ആവർത്തിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ
text_fields‘‘നിങ്ങൾ സഹോദരിമാർക്ക് എന്തെല്ലാം സമ്മാനങ്ങൾ നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ വരെ അവർക്ക് മേടിച്ചുകൊടുക്കാൻ നിങ്ങൾ സന്നദ്ധരാണ്. എന്നാൽ, ഇനി നിങ്ങൾ അവർക്ക് നൽകുന്ന സമ്മാനങ്ങളിൽ ഒരു വാൾകൂടി ഉൾപ്പെടുത്തണം. ലവ് ജിഹാദികൾ നിങ്ങളുടെ സഹോദരിക്കുനേരെ കണ്ണുയർത്തുമ്പോൾതന്നെ അവെൻറ തല അവർ വെട്ടിയെടുക്കട്ടെ...’’ -വിശ്വഹിന്ദു പരിഷത്തിെൻറ നേതൃത്വത്തിൽ ഏപ്രിൽ 27ന് കാസർകോട് നടന്ന സമ്മേളനത്തിൽ സനാതൻ ധർമ പ്രചാർ സമിതി നേതാവായ സാധ്വി ബാലിക സരസ്വതി നടത്തിയ പ്രഭാഷണത്തിൽനിന്നുള്ള ഒരു സാമ്പിളാണ് ഈ ഉദ്ധരിച്ചത്. കാസർകോട്ടെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന രവീഷ് കുമാറിനെ വേദിയിലിരുത്തിയാണ് ഈ പ്രഭാഷണം. ഈ കോളത്തിൽ ഉദ്ധരിക്കാൻ സാധ്യമല്ലാത്ത വാക്കുകൾ ഉൾക്കൊള്ളിച്ചുള്ള സംഘ്പരിവാർ വിദ്വേഷ പ്രഭാഷണങ്ങൾ ഉത്തരേന്ത്യയിൽ പതിവുള്ളതാണ്. കേരളത്തിൽ അത് അത്ര വ്യാപകമായിരുന്നില്ല. സഹിഷ്ണുതയും പുരോഗമന നിലപാടുമുള്ളവരാണ് കേരളത്തിലെ സംഘ്പരിവാർ നേതാക്കൾ എന്നതുകൊണ്ടല്ല അത്. മറിച്ച്, ഇവിടെ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് അവർ തിരിച്ചറിഞ്ഞതു കാരണമാണ്. എന്നാൽ, അടുത്തകാലത്തായി ഉത്തരേന്ത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കേരളത്തിലും വ്യാപകമാവുകയാണ്. കാസർകോട് പ്രഭാഷണം അതിെൻറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
ഗൗരവമായ ആലോചനക്ക് വിധേയമാവേണ്ട പല വശങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ട്. അടുത്ത വർഷം രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാറിന് അവയൊന്നും പാലിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എല്ലാം അപ്പടി പ്രാവർത്തികമാക്കാൻ ആർക്കും സാധിക്കുകയില്ല എന്നത് യാഥാർഥ്യം മാത്രമാണ്. എന്നാൽ, മോദി ഭരണകൂടത്തിെൻറ കാര്യത്തിൽ അതല്ല സംഭവിച്ചത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. പെേട്രാളിയം വിലവർധന ആർക്കും ഒരു നിശ്ചയവുമില്ലാതെ കത്തിക്കയറുമ്പോഴും യുക്തിഭദ്രമായ വിശദീകരണം നൽകാൻപോലും സർക്കാറിന് സാധിക്കുന്നില്ല. ഇതെല്ലാംകൂടി സൃഷ്ടിച്ച ജനരോഷം സർക്കാറിനെതിരെയുണ്ട്. ഇത് മറികടക്കാനുള്ള എളുപ്പഴി മത, ജാതി വിഭാഗീയത സൃഷ്ടിക്കലാണ് എന്നത് ഏറ്റവും നന്നായി അറിയാവുന്നവരാണ് സംഘ്പരിവാർ. അവർക്ക് അത് പരീക്ഷിച്ച് നല്ല ശീലമുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെയും വർഗീയ സംഘർഷങ്ങളുടെയും പരമ്പരതന്നെ ഇനി പ്രതീക്ഷിക്കണം എന്നാണ് ഇത് കാണിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങൾ സ്വീകരിക്കപ്പെടുകയും അതിന് പിന്തുണ ലഭിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിലെ അന്തരീക്ഷം മാറിയിട്ടുണ്ട് എന്നാണ് സംഘ്പരിവാർ ഇപ്പോൾ വിചാരിക്കുന്നത്. ഉത്തരേന്ത്യൻ മാതൃകയിലുള്ള വെറുപ്പിെൻറ വ്യാപാരം ഇവിടെയും സംഘടിപ്പിക്കാൻ അവരെ പ്രചോദിപ്പിക്കുന്നത് അതാണ്. അതിനാൽ, മതേതര സമൂഹം അതി ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണിത്.
