റഫാൽ വിധിക്കായി രാജ്യം കാതോർക്കുന്നു
text_fieldsറഫാൽ ജെറ്റ് ഇടപാടു സംബന്ധിച്ച പരാതികളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നത് സുപ്രീംകോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇടപാടിെൻറ വിവിധ വശങ്ങളെപ്പറ്റി ആരോപണങ്ങളുണ്ടെങ്കിലും തൽക്കാലം കരാറുറപ്പിച്ച നടപടിക്രമത്തിൽ മാത്രമാണ് ശ്രദ്ധ ഉൗന്നുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. പോർ വിമാനങ്ങളുടെ വിലയെപ്പറ്റി ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, തൽക്കാലം ആ ഭാഗം പരിഗണിക്കേണ്ടെന്നാണ് കോടതി നിലപാട്. നടപടിക്രമം മാത്രം പരിഗണിച്ചാൽപോലും വളരെ ഗൗരവപ്പെട്ട വിഷയങ്ങൾ ഇൗ ഇടപാടിൽ അടങ്ങിയിട്ടുണ്ടെന്നിരിക്കെ തൃപ്തികരമായ അന്വേഷണവും വിശദീകരണവും ഒഴിവാക്കാനാവില്ലെന്ന അഭിപ്രായം വ്യാപകമാണ്. മൻമോഹൻ സിങ് സർക്കാർ ഒപ്പുവെച്ച കരാർ റദ്ദാക്കുകയും ദോഷകരമായ വ്യവസ്ഥകളോടെ പുതിയ കരാർ ഉണ്ടാക്കുകയും ഇടപാടിൽ റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്തതാണ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിസ്ഥാനം.
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിമാരായിരുന്ന അരുൺ ഷൂരിയും യശ്വന്ത് സിൻഹയും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും കോടതിയോട് അഭ്യർഥിച്ചത്, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ഇടപാടിനെപ്പറ്റി പൂർണ അേന്വഷണം വേണമെന്നാണ്. ഇതിനെക്കുറിച്ച തീരുമാനമാണ് കോടതിയിൽനിന്ന് വരാനിരിക്കുന്നത്. തൽക്കാലം പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞെങ്കിലും വിലയെപ്പറ്റിയുള്ള സംശയങ്ങളും ചെറുതല്ല. വില വിവരമെല്ലാം രഹസ്യമാണെന്നും അവ പരസ്യപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ആദ്യം വാദിച്ച കേന്ദ്ര സർക്കാർ കോടതി കൽപിച്ചപ്പോൾ മുദ്രവെച്ച കവറിൽ വിവരങ്ങൾ നൽകുകയാണുണ്ടായത്. വാസ്തവത്തിൽ വിലനിർണയവും നിരക്കും ഇത്ര രഹസ്യമാണോ എന്നതു തന്നെ സംശയമാണ്- അത് രഹസ്യമാക്കി വെക്കേണ്ട ബാധ്യത ദസോ കമ്പനിക്കടക്കം ഇല്ലെന്നിരിക്കെ വിശേഷിച്ചും. വില അറിഞ്ഞാൽ ശത്രുക്കൾക്കു വിമാനങ്ങളുടെ സാേങ്കതിക നിലവാരം ഉൗഹിച്ചെടുക്കാനാകും എന്നതായിരുന്നു ഒരു വാദം. ഇതു അടിസ്ഥാനമില്ലാത്തത
െത്ര.
എന്തുകൊണ്ടെന്നാൽ നിർമാതാക്കളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നതിനു മുേമ്പ തയാറാക്കുന്ന രേഖയിൽ (ആർ.എഫ്.പി) ആ സാേങ്കതിക വിവരങ്ങളെല്ലാം പരസ്യമാക്കിയതാണ്. വിലയെച്ചൊല്ലി കേന്ദ്രം ഇത്ര രഹസ്യാത്മകത പുലർത്തുേമ്പാഴും റദ്ദാക്കിയ കരാറിലുള്ളതിലും എത്രയോ കൂടിയ വിലക്കാണ് പുതിയ കരാറുറപ്പിച്ചതെന്ന വിവരം ദസോ കമ്പനിയുടെതന്നെ വാർഷിക റിപ്പോർട്ടിലുണ്ടു താനും. റഫാലിൽനിന്ന് വാങ്ങാൻ പോകുന്ന പോർവിമാനങ്ങൾ ഒാരോന്നിനും 670 കോടി രൂപയോളമാണ് വില എന്ന് സർക്കാർ പാർലമെൻറിൽ പറഞ്ഞിരുന്നു. എന്നാൽ, 36 വിമാനങ്ങൾക്ക് 60,000 കോടി എന്നാണ് ദസോയുടെ വാർഷിക റിപ്പോർട്ടിലുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ അന്വേഷിക്കുന്നത് പരിഗണിക്കുേമ്പാൾ തൽക്കാലം വിലയുടെ കാര്യം കോടതി പരിഗണിക്കുന്നില്ലെങ്കിൽപോലും പുറത്തുവന്ന വൈരുധ്യങ്ങളും സംശയങ്ങളും ചെറുതല്ല. ആ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നതാണ് രാജ്യതാൽപര്യത്തിനും സൈന്യത്തിെൻറ മനോവീര്യത്തിനും അനുഗുണമാവുക.
