്ന് ആരോപിക്കുന്നു മന്ത്രി സിദ്ധാർഥ് നാഥ് സിങ്. 2013ലെ മുസഫർ നഗർ കലാപത്തെ തുടർന്നാണല്ലോ യു.പിയിലെ സാമുദായികാന്തരീക്ഷം മുഴുക്കെ കലക്കി പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെയും നൂറുകണക്കിൽ കലാപങ്ങൾ ആസൂത്രിതമായി സംഘടിപ്പിച്ചും യു.പി പിടിച്ചടക്കാനുള്ള തന്ത്രം ബി.ജെ.പി വിജയകരമായി നടപ്പാക്കിയത്. 63 പേർ കൊല്ലപ്പെട്ട മുസഫർ നഗർ വർഗീയാക്രമണത്തിൽ സ്ഥലംവിടേണ്ടിവന്ന അരലക്ഷം ന്യൂനപക്ഷ സമുദായക്കാർ ഇനിയും പുനരധിവസിപ്പിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. കലാപത്തിൽ കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാക്കളെ കുറ്റമുക്തരാക്കാനുള്ള തീരുമാനം അതിനിടെ യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. 2019ൽ വീണ്ടും തെരഞ്ഞെടുപ്പ് വരാനിരിക്കെ സ്വതേ കലുഷിതമായ സാമുദായികാന്തരീക്ഷം പരമാവധി സംഘർഷഭരിതമാക്കാനും വർഗീയ ധ്രുവീകരണം പൂർണതയിലെത്തിക്കാനുമുള്ള ആസൂത്രിത നീക്കമായി വേണം കാസ്ഗഞ്ച് കലാപത്തെ കാണാൻ. ഹജ്ജ് ഹൗസും മദ്റസകളും കാവിപൂശിയുള്ള ആദിത്യനാഥിെൻറ പോക്ക് ഒരിക്കലും സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതേയല്ല. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങൾക്ക് തടയിടാത്ത സംസ്ഥാന സർക്കാറുകളെ സുപ്രീംകോടതി ശാസിച്ചുവെങ്കിലും യോഗിക്കൊരു കുലുക്കവുമില്ല. അതിനിടെ യോഗിയുടെ ഭരണത്തിൽ 920 ഏറ്റുമുട്ടലും 31വെടിവപ്പ് മരണങ്ങളും ഉണ്ടായെന്ന ഒൗദ്യോഗിക റിപ്പോർട്ട് പ്രകാരം ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിന് പലതവണ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുവെങ്കിലും മറുപടിയില്ല. 2017ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ സംഘർഷങ്ങളുണ്ടായത് യു.പിയിലാണ്^ 60 എണ്ണം. എന്നാലൊന്നും കേളൻ കുലുങ്ങില്ല. നരേന്ദ്ര മോദി^അമിത് ഷാ കൂട്ടുകെട്ടിെൻറ പിന്തുണയുള്ളേടത്തോളം കാലം യോഗി ആദിത്യനാഥ് ആരെ ഭയപ്പെടാൻ. അതുകൊണ്ടുതന്നെ ഗവർണർ രാം നായിക്കിെൻറ മുന്നറിയിപ്പും വൃഥാവിലാവാനേ തരമുള്ളൂ. എസ്.പി, ബി.എസ്.പി, കോൺഗ്രസ് പാർട്ടികളുടെ നിഷ്ക്രിയത്വം ഹിന്ദുത്വ ശക്തികളുടെ മനോവീര്യം ആകാശത്തോളം ഉയർത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.