സംഘ്പരിവാറിെൻറ വിദ്വേഷ പ്രചാരണത്തെ ഫലപ്രദമായി നേരിടുന്നതിൽ കേരത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന അലസമായ സമീപനം നേരത്തേ തന്നെ വിമർശനങ്ങൾക്ക് വിധേയമായതാണ്. കാസർകോട്ടെ കാര്യംതന്നെയെടുക്കുക. ഏപ്രിൽ 27നാണ് ആ പ്രഭാഷണം നടക്കുന്നത്. സാധ്വി സരസ്വതി അവിടെ പ്രസംഗിക്കുമെന്നതും നേരത്തേ അറിയാവുന്നതാണ്. 2015 മാർച്ചിൽ, കാസർകോടിന് ചേർന്നുകിടക്കുന്ന മംഗലാപുരത്ത് വിദ്വേഷ പ്രഭാഷണം നടത്തി സാമൂഹിക അന്തരീക്ഷം കലുഷമാക്കിയ ആളാണ് ഈ സന്യാസിനി. അന്ന് അതിെൻറ പേരിൽ മംഗലാപുരം പൊലീസ് അവർക്കെതിരെ 153 (എ) ചാർജ് ചെയ്തതുമാണ്. ഗോവയിലും രാജ്യത്തിെൻറ മറ്റു പല ഭാഗങ്ങളിലും സമാനമായ പരാതികൾ അവർക്കെതിരെയുണ്ട്. എന്നാൽ, ഏപ്രിൽ 27ന് അവർ പ്രഭാഷണം നടത്തി തിരിച്ചുപോയി മൂന്ന് ദിവസം കഴിഞ്ഞാണ് അവർക്കെതിരെ കേസെടുക്കാൻ പൊലീസ് സന്നദ്ധമാവുന്നത്. അതുതന്നെ സാമൂഹിക പ്രവർത്തകർ പരാതി നൽകുകയും സമൂഹമാധ്യമങ്ങളിൽ സർക്കാർ നിലപാട് വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ. അപ്പോഴും പരിപാടിയുടെ സംഘാടകർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ പൊലീസ് സന്നദ്ധമായിട്ടില്ല.
സാമൂഹിക അസ്വാസ്ഥ്യം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് കേരളത്തിലങ്ങോളമിങ്ങോളം സംഘ്പരിവാർ നടത്തുന്ന പരിപാടികൾ നിയമവഴിയിലൂടെ തടയുന്നതുപോകട്ടെ, സംഘാടകർക്കെതിരെ സ്വമേധയാ കേസെടുക്കാൻപോലും പൊലീസ് സന്നദ്ധമാവുന്നില്ല എന്നത് വാസ്തവമാണ്. സമൂഹമാധ്യമങ്ങളിൽ വലിയ കാമ്പയിനുകൾ നടക്കുകയും ഇടതുപക്ഷത്തുനിന്നുതന്നെ വിമർശനങ്ങൾ ഉയരുകയും ചെയ്യുമ്പോൾ മാത്രമാണ് പേരിനെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാവുന്നത്. ഉത്തരേന്ത്യയിൽ പലയിടങ്ങളിലും നടന്നിട്ടുള്ള വർഗീയ കലാപങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ദീർഘസമയമെടുത്ത്, സമുദായ അംഗങ്ങളെ കലാപത്തിന് പാകമാവും വിധം പരുവപ്പെടുത്തിയെടുത്ത ശേഷമാണ് സംഘ്പരിവാർ അവിടങ്ങളിലെല്ലാം കലാപങ്ങൾ അഴിച്ചുവിട്ടിട്ടുള്ളത്. സമാനമായ മാനസികാവസ്ഥയിലേക്ക് ആളുകളെ എത്തിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായി തുടർച്ചയായ ഇത്തരം പ്രഭാഷണങ്ങളെ കാണാൻ കഴിയും. എന്നാൽ, ഇവ തടയുന്നതിലും നടത്തുന്നവർക്കെതിരെ കർക്കശമായ നടപടിയെടുക്കുന്നതിലും കേരളത്തിലെ ആഭ്യന്തര വകുപ്പ് തുടർച്ചയായി പരാജയപ്പെടുന്നു എന്നത് പലവട്ടം വ്യക്തമായ യാഥാർഥ്യമാണ്. പാർട്ടി സമ്മേളനങ്ങളിൽപോലും ഇതു സംബന്ധമായ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, അവയെ ഗുണാത്മകമായി ഉൾക്കൊണ്ട് അൽപംകൂടി ഉയർന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ സർക്കാർ വലിയ ജാഗ്രത കാണിക്കുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.