ഇടപാടിെൻറ വിശദാംശങ്ങളിൽ വരുത്തിയ മാറ്റങ്ങളും നിസ്സാരമല്ല. ദസോ കമ്പനിക്ക് കരാറുറപ്പിച്ചത് കൂടിയ വിലക്കാണെന്നത് മാത്രമല്ല പരാതി. അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കണമെന്നത് ഉപാധിയാക്കുകയും ചെയ്തത്രെ. ഇവിടെയും രാജ്യതാൽപര്യം ബലികഴിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. കാരണം റദ്ദാക്കിയ കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (എച്ച്.എ.എൽ) ആയിരുന്നു പങ്കാളി. ഇൗ രംഗത്ത് നിർമാണപരിചയമുള്ള എച്ച്.എ.എല്ലിനെ പൊടുന്നനെ മാറ്റിയാണ് അംബാനിയുടെ ആർ.എ.ടി.എല്ലിനെ പകരംവെച്ചത്. വിലയിലെ വൻ വ്യത്യാസം, കരാർ പങ്കാളിയുടെ മാറ്റം എന്നിവക്ക് പുറമെയാണ് നടപടിക്രമങ്ങളിൽ ഉണ്ടെന്നാരോപിക്കപ്പെടുന്ന വീഴ്ചകൾ. വ്യോമസേനയുടെ ആവശ്യങ്ങൾ നിഷ്കൃഷ്ടമായി പരിശോധിച്ചാണ് മുൻ സർക്കാർ 126 റഫാൽ വിമാനങ്ങൾക്ക് കരാറുറപ്പിച്ചിരുന്നത്. ഇപ്പോഴത്തെ സർക്കാറാകെട്ട എണ്ണം 36 ആക്കി കുറക്കുക മാത്രമല്ല, വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല എന്നതും ഗുരുതരമായ ആരോപണമാണ്. ഇപ്പോൾ സുപ്രീംകോടതി വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ ശരിയായ ഉത്തരങ്ങളല്ല അവരിൽനിന്ന് കിട്ടിയത് എന്നും ആക്ഷേപമുണ്ട്. വ്യോമസേന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് നേരിട്ട് വിശദീകരിക്കുന്ന അസാധാരണമായ നടപടിയും ഇതിനിടെ കണ്ടു.
രാജ്യസുരക്ഷ, അഴിമതി നിർമാർജനം, ഭരണസുതാര്യത, ഭരണകൂടത്തിെൻറ വിശ്വാസ്യത തുടങ്ങിയ അനേകം അടിസ്ഥാനമൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് റഫാൽ കേസ്. പ്രതിരോധ മന്ത്രി മുതൽ വ്യോമസേനവരെ അറിയാതെ കാര്യങ്ങൾ നടന്നതായാണ് ആരോപണം. തീരുമാനമറിയിക്കാൻ കോടതി കേസ് മാറ്റിവെച്ചിരിക്കെ ഇടപാടിൽ പങ്കാളിയായ ദസോ മേധാവി എറിക് ട്രാപിയറുടെ അഭിമുഖം പോലും ആസൂത്രിതമാണെന്നേ കരുതാനാവൂ. ഇത്രയും ഗൗരവപ്പെട്ട ഒരു വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ കരുത്തും പദവിയുമുള്ള ഏജൻസി ഇല്ലെന്നത് പോരായ്മതന്നെയാണ്. അന്വേഷിക്കേണ്ടത് സി.ബി.െഎ ആണ്- അവരും ആരോപണങ്ങൾക്ക് വിധേയമായിരിക്കുകയാണ്. മാത്രമല്ല, കേന്ദ്ര സർക്കാറിന് വിധേയവുമാണ് സി.ബി.െഎ. ഇത്തരം സാഹചര്യത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെക്കുറിച്ച് സുപ്രീംകോടതി എടുക്കുന്ന തീരുമാനം ഏറെ പ്രധാനവും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതുമാണ്. